TopTop
Begin typing your search above and press return to search.

പൊതുവിദ്യാലയത്തില്‍ നിന്നു നേടിയതേ ജീവിതത്തിലുള്ളൂ; അംബികസുതന്‍ മാങ്ങാട് സംസാരിക്കുന്നു

പൊതുവിദ്യാലയത്തില്‍ നിന്നു നേടിയതേ ജീവിതത്തിലുള്ളൂ; അംബികസുതന്‍ മാങ്ങാട് സംസാരിക്കുന്നു

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതയാഥാര്‍ത്ഥ്യം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധേയ ശ്രമങ്ങള്‍ നടത്തിയ അംബിക സുതന്‍ മാങ്ങാട് കോളേജ് അധ്യാപകന്‍ കൂടിയാണ്. എന്‍മകജെ എന്ന നോവലിലൂടെയും പരസ്ഥിതി കഥകളിലൂടെയും ഇദ്ദേഹം സാധാരണ ജനങ്ങളുടെ ജീവിതദുരന്തങ്ങളെ സമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി. പൊതു വിദ്യാലയാനുഭവങ്ങളെ ജീവിതത്തിന്റെ പ്രധാന ഏടായി പരിഗണിക്കുന്നു അംബിക സുതന്‍ മാങ്ങാട്. സ്‌കൂള്‍വിദ്യാലയ അനുഭവങ്ങള്‍ അദ്ദേഹം അഴിമുഖത്തിനായി പങ്കുവെക്കുന്നു.

'ബാരെയില്‍ അന്ന് പ്രാഥമിക സ്‌കൂള്‍ പോലും ഇല്ലായിരുന്നു. ഒന്നരമണിക്കൂര്‍ നടന്നാലേ അവിടെയെത്താനാവും. അങ്ങനെ ദിവസവും മൂന്ന് മണിക്കൂര്‍ നടത്തം. ഇന്ന് വിദ്യാഭ്യാസം പ്രയോജനത്തിനുവേണ്ടിയാണ്. ഞങ്ങളുടെ കാലത്തൊന്നും അങ്ങനെയായിരുന്നില്ല. ആദ്യം പഠിക്കുകയു പിന്നീട് ജോലി കണ്ടെത്തുകയുമായിരുന്നു രീതി. വലിയ സുമൂഹ്യബന്ധം സൃഷ്ടിക്കാന്‍ അന്നത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കഴിയുമായിരിന്നു. ഇന്നിപ്പോള്‍ അവ സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

സ്‌കൂളിലേക്കുള്ള യാത്രയായിരുന്നു പ്രധാന പാഠം. നടവരമ്പിലൂടെ, പാടത്തിനുനടുവിലൂടെ, പല മനുഷ്യരുടെ വീടുകള്‍ക്കരികിലൂടെ നടക്കും. എള്ള് നല്ലതുപോലെ വിളയുന്നപാടങ്ങള്‍ ഉണ്ടാവും അവിടെ. എള്ളിന്‍ പാടത്തിനുള്ളിലൂടെ, കരിമ്പു വളരുന്ന തോട്ടങ്ങള്‍ക്കു മദ്ധ്യത്തിലൂടെ, പുകയില പാടത്തിലൂടെ നടന്നുപോയ ബാല്യകാലം ഉണ്ട്. അങ്ങനെ കിട്ടിയ പ്രകൃതിയുടെ വലിയ പാഠമുണ്ട് മനസ്സില്‍. വഴി നിളെ മാങ്ങകിട്ടും, മാമ്പഴവും. കുറ്റികാടുകളില്‍ പലനിറത്തിലുള്ള കൊച്ചുപഴങ്ങളുണ്ടാവും. ഇതൊക്കെ പറിച്ച്, തിന്ന് കൂട്ടമായി നടക്കുന്ന സമയത്ത് കാണുന്ന പക്ഷികള്‍, അരണകള്‍, പാമ്പുകള്‍, ഓന്തുകള്‍ മറ്റു ചെറിയ ജീവികള്‍ പിന്നെയൊരുപാട് മനുഷ്യര്‍, കൃഷിക്കാര്‍ ഇങ്ങനെ വലിയ ഒരു സമൂഹത്തെ അഭിസംമ്പോധന ചെയ്തു കൊണ്ടാണ് സ്‌കൂളിലേക്ക് നടന്നിരുന്നത്. അങ്ങനെ ഭൂമിയെയറിയാനായി . മണ്ണിന്റെ മണമറിഞ്ഞു. തോടുകള്‍ കടന്ന് പുഴകളുടെ പാലങ്ങള്‍ കടന്നാണ് മണിക്കൂറുകള്‍ നീണ്ട ഓരോ ദിവസത്തെയും യാത്രകള്‍ അവസാനിച്ചത്. രാവിലെയും വൈകിട്ടും കൂടെ മുന്നിലോ പിന്നിലോ കൂട്ടുകാരനായി മഴയുണ്ടായിരുന്നു. സ്‌കൂള്‍ വിടുന്നതുവരെ മഴകാത്തുനില്‍ക്കും. ലോങ്ങ് ബെല്‍ കേട്ട് കുതിച്ചുപായുന്നതിനൊപ്പം മഴയും കൂടെയുണ്ടാവും. വേനലില്‍ വെയിലുമുണ്ടാവും കൂട്ടിന്. എല്ലാ ഋതുക്കളെയും മാറിമാറി വാരിപുണര്‍ന്ന് കടന്നുപോയ ഒരു കാലമായിരുന്നു അത്.വഴിയില്‍ ഞങ്ങള്‍ കണ്ട തെയ്യങ്ങള്‍, കോലങ്ങള്‍ എല്ലാം ഞങ്ങള്‍ക്കറിയാം. പരീക്ഷക്കുവേണ്ടി മാത്രമാണ് ഇപ്പോഴത്തെ പഠനം. എപ്പോഴും പരീക്ഷയും ചോദ്യങ്ങളുമാണ് ഇന്ന്. പരീക്ഷാകാലത്ത് മാത്രമേ അന്ന് പഠിച്ചിരുന്നുള്ളു.

മനുഷ്യരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയത് അവിടെനിന്നാണ്. എന്‍മകജെയും പരിസ്ഥിതികഥകളുമെഴുതാന്‍ പ്രചോദകമായതും ബാല്യകാല അനുഭവങ്ങളാണ്. കഥാപാത്രങ്ങള്‍ ജനിച്ചതവിടെനിന്നാണ്. കണ്ടതിന്റെ, കേട്ടതിന്റെ, അനുഭവിച്ചതിന്റെ അബോധ പ്രേരണകളാണ് കഥാപാത്രങ്ങളില്‍ നിറഞ്ഞത്. നഗരത്തിലെ വിദ്യാലയങ്ങളായിരുന്നെങ്കില്‍ എഴുതാനാകുമോ എന്ന് സംശയം. കീറിപറഞ്ഞ വസ്ത്രങ്ങളായിരുന്നു കൂട്ടുകാരില്‍ ചിലര്‍ക്ക്. നിരവധി ഓട്ടകളുണ്ടാകും ട്രൗസറിന്. യൂണിഫോം ഇല്ല. ഭക്ഷണമില്ലാത്തവരുമുണ്ടാകുമവിടെ. എല്ലാമറിഞ്ഞാണ് ബാല്യം പിന്നിട്ടത്. പൊതുവിദ്യാലയത്തിലെ പഠനത്തില്‍ നിന്നും നേടിയതില്‍ കവിഞ്ഞധികമൊന്നും പിന്നീട് ജീവിതത്തില്‍ നേടാനായിട്ടില്ലെന്ന് ഇപ്പോള്‍ തോന്നുന്നു...

(തയ്യാറാക്കിയത് എം കെ രാമദാസ്)


Next Story

Related Stories