UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ജനതയുടെ ആരോഗ്യ ആവശ്യങ്ങള്‍ – ഒട്ടകം സൂചിക്കുഴയിലൂടെ കയറുന്നതെങ്ങനെ?

കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ സുഹൃത്ത് വരികയുണ്ടായി. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍.എച്ച്.എസ്.) എന്ന ഒരു സാധനമാണ് ബ്രിട്ടന്റെ ആരോഗ്യ പരിപാലനത്തിന്റെ നെടുംതൂണ്‍. എല്ലാ പൗരന്‍മാര്‍ക്കും അവരുടെ ചുറ്റുവട്ടത്തുള്ള നേരത്തെ നിശ്ചയിച്ച ഒരു ഫാമിലി ഡോക്ടറുടെ ക്ലിനിക്കില്‍ രജിസ്‌ട്രേഷന്‍ വേണം. എന്തസുഖമുണ്ടെങ്കിലും ആദ്യം അവിടെ പോയേ പറ്റൂ. ആവശ്യമെങ്കില്‍ അയാള്‍ വേണ്ടിടത്തേക്ക് റഫര്‍ ചെയ്യും. എല്ലാം സര്‍ക്കാര്‍ സെറ്റപ്പുകള്‍ തന്നെ. ലോകത്തുള്ള ഏതു ചികിത്സയും സൗജന്യമായി ബ്രിട്ടനിലെ ഓരോ പൗരനും ലഭ്യമാണ്. 

സുഹൃത്തിന്റെ കൂടെ അവരുടെ ഒരു കൂട്ടുകാരി കൂടി ഇന്ത്യ കാണാന്‍ വന്നിട്ടുണ്ട്. എണ്‍പത്തഞ്ചു വയസ്സായ ഒരു അമ്മാമ്മ മദാമ്മയാണ് അവര്‍. ഞാന്‍ ഹായ് പറഞ്ഞു. അവരും ചിരിച്ച് വിഷ് ചെയ്തു. യാത്രയുടെ ക്ഷീണം ഒന്നുമില്ല. ജില്‍ ജില്‍ എന്നാണിരിക്കുന്നത്. 

എഴുപത്തഞ്ച് വയസ്സില്‍ ഹൃദയത്തിന് ബൈപാസ് സര്‍ജറി ചെയ്തിട്ടുള്ള ആളാണ് ഈ മദാമ്മ. രണ്ടുമുട്ടും ഇടുപ്പിന്റെ സന്ധിയും മാറ്റി കൃത്രിമ സന്ധി വച്ചു പിടിപ്പിച്ചിട്ടുള്ളതാണ്. എണ്‍പത്തിരണ്ടാം വയസ്സിലാണ് ഇടുപ്പ് മാറ്റിവച്ചത്. ഇപ്പോള്‍ കൂളായി നടക്കുന്നുണ്ട്. 

”എല്ലാം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി ചെയ്തുവല്ലേ?” എനിക്ക് ചോദിക്കാന്‍ മുട്ടിയിട്ട് നിയന്ത്രിക്കാന്‍ പറ്റിയില്ല. ആ ചോദ്യം പുറത്തുചാടി. 

ചോദ്യം മദാമ്മയ്ക്ക് അധികം ഇഷ്ടപ്പെട്ടില്ല എന്നു തോന്നി. ”പിന്നെ വെറുതെയല്ല. ജോലി ചെയ്ത കാലം മുഴുവന്‍ അമ്പതുശതമാനം വരുമാനം സര്‍ക്കാരിന് ഇന്‍കംടാക്‌സായി കൊടുത്തിട്ടുണ്ടേ.”

ആരായിരുന്നു അവര്‍. ഒരു ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്ന ജോലിക്കാരിയായിരുന്നു; അറുപതാം വയസ്സുവരെ. 

ഭര്‍ത്താവുണ്ടോ? ഉണ്ട്. അദ്ദേഹത്തിന് വരാന്‍ ലേശം ബുദ്ധിമുട്ടാണ്. തൊണ്ണൂറു വയസ്സുണ്ട്. എണ്‍പതാം വയസ്സില്‍ രണ്ടാമത് കിഡ്‌നി മാറ്റിവച്ചതാണ്. 

ങേ! 

എന്റെ കണ്ണുകള്‍ ചെറുപിഞ്ഞാണുകളെ പോലെ ഉരുണ്ടു വീര്‍ത്തുവന്നു. പെട്ടെന്നൊന്നും മനസ്സിലായില്ല. 

എണ്‍പതാം വയസ്സില്‍ കിഡ്‌നി മാറ്റിവച്ചു. അതും രണ്ടാമത്…

”അതേന്നേ… അറുപതാം വയസ്സില്‍ വൃക്ക പ്രവര്‍ത്തിക്കാതെയായി. ഒരു പ്രാവശ്യം മാറ്റിവച്ചതാണ്. മാറ്റിവച്ച വൃക്ക പതുക്കെ പ്രവര്‍ത്തനരഹിതമായപ്പോള്‍ രണ്ടാമതും മാറ്റിവച്ചതാണ്.” സോ സിമ്പിള്‍ – ഇതിലെന്താ ഇത്ര എന്ന മട്ടില്‍ മദാമ്മ നിന്നു. ഒരു സര്‍ക്കാരിന്റെ സാധാരണ ഉത്തരവാദിത്തങ്ങളില്‍ പെട്ടതല്ലേ ഇതൊക്കെ?

എന്നാല്‍ കാര്യങ്ങള്‍ അത്ര സിമ്പിളല്ല. ബ്രിട്ടന്‍ അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇതുപോലെ സൗജന്യ ചികിത്സയാണ്; ആകെ രാജ്യവരുമാനത്തിന്റെ ഏഴുമുതല്‍ പത്തു ശതമാനം വരെ ആരോഗ്യത്തിന് ചിലവഴിക്കുന്ന രാജ്യങ്ങളാണ് അവയൊക്കെ. എന്നിട്ടുപോലും പതുക്കെ പ്രശ്‌നങ്ങളിലേക്ക് വഴുതിവീഴുന്ന ഒരു സംവിധാനമാണ് ഇന്ന് ബ്രിട്ടന്റെ എന്‍.എച്ച്.എസ്. എന്‍.എച്ച്.എസിന്റെ ലോക്കല്‍ ഓഫീസര്‍മാരില്‍ ചിലര്‍ എന്റെ സൗഹൃദവലയത്തിലുണ്ട്. ഇത്രയും മനോഹരമായ ഒരു സംവിധാനത്തെ എന്തു വിലകൊടുത്തും നിലനിര്‍ത്തേണ്ടതല്ലേ? 

”ശരിയാണ്. പക്ഷേ സാധിക്കേണ്ടേ? താങ്ങാന്‍ പറ്റുന്നില്ല.” അതാണ് യഥാര്‍ത്ഥ പ്രശ്‌നം. പതിയെപ്പതിയെ കഷണങ്ങളാക്കി ഇന്‍ഷ്വറന്‍സിനും സ്വകാര്യ ഏജന്‍സികള്‍ക്കും കൈമാറാനാണ് നീക്കം എന്ന് പലരും അടക്കം പറയുന്നുണ്ട്. ഇതൊക്കെ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. ഈയടുത്ത് എന്റെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഒരു ചര്‍ച്ച നടന്നു. എല്ലാം പ്രഗത്ഭ ഡോക്ടര്‍മാരും എന്റെ ഗുരുനാഥന്‍മാരുമാണ്. വിഷയം ഇതാണ് – നമ്മുടെ സര്‍ക്കാര്‍ സര്‍വ്വീസിനും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും എന്തുപറ്റി? ഒരു ഇരുപത് വര്‍ഷം മുമ്പ് വരെ ആരോഗ്യരംഗത്തെ അവസാനവാക്കായിരുന്നു നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍. എല്ലാ ഗുരുതര അസുഖങ്ങള്‍ക്കും മധ്യവരുമാനക്കാര്‍ മുതല്‍ താഴോട്ടെന്നു മാത്രമല്ല, നല്ലൊരു ശതമാനം പണക്കാരും ഓടിവരുന്നത് സര്‍ക്കാര്‍ വ്യവസ്ഥയിലേക്കാണ്. 

ഇന്നത് പാടേ മാറി. തീരെ നിവൃത്തിയില്ലാത്തവരാണ് അങ്ങോട്ട് വരുന്നത്. പാവങ്ങള്‍ വരെ മധ്യതല സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അവരുടെയും ആഗ്രഹം ഭീമന്‍ പഞ്ചനക്ഷത്ര കോര്‍പ്പറേറ്റുകളില്‍ ചികിത്സ തേടാനാണ്. ഇതെങ്ങനെ സംഭവിച്ചു? കുടുംബം വിറ്റാണ് പലരും ചികിത്സിക്കുന്നത്. ഇതെങ്ങോട്ടാണ് ഈ പോക്ക്? 

ഞാന്‍ ആലോചിക്കുകയാണ്. ഇരുപതുകൊല്ലം മുമ്പ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പ്രധാന അത്യാഹിതവിഭാഗത്തില്‍ മെഡിക്കല്‍ ഹൗസ് സര്‍ജനായി ഞാന്‍ നില്‍ക്കുന്നു. എം.ബി.ബി.എസ്. കഴിഞ്ഞിട്ടേയുള്ളു. 

തീവ്രനെഞ്ചുവേദനയുമായി ഒരു രോഗി വരുന്നു. ഞാന്‍ പേടിക്കുന്നില്ല. ഉടനെ സീനിയര്‍ ഡോക്ടറെ വിളിക്കേണ്ട കാര്യമില്ല. വേദന കുറയ്ക്കാന്‍ നാക്കിനടിയില്‍ മരുന്നു വയ്ക്കുന്നു. ഇ.സി.ജി. എടുക്കുന്നു. ഹൃദയാഘാതം ആണെന്ന് മനസ്സിലാക്കുന്നു. ആസ്പിരിന്‍, ബീറ്റാ ബ്ലോക്കര്‍ തുടങ്ങിയ ചില മരുന്നുകള്‍ തുടങ്ങുന്നു. വേറെ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ രക്തക്കട്ട അലിയിച്ചു കളയാനുള്ള സ്‌ടെപ്‌നോകൈനേസ് എന്ന് മരുന്ന് തുടങ്ങുന്നു. അതിനു മുമ്പേ ചുമ്മാ, സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നു രണ്ടു വര്‍ഷം എക്‌സ്പീരിയന്‍സ് ഉണ്ടെന്നേയുള്ളു. മെഡിസിന്‍ ട്യൂട്ടറാണ്. പലപ്പോഴും എം.ഡി. പോലുമില്ല. രോഗം നന്നായി ചികിത്സിച്ച ചാരിതാര്‍ത്ഥ്യത്തോടെ നെഞ്ചും വിരിച്ചു നില്‍ക്കുന്നു. മിക്കപ്പോഴും രോഗി ജീവിക്കുന്നു. ചിലപ്പോള്‍ മരിക്കുന്നു. ചിലപ്പോള്‍ സ്ഥായിയായ ഹൃദയപേശി ബലക്ഷയം ഉണ്ടാവുന്നു. എന്തു ചെയ്യാം – എല്ലാം നമ്മുടെ കൈയിലല്ലല്ലോ. ഇതു രോഗിയും ബന്ധുക്കളും മനസ്സിലാക്കുന്നു. നമ്മളും. 

കാര്‍ഡിയോളജിസ്റ്റ് ഉള്ളിടത്തേക്ക് പറഞ്ഞുവിടുന്നില്ല. ആന്‍ജിയോഗ്രാം ചെയ്യുന്നില്ല രക്തക്കട്ട മാറ്റി ട്യൂബ് ഇടുന്ന ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നില്ല. എമര്‍ജന്‍സി ബൈപാസ് സര്‍ജറിയെപ്പറ്റി ആലോചിക്കുന്നുപോലുമില്ല. ചുരുക്കം പ്രൈവറ്റാസ്പത്രികളില്‍ അതൊക്കെ ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. പക്ഷേ നമ്മള്‍ അവിടേക്ക് പറഞ്ഞുവിടുന്നില്ല. അത് നമുക്ക് അപ്രാപ്യമാണെന്ന് നമ്മളും രോഗിയും വിചാരിക്കുന്നു. 

ഇന്നിതൊക്കെ ചെയ്‌തേ പറ്റൂ. അതൊക്കെയാണ് ചികിത്സ. സായിപ്പ് പറഞ്ഞിട്ടുള്ളതാണ്. നമ്മള്‍ക്കും അതറിയാം. ഗുണമില്ലേ? ഉണ്ടെന്ന് നിസ്സംശയം പറയാം. രക്ഷപ്പെടുന്നവരുടെ എണ്ണം കൂടി. സ്ഥായിയായ ഹൃദയപേശീ ബലഹീനതയുടെ തോത് കുറഞ്ഞു. വീണ്ടും വരുന്ന അറ്റാക്കും കുറഞ്ഞു. 

ഗുണം രണ്ടോ മൂന്നോ നാലോ മടങ്ങായി. ഈ ഇരുപത് വര്‍ഷത്തിനിടെ ഫലം കൂടി. വൃക്കത്തകരാറിന് മരുന്ന് കൊണ്ടു മാത്രം ചികിത്സിച്ചിരുന്ന കാലം പോയി. ഡയാലിസിസ് ചെയ്യണം, വൃക്കമാറ്റിവയ്ക്കണം എന്ന് കുട്ടികള്‍ക്ക് പോലും അറിയാം. ലിവര്‍ ഫെയിലിയറിന് കരള്‍ മാറ്റിവയ്ക്കണം. ഗുണമില്ലേ? ഉണ്ട്. പണ്ട് വൃക്ക തകരാര്‍ വന്നാല്‍ രണ്ട് മൂന്ന് വര്‍ഷം കൊണ്ട് മരിക്കുന്നവര്‍ ഇന്ന് ആറും ഏഴും പത്തും വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുന്നു. 

ഇരുപത് വര്‍ഷം കൊണ്ട് അനേകമടങ്ങ് ഗുണം കൂടി. നാലോ അഞ്ചോ മടങ്ങ്. 

ചിലവോ. 

നാല്‍പ്പതോ അമ്പതോ നൂറോ മടങ്ങ് കൂടി. എന്നുവച്ച് നല്ല ചികിത്സ വേണ്ടെന്നും മുപ്പതുവര്‍ഷം മുമ്പത്തെ ചികിത്സ മതിയെന്നും എത്ര പേര്‍ പറയും? 

ഞാന്‍ പറയില്ല. എന്റെ ബന്ധുക്കള്‍ക്കുവേണ്ടിയും ഞാന്‍ പറയില്ല. പക്ഷേ ഈ ആവശ്യത്തിന് വേണ്ടി ഞാന്‍ വിലകൊടുക്കുന്നത് എന്റെ കിടപ്പാടം വിറ്റിട്ടായിരിക്കും. 

വിളമ്പുകാരിയില്‍ നിന്നടക്കം അമ്പത് ശതമാനം ഇന്‍കംടാക്‌സ് വാങ്ങിച്ചിട്ട്, നമ്മളെക്കാള്‍ ജനസാന്ദ്രത വളരെ കുറവുള്ള അതിസമ്പന്നമായ ഒരു രാജ്യത്തിന് ചികിത്സ സൗജന്യമായി കൊടുക്കാന്‍ സാധിക്കുന്നില്ല. അതായത്, പത്തുശതമാനം രാജ്യവരുമാനത്തില്‍ നിന്നെടുത്ത്, സായിപ്പിന് സായിപ്പിന്റെ എല്ലാവര്‍ക്കും കൊടുക്കാന്‍ പറ്റുന്നില്ലെന്ന്. 

അപ്പോഴാണ് സായിപ്പിന്റെ അതിനൂതന ചികിത്സ അങ്ങനെ തന്നെ നമ്മുടെ ജനകോടികള്‍ക്ക്, നമ്മുടെ താരതമ്യേന കുറഞ്ഞ (ആളോഹരി) വരുമാനത്തിന്റെ ഒരു ശതമാനം കൊണ്ട് നല്‍കണം എന്ന് പറയുന്നത്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിക്കുന്നതു പോലെ. 

ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഈ പ്രശ്‌നം – എലിഫെന്റ് ഇന്‍ ദി റൂം – ആണ്. മുറിയുടെ നടുക്ക് നില്‍ക്കുന്ന ഒരാന. ഈ ആനയെ പക്ഷേ എല്ലാവരും കണ്ടില്ലെന്നു നടിക്കുന്നു. എന്നിട്ട് ”എന്താണീ പിണ്ഡനാറ്റം?”

”എന്താണിവിടൊരു അമറല്‍ ശബ്ദം?” 

”എന്താണീ മുറിയില്‍ ഒരു സ്ഥലവുമില്ലാത്തത്?” എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. 

ഈ വിഷയത്തിന്റെ അടിസ്ഥാന പ്രശ്‌നം ഇതാണ് എന്ന് മനസ്സിലാക്കിയാലേ പരിഹാരത്തിനുള്ള വഴികള്‍ തെളിയൂ. മാജിക് ഫോര്‍മുലകളൊന്നും കൈയിലില്ല. മിനിമം ചികിത്സ എന്നൊരാശയം – അതായത് ഓരോ അസുഖത്തിനും നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സ നിശ്ചയിക്കുക – ഉണ്ട്. ഐഡിയല്‍ ചികിത്സ എത്ര വിലകൊടുത്തും വാങ്ങാന്‍ പറ്റിയ ഒന്നു രണ്ടു ശതമാനം പേര്‍ക്ക് അത് ലഭിക്കും. മറ്റുള്ളവര്‍ അപ്പോള്‍ സര്‍ക്കാര്‍ തലത്തിലുള്ള മിനിമം ചികിത്സ (നിയമത്താല്‍ നിശ്ചയിക്കപ്പെട്ട) കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. പക്ഷേ ഇത് ഒരു മഹാനീതി നിഷേധമായി മിക്കവരും കാണും (ഇന്നത്തേതിനേക്കാളും കഷ്ടമാണ് സ്ഥിതി എന്നിരിക്കിലും).

മുറിയിലെ ആന പോകുന്നുമില്ല. അവന്‍ പിണ്ടവുമിട്ട് നാറ്റിച്ച്, അമറിക്കൊണ്ട് അവിടെത്തന്നെ നില്‍ക്കുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍