TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രി പിണറായി വിജയന്റെ അടിയന്തര ശ്രദ്ധയ്ക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ അടിയന്തര ശ്രദ്ധയ്ക്ക്

ഇന്ദു

മുഖ്യമന്ത്രി പിണറായി വിജയന്റെ അടിയന്തര ശ്രദ്ധയിലേക്ക്...

നിയമം കൈയിലെടുക്കരുതെന്ന ഓര്‍മ്മപ്പെടുത്തല്‍ കാലങ്ങളായി കേള്‍ക്കുന്നൊരു പല്ലവിയാണ്. സിനിമകളില്‍ ഇതൊരു ക്ലീഷേ ഡയലോഗായി മാറി. കേരളത്തില്‍ അങ്ങനെയൊരു കൈയിലെടുക്കല്‍ അധികമൊന്നും ഉണ്ടായിട്ടില്ലാത്തതിനാലും അതൊക്കെ ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം നടക്കുന്ന ഒന്നായി കരുതിയതു കൊണ്ടുമായിരുന്നു ആ പ്രയോഗത്തിനോട് മലയാളിക്ക് പൊതുവെ നിസംഗത തോന്നിയിരുന്നത്.

ഇന്നിപ്പോള്‍ ആ നിസംഗതയില്ല, മറിച്ച് ഭയമാണ്. ഇവിടെയോരോരുത്തരും അവരുടെ കൈകളില്‍ കൂടി നീതി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. വലിയൊരു അപകടമാണ് നമുക്ക് മുന്നില്‍ ഉരുണ്ടു കൂടുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയില്‍ ഉള്ള വിശ്വാസം കൊണ്ട് തന്നെ പറയട്ടെ, ഈ ഭയം സാധാരണക്കാരനില്‍ നിന്നും ഒഴിവേക്കണ്ട കടമ അങ്ങേയ്ക്കുണ്ട്.

സമീപ ദിവസങ്ങളിലെ മൂന്ന് ഉദാഹരണങ്ങളാണ് ഇക്കാര്യത്തില്‍ അങ്ങയെ ചൂണ്ടിക്കാണിക്കാനുള്ളത്. ഷൊര്‍ണൂര്‍ എംഎല്‍എയുടെ പൊലീസിനോടുള്ള വെല്ലുവിളി, ഷൊര്‍ണൂര്‍ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരോടുള്ള ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. നാദാപുരം ഷിബിന്‍ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സോഷ്യല്‍ മീഡിയ ഉയരുന്ന പ്രതികാരദാഹം.

ഇതു മൂന്നും ഒട്ടും ആശ്വാസ്യകരമല്ല പുരോഗമനത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്ന ഒരു സംസ്ഥാനത്തിന്.

ആദ്യം ജനപ്രതിനിധിയുടെ രോഷം. ബിജെപി-സിപിഎം സംഘര്‍ഷം നടക്കുന്ന ഷൊര്‍ണൂര്‍ ചേര്‍പ്പുളശ്ശേരി നെല്ലായി പഞ്ചായത്തിലെ മോസ്‌കോ പൊട്ടച്ചിറ പ്രദേശത്ത് എത്തിയ സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശി പൊലീസിനോടു പറയുന്ന വാക്കുകള്‍ ചാനലുകളിലൂടെ എല്ലാവരും കേട്ടതാണ്. എംഎല്‍എയ്ക്ക് പറയാനുണ്ടാകുക തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടും നടപടിയെടുക്കാത്ത പൊലീസിനോടുള്ള വൈകാരിക പ്രതിഷേധമായിരിക്കാം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ അതിനെതിരെ വൈകാരികമായി പ്രതികരിക്കാന്‍ ഒരു നേതാവിന് അവകാശമുണ്ട്. ശശി പക്ഷെ വെറുമൊരു സിപിഎം നേതാവ് മാത്രമല്ല, ജനപ്രതിനിധിയാണ്. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിനിധി. വരുന്ന അഞ്ചുവര്‍ഷത്തേക്കെങ്കിലും ശശി അങ്ങനെ തന്നെയാവേണ്ടതുണ്ട്. ശശിയുടെ വികാരം പൊതുജന വികാരമായിരിക്കണം. സിപിഎമ്മുകാരുടേതു മാത്രമാകരുത്. പൊലീസ് നിഷ്‌ക്രിയമായി പ്രവര്‍ത്തിച്ചെങ്കില്‍ അതു ചോദ്യം ചെയ്യാന്‍ എംഎല്‍എ ശശിക്കു മാത്രമല്ല, ഇന്നാട്ടിലെ ഒരോ പൗരനുമുണ്ട് അവകാശം. ജനമടയ്ക്കുന്ന നികുതി പണം കൊണ്ടാണ് പൊലീസുകാരന്‍ ഇടുന്ന യൂണിഫോം അലക്കുന്നതുപോലും. പക്ഷെ എംഎല്‍എയുടെ ചോദ്യം ചെയ്യാല്‍ ശരിയാകാതെ പോകുന്നത് അദ്ദേഹമൊരു എംഎല്‍എ ആയതുകൊണ്ടാണ്. ശശിക്ക് സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ വേദനിച്ചെങ്കില്‍ ശശി സിപിഎം എഎല്‍എ മാത്രമെ ആകുന്നുള്ളൂ, ജനങ്ങളുടെ പ്രതിനിധിയാകുന്നില്ല. കാക്കിയിട്ടവരുടെ ആവശ്യമില്ലെന്നും തങ്ങളെ ആക്രമിച്ചവരെ തങ്ങള്‍ നോക്കിക്കോളാമെന്നും പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പറഞ്ഞാല്‍പോലും നിയമവിരുദ്ധമാണെന്നരിക്കെ ജനാധിപത്യപ്രകിയപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭ സാമാജികന്‍ പറഞ്ഞാലോ! ഇത്തരം നേതാക്കള്‍ ജനാധിപത്യസംവിധാനത്തിന് ഏതുവിധത്തിലാണ് ഗുണകരമാകുന്നതെന്ന് മുഖ്യമന്ത്രി ചിന്തിക്കണം.


ഇതേ സംഭവത്തിന്റെ തുടര്‍ച്ചയാണ് ഒറ്റപ്പാലം കോടതിവളപ്പില്‍ ആര്‍എസ്എസ് പ്രവര്‍കരുടെ മര്‍ദ്ദനം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. ചേര്‍പ്പുളശ്ശേരി ആക്രമണത്തിലെ പ്രതികളായ ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചതിന് ക്രൂരമായ മര്‍ദ്ദനമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്. എംഎല്‍എയും ഭരണവുമില്ലാതിരുന്ന സമയത്തും തങ്ങള്‍ വെട്ടിയിട്ടുണ്ടെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മാധ്യമപ്രവര്‍ത്തകരോടുള്ള വെല്ലുവിളി. ഈ കാടത്തം നടന്നത് എവിടെയാണെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കോടതി വളപ്പില്‍! അതും നിയമപാലകരെന്നു വിളിക്കപ്പെടുന്ന പൊലീസുകാരുടെ സാന്നിധ്യത്തില്‍. കോടതിയേയും പൊലീസിനേയും പോലും പേടിക്കാതെ ആക്രമികള്‍ക്ക് അവരുടെ അഴിഞ്ഞാട്ടം നടത്താവുന്ന സാഹചര്യമാണ് ഇവിടെയുള്ളതെങ്കില്‍ ഏതുതരത്തിലുള്ള ക്രമസമാധാനമാണ് കേരളത്തിലുള്ളത്. എംഎല്‍എയും ഭരണവും ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനെ അധികാരത്തിന്റെ ഭാഗമായി തെറ്റിദ്ധരിച്ചിരിക്കുന്ന ആര്‍എസ്എസ്സുകാരന്‍ പറയുന്നത് അവയൊന്നും ഇല്ലെങ്കിലും അതായത് അധികാരമില്ലെങ്കിലും കൊല്ലാനും തല്ലാനും തങ്ങള്‍ക്ക് ഭയമില്ലെന്നാണ്. ഇത്തരക്കാരുടെ ധാര്‍ഷ്ട്യം കാണുമ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ ആരെയാണ് വിശ്വസിക്കേണ്ടതും ആശ്രയിക്കേണ്ടതുമെന്ന് അങ്ങ് പറഞ്ഞു തരണം. കോടതി വളപ്പുകളില്‍ ആക്രമണവും കൊലയുമെല്ലാം കണ്ടിരുന്നത് ഹിന്ദി സിനിമകളിലാണ്. ഇന്നിപ്പോള്‍ ഞങ്ങള്‍ക്കത് ദൈവത്തിന്റെയീ സ്വന്തം നാട്ടില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇന്ന് കൊല്ലം കളക്‌ട്രേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനവും അങ്ങ് അറിഞ്ഞു കാണും. വികസനത്തെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നു, മനുഷ്യനില്ലാതാകുന്ന നാട്ടില്‍ എന്ത് വികസനം?

ഇന്നത്തെ വിഷയം നോക്കൂ, നാദാപുരം ഷിബിന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 17 പേരെയും കോടതി വെറുതെ വിട്ടിരിക്കുന്നു. അതിനെതിരെ സോഷ്യല്‍ മീഡിയിയില്‍ വരുന്ന പ്രതികാരദാഹത്തോടെയുള്ള പോസ്റ്റുകള്‍ അങ്ങു കണ്ടിട്ടുണ്ടോ? ആരൊക്കെയാണ് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് അങ്ങേയ്ക്ക് ഒരന്വേഷണ ഉദ്യോഗസ്ഥന്റെയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയോ സഹായം ഇല്ലാതെ തന്നെ മനസിലാക്കാം. പരസ്യമായ കൊലവിളിയാണ് പലതും. കോടതി തന്ന ദയ തങ്ങളില്‍ നിന്നും വേണ്ടെന്നും നീതി ഞങ്ങള്‍ നടത്തിക്കോളാമെന്നുമാണ് വെല്ലുവിളി. അരിയില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെ കൊലപാതകം അങ്ങയുടെ പാര്‍ട്ടിക്കുമേല്‍ ഉണ്ടാക്കിയിരിക്കുന്ന പാപഭാരം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാവുന്ന രാഷ്ട്രീയബോധം എന്തായാലും പിണറായി വിജയനുണ്ടാകുമെന്ന് കരുതുന്നു. നാദാപുരത്തിന്റെ രാഷ്ട്രീയസാഹചര്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ചെറിയൊരു തീപ്പൊരി മതി എല്ലാം കത്താന്‍. തക്കം പാര്‍ത്തിരിക്കുന്ന കുറുക്കന്മാരുമുണ്ട്. രാഷ്ട്രീയം മാറി മതവിദ്വേഷത്തിലേക്കാണ് ഷിബിന്‍ വധം ഇപ്പോള്‍ കടന്നുപോകുന്നത്. തലശ്ശേരി കലാപം കെടുത്താന്‍ നടത്തിയ ജീപ്പ് യാത്ര നാദാപുരത്ത് പിണറായി വിജയനെ തുണയ്ക്കണമെന്നില്ല.സ്വന്തം സഖാവിന്റെ രക്തസാക്ഷിത്വത്തിന് നീതി കിട്ടാതെ വരുമ്പോള്‍ സ്വഭാവികമായും പ്രതിഷേധം ഉണ്ടാകാം. കീഴ്‌ക്കോടതിയില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ പോകാന്‍ അപ്പെക്‌സ് കോടതി വരെ ബാക്കി കിടപ്പുണ്ട്. എന്നിട്ടും കോടതിയുടെ ന്യായമല്ല കൊടുവാളിന്റെ നീതിയാണ് പലര്‍ക്കും വേണ്ടതെങ്കില്‍ അവര്‍ വെല്ലുവിളിക്കുന്നത് അങ്ങ് നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ തന്നെയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഇന്ന് സോഷ്യല്‍ മീഡിയയില്‍ കയറി നോക്കിയാല്‍ അങ്ങയുടെ പൊലീസിന് എത്രപേര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയുമെന്ന് അറിയുമോ! അവരെല്ലാം പരസ്യമായ കൊലവിളി നടത്തിയവരാണ്... ആരാണ് അവര്‍ക്കിതിന് അധികാരം കൊടുത്തത്? എംഎല്‍എയോടാണെങ്കിലും ആര്‍എസ്എസ് ഗൂണ്ടയോടാണെങ്കിലും സോഷ്യല്‍ മീഡിയയിലെ വിപ്ലവകാരികളോടാണെങ്കിലും നിയമം കൈയിലെടുക്കരുതെന്ന് പറയണം, പറയാനുള്ള ആര്‍ജ്ജവം കാണിക്കണം സഖാവേ....

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories