TopTop
Begin typing your search above and press return to search.

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുഗ്ലക്ക് ഭരണം

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുഗ്ലക്ക് ഭരണം

ഉണ്ണികൃഷ്ണന്‍ കാസ്റ്റ് ലെസ്സ്

വെള്ളിയാഴ്ച പോലീസും വി സിയുടെ ഗുണ്ടകളും മുഖ്യ പ്രായോജകരായി നടത്തിയ ലാത്തിച്ചാര്‍ജ് പരിപാടി കാരണം ഒരുപാട് നേരമിരുന്ന് എഴുതാനോ ടൈപ്പ് ചെയ്യാനോ ആവതില്ല. പക്ഷേ പറയാനുള്ളത് പറഞ്ഞും എഴുതാനുള്ളത് എഴുതിയും അല്ലേ മതിയാകൂ. ഞങ്ങള്‍ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ രണ്ടായിരത്തോളംവരുന്ന വിദ്യാര്‍ഥികള്‍ കഴിഞ്ഞ മാസം 27 തീയ്യതി മുതല്‍ വൈസ് ചാന്‍സലറായ ചന്ദ്രകൃഷ്ണമൂര്‍ത്തിയെ പുറത്താക്കണമെന്നും കുത്തഴിഞ്ഞ സര്‍വകലാശാലാ സംവിധാനം കുറ്റമറ്റതാക്കണമെന്നും ആവശ്യപ്പെട്ട് ആരംഭിച്ച സമരം അതിന്റെ അഞ്ചാം ദിവസം പോലീസുകാരുടെ ലാത്തിക്കും വി സി ഏര്‍പ്പെടുത്തിയ ഗുണ്ടകളുടെ കമ്പിക്കും സൈക്കിള്‍ ചെയിനിനും ഹോക്കി സ്റ്റിക്കുകള്‍ക്കും ഇരയായത് ഇതിനോടകം ചര്‍ച്ച ആയതാണല്ലോ. സഹികെട്ട് സമരത്തിനിറങ്ങിയ വിദ്യാര്‍ഥികളെ തല്ലിയും മനോവീര്യം തകര്‍ത്തും തോല്‍പ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഞങ്ങളുടെ പ്രിയപ്പെട്ട വി സി ചന്ദ്ര കൃഷ്ണമൂര്‍ത്തി. ചന്ദ്ര കൃഷ്ണമൂര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഇത് അധികാരത്തിന്റെ ഇടവഴികളിലൂടെ കരസ്ഥമാക്കിയ കസേര നിലനിര്‍ത്താനുള്ള വ്യഗ്രതയാണെങ്കില്‍ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിത് നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും അവസാന സമരമാണ്.

ചന്ദ്ര കൃഷ്ണമൂര്‍ത്തി വന്ന വഴി

പത്മശ്രീ പ്രൊഫസ്സര്‍ ജെ എ കെ തരീന്‍ വൈസ് ചാന്‍സലര്‍ ആയിരുന്ന കാലത്ത് 300% പുരോഗതി രേഖപ്പെടുത്തിയ ഇന്ത്യയിലെ ഒരേയൊരു കേന്ദ്ര സര്‍വകലാശാല ആയിരുന്നു പോണ്ടിച്ചേരി സര്‍വകലാശാല. ആര്‍ ആനന്ദ, എസ് മാലി തുടങ്ങിയ വിദഗ്ദ്ധരായ പ്രൊഫസ്സര്‍മാര്‍ ഉള്‍ക്കൊള്ളുന്ന സെര്‍ച്ച് കമ്മറ്റിയാണ് ചന്ദ്ര കൃഷ്ണമൂര്‍ത്തി എന്ന പേര് ഉള്‍പ്പെടെ മൂന്ന് പേരെ കേന്ദ്ര മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലയത്തിന് മുന്‍പില്‍ സമര്‍പ്പിച്ചത്. വി സി യായി നോമിനേറ്റ് ചെയ്യണമെങ്കില്‍ കുറഞ്ഞത് പതിനഞ്ച് വര്‍ഷത്തെ അധ്യാപന പരിചയം അനിവാര്യമാണ്. കൂടാതെ കുറഞ്ഞത് പത്തു പേരുടെ എങ്കിലും ഡോക്റ്ററേറ്റ് പഠനത്തില്‍ ഗൈഡ് ആയിരിക്കണം. പക്ഷേ, ഞങ്ങളുടെ വി സിക്ക് പതിനഞ്ച് പോയിട്ട് പത്തുവര്‍ഷത്തെ പോലും അധ്യാപന പരിചയമില്ല. രണ്ടേ രണ്ടുപേരാണ് അവരുടെ കീഴില്‍ പി എച്ച് ഡി നേടിയിട്ടുള്ളത്.

മറ്റൊരു വിരോധാഭാസം ചന്ദ്ര കൃഷ്ണമൂര്‍ത്തിയുടെ പി എച്ച് ഡി പ്രബന്ധത്തിന്റെ ഒട്ടുമുക്കാലും കോപ്പിയടിച്ച് എഴുതിയതാണ് എന്നതാണ്. അതാകട്ടെ യു ജി സി അംഗീകാരമില്ലാത്ത ഒരു ശ്രീലങ്കന്‍ സര്‍വകലാശാലയില്‍ നിന്നും നേടിയതും. ചന്ദ്ര കൃഷ്ണമൂര്‍ത്തി എഴുതി എന്ന് അവകാശപ്പെടുന്ന മൂന്ന് പുസ്തകങ്ങളില്‍ രണ്ടെണ്ണത്തെപ്പറ്റി അതില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രസാധകര്‍ക്ക് യാതൊരു അറിവുമില്ല. പുറത്തിറക്കിയ പുസ്തകമാകട്ടെ 98% കോപ്പിയടിച്ച് എഴുതിയതും. സെര്‍ച്ച് കമ്മറ്റിയാകട്ടെ ഇതൊന്നും അന്വേഷിച്ച് ഉറപ്പുവരുത്താന്‍ പോലും ശ്രമിച്ചില്ല. അന്ന് യു പി എ ഗവണ്‍മെന്റ് ആയിരുന്നു അധികാരത്തില്‍. അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന പി ചിദംബരത്തിന്റെ ഭാര്യയുടെ ഉറ്റ ചങ്ങാതി ആയിരുന്നത്രെ ചന്ദ്ര കൃഷ്ണമൂര്‍ത്തി. അധികാരത്തിന്റെ പിന്‍വാതിലുകള്‍ അയോഗ്യര്‍ക്ക് മുന്‍പില്‍ മലര്‍ക്കെ തുറന്നിട്ടിരുന്ന അക്കാലത്ത് ചന്ദ്ര കൃഷ്ണമൂര്‍ത്തി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് പാട്ടുംപാടി നടന്നു കയറി. അങ്ങനെ 2013 ഫെബ്രുവരി ഒന്നിന് ചന്ദ്ര കൃഷ്ണമൂര്‍ത്തി പോണ്ടിച്ചേരി സര്‍വകലാശായുടെ വൈസ് ചാന്‍സലറായി. അന്നുമുതല്‍ ഇന്നുവരെ ഇവിടെ നടക്കുന്നതൊക്കെയും അറബിക്കഥകളെ വെല്ലുന്ന വിചിത്ര സംഭവങ്ങളാണ്.ഗണപതിക്ക് വച്ചതൊക്കെയും കാക്കതിന്നു

ചന്ദ്ര കൃഷ്ണമൂര്‍ത്തി വി സി ആയി നിയമിതയായി നാല് മാസം തികയും മുന്‍പാണ് സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ റാഗിങ്ങിന് ഇരകളായതും സെക്ഷ്വല്‍ ഹറാസ്‌മെന്റ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തതും. പക്ഷേ പ്രതികള്‍ക്കെതിരെ സര്‍വകലാശാല യാതൊരുവിധ നടപടിയും എടുത്തില്ല. സര്‍വകലാശാലയിലെ അഭിനവ വല്യേട്ടന്‍മാരായ ഫിസിക്കല്‍ എജ്യൂക്കേഷനിലെ തലമൂത്ത വല്യേട്ടന്‍ ആയിരുന്നു പ്രതി എന്നതിനാലും അതേ വകുപ്പിലെ പ്രവീണ്‍ എന്ന അസിസ്റ്റന്റ് പ്രൊഫസറുടെ ചരട് വലികളാലും സര്‍വകലാശാലയില്‍ മൗനം പാലിച്ചപ്പോള്‍ കുട്ടികള്‍ മാധ്യമങ്ങളെ സമീപിച്ചു. അടുത്ത ദിവസം സര്‍വകലാശാല നടപടിയെടുത്തു. പ്രതികള്‍ക്ക് നേരെ ആയിരുന്നില്ലെന്ന് മാത്രം. പകരം പരാതി നല്‍കിയ വിദ്യാര്‍ഥിനികളെ സര്‍വകലാശാല പുറത്താക്കി. ഒടുവില്‍ കോടതിയാണ് അവരെ രക്ഷിച്ചത്. മദ്രാസ് ഹൈക്കോടതി ഒടുവില്‍ സര്‍വകലാശാലയ്‌ക്കെതിരേ വിധി പറയുകയും 40,000 രൂപ പിഴ വിധിക്കുകയും ചെയ്തു.

2013-ല്‍ തരീന്‍ പടിയിറങ്ങുമ്പോള്‍ അഞ്ച് കെട്ടിടങ്ങള്‍ പണിതിരുന്നു. എന്നാല്‍ ആകെ 2,00,000 ചതുരശ്ര അടിയുള്ള അവ ഇന്നും വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് നല്‍കിയിട്ടില്ല. അതിലൊന്ന് മാസ് കമ്യൂണിക്കേഷന്‍ വകുപ്പ് കെട്ടിടവും മറ്റൊന്ന് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള സെന്‍ട്രല്‍ ലൈബ്രറി കെട്ടിടവുമാണ്.

വിസിയുടെ സി വി

ചന്ദ്ര കൃഷ്ണമൂര്‍ത്തി മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് എന്നാണ് സി വി യില്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതില്‍ രണ്ടെണ്ണം ഇന്നുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതില്‍ പ്രസാധകര്‍ എന്ന് പരാമര്‍ശിച്ചിരിക്കുന്നവരോട് കത്തെഴുതി ചോദിച്ചപ്പോള്‍ അവര്‍ക്ക് ആ രണ്ട് പുസ്തകങ്ങളെപ്പറ്റി അറിയില്ല എന്നായിരുന്നു മറുപടി. അവര്‍ കൈമലര്‍ത്തി കാണിച്ചപ്പോള്‍ ഇറക്കിയ പുസ്തകത്തെപ്പറ്റി അന്വേഷിക്കാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് പിടിച്ചതിനേക്കാള്‍ വലിയ പാമ്പ് മാളം വിട്ട് ചാടിയത്. പുസ്തകം മുഴുവന്‍ കോപ്പിയടിച്ച് തട്ടിക്കൂട്ടിയതാണെന്ന് തെളിഞ്ഞു. ആകെയുള്ള എട്ട് അധ്യായത്തില്‍ അഞ്ചും കോപ്പി പേസ്റ്റ് ആയിരുന്നു. അതില്‍ പ്രശസ്ത നിയമ പണ്ഡിതനായ എന്‍ ആര്‍ മാധവ മേനോന്റെ പ്രബന്ധം പോലുമുണ്ട്. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ കൊടുക്കുന്ന അസൈന്‍മെന്റില്‍ 12% കൂടുതല്‍ മറ്റേതെങ്കിലും ഉറവിടങ്ങളുമായി സാമ്യത കാണിച്ചാല്‍ പോയപോലെ അത് ഞങ്ങളുടെ മെയില്‍ ബോക്‌സിലേക്ക് തിരിച്ചയക്കുന്ന യൂണിവേഴ്‌സിറ്റിയിലെ വി സിക്കുള്ള ബഹുമതിയാണ് 98 ശതമാനവും കോപ്പിയടിച്ച് എഴുതിയ പുസ്തകം. എത്ര മനോഹരമായ ആചാരം അല്ലേ?ഉട്ടോപ്യന്‍ തീരുമാനങ്ങളും പ്രാഥമിക സൗകര്യപ്രശ്‌നങ്ങളും

രണ്ടുവര്‍ഷം മുന്‍പത്തെ റാഗിങ്ങിന് ശേഷം മറ്റൊരു പെണ്‍കുട്ടിയെ രാത്രി പുറത്തുനിന്നുള്ള പുരുഷന്മാര്‍ ശല്യപ്പെടുത്തിയപ്പോള്‍ അവരെ നിയന്ത്രിക്കുന്നതിന് പകരം പെണ്‍കുട്ടികളോട് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കാന്‍ ഉപദേശിച്ച വിസിയാണ് ചന്ദ്ര കൃഷ്ണമൂര്‍ത്തി. അതവിടെ നില്‍ക്കട്ടെ. പ്രൊ. തരീന്‍ ഉണ്ടായിരുന്ന കാലത്ത് പണികഴിപ്പിച്ച ഒമ്പത് പി ജി മെന്‍സ് ഹോസ്റ്റലുകളും നാല് പി എച്ച് ഡി ഹോസ്റ്റലുകളും അഞ്ച് ലേഡീസ് ഹോസ്റ്റലുകളും ഒരു ലേഡീസ് പി എച്ച് ഡി ഹോസ്റ്റലുമാണ് ഇപ്പോള്‍ ഉള്ളത്. ഒരു മുറിയില്‍ പരമാവധി രണ്ട് കുട്ടികളെ ഉള്‍ക്കൊള്ളിക്കാവുന്ന തരം ഹോസ്റ്റലുകളും സൗകര്യങ്ങളുമാണ് അവ. അന്നത്തെ കുട്ടികളുടെ എണ്ണം ഏകദേശം 2000. ഇന്നാകട്ടെ അത് 6000-ത്തോളം ആണ്. എന്നാലോ ഹോസ്റ്റലുകള്‍ പഴയത് തന്നെ. ആണ്‍കുട്ടികളുടെ മുറിയില്‍ മൂന്ന് പേര്‍ വീതവും പെണ്‍കുട്ടികളുടെ മുറിയില്‍ നാല് പേര്‍ വീതവുമാണ് ഇപ്പോള്‍ താമസിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തന്നെ. ചോദ്യം ചെയ്തവരോട് പറ്റില്ലെങ്കില്‍ മതിയാക്കി പോയിക്കോ എന്നാണ് വാര്‍ഡന്റെ കല്‍പ്പന. തീര്‍ന്നില്ല. 80 കുട്ടികള്‍ക്ക് മൂന്ന് ബാത്ത് റൂമും മൂന്ന് കക്കൂസും മാത്രം.

നല്ല കുടിവെള്ളമില്ല. കിട്ടുന്ന വെള്ളമാകട്ടെ പശപോലെ ഒട്ടുന്നതും. തരീന്റെ കാലത്ത് 2000 വീതം കുട്ടികളെ ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുള്ള രണ്ട് ഹോസ്റ്റലുകള്‍ക്കുള്ള ആദ്യഘട്ട ഫണ്ടായി രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. ആ ഫണ്ട് പോയവഴി ആര്‍ക്കുമറിയില്ല. 800 ഏക്കറുള്ള ക്യാമ്പസ്സില്‍ ബസ് സൗകര്യം ഉണ്ടായിരുന്നത് ഇപ്പോള്‍ നാമമാത്രമാണ്. ഒന്നുകില്‍ നാല് കിലോമീറ്ററോളം വിദ്യാര്‍ഥികള്‍ നടന്നുവേണം ക്ലാസ്സില്‍ പോകാന്‍. സൗജന്യ സൈക്കിളുകള്‍ കാണാനേ ഇല്ല. ബാറ്ററി വാന്‍ എങ്ങോട്ടോ പോയി. സ്‌കോളര്‍ഷിപ്പുകള്‍ കഴിഞ്ഞ എട്ടു മാസമായി നല്‍കിയിട്ടില്ല. പി എച്ച് ഡി സ്‌കോളര്‍ക്കുള്ള സ്‌റ്റൈപന്റ് 13,000-ല്‍ നിന്ന് 8,000 ആക്കി കുറച്ചു. അതും മഴ പ്രവചനം പോലെ വന്നാലായി ഇല്ലേല്‍ ഇല്ല എന്നാ അവസ്ഥയാണ്. തുഗ്ലക്ക് പെണ്ണായിപ്പിറന്നതാണോ വി സി എന്ന് അന്ന് ചോദിച്ച് തുടങ്ങിയതാണ് കുട്ടികള്‍.ഇപ്പോഴത്തെ സമരവും പുത്തന്‍ സുവിശേഷങ്ങളും

സഹികെട്ട് സമരത്തിന് ഇറങ്ങിയതാണ് ഞങ്ങള്‍. 2014 നവംബര്‍ മുതല്‍ ടീച്ചര്‍മാരുടെ സംഘടനയായ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനും ( PUTA) വിദ്യാര്‍ഥികളും സമരമുഖത്തുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വി സി യെ അധ്യാപകരും വിദ്യാര്‍ഥികളും ഖരാവോ ചെയ്തിരുന്നു. അന്നവിടെ കൂടിയ വിദ്യാര്‍ഥികളില്‍ എണ്ണത്തില്‍ കൂടുതല്‍ മലയാളികള്‍ ആയിരുന്നു എന്ന കാരണത്താല്‍ കോഴിക്കോട് എറണാകുളം എന്നീ എന്‍ട്രന്‍സ് പരീക്ഷ സെന്ററുകള്‍ വി സി ഇടപെട്ട് ഒഴിവാക്കി. വി സി ക്കെതിരേ സംസാരിച്ചതിന്റെ പ്രതികാരം. എന്നിട്ടും തീര്‍ന്നില്ല ഉട്ടോപ്യയിലെ വിശേഷങ്ങള്‍. അഡ്മിഷന്‍ കിട്ടി വന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചു. മണിപ്പൂരില്‍ നിന്നുപോലും വന്ന വിദ്യാര്‍ഥികള്‍ താമസ സൗകര്യം ഇല്ലെന്നറിഞ്ഞപ്പോള്‍ മടങ്ങിപ്പോയി. അങ്ങനെ അര്‍ഹതയുണ്ടായിട്ടും പ്രവേശനം നേടാതെ തിരികെ പോയവര്‍ ഏകദേശം ഇരുന്നൂറോളം വരും. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അഡ്മിഷന്‍ എടുക്കാനെത്തിയ ഇരുപതോളം പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ടാണ് തിരികെ പോയത്.

അത്രയും മികച്ച വിദ്യാര്‍ഥികളുടെ ഭാവിക്ക് ആര് സമാധാനം പറയും? രണ്ടുംകല്‍പ്പിച്ച് പ്രവേശനം നേടിയ 200 ഓളം ആണ്‍കുട്ടികള്‍ക്കും 150 പെണ്‍കുട്ടികള്‍ക്കും ഉണ്ടായിരുന്നിട്ടും ഹോസ്റ്റല്‍ നല്‍കാതെ അധികൃതര്‍ പീഡിപ്പിച്ചു. ഒടുവില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെയും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ വാര്‍ഡനെ തടഞ്ഞുവച്ചതിന്റെ ഫലമായാണ് ഡോര്‍മെട്രികള്‍ തുറന്നത്. ഒടുവില്‍ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ കിട്ടിയപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്ന സഖാവിന് റൂമില്‍ കയറാന്‍ പറ്റാതെയായി. ഗുണ്ടകള്‍ പാതിരാത്രി വാതില്‍ ചവിട്ടിപ്പൊളിച്ചു കയറി കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഇന്നും സമരത്തിലുള്ള ഞങ്ങളുടെ തടി ആര് രക്ഷിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയില്ല. ഇനി അഥവാ ആശുപത്രി റൂമിന്റെ കെട്ട നാറ്റം സഹിച്ച് കിടക്കേണ്ടി വന്നാലും പിന്മാറ്റം ഒരു സാധ്യതയോ പരിഹാരമോ അല്ലെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്.അധികാരികള്‍ തൂക്കിലേറ്റാന്‍ ശ്രമിക്കുന്ന പ്രതിരോധങ്ങള്‍

എതിര്‍പ്പുകളെ മായ്ച്ചുകളയാന്‍ ശ്രമിക്കുകയെന്നത് അധികാരത്തിന്റെ മുദ്രയാണല്ലോ. ഹിറ്റ്‌ലറിന്റെ ജര്‍മനിയില്‍ ആയിരുന്നാലും സോ കോള്‍ഡ് ഫെമിനിസം എത്തിനോക്കാത്ത കുഞ്ഞിരാമേട്ടന്റെ കള്ളുരാത്രികളാല്‍ ഉറഞ്ഞു തുള്ളുന്ന ചെറ്റക്കുടിലില്‍ ആയിരുന്നാലും എതിര്‍ത്താല്‍ അവര്‍ നിങ്ങളുടെ വായടപ്പിക്കും. അതിന് വേണ്ടതൊക്കെയും അവര്‍ കോപ്പുകൂട്ടും. ആളായും അര്‍ത്ഥമായും. അതിനെയൊക്കെ അതിജീവിക്കുന്ന സമരങ്ങള്‍ വിജയിക്കും. അല്ലാത്തവ മാഞ്ഞുപോകും. സമരത്തെ നേരിടാന്‍ സര്‍ക്കുലറുകളുടെ പെരുമഴയായിരുന്നു 24,25,26 തീയ്യതികളില്‍. ഒഴിവ് ദിവസങ്ങളിലും സര്‍ക്കുലറുകള്‍ യഥേഷ്ടം ഇറങ്ങി. സമരം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഭീഷണി ഉയര്‍ന്നു. എന്നിട്ടും 27-ന് രാവിലെ എട്ടുമണി ആയപ്പോള്‍ ഗേറ്റുകള്‍ രണ്ടും 2500 ഓളം വിദ്യാര്‍ഥികളാല്‍ നിറഞ്ഞു. സംഗതി ഏറ്റില്ലെന്ന് മനസ്സിലായപ്പോള്‍ ഗുണ്ടകളെ ഇറക്കി.

ആദ്യദിവസം സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വണ്ടി കയറ്റാന്‍ ശ്രമിച്ചിരുന്നു. കൊല്ലുമെന്ന് ഗുണ്ടകള്‍ ഭീഷണി മുഴക്കി. ഒരു വിദ്യാര്‍ത്ഥിയെ രാത്രി വഴിയിലിട്ട് തല്ലി. പോലീസ് എല്ലാം നോക്കി നിന്നു. പിറ്റേന്ന് വി സി അനുഭാവികളായ ഉദ്യോഗസ്ഥര്‍ കുട്ടികളെ കയ്യേറ്റം ചെയ്തു. എന്റെ ക്യാമറ അടക്കം നശിപ്പിക്കാന്‍ ശ്രമിച്ചു. പലര്‍ക്കും അടികൊണ്ടു. ഒടുവില്‍ അഞ്ചാം ദിവസം സമാധാനപരമായി സമരം നടത്തുകയായിരുന്ന വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. പെണ്‍കുട്ടികളെ അടക്കം റോഡിലൂടെ വലിച്ചിഴച്ചു. ക്യാമറ പോലീസ് പിടിച്ചെടുത്തു. എന്റെ കൂടെയുണ്ടായിരുന്ന അജ്മലിന്റെ ക്യാമറയും പോലീസ് കൈക്കലാക്കി മെമ്മറി കാര്‍ഡ് നശിപ്പിച്ചു. അതിക്രൂരമായാണ് പോലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്.

ആരെയൊക്കെ തല്ലണമെന്ന് പോലീസ് തീരുമാനിച്ച് വന്നപോലെ തിരഞ്ഞ്പിടിച്ച് ഞങ്ങളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കൂട്ടത്തില്‍ വി സി യുടെ ശിങ്കിടികളായ ഒരുകൂട്ടം ഉദ്യോഗസ്ഥരും കൂടി. എല്ലാവരും ചേര്‍ന്ന് രണ്ടര മണിക്കൂറോളം ഞങ്ങളെ തല്ലി. 20 ഓളം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. അതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റു. ബസ് ഡ്രൈവര്‍മാര്‍ ഞങ്ങള്‍ക്ക് നേരെ ബസ് ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു. എന്നിട്ടും ഞങ്ങളിന്ന് ആറാം ദിവസം സമരത്തിനിറങ്ങുന്നു.

മാധ്യമ പിന്തുണയും ആരോപണങ്ങളും

മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് ഞങ്ങളില്‍ ചിലര്‍ തന്നെ പറഞ്ഞുകണ്ടു. വാര്‍ത്തകള്‍ പുറത്തെത്തിക്കാന്‍ ആദ്യ ദിവസം മുതല്‍ ശ്രമിക്കുന്ന ആളെന്ന നിലയില്‍ പറയയട്ടെ, അത്തരം വാദങ്ങളെ അതിശക്തമായി പ്രതിരോധിക്കാന്‍ ആഗ്രഹിക്കുന്നു. ദേശീയ മാധ്യമങ്ങളുടെ കാര്യത്തില്‍ പറഞ്ഞത് നേരാകാം. പക്ഷേ മലയാളം വാര്‍ത്ത ചാനലുകളായ മനോരമ ന്യൂസ്, മീഡിയവണ്‍, റിപ്പോര്‍ട്ടര്‍ ചാനല്‍, മാതൃഭൂമി ചാനല്‍, കൈരളി പീപ്പിള്‍ ഏറ്റവും ഒടുവിലായി ഏഷ്യാനെറ്റ് ന്യൂസും നന്നായിത്തന്നെ റിപ്പോര്‍ട്ടുകള്‍ കൊടുക്കുന്നുണ്ട്.

മനോരമ, മാതൃഭൂമി, മാധ്യമം പത്രങ്ങളും നവമാധ്യമങ്ങളായ അഴിമുഖം, കൈരളി, ദൂള്‍ ന്യൂസ്, ഏഷ്യനെറ്റ് ന്യൂസ്, സൗത്ത് ലൈവ് എന്നിവ നല്ല പിന്തുണ നല്‍കിയിട്ടുണ്ട്. ഇതെഴുതി തീരുമ്പോള്‍ സമയം രാവിലെ അഞ്ച് ആകാറാകുന്നു. ഏഴ് മണിക്ക് സമരത്തിന് പോകേണ്ടതുണ്ട്. ഇന്നിത് ആറാം ദിവസമാണ്. സമരമുഖത്ത് കാത്തുനില്‍ക്കുന്നത് ലാത്തിയാണോ റോസാപ്പൂവാണോ എന്നറിയില്ലെങ്കിലും പരിക്കേറ്റവര്‍ വേച്ചു വേച്ചാണെങ്കിലും സമരത്തിനെത്തും. ഇന്നും ആയിരങ്ങള്‍ സമരം കൂടും. എണ്ണിയെണ്ണി കിട്ടിയിട്ടും ഞങ്ങള്‍ തളര്‍ന്നിട്ടില്ല. നാളേക്ക് കൂടി വേണ്ടിയുള്ള ഈ സമരം വിജയിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അതിന് വളമാകേണ്ടത് ചോര ആണെങ്കില്‍ അത് ചിന്താനും ഞങ്ങള്‍ക്ക് മടിയില്ല. എങ്കിലും ഈ സമരത്തിന് നല്ല വിധി തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഒരല്‍പം ഉറങ്ങാന്‍ കിടക്കട്ടെ. വിപ്ലവങ്ങള്‍ വിജയിക്കുകതന്നെ ചെയ്യട്ടേ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories