ട്രെന്‍ഡിങ്ങ്

സെക്സ് -ക്രൈം ത്രില്ലറിനുവേണ്ട എല്ലാ ചേരുവകളും ആയി; ഇനി ഒരു ഗംഭീര സിനിമക്കായി നമുക്ക് കാത്തിരിക്കാം

അവർക്കു മെനയേണ്ട കഥക്കുള്ള എല്ലാ വിഭവങ്ങളും നമ്മളിൽ ചിലർ ഇതിനകം വിളമ്പിക്കഴിഞ്ഞു ; സമൃദ്ധമായി തന്നെ

കെ എ ആന്റണി

കെ എ ആന്റണി

കൊച്ചിയിൽ ഒരു യുവ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസ് വല വിരിച്ചു കാത്തിരുന്ന പൾസർ സുനി ഒടുവിൽ പിടിയിലായി. എങ്ങനെ പിടിച്ചു എന്ന കാര്യത്തിൽ കോടതിക്ക് ആക്ഷേപം ഇല്ലാത്ത നിലക്ക് അത്തരം ചർച്ചകൾ അപ്രസക്തമാകുന്നു. സംഗതി കൊട്ടേഷൻ ആയിരുന്നില്ലെന്നും അല്ലെന്നും ഉള്ള രണ്ടു വാദങ്ങൾ സജീവമാണ്. ഇതിൽ ഏതു തള്ളണം ഏതു കൊള്ളണം എന്ന കാര്യത്തിൽ മാത്രമേ തല്‍ക്കാലം തർക്കമുള്ളൂ.

തന്റെ കാമുകിക്കൊപ്പം അടി പൊളി ജീവിതം നയിക്കാൻ ഏതെങ്കിലും ഒരു പ്രമുഖ നടിയെ ബ്ലാക്ക് മെയിൽ ചെയ്തു അമ്പത് ലക്ഷം രൂപ തട്ടിയെടുക്കുക എന്നതുമാത്രമായിരുന്നു ലക്‌ഷ്യം എന്നും സുനിൽ പറഞ്ഞുവെന്നാണ് പോലീസ് ഭാഷ്യം. ഒരു പക്ഷെ സത്യം അതുതന്നെയാവാം എന്ന് വെക്കുക. അപ്പോഴും സുനിൽ പറഞ്ഞതായി പോലീസ് പുറത്തുവിടുന്ന കാര്യങ്ങളിൽ എവിടെയൊക്കെയോ ചില പൊരുത്തക്കേടുകൾ കാണുന്നുന്നുണ്ട്.  നടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി ചില ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത ഫോൺ കോടതിയിലേക്കുള്ള യാത്രക്കിടയിൽ താൻ ഓടയിൽ എറിഞ്ഞു എന്നിടത്തു നിന്നുതന്നെയാണ് ഇങ്ങനെ ഒരു സംശയം ബലപ്പെടുന്നത്. കോടതി ഉച്ച ഭക്ഷണത്തിനു പിരിഞ്ഞതറിയാതെ കോടതി മുറിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച പ്രതിക്കൊപ്പം വിജേഷ് എന്ന് പേരുള്ള മറ്റൊരു പ്രതി കൂടി ഉണ്ടായിരുന്നു. ഇവർ ഇരുവരും ഒരുമിച്ചു പള്‍സറിന്റെ പൾസർ വണ്ടിയിൽ തൊട്ടടുത്ത അമ്പലത്തിന്റെ കോമ്പൗണ്ടിൽ എത്തി മതിൽ ചാടിക്കടന്നാണ് കോടതി മുറിയിലേക്ക് കുത്തിച്ചതെന്നും പോലീസ് പറയുന്നു. അങ്ങനെ വരുമ്പോൾ പ്രതിയും പോലീസും പറയുന്നതിൽ വല്ലാത്തൊരു വൈരുദ്ധ്യമുണ്ട്.

അതിനിടയിൽ നടി പറഞ്ഞതായി ഇന്ന് ഒരു വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തത് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഇതൊരു കൊട്ടേഷൻ ആണെന്ന് പ്രതി അവകാശപ്പെട്ടു എന്നാണ്. ഈ വാർത്ത സത്യമെങ്കിൽ പോലീസ് പിടിക്കപ്പെട്ട പ്രതി പറയുന്നത് മാത്രം വിശ്വാസത്തിലെടുക്കുന്നത് അത്ര ഉചിതമെന്നു കരുതാൻ ആവില്ല. എന്തായായാലും അതൊക്കെ തല്‍ക്കാലം പോലീസ് തന്നെ അന്വേഷിച്ചു കണ്ടെത്തട്ടെ. കുഞ്ചുക്കുറുപ്പ് പറഞ്ഞതുപോലെ ഫോൺ വെള്ളത്തിൽ ആയതുപോലെ ഈ കേസും വെള്ളത്തിൽ ആകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. അത്ര തന്നെ.

കേസുമായി ബന്ധപ്പെട്ടു പല കഥകളും തുടക്കം മുതൽ പൊടി പിടിച്ചിരുന്നു. ഐ എസ് ആർ ഓ ചാരക്കേസുമായി ബന്ധപ്പെട്ടു പുറത്തു വന്ന തരത്തിൽ പെട്ട പൊടിപ്പും തൊങ്ങലും ഒക്കെ ഉള്ള  ഒട്ടേറെ കഥകൾ. കാള പെറ്റു എന്ന് കേട്ട മാത്രയിൽ കഥ മെനയാൻ പലരും കാട്ടിയ ഈ വൈഭവം അപാരം തന്നെ.

കേസിന്റെ ഭാവി എന്ത് തന്നെയായാലും ഇവരിൽ നിന്നും ഒരു ഗംഭീര സിനിമക്കുള്ള തിരക്കഥ പ്രതീക്ഷിക്കാം. ഇനിയിപ്പോൾ അത് ഇവർ തന്നെ എഴുതണമെന്നില്ലല്ലൊ. ഇത്തരം കഥകൾ മെനയാൻ പോന്ന വൈഭവം ഉള്ള ഒട്ടേറെപ്പേർ സിനിമ ലോകത്തു തന്നെയുണ്ടല്ലോ. അവർക്കു മെനയേണ്ട കഥക്കുള്ള എല്ലാ വിഭവങ്ങളും നമ്മളിൽ ചിലർ ഇതിനകം വിളമ്പിക്കഴിഞ്ഞു ; സമൃദ്ധമായി തന്നെ. ഒരു സെക്സ് -ക്രൈം ത്രില്ലറിനുവേണ്ട എല്ലാ ചേരുവകളും ആയി. ഇനി ഒരു ഗംഭീര സിനിമക്കായി നമുക്ക് കാത്തിരിക്കാം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍