TopTop
Begin typing your search above and press return to search.

പഞ്ചാബ്; ദളിത് വോട്ടുകള്‍ എങ്ങോട്ട്?

പഞ്ചാബ്; ദളിത് വോട്ടുകള്‍ എങ്ങോട്ട്?
ശനിയാഴ്ച നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ പ്രചാരണം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ദളിത് വോട്ടുകളെ ലക്ഷ്യമിട്ട്  നീങ്ങുകയാണ് മൂന്ന് പ്രധാന കക്ഷികളും. പഞ്ചാബിലെ ദളിത് ഭൂരിപക്ഷ മേഖലയായ ദെവോബ പ്രദേശത്ത് വോട്ടര്‍മാര്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന മുന്നേറ്റം ഭരണകക്ഷിയായ ശിരോമണി അകാലിദള്‍-ബിജെപി സഖ്യത്തെയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെയും ഒരു പോലെ അങ്കലാപ്പിലാക്കിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് മറ്റ് പ്രദേശങ്ങളിലെ പോലെ തന്നെ ഇവിടെയും മയക്കുമരുന്നിന്റെ വ്യാപനമാണ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയം.

വികസനങ്ങളെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന അവകാശവാദങ്ങളെയൊക്കെ കീറി മുറിക്കുന്ന രീതിയിലാണ് മയക്കു മരുന്നിന്റെ അപകടകരമായ വ്യാപനം പഞ്ചാബി ജനത ഏറ്റെടുത്തിരിക്കുന്നത്. ഏത് പെട്ടിക്കടയിലും മയക്കുമരുന്നു കിട്ടും എന്ന അവസ്ഥ ഭീതിതമാണെന്ന് വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വികസനമുണ്ടായിട്ടുണ്ടെങ്കില്‍ അത് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാത്രമാണെന്നും മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് മാത്രമാണ് സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുള്ളതെന്നും പല മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന എസ്എഡി സഖ്യത്തിന് ഒട്ടും ആശാവഹമല്ല സ്ഥിതിഗതികളെന്ന് ചുരുക്കം.

കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെകളില്‍ പ്രവചിച്ചിരുന്ന സാഹചര്യത്തില്‍ എഎപി അപ്രതീക്ഷിത വെല്ലുവിളിയുയര്‍ത്തുകയും ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണ പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുക്കുകയും ചെയ്തതാണ് സ്ഥിതിഗതികള്‍ പ്രവചനാതീതമാക്കിയിരിക്കുന്നത്. ബിഎസ്പിയോടൊപ്പം നിന്നിരുന്ന ദളിതരില്‍ ഭൂരിപക്ഷവും ഇപ്പോള്‍ മറിച്ച് ചിന്തിക്കുന്നതും പ്രത്യക്ഷത്തില്‍ പ്രകടമാണ്. 117 അംഗ നിയമസഭയില്‍ 23 സീറ്റുകളാണ് ദെവോബ പ്രദേശത്തുള്ളത്. മാല്‍വ പ്രദേശത്ത് 69 മണ്ഡലങ്ങളും മജ്ഹ പ്രദേശത്ത് 25 നിയമസഭ മണ്ഡലങ്ങളുമാണ് ഉള്ളത്. എട്ട് സംവരണ സീറ്റുകളാണ് ദെവോബ പ്രദേശത്തുള്ളത്. ഇതില്‍ ഏഴ് മണ്ഡലങ്ങളും കഴിഞ്ഞ തവണ ശിരോമണി അകാലിദള്‍-ബിജെപി സഖ്യത്തോടൊപ്പമായിരുന്നു. 23ല്‍ 17 മണ്ഡലങ്ങളിലും അവരാണ് ജയിച്ചത്. എന്നാല്‍ ഇത്തവണ ഇവിടുത്തെ ജനങ്ങളിലുള്ള മനംമാറ്റം സംസ്ഥാനത്ത് മുഴുവന്‍ പ്രതിഫലിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അതുകൊണ്ടു തന്നെ ദളിതരെ പ്രീണിപ്പിക്കാന്‍ മൂന്ന് കക്ഷികളും പ്രത്യേകം ശ്രദ്ധിക്കുന്നു. എഎപി ഒരു ദളിതനുകൂല പ്രകടന പത്രിക തന്നെയാണ് പുറത്തിറക്കിയത്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഒരു ദളിതനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതലും ദളിത് യുവജനങ്ങള്‍ ലഭിക്കേണ്ട 50000 സര്‍ക്കാര്‍ തൊഴിലുകള്‍ അനുവദിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ജലന്ധറില്‍ അംബേദ്കര്‍ സര്‍വകലാശാല സ്ഥാപിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യമായി വീടുകളും വിദ്യാഭ്യാസവും പ്രദാനം ചെയ്യുമെന്നാണ് എസ്എഡി-ബിജെപി സഖ്യം വാഗ്ദാനം ചെയ്യുന്നു.

യുവജനങ്ങളെ ആകര്‍ഷിക്കുന്ന എഎപിയുടെ മുന്നേറ്റം പരമ്പരാഗത ദളിത് വോട്ടുകളില്‍ കണ്ണുനട്ടിരിക്കുന്ന കോണ്‍ഗ്രസ്, എസ്എഡി പാര്‍ട്ടികളെ അങ്കലാപ്പിലാക്കുന്നുണ്ട്. എഎപിക്കാര്‍ക്ക് പഞ്ചാബിയും പഞ്ചാബികളുടെ മനസും അറിയില്ലെന്ന് പറഞ്ഞാണ് അവര്‍ പ്രത്യാക്രമണം നടത്തുന്നത്. ഏതായാലും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്ന മാര്‍ച്ച് പതിനൊന്നു വരെ അനിശ്ചിതത്വം തുടരുമെന്ന് സാരം.

Next Story

Related Stories