ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

പഞ്ചാബ് തെരഞ്ഞെടുപ്പിലെ ഉള്‍ക്കാഴ്ചകള്‍ മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ വരെ: ഹരീഷ് ഖരെ കോളം ആരംഭിക്കുന്നു

Grand hotel Abyss- താമസക്കാരായ ബുദ്ധിജീവികള്‍ സുരക്ഷിതമായ അകലത്തിലിരുന്ന് ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് മനനം ചെയ്തിടം.

ഹരീഷ് ഖരെ

അടുത്ത അഞ്ചു കൊല്ലത്തേക്കുള്ള തങ്ങളുടെ ഭരണകര്‍ത്താക്കളെ തീരുമാനിക്കാന്‍ ഫെബ്രുവരി-4-ന് പഞ്ചാബിലെ സമ്മതിദായകര്‍ പോളിംഗ് ബൂത്തിലെത്തും. എന്നാല്‍ സത്യസന്ധമായ ഒരു തെരഞ്ഞെടുപ്പിന് അവര്‍ക്കാകുമോ?

ഒരു പൌരന്റെ കാഴ്ച്ചപ്പാടില്‍ പഞ്ചാബില്‍ സ്വതന്ത്രവും ന്യായവുമായ ഒരു തെരഞ്ഞെടുപ്പ് നടക്കേണ്ടത് വളരെ നിര്‍ണായകമാണ്.  അതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പ്രാദേശികതലത്തില്‍ ഉദ്യോഗസ്ഥസംവിധാനം ‘ബാദല്‍ബാധ’യില്‍ നിന്നും വിമുക്തമാണെന്ന് അതിന്റെ ചുമതലപ്പെട്ടവര്‍ ഉറപ്പാക്കണം. കഴിഞ്ഞ 10 വര്‍ഷമായി, ഉദ്യോഗസ്ഥസംവിധാനം, പൊലീസ് അടക്കം, പഞ്ചായത്ത് തലത്തിലും താഴേക്കും, അകാലിദളിന്റെയും അതിന്റെ നേതാക്കളുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്കൊപ്പം ചലിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വലിയ സ്വാതന്ത്ര്യമൊന്നും ഉണ്ടായിരുന്നില്ല എന്നും പറയാം. പഞ്ചാബ് ഭരണം കഴിഞ്ഞ 10 വര്‍ഷമായി ഒരു കുടുംബ കാര്യമായി മാറിയിരുന്നു.

മാതൃക പെരുമാറ്റച്ചട്ടം വന്നതോടെ ഇനിയത് മാറേണ്ടതാണ്. ഭാഗ്യവശാല്‍ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരും- ചീഫ് സെക്രട്ടറി സര്‍വേഷ് കൌശലും ഡി‌ജി‌പി സുരേഷ് അറോറയും – പഴയ ശൈലിയില്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പിടികിട്ടുന്ന ഉദ്യോഗസ്ഥരാണ്. ഈ തെരഞ്ഞെടുപ്പുകാലത്ത് ഉദ്യോഗസ്ഥര്‍ മാന്യമായി ജോലി ചെയ്താല്‍ പിന്നീട് ഒരു വേട്ടയാടലിന് സാധ്യതയുണ്ടാകില്ല.

പത്തു കൊല്ലം അധികാരത്തിലിരുന്നതിന്റെ എല്ലാ പോരായ്മകളും അകാലികള്‍ക്കുണ്ട്. അവരുടെ ഭരണകാലം പരമാവധി പറഞ്ഞാല്‍ മിശ്രിത ഫലങ്ങളുടേതാണ്. പക്ഷേ അവരുടെ കീര്‍ത്തി കളങ്കപ്പെട്ടിരിക്കുന്നു. കുടുംബ രാഷ്ട്രീയം എല്ലായിടത്തും തിരിച്ചടി നേരിടുന്നു,പഞ്ചാബും അതില്‍ നിന്നും വിഭിന്നമല്ല.

സമഗ്രമായ വ്യവസായവത്കരണത്തിന്റെയും സാമൂഹ്യ, സാമ്പത്തിക സ്വഭാവങ്ങളില്‍ അതിന്റെ ആധുനികവത്കരണ  സ്വാധീനങ്ങളുടെയും അനുഭവം ഇല്ലാതിരുന്ന പഞ്ചാബിലെ രാഷ്ട്രീയ വര്‍ഗം പഴയ കണക്കുകൂട്ടലുകളുടെയും ബന്ധങ്ങളുടെയും ബന്ദികളായി തുടര്‍ന്നു. തന്റെ അനുയായികളെ തൃപ്തിപ്പെടുത്താനോ എതിരാളികളെ ഒതുക്കാനോ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന തലത്തില്‍ രാഷ്ട്രീയക്കാരുടെ അഴിമതി ഗ്രാമങ്ങള്‍ തോറും ഉയര്‍ന്നു. സൂത്രധാരനും ഇരയ്ക്കും രക്ഷപ്പെടാന്‍ ഇടയിലാത്തവിധം വൃത്തികെട്ടതും മനുഷ്യത്വവിരുദ്ധവുമാണ് ഗ്രാമീണ മേഖലയില്‍ നടക്കുന്ന അഴിമതി. ഫ്യൂഡല്‍ വിധേയത്വങ്ങളിലും അസംതൃപ്തികളിലും കുരുങ്ങിക്കിടക്കുകയാണ് പഞ്ചാബ്. തെരഞ്ഞെടുപ്പിലും ഇതെല്ലാം പ്രതിഫലിക്കും.

ആം ആദ്മി പാര്‍ട്ടി ഒരു പുതിയ രാഷ്ട്രീയത്തിന്റെ ചാലകമാകുമെന്ന് വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്നു- അകാലിദളിനെക്കാളും കോണ്‍ഗ്രസിനെക്കാളും  കുറച്ചുകൂടി ധാര്‍മികത, മൂല്യബോധം ഒക്കെ. ആ പ്രതീക്ഷയും – ഓരോ നിമിഷവും- പോയിരിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് അതിന്റെ തിളക്കവും പുതുക്കവും നഷ്ടമായിരിക്കുന്നു- സമ്മതിദായകര്‍ ഒരു മാറ്റമെന്ന ആശയത്തില്‍ ഇപ്പോഴും ആകൃഷ്ടരാണെങ്കില്‍ പോലും യാഥാര്‍ഥ്യം മറിച്ചാണ്.

ഇത് ബിജെപിയെ ഇത്തിരി കുഴപ്പം പിടിച്ച അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി ‘പരിവര്‍ത്തന’ത്തിന്റെ സന്തോഷങ്ങള്‍ അനുഭവിക്കാനാണ് സമ്മതിദായകരെ ക്ഷണിക്കുന്നത്. എന്നാല്‍ പഞ്ചാബില്‍ നിലവിലുള്ള സ്ഥിതി തുടരുന്നതിനുള്ള അനുഗ്രഹമായിരിക്കും അദ്ദേഹം ചോദിക്കുക. കേന്ദ്രത്തിലെ ഭരണകക്ഷി എന്ന നിലയ്ക്ക് ബിജെപിയും നേതൃത്വവും ‘പുതിയ സാധാരണനില’ എന്ന പ്രമേയം മുദ്രാവാക്യമാക്കുമ്പോള്‍ പഞ്ചാബില്‍ അത് ‘പഴയ സാധാരണനിലയാണ്’. പക്ഷേ വീണ്ടും ഈ നേതാക്കളെയും അവരുടെ നാട്യങ്ങളേയും അവകാശവാദങ്ങളെയും വേര്‍തിരിക്കേണ്ടത് സമ്മതിദായകരാണ്.

പട്യാലയില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെതിരെ അകാലിദള്‍  സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മുന്‍ കരസേന മേധാവി ജനറല്‍ ജെജെ സിംഗ് തയ്യാറായത് എന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തിനൊരു  പ്രത്യേക രാഷ്ട്രീയ കക്ഷിയോട് അനുഭാവമുണ്ട് എന്നതിനാലല്ല ഇത്, ഇവിടെയുള്ള അനുപാതരാഹിത്യം കൊണ്ടാണ് ഇത് അമ്പരപ്പിക്കുന്നത്. ഒരു മുന്‍ സേനാ മേധാവി ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി സ്വയം ചുരുങ്ങുന്നു !അസാധാരണവും വിവരിക്കാനാകാത്തതും.

ജനറല്‍ ജെജെ സിംഗ്

 

ഒരു ലോക്സഭാ മണ്ഡലത്തിലേക്കായിരുന്നെങ്കില്‍ അദ്ദേഹത്തിന് മുഖം രക്ഷിക്കാമായിരുന്നു. പക്ഷേ ഒരു നിയമസഭാ മണ്ഡലം? എന്തിന് വേണ്ടി?പഞ്ചാബിന്റെ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും രീതികള്‍ മാറ്റും എന്നവകാശപ്പെടുന്ന ആം ആദ്മി പാര്‍ട്ടിയെപ്പോലൊരു കക്ഷി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കില്‍ മനസിലാക്കാം. എന്നാല്‍ ഒരു കുടുംബയോഗമായ ഒരു കക്ഷിയുടെ നിയമസഭാ സ്ഥാനാര്‍ത്ഥിയാകുക! അകാലിദളിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രകാശ് സിങ് ബാദലും അദ്ദേഹത്തിന് ശേഷം ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായ സുഖ്ബീര്‍ സിങ് ബാദലും ആയിരിക്കും പിന്‍ഗാമിയെന്ന് എല്ലാവര്‍ക്കുമറിയാം.

ജെജെ സിങ് ഒരു മഹാവൈഭവമുള്ള സൈനിക ജനറലായിരുന്നു എന്ന്‍ ഇതുവരെ ആരും പറഞ്ഞിട്ടില്ല. പരമാവധി അഭിപ്രായസമന്വയം ഒരു മെച്ചപ്പെട്ട സൈനികനായിരുന്നു എന്നത് മാത്രമാകും. പക്ഷേ ജെ ജെ സിംഗ് കണക്കുകൂട്ടുന്നതിലുമധികം വലിയ കാര്യങ്ങള്‍ പലതും ഇവിടെ പ്രശ്നത്തിലാണ്.

തങ്ങളുടെ സ്ഥാപനങ്ങളുടെ ആദരിക്കപ്പെടുന്ന പദവികളില്‍ നിന്നും ഇറങ്ങുന്നനിമിഷം തൊട്ട് അതിന്റെ ഉത്തരവാദിത്തങ്ങള്‍ ജനറല്‍മാര്‍ക്ക് ഇല്ലാതാകുമോ? ഒട്ടും പ്രാധാന്യമില്ലാത്ത ഒരു പണിയുമായി, ആരും ഗൌനിക്കാത്ത ഒരു മന്ത്രിയായി കഴിയാന്‍ തീരുമാനിച്ച വികെ സിങ്ങിനെയാണോ എല്ലാവരും അനുകരിക്കേണ്ടത്? എനിക്കീ മൊത്തം കോലാഹലവും മനസിലാകുന്നില്ല. എന്നിട്ട് നമ്മള്‍ ഒരു ‘തലവ’ന്റെ കേമത്തത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിമാനത്തെക്കുറിച്ചും സംസാരിക്കുന്നു.

1923-ല്‍ ചില ജര്‍മ്മന്‍ ചിന്തകരും ബുദ്ധിജീവികളും ചേര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ ഒരു സാമൂഹ്യ ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. വ്യക്തിപരമായി അവരോരുത്തരും മനസിലാക്കാന്‍ ആഗ്രഹിച്ചത്, 1919-ലെ റഷ്യന്‍ ബോള്‍ഷെവിക് വിപ്ലവം പോലൊന്ന് എന്തുകൊണ്ട് ജര്‍മ്മനിയില്‍ നടന്നില്ല എന്നാണ്. ഫ്രാങ്ക്ഫര്‍ട് സ്കൂള്‍ എന്ന പേരിലാണ് ശക്തമായ സ്വാധീനം ചെലുത്തിയ ഈ സംഘം അറിയപ്പെട്ടത്. മിക്കവരും സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള ജൂതന്മാരായിരുന്നു. അഡോള്‍ഫ് ഹിറ്റ്ലറും അയാളുടെ സായുധ സേനയും ജര്‍മ്മനിയിലെ തെരുവുകളില്‍ വേട്ടക്കിറങ്ങിയപ്പോള്‍ അവര്‍ പലായനം ചെയ്തു. ആദ്യം ന്യൂയോര്‍ക്കിലും പിന്നെ ജര്‍മ്മനിയിലും അവര്‍ വീണ്ടും ഒന്നിച്ചു. പുതിയ അനുയായികളും ആരാധകരും അവര്‍ക്കൊപ്പം ചേര്‍ന്നു.

ഈ ബൌദ്ധികാശയങ്ങളുടെ ഒരു ജീവചരിത്രം ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ സ്റ്റുവര്‍ട് ജെഫ്രീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. Grand Hotel Abyss-The Lives of the Frankfurt School അത്ര കടുപ്പം പുസ്തകമൊന്നുമല്ല, എന്നാലത്ര ലളിത വായനയുമല്ല. മുഷിയാതെ വായിച്ചാല്‍, വായനക്കാരന് തിയോഡര്‍ അഡോര്‍നോ, മാക്സ് ഹോര്‍ഖൈമര്‍, ഹെര്‍ബെര്‍ട് മെര്‍ക്യൂസ്, ഫ്രാന്‍സ് ന്യൂമാന്‍, എറിക് ഫ്രോം, യൂര്‍ഗെന്‍ ഹെബര്‍മാസ് എന്നീ സൈദ്ധാന്തികരുടെ ചിന്തകളിലേക്ക് കടക്കാന്‍ കഴിയും. ഒരു പത്രപ്രവര്‍ത്തകന്റെ എല്ലാ സഹജകൌശലങ്ങളോടും കൂടി ജെഫ്രീ സങ്കീര്‍ണമായ മനസുകളുടെ സങ്കീര്‍ണമായ ലോകത്തേക്ക് വായനക്കാരനെ വലിച്ചടുപ്പിക്കുന്നു.

വിപ്ലവത്തിന്റെ കാവല്‍ഭിത്തികളെ കാക്കുന്നതിന് ഫ്രാങ്ക്ഫര്‍ട്ട് സ്കൂളുകാര്‍ വിസമ്മതിച്ചു. പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനും രാഷ്ട്രീയ സമരങ്ങളെക്കുറിച്ച് സംശയം പുലര്‍ത്താനും അവര്‍ തീരുമാനിച്ചു. അവര്‍ വിമര്‍ശിച്ചതിനെ മാറ്റാന്‍ ഏറെയൊന്നും ചെയ്യാത്ത ഒന്നായി സ്കൂളിന്റെ എതിരാളികള്‍ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ഈ പ്രശംസയില്‍ മൂടാത്ത ഈ പേരുതന്നെ- Grand hotel Abyss- താമസക്കാരായ ബുദ്ധിജീവികള്‍ സുരക്ഷിതമായ  അകലത്തിലിരുന്ന് ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് മനനം ചെയ്തിടം.

ഇതെല്ലാമുണ്ടെങ്കിലും, ഫ്രാങ്ക്ഫര്‍ട് സ്കൂളും അതിന്റെ വിമര്‍ശന സിദ്ധാന്തവും മുതലാളിത്തത്തെയും അതിന്റെ സന്താനമായ ഉപഭോക്തൃ സമൂഹത്തെയും ചോദ്യം ചെയ്യാനുള്ള ബൌദ്ധിക പ്രചോദനവും ഇടവും നല്കുന്നു. വാദത്തിന്റെ ഉപപാഠം “കുത്തക മുതലാളിത്തം ദേശീയ സോഷ്യലിസവും സോവിയറ്റ് മാര്‍ക്സിസവും പോലെ ഒരു സമഗ്രാധിപത്യ രൂപമാണ്” എന്നാണ്. യൂറോപ്യന്‍ ചരിത്രത്തെയും സമൂഹത്തെയും ഏറെ മുറിവേല്‍പ്പിച്ച സെമിറ്റിക് വിരുദ്ധതയെ സുഗമമായി സ്വീകരിക്കുന്നതില്‍ സ്കൂള്‍ പുന:ചിന്തകള്‍ക്ക് വഴിതെളിച്ചു. സമൂഹങ്ങള്‍ എങ്ങനെയാണ് ഹിറ്റ്ലറെ പോലെയുള്ള രാഷ്ട്രീയ ഗുണ്ടകളുടെ സ്വാധീനത്തില്‍ പെടുന്നതെന്നതിനെക്കുറിച്ചുള്ള പുതുചിന്തകള്‍ വെട്ടിത്തുറന്ന ആദ്യത്തെ സമഗ്രമായ പഠനമായിരുന്നു തിയോഡര്‍ അഡോര്‍നോയുടെ The Authoritarian Personality.

ഇന്നത്തെക്കാലത്തെ ഡിജിറ്റല്‍ സ്വേച്ഛാധിപത്യത്തില്‍ ഫ്രാങ്ക്ഫര്‍ട് സ്കൂളിന്റെ ആപത് സൂചനകളുടെ അപഗ്രഥനങ്ങള്‍ ശരിയായി വന്നെന്ന് ജെഫ്രി ഉപസംഹരിക്കുന്നു. ഓണ്‍ലൈന്‍ വ്യവസായത്തിലെ ചക്രവര്‍ത്തിമാര്‍ സ്റ്റീവ് ജോബ്സും മാര്‍ക്ക് സുക്കര്‍ബര്‍ഗും “നമ്മുടെ താത്പര്യങ്ങളില്‍ നമ്മളെ കെട്ടിയിടുന്ന കമ്പ്യൂട്ടര്‍ കണക്കുക്രമങ്ങള്‍ ആവിഷ്കരിക്കുന്നു. നമ്മെത്തന്നെ നമ്മുടെ മേലുള്ള ആധിപത്യം ആഗ്രഹിക്കുന്നവരാക്കുന്നു.” ‘ചിട്ടപ്പെടുത്തിയ സംസ്കാര’ത്തിന്റെ ഇക്കാലത്ത്, ഫ്രാങ്ക്ഫര്‍ട്ട് സ്കൂളിന് ഇനിയും പലതും പഠിപ്പിക്കാനുണ്ടെന്ന് ജെഫ്രീ ഓര്‍മ്മിപ്പിക്കുന്നു- “പ്രത്യേകിച്ചും വ്യത്യസ്തമായി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്.”- ആമേന്‍.

 

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍