TopTop

പഞ്ചാബ് പിടിക്കാന്‍ ആപ്പിന് കെജ്രിവാള്‍ മതിയോ?

പഞ്ചാബ് പിടിക്കാന്‍ ആപ്പിന് കെജ്രിവാള്‍ മതിയോ?

ഡോ. അജയ് ബാലചന്ദ്രൻ

ഇന്നു മുതല്‍ അരവിന്ദ് കെജ്രിവാ‌ളിന്റെ നാലുദിവസം നീണ്ടു നിൽക്കുന്ന പഞ്ചാബ് സന്ദർശനം ആരംഭിച്ചിരിക്കുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന സ്ഥിതിയിൽ നിന്നിരുന്ന ആം ആദ്മി പാർട്ടിയിൽ വെളിപ്പെടുത്തലുകളും പുറത്താക്കലുകളും വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കലങ്ങി മറിഞ്ഞ ഇന്നത്തെ പഞ്ചാബ് രാഷ്ട്രീയം വിശകലനം ചെയ്യുന്നതിന് മുൻപ് ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.

ചരിത്രം
1966-ൽ ഹരിയാനയുമായി വേർപിരിഞ്ഞ ശേഷം അടുത്ത മുപ്പത് വർഷം പഞ്ചാബിലെ ഭരണം ഒരു കസേര കളിയായിരുന്നു. പല ഗവണ്മെന്റുകളും വളരെ കുറച്ചുകാലം മാത്രമേ നിലനിന്നിരുന്നുള്ളൂ. ഓരോ ഗവണ്മെന്റും താഴെ വീഴുമ്പോൾ അടുത്ത ഭരണത്തിനു മുൻപായി കുറേ കാലം ഒരു ചടങ്ങെന്ന പോലെ പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കപ്പെടും! 72 – 77 കാലത്ത് അഞ്ച് വർഷം ഭരിച്ച സെയിൽ സിങ്ങൊഴിച്ചാൽ 97 വരെ ആരും കാലാവധി തികച്ചിട്ടില്ല. 87 മുതൽ 92 വരെ ഏകദേശം അഞ്ച് വർഷം നീണ്ടുനിന്ന പ്രസിഡന്റ് ഭരണമാണ് ഇതുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ഭരണത്തുടർച്ച നൽകിയത്. പക്ഷേ 97-നു ശേഷം സർക്കാരുകൾ അഞ്ച് വർഷം തികയ്ക്കാൻ ആരംഭിച്ചു.

97 മുതൽ 2002 വരെ പ്രകാശ് സിങ്ങ് ബാദലിന്റെ നേതൃത്വത്തിൽ അകാലിദളാണ് പഞ്ചാബ് ഭരിച്ചത്. പിന്നീട് അമരീന്ദർ സിങ്ങ് ഭരണത്തിലെത്തി. 2007-വരെ കേരളത്തിലെപോലെ എല്ലാ തിരഞ്ഞെടുപ്പുകളിലും ജനങ്ങൾ ഭരണമാറ്റത്തിനായിരുന്നു പഞ്ചാബിൽ വോട്ട് ചെയ്തിരുന്നത്. 2012-ലെ തിരഞ്ഞെടുപ്പിൽ പക്ഷേ സ്ഥിതി മാറി. സാമാന്യം നല്ല ഭൂരിപക്ഷത്തോടെ ജയിച്ച ശിരോമണി അകാലിദൾ-ബി.ജെ.പി സഖ്യം ഭരണത്തുടർച്ച നേടി.

ബാദൽ ഭരണത്തിന്റെ പത്ത് വർഷം
പത്ത് വർഷം തികയുന്ന അകാലിദൾ-ബി.ജെ.പി ഭരണം വലിയ ജനരോഷമാണ് നേരിടുന്നത്. മയക്കു മരുന്ന് മാഫിയയുടെ വളർച്ച ഭരണസഖ്യത്തിന്റെ തണലിലാണെന്ന ആരോപണം ശക്തമാണ്. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിൽപോലും പഞ്ചാബിലെ മയക്കുമരുന്നു മാഫിയയിലെ സ്ലീപ്പർ സെല്ലുകളാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് ആരോപണമുയർന്നിട്ടുണ്ട്. ഒരു അഭിപ്രായ സർവേയും 2017 തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയുണ്ടാകും എന്ന സൂചന നൽകുന്നില്ല.

ജനരോഷത്തിന്റെ ആദ്യ സൂചനകൾ ലഭിച്ചത് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്. ഉത്തര-പശ്ചിമ ഇന്ത്യ മുഴുവൻ മോദി തരംഗം അലയടിച്ചപ്പോഴും പഞ്ചാബിൽ അകാലിദൾ - ബി.ജെ.പി. സഖ്യം 6 സീറ്റുകളിലൊതുങ്ങി. ഡൽഹിയിൽ മത്സരിച്ചാൽ ആം ആദ്മി പാർട്ടിയോട് തോറ്റേക്കാം എന്ന ഭയം കാരണം നവ്‌ജോത് സിങ്ങ് സിദ്ദുവിന്റെ സീറ്റ് പിടിച്ചു വാങ്ങിയാണ് ജൈറ്റ്‌ലി പഞ്ചാബിൽ മത്സരിച്ച് തോറ്റത്. ശിരോമണി അകാലി ദൾ മത്സരിച്ച 10 സീറ്റിൽ 6 എണ്ണവും തോറ്റു. ആം ആദ്മി പാർട്ടി 4 സീറ്റുകളിൽ വിജയിച്ചപ്പോൾ കഴിഞ്ഞ ലോക് സഭാ ഇലക്ഷനുമായി തട്ടിച്ചുനോക്കിയാൽ മറ്റെല്ലാ പാർട്ടികൾക്കും വോട്ട് കുറയുകയാണ് ചെയ്തത്.ചരിത്രം നോക്കിയാൽ കോൺഗ്രസ്സാണ് ഈ അവസ്ഥയിൽ സന്തോഷിക്കേണ്ടത്. 2017-ലെ തിരഞ്ഞെടുപ്പിൽ ഭരണം മാറിക്കിട്ടേണ്ടത് അവർക്കല്ലേ? എന്നാൽ 2009-ൽ 8 ലോക്‌സഭാ സീറ്റിൽ ജയിച്ച് നല്ല നിലയിൽ നിന്നിരുന്ന കോൺഗ്രസ്സിനും ആം ആദ്മിയുടെ മുന്നേറ്റത്തിൽ അഞ്ച് സീറ്റ് നഷ്ടപ്പെടുകയാണുണ്ടായത്. അകാലിദൾ വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ മുഖ്യമന്ത്രി പ്രകാശ് സിങ്ങ് ബാദലിന്റെ ബന്ധു മൻപ്രീത് ബാദൽ 2016 ജനുവരിയിൽ കോൺഗ്രസ്സുമായി ചേർന്നതും മറ്റും ജയസാദ്ധ്യതകൾ നിലനിർത്തുന്നു എന്ന അവകാശവാദങ്ങള്‍ ഉണ്ടെങ്കിലും കോൺഗ്രസ്സിനും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയില്ല.

ആം ആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങളും വെല്ലുവിളികളും
ഡൽഹിയിലെപ്പോലെ തന്നെ താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനമാണ് പഞ്ചാബിലും ആം ആദ്മി പാർട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. പരിവാർ ജോഡോ എന്ന തങ്ങളുടെ പരിപാടിയിലൂടെ 7 ലക്ഷം കുടുംബങ്ങളിലേക്ക് തങ്ങളുടെ സന്ദേശമെത്തിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. മറ്റു പാർട്ടികളിൽ നിന്ന് പുറത്തുവന്ന ധാരാളം നേതാക്കളെ പാർട്ടി തങ്ങളോടൊപ്പം നിറുത്തുന്നുമുണ്ട്.

ബി.ജെ.പി യിൽ നിന്ന് രാജിവച്ച നവ്‌ജോത് സിങ്ങ് സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേരും എന്നായിരുന്നു പൊതുവിൽ പ്രതീക്ഷിച്ചിരുന്നത്. തന്റെ ഭാര്യയ്ക്കുകൂടി പാർട്ടിയിൽ സ്ഥാനം നൽകണം എന്നതുൾപ്പെടെയുള്ള സിദ്ദുവിന്റെ ആവശ്യങ്ങൾ സ്വീകരിക്കാതെ വന്നപ്പോൾ അദ്ദേഹം പുതിയൊരു രാഷ്ട്രീയ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുകയാണ്. സെപ്റ്റംബർ 9ആം തിയ്യതി രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന ആവാസ്-എ-പഞ്ചാബ് എന്ന പുതിയ പാർട്ടിയിൽ ശിരോമണി അകാലി ദളിൽ നിന്ന് പുറത്താക്കപ്പെട്ട നേതാക്കന്മാരുമുണ്ട്. ഈ സഖ്യത്തിന്റെ പ്രവേശനത്തോടെ ഒരു ചതുഷ്കോണ പോരാട്ടമാണ് പഞ്ചാബിൽ ഉണ്ടാകാൻ പോകുന്നത്.

വിജയപ്രതീക്ഷയിലായിരുന്ന ആം ആദ്മി പാർട്ടി ഒരു പിളർപ്പിനെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. പഞ്ചാബ് ആം ആദ്മി പാർട്ടി കൺവീനറായിരുന്ന സുച്ച സിങ്ങ് ഛോട്ടേപ്പൂർ, സ്ഥാനാർത്ഥി മോഹികളിൽ നിന്ന് പണം സ്വീകരിക്കുന്നതായുള്ള വീഡിയോ ദൃശ്യങ്ങൾ വന്നതിനെത്തുടർന്ന് അദ്ദേഹത്തെ കൺവീനർ സ്ഥാനത്തുനിന്നും പുറത്താക്കിയതാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പുതിയ കൺവീനറായി ഗുർപ്രീത് ഗുഗ്ഗി നിയമിക്കപ്പെട്ടു. ഛോട്ടേപ്പൂർ വിളിച്ച യോഗങ്ങളിൽ ആം ആദ്മി പാർട്ടിയിലെ ധാരാളം വോളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ പതിമൂന്ന് പ്രവിശ്യാ കോ-ഓർഡിനേറ്റർമാരിൽ അഞ്ചുപേർ ഛോട്ടേപ്പൂറിനെ തിരിച്ചെടുക്കണം എന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

പാർട്ടി ടിക്കറ്റിനായി പണം വാങ്ങി എന്ന ആരോപണമുയർത്തി ഹർദീപ് സിങ്ങ് കിങ്ക്ര ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയുമുണ്ടായി. പാർട്ടി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ ചില ഭാരവാഹികൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഡൽഹി നേതാക്കളാണ് തീരുമാനങ്ങളെടുക്കുന്നത് എന്ന ആരോപണമാണ് പല വിമതരും ഉന്നയിക്കുന്നത്. കെജ്രിവാൾ കഴിഞ്ഞാൽ പഞ്ചാബിൽ ഏറ്റവും ജനപ്രിയനായ ആം ആദ്മി പാർട്ടി നേതാവ് എം.പി ഭഗവ‌ന്ത് മാനെതിരേയും ഡൽഹി എം.എൽ.എ. മാർക്കെതിരെ എന്ന പോലെ പല ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്.കെജ്രിവാളിന്റെ സന്ദർശനം
രാജ്യത്ത് പ്രധാന പ്രതിപക്ഷമായി ഇന്ന് ഉയർന്നുവന്നു കൊണ്ടിരിക്കുന്നത് ആം ആദ്മി പാർട്ടിയാണ്. ഉനയിൽ ദളിതരെ പരസ്യമായി മർദ്ദിച്ച സംഭവം മുതൽ റിലയൻസ് ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത് വരെ കോൺഗ്രസ്സിനേക്കാൾ ഫലപ്രദമായി ദേശീയതലത്തിൽ ഉയർത്തിക്കാട്ടിയത് ആം ആദ്മി പാർട്ടിയാണ്. അഭിപ്രായ വോട്ടുകൾ സൂചിപ്പിക്കുന്നത് പഞ്ചാബിൽ അദ്ദേഹത്തിന്റെ ജനപ്രീതി മറ്റെല്ലാ നേതാക്കളേക്കാളും കൂടുതലാണെന്നാണ്.

പാർട്ടിയിൽ നിന്ന് ഇതുവരെ പല പ്രമുഖരെയും പുറത്താക്കിയിട്ടുണ്ടെങ്കിലും അതൊന്നും വ‌ളർച്ചയെ ബാധിക്കാതെ നോക്കുവാൻ നിലവിലുള്ള നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സന്ദർശനത്തിലൂടെ അരവിന്ദ് കെജ്രിവാളിന് പഞ്ചാബിലെ പാർട്ടിയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും ഐക്യം പുനഃസ്ഥാപിച്ച് പാർട്ടിയെ തിരഞ്ഞെടുപ്പിന് തയ്യാറാക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികളുമായി 'യൂത്ത് മാനിഫെസ്റ്റോ' ആം ആദ്മി പാർട്ടി പുറത്തിറക്കിയിരുന്നു. അഴിമതി രഹിത ഭരണം മുന്നോട്ടുവയ്ക്കും. മയക്കുമരുന്നു മാഫിയയെ അടിച്ചമർത്തും. ശിരോമണി അകാലി ദളും കോൺഗ്രസ്സും പിന്തുടരുന്ന കുടുംബ രാഷ്ട്രീയം അവസാനിപ്പിക്കും എന്നിവയാണ് ആം ആദ്മി പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങൾ.

(അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഫോറന്‍സിക് & ടോക്സിക്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍ പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories