TopTop
Begin typing your search above and press return to search.

ജേക്കബ് തോമസിനു മുമ്പേ പണി തുടങ്ങിയ വിജിലന്‍സ് കോടതികള്‍

ജേക്കബ് തോമസിനു മുമ്പേ പണി തുടങ്ങിയ വിജിലന്‍സ് കോടതികള്‍

കെ എ ആന്റണി

വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് അധികാരമേറ്റയുടന്‍ പറഞ്ഞത് പത്തിവിടര്‍ത്തിയാടുന്ന പാമ്പല്ല വിജിലന്‍സ് സംവിധാനമെന്നും അഴിമതിക്കാര്‍ക്ക് നല്ല കടി കിട്ടുമെന്നുമാണ്. കാവ്യത്മകമായാണ് ജേക്കബ്‌തോമസ് ഇത്രയൊക്കെ പറഞ്ഞത്. ജേക്കബ് തോമസ് പണി തുടങ്ങും മുമ്പു തന്നെ ചില വിജിലന്‍സ് കോടതികളെങ്കിലും പണി തുടങ്ങി എന്നതിന്റെ സൂചനയായി വേണം വിവാദസന്ന്യാസി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ പുത്തന്‍വേലിക്കര ഭൂമിയിടപാടില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഇന്നത്തെ വിധിയെ നോക്കിക്കാണാന്‍. മുന്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, റവന്യു മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണമെന്നാണ് കോടതി വിധി. ഇതുസംബന്ധിച്ച് വിജിലന്‍സ് ഡിപ്പാര്‍ട്ടെമന്റ് നടത്തിയ ത്വരിതപരിശോധന റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഇങ്ങനെയൊരു വിധി പ്രസ്താവം എന്നതും ശ്രദ്ധേയമാണ്.

താന്‍ കുറ്റക്കാരനല്ലെന്നും 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശിപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചപ്പോള്‍ അടൂര്‍ പ്രകാശിന്റെതായി പ്രതികരണങ്ങളൊന്നും നിലവില്‍ ലഭ്യമായിട്ടില്ല. 2015 ലെ സര്‍ക്കാര്‍ ഉത്തരവ് എന്നതു തന്നെ വലിയൊരു ഭൂമിദാനത്തിന്റെ ചുരുള്‍ അഴിക്കാന്‍ പോന്ന കഥകളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. ഈ പ്രസ്താവന കുറ്റാരോപിതനായ ഒരു മുന്‍മന്ത്രിയുടെ വായില്‍ നിന്നു തന്നെ വീണുകിട്ടിയത് പരാതിക്കാരനും കോടതിക്കും കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കും എന്ന കാര്യത്തില്‍ തര്‍ക്കംവേണ്ട.

ചട്ടങ്ങള്‍ ലംഘിച്ച് ധൃതി പിടിച്ചു നടത്തിയ പുത്തന്‍വേലിക്കര ഭൂമിയിടപാടും അന്നത്തെ പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷത്തു നിന്ന് വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ എംഎല്‍എമാരും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും തര്‍ക്കവിഷയമാക്കിയ കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഇന്നത്തെ വിധിയുടെ പകുതിയിലേറെ ക്രെഡിറ്റ് അന്നത്തെ ഭരണപക്ഷമായിരുന്ന കോണ്‍ഗ്രസുകാര്‍ക്കു കൂടി അവകാശപ്പെട്ടതാണ്.തണ്ണീര്‍ത്തടം നികത്തി കൃഷിഭൂമികള്‍ വിറ്റുതുലയ്ക്കുന്ന മുന്‍സര്‍ക്കാര്‍ നിലപാടിനെതിരെ ആദ്യമായി രംഗത്തുവന്നവരില്‍ കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നു എന്നത് നന്മ നഷ്ടപ്പെടാത്ത ചിലരെങ്കിലും ആ പാര്‍ട്ടിയില്‍ അവശേഷിക്കുന്നുണ്ടെന്ന സൂചന നല്‍കുന്നു. ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പുത്തന്‍വേലിക്കരയിലെ ഭൂമിതന്നെയാണ് രായ്ക്കുരാമാനം ഭരണത്തിനിറങ്ങുന്നതിനു തൊട്ടുമുമ്പ് ഒരു സര്‍ക്കാര്‍ തീറെഴുതിയത്. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നീക്കം മരവിപ്പിച്ചെങ്കിലും കേസുകള്‍ തുടരുമെന്ന നല്ലസൂചന തന്നെയാണ് ഇന്നത്തെ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്. മെത്രാന്‍ കായലിന്റെ കാര്യത്തിലും അടൂര്‍ കോന്നിയിലെ ഭൂമിദാനത്തിന്റെ കാര്യത്തിലും സംസ്ഥാനത്തൊട്ടാകെ നടന്ന ഭൂമിദാനക്കേസുകളും ഇനിയങ്ങോട്ട് സജീവമാകും എന്നു തന്നെ വേണം കരുതാന്‍. മനുഷ്യനും മണ്ണും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധംപോലെ തന്നെ സജീവമായ പരിഗണന വിഷയമാണ് മൃഗങ്ങളും കാടും തമ്മിലുള്ള അറ്റുപോകാത്ത ബന്ധവും. ഭൂരഹിതരായ ആദിവാസികളും ദളിതരും കുടില്‍ കെട്ടാന്‍ ഒരല്പം ഇടം തേടുന്ന കാലത്താണ് കീശയില്‍ നിറയെ പണവുമായെത്തുന്ന വന്‍കിടക്കാര്‍ കേരളത്തിന്റെ ഇട്ടാവട്ടത്തിലുള്ള കൃഷിഭൂമികള്‍പോലും നക്കാപിച്ച കോഴയ്ക്ക് സ്വന്തമാക്കിയെടുക്കുന്നത് എന്ന യഥാര്‍ത്ഥ്യത്തിലേക്കു കൂടി വെളിച്ചം വീശുന്നതാണ് ഇന്നത്തെ കോടതി വിധി.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories