TopTop
Begin typing your search above and press return to search.

താന്‍ ജാതി വിവേചനത്തിന്റെ ഇര; അഭയം തേടി കേരള പി വി സി ഗവർണക്ക് മുന്നിൽ - ഭാഗം 5

താന്‍ ജാതി വിവേചനത്തിന്റെ ഇര; അഭയം തേടി കേരള പി വി സി ഗവർണക്ക് മുന്നിൽ - ഭാഗം 5

പി കെ ശ്യാം

കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? രാജ്യത്തിന്‍റെ ഭാവിയെ മാറ്റിമറിക്കേണ്ട ഉന്നതമായ പഠന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും അധികാര-അവകാശ പോരാട്ടങ്ങളുടെ വിളനിലമായി സര്‍വകലാശാലകള്‍ മാറിയിരിക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ അടിക്കടി വിവാദങ്ങളില്‍ അകപ്പെടുന്നു. യു ആര്‍ അനന്തമൂര്‍ത്തി, സുകുമാര്‍ അഴീക്കോട്, കെ എന്‍ പണിക്കര്‍ തുടങ്ങി നിരവധി പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണര്‍ ഇരുന്ന സര്‍വകലാശാല ആസ്ഥാനങ്ങള്‍ ഇന്ന് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി തീര്‍ന്നിരിക്കുന്നു. നമ്മുടെ സര്‍വകലാശാലകള്‍ അവയുടെ ലക്ഷ്യം മറക്കുകയാണോ? കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് അഴിമുഖം പ്രതിനിധി നടത്തുന്ന അന്വേഷണ പരമ്പര തുടരുന്നു. (പരമ്പരയിലെ മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം -കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അടിതെറ്റി കേരള സര്‍വകലാശാല, പരീക്ഷയെഴുതാത്തവര്‍ പോലും റാങ്ക് പട്ടികയിൽ; അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തിലെ അണിയറക്കഥകള്‍, കാലിക്കറ്റിലെ 'ഹിറ്റ്ലര്‍'; കാലിത്തൊഴുത്താകുന്ന സര്‍വകലാശാലകള്‍,
സാമ്പത്തിക തിരിമറി നടത്തിയയാൾക്കും വി.സി ആകാം; ഇത് സംസ്‌കൃത സര്‍വകലാശാല)


സർക്കാരും പൊലീസും കൈവിട്ട കേരള സർവകലാശാലാ പ്രോ വൈസ്ചാൻസലർ ഗവർണറിൽ അഭയം തേടിയത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. മുൻ ഹോസ്‌ദുർഗ്ഗ് എം.എൽ.എയും ഉത്തര മലബാറിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന എൻ.മനോഹരൻ മാസ്റ്ററുടെ മകനായ ഡോ.വീരമണികണ്ഠനാണ് സർക്കാരിനും കോൺഗ്രസ് സിൻഡ‌ിക്കേറ്റംഗങ്ങൾക്കുമെതിരേ അതിരൂക്ഷമായ ആക്രമണങ്ങളോടെ ഗവർണർക്ക് പ്രത്യേക റിപ്പോർട്ട് നൽകിയത്. പട്ടികജാതിക്കാരൻ ഉന്നതസ്ഥാനത്തേക്കെത്തിയത് ദഹിക്കാത്ത രണ്ട് സിൻഡിക്കേറ്റംഗങ്ങൾ തന്റെ ജീവനെടുക്കാൻ ശ്രമിക്കുന്നതായും തന്റേയും കുടുംബത്തിന്റേയും ജീവനും സ്വത്തിനും ഗവർണർ സംരക്ഷണം നൽകണമെന്നുമാണ് പ്രോ-വൈസ്ചാൻസലറുടെ അപേക്ഷ. കോൺഗ്രസ് ആഭിമുഖ്യമുള്ള ഗവ.കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കൂടിയായിരുന്നു ഡോ.വീരമണികണ്ഠൻ എന്നതുകൂടി കൂട്ടിവായിക്കുമ്പോഴാണ് കേരളയിലെ ഗ്രൂപ്പുപോരിന്റെ ആഴവും പരപ്പും വ്യക്തമാവുക.

പലവട്ടം അധിക്ഷേപിച്ചിട്ടും പരസ്യമായി ജാതീയമായി അപമാനിച്ചിട്ടും അഴിമതിക്ക് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് തന്റെ വീടാക്രമിച്ചത്. തന്നെ ശാരീരികമായി വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. പൊലീസ് കുറ്റവാളികളെ കണ്ടെത്തുന്നില്ലെന്നും സുരക്ഷിതനല്ലാതെ ഭയപ്പാടോടെ കഴിയുന്ന തനിക്ക് ഗവർണർ സംരക്ഷണം നൽകണമെന്നും ഡോ.വീരമണികണ്‌ഠൻ ആവശ്യപ്പെടുന്നുണ്ട്. മുൻസിൻഡിക്കേറ്റംഗങ്ങളായ ബി.എസ്.ജ്യോതികുമാർ, ആർ.എസ്.ശശികുമാർ എന്നിവരെ പേരെടുത്തു പറയുന്ന രേഖകൾ സഹിതമുള്ള റിപ്പോർട്ടാണ് പി.വി.സി നൽകിയത്.പ്രോ-വൈസ്ചാൻസലർ ഗവർണർക്ക് നൽകിയ പരാതിയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

കേരളസർവകലാശാലയിലെ രണ്ട് സിൻഡിക്കേറ്റംഗങ്ങളുടെ ഇരയായി കടുത്ത മാനസികവ്യഥയോടെയും ഭയപ്പാടോടെയും അരക്ഷിതാവസ്ഥയോടെയുമാണ് ഈ പരാതി നൽകുന്നത്. ഇവരുടെ ക്രൂരമായ പീഡനങ്ങളും ജാതീയമായ അധിക്ഷേപവും എല്ലാ അതിരുകളും ലംഘിച്ചിട്ടും ഇപ്പോഴും അവർ സ്വതന്ത്രമായി വിഹരിക്കുകയാണ്. 2013 ആഗസ്റ്റ് 23നാണ് എന്നെ ഗവർണർ പ്രോ-വൈസ്ചാൻസലറായി നിയമിച്ചത്. സിൻഡിക്കേറ്റംഗങ്ങളായിരുന്ന ബി.എസ്. ജ്യോതികുമാർ, ആർ.എസ്.ശശികുമാർ എന്നിവർ എന്നെ അംഗീകരിക്കാൻ തയ്യാറായില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം ആക്ടിംഗ് വൈസ്ചാൻസലറായിരുന്നപ്പോൾ പി.വി.സിയായ താനാണ് വി.സിയുടെ പൂർണ അധികചുമതല വഹിച്ചിരുന്നത്.

ജാതിവിവേചനത്തിന്റെ ഇരയാണ് താൻ. സിൻഡിക്കേറ്റംഗങ്ങൾ തന്നെ ആസൂത്രിതമായി ഉപദ്രവിക്കുന്നത് പട്ടികജാതിക്കാരനായതിന്റെ പേരിൽ മാത്രമാണ്. 2013 സെപ്തംബറിൽ വൈസ്ചാൻസലറുടെ പൂർണഅധികചുമതല തനിക്ക് കൈമാറിയപ്പോൾ ദളിതനാണെന്ന ഒറ്റക്കാരണത്താൽ തന്നെ അംഗീകരിക്കാൻ രണ്ട് സിൻഡിക്കേറ്റംഗങ്ങളും തയ്യാറായിരുന്നില്ല. പിന്നീട് ഇരുവരുടേയും ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും താൻവഴങ്ങിയില്ല. ദാരുണമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തി. ഫേസ്ബുക്കിലൂടെയും സോഷ്യൽമീഡിയയിലൂടെയും ബി.എസ്.ജ്യോതികുമാർ തന്നെ താറടിച്ചുകാട്ടാൻ ശ്രമിച്ചു.2013 ഡിസംബറിൽ രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി വിളിച്ചുചേ‌ർത്ത പ്രത്യേക സിൻഡിക്കേറ്റിൽ മ്ലേച്ഛമായ ഭാഷയിൽ സംസാരിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. യോഗത്തിലുടനീളം തന്നെ അധിക്ഷേപിക്കുകയായിരുന്നു.
സർവകലാശാലയിൽ സെക്യൂരിറ്റിഗാർഡ് ഇന്റർവ്യൂവിൽ കൃത്രിമം കാട്ടാനും അട്ടിമറിക്കും ഇരുവരും ശ്രമിച്ചു. 2013 ഡിസംബർ 19 മുതൽ 23 വരെയായിരുന്നു ഇന്റർവ്യൂ. ഇന്റർവ്യൂവിൽ കൃത്രിമം കാട്ടാനുള്ള ശ്രമം താൻ തടഞ്ഞപ്പോൾ ക്രൂരമായ പ്രതികരണമായിരുന്നു. ആദ്യ ദിവസം മുതൽ മോശമായ വാക്കുകൾ കൊണ്ട് തന്നെ അധിക്ഷേപിച്ചു. രണ്ടാംദിവസം മുതൽ ബോർഡിലെ തന്റെ സഹഅംഗങ്ങളായിരുന്ന ഇരുവരും നിസഹകരണം തുടങ്ങി. സെലക്ഷൻ കമ്മിറ്റിയെ തകിടംമറിക്കുന്ന പ്രവർത്തനങ്ങളാണ് അവർ നടത്തിയത്. ഒടുവിൽ സഹികെട്ട് നിയമപ്രകാരം ഇന്റർവ്യൂ ഒന്നാകെ താൻ റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ചേർന്ന യോഗത്തിലും തന്നെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചത് സർവകലാശാലാരേഖയിലുണ്ട്. മേയ്16ന് ചേർന്ന് സിൻഡിക്കേറ്റ് യോഗത്തിൽ ജ്യോതികുമാറും ശശികുമാറും മാന്യതയുടെ എല്ലാ അതിരും ലംഘിച്ചു. തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ചും അധിക്ഷേപം തുടർന്നു. ഇക്കാര്യം വി.സി. ചാൻസലർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത. സിൻഡിക്കേറ്റിലും തങ്ങളുണ്ടാവുമെന്നും തന്നെ പൂർണമായി നശിപ്പിക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി. നിയമം കൈയ്യിലെടുത്ത് അവർ നടത്തുന്ന ഭീഷണികൾ എന്നെ ഭയപ്പെടുത്തി. പിന്നീട് ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ ആർ.എസ്.ശശികുമാറിനെ അടുത്ത സെനറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്‌തില്ല. മാനേജർമാരുടെ മണ്ഡലത്തിൽ നിന്ന് ജ്യോതികുമാർ സെനറ്റിലെത്തി. പക്ഷേ ട്രെയിനിംഗ്കോളേജ് ഭൂമിയിടപാടിലെ ഗുരുതരമായ ആരോപണങ്ങളാൽ അദ്ദേഹത്തിന്റെ സെനറ്റംഗത്വം ഭീഷണിയിലാണ്.ബി.എഡ് കോളേജ് ഭൂമിയിടപാടിനെക്കുറിച്ച് വൈസ്ചാൻസലർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി തെളിഞ്ഞു. നിയമപ്രകാരം ബി.എഡ് കോളേജിന്റെ അഫിലിയേഷൻ പിൻവലിക്കാനായിരുന്നു ശുപാർശ. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നേരത്തേയാക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 14ന് മറ്റൊരു സിൻഡിക്കേറ്റംഗം സെനറ്റ്ഹാൾ കെട്ടിടത്തിനു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. പക്ഷേ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് തീരുമാനിച്ചതായി ഹൈക്കോടതിയെ നേരത്തേ സർവകലാശാല അറിയിച്ചിരുന്നു. സമരക്കാർ സർവകലാശാലയിലേക്കുള്ള വഴികളെല്ലാം തടഞ്ഞത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കുമെല്ലാം ഏറെ ബുദ്ധിമുട്ടുണ്ടാക്കി. സമരം പൊതുമുതൽ നശിപ്പിക്കുന്നതടക്കമുള്ള അക്രമങ്ങളിലേക്കും വഴിമാറി. സത്യാഗ്രഹം സംഘടിപ്പിച്ചതും സ്‌പോൺസർ ചെയ്തതും ജ്യോതികുമാറാണ്. എല്ലാദിവസവും സമരത്തിന്റെ മുന്നണിയിൽ ജ്യോതികുമാറുണ്ടായിരുന്നു. വൈസ്ചാൻസലർ ഔദ്യോഗിക ആവശ്യത്തിന് അവധിയിലായിരുന്നതിനാൽ തനിക്കായിരുന്നു ചുമതല. ഞാനായിരുന്നു അവരുടെ ലക്ഷ്യം.

കഴിഞ്ഞ ഒക്ടോബർ 17ന് അർദ്ധരാത്രിയിൽ എന്റെ വീടിനു നേരേയുണ്ടായ ആക്രമണം എന്റെ ജീവനുനേരേയുള്ളതായിരുന്നു. എന്നെ ശാരീരികമായി വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. അമ്മയുടെ അസുഖവിവരമറിയാൻ സ്വദേശമായ കാസർകോട്ടായിരുന്നതിനാൽ ഭാര്യയും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്റെ കാറും വീട്ടിന്റെ ജനൽച്ചില്ലുകളും അക്രമികൾ തകർത്തു. സംഭവംനടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഭയചകിതരായ മക്കൾ രാത്രിയിൽ ഞെട്ടിയുണർന്ന് '' പപ്പാ, അവർ വീണ്ടും വരും, നമ്മളെ കൊല്ലും, അവരെന്തിനാ നമ്മളെ കൊല്ലുന്നത്'' എന്നുപറഞ്ഞ് കരയുകയാണ്. മാനസികമായി തളർന്നകുട്ടികളെ ആശ്വസിപ്പിക്കാൻപോലുമാവുന്നില്ല. ആക്രമണംനടന്ന് ഇത്രയും ദിവസമായിട്ടും പൊലീസ് പ്രതികളെ പിടികൂടാത്തതിനാൽ താൻ സുരക്ഷിതനല്ല.പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ അതിക്രമങ്ങളിൽ നിന്ന് തടയാനുള്ള 1989ലെ കേന്ദ്രനിയമത്തിന്റെ പരിരക്ഷയുണ്ടായിട്ടുപോലും പട്ടികജാതിക്കാരനായ തനിക്കെതിരായി ആക്രമണം നടത്തിയവർക്കെതിരേ ഇന്നുവരെ ഒരു നടപടിയുമേടുത്തിട്ടില്ല. സിൻഡിക്കേറ്റംഗങ്ങളെ ഒഴിവാക്കാനോ അയോഗ്യരാക്കാനോ സർവകലാശാലാചട്ടങ്ങൾപ്രകാരം കഴിയില്ലെന്നത് ഇരുവരും മുതലെടുത്തു. ഇക്കാര്യങ്ങൾ പരിഗണിച്ച് കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കണം.

ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാനും സർവകലാശാലയിൽ ജീവഭയം കൂടാതെ ജോലിചെയ്യാൻ സാഹചര്യമൊരുക്കണമെന്നും പ്രോവൈസ്ചാൻസലർ ഗവർണർക്ക് നൽകിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. തന്‍റെ പരാതിയോടൊപ്പം നിരവധി രേഖകളും പ്രോ-വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.


Next Story

Related Stories