TopTop
Begin typing your search above and press return to search.

ഫ്‌ളക്‌സ് നിരോധനം: അത്ര ലഘുവല്ല കാര്യങ്ങള്‍

ഫ്‌ളക്‌സ് നിരോധനം: അത്ര ലഘുവല്ല കാര്യങ്ങള്‍

കഴിഞ്ഞയാഴ്ച കേരളത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നു ഫ്‌ളക്‌സ് നിരോധനം. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ മേല്‍ നിയന്ത്രണം ലാക്കാക്കിയുള്ള ഒരു നിയമമുണ്ടാക്കാന്‍ കേരള സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുടക്കത്തില്‍ ഫ്‌ളക്‌സ് നിരോധിക്കാന്‍ പോകുന്നു എന്നൊരു പ്രസ്താവനയുമുണ്ടായി. എന്തായാലും മന്ത്രിസഭയ്ക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായഭിന്നത ഉള്ളതു കൊണ്ട് ക്യാബിനറ്റ് തീരുമാനം മറ്റൊരു വഴിപാടായി അവസാനിക്കാനാണ് സാധ്യത. ഒരു റിയാക്ഷണറി തീരുമാനം എത്രകാലം നിലനില്‍ക്കും എന്നു കണ്ടുതന്നെ അറിയണം. ആദ്യപടിയായി മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് ഫ്‌ളക്‌സ് ഉപയോഗിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഫ്‌ളക്‌സ് പടിപടിയായി ഒഴിവാക്കണമെന്നും തീരുമാനമായതായി അറിയുന്നു.

കേരളത്തില്‍ പതിനയ്യായിരം ഫ്‌ളക്‌സ് നിര്‍മ്മാണ യൂണിറ്റുകളിലായി അനവധി പേര്‍ പണിയെടുക്കുന്നുണ്ട് എന്ന് അവരുടെ യൂണിയന്‍ അവകാശപ്പെട്ടതായി ഒരു വാര്‍ത്തയും കണ്ടു. വാര്‍ത്താ അവതാരകനു പിഴച്ചതാണോ എന്നൊരു സംശയം. പതിനാലു ജില്ലകളിലുമായി പതിനയ്യായിരം യൂണിറ്റുകള്‍ എന്ന കണക്ക് യുക്തിസഹമായി തോന്നുന്നില്ല. കേരളത്തിലെ ഏകദേശം നൂറു പട്ടണങ്ങളിലായി പരമാവധി ആയിരം യൂണിറ്റുകളും നേരിട്ടു പണിയെടുക്കുന്ന മൂവായിരം പേരും ഉണ്ടായിരിക്കാം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല.യഥാര്‍ത്ഥത്തില്‍ അവരെയോ യുണിറ്റുകളില്‍ പണിയെടുക്കുന്നവരെയോ ഈ നിരോധനം ബാധിക്കില്ല. സാങ്കേതികമായി പി.വി.സി ഫ്‌ളക്‌സിനാണ് നിയന്ത്രണം. കാന്‍വാസ്, നൈലോണ്‍, പോളിയെസ്റ്റര്‍ തുടങ്ങിയവയില്‍ പ്രിന്റ് ചെയ്യാന്‍ നിരോധനമില്ല.എന്താണ് ഫ്‌ളക്‌സ്? എന്തുകൊണ്ട് ഫ്‌ളക്‌സ്?
പി.വി.സി ഫ്‌ളക്‌സ് എന്നതിനെ ചുരുക്കി ഫ്‌ളക്‌സ് എന്നു നാം വിളിക്കുന്നു. വഴക്കമുള്ള പി.വി.സി പ്ലാസ്റ്റിക്കുകളെ ഷീറ്റുപോലാക്കി പരുത്തി/നൈലോണ്‍/പോളിയസ്റ്റര്‍ നാരുകളാല്‍ ബലപ്പെടുത്തിയാണ് നാം കാണുന്ന ഫ്‌ളക്‌സ് പരസ്യപായകള്‍ (പലക എന്നു പറയാന്‍ കഴിയില്ലല്ലോ) ഉണ്ടാക്കുന്നത്. വലിയ ഇങ്ക്-ജെറ്റ് പ്രിന്ററുകളില്‍ പി.വി.സി. അടിസ്ഥാനഘടകമായ മഷി ഉപയോഗിച്ചാണ് ഇതില്‍ പ്രിന്റുകളെടുക്കുന്നത്.

വിനൈല്‍ ക്ലോറൈഡ് മോണോമറുകളെ (VCM) പോളിമറൈസ് ചെയ്താണ് പി.വി. സി ഉണ്ടാക്കുന്നത്. വിനൈല്‍ മോണോമറുകള്‍ കാന്‍സറിനു കാരണമാകുന്ന ഒരു രാസ പദാര്‍ത്ഥമാണെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്.

വന്‍തോതില്‍ ക്ലോറിന്‍ ആവശ്യമായ ഒരു വ്യവസായമാണ് പി.വി.സി. ഉല്‍പാദനം. ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ രാസവിഷ ദുരന്തങ്ങളിലെയൊക്കെ അടിസ്ഥാന ഘടകമായിരുന്നു ക്‌ളോറിന്‍ - ഓസോണിനു ഭീഷണിയായ സി.എഫ്. സി., ലവ് കനാല്‍ ദുരന്തത്തിലെ ഡയോക്‌സിനുകള്‍, വിയറ്റ്‌നാമിലെ ഏജന്റ് ഓറഞ്ച്, ഡി.ഡി.റ്റി... അങ്ങനെ ദിവസവും ക്ലോറിന്‍ അടിസ്ഥാനമാക്കിയ എന്തുമാത്രം വിഷമാണ് അന്തരീക്ഷത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്!

പി.വി.സി ദൃഢതയേറിയ പ്ലാസ്റ്റിക് ആണ്. അതിന് വഴക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കുന്നതിന് താലേറ്റുകള്‍ (Di-2ethyl hexyl phthalate DEHP) ചേര്‍ക്കുന്നു. ഡി.ഇ.എച്.പി. മാരകവും കാന്‍സറിനു കാരണമാകുന്നതുമായ ഒരു രാസ വിഷമാണ്. ഒരു പി.വി.സി ഉല്‍പ്പന്നത്തില്‍ 20 മുതല്‍ 70 ശതമാനം വരെ ഡി.ഇ.എച്.പി ഉണ്ടായിരിക്കും. വഴക്കം കൂടുന്തോറും ഡി.ഇ.എച്.പി യുടെ അളവും കൂടും.സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ (യു.വി.)നാല്പത് ഡിഗ്രി സെന്റീഗ്രേഡിനപ്പുറം താപനിലയില്‍ ഡീഹൈഡ്രോക്ലോറിനേഷനു വിധേയമായി പെട്ടെന്ന് നശിച്ചു പോകുന്ന ഒരു സ്വഭാവവും പി.വി.സിക്കുണ്ട്. അതായത് പി.വി.സി യില്‍ നിന്നും ഹൈഡ്രജന്‍ ക്ലോറൈഡ് പുറത്തേക്ക് വ്യാപിക്കുന്നു. എന്നര്‍ത്ഥം. ഇതിന്റെ വേഗം കുറയ്ക്കാനായി ഉല്‍പാദന സമയത്തു തന്നെ ലെഡ്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങള്‍ ഇതില്‍ താപ സമീകാരികളായി ചേര്‍ക്കാറുണ്ട്. ഈ ഘനലോഹങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

പി.വി.സി പ്ലാസ്റ്റിക്കുകളില്‍ വേറെയും രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. താപവിരോധികളായി ബ്രോമിന്‍ അടിസ്ഥാനമായ രാസപദാര്‍ത്ഥങ്ങള്‍, പലയിനം ഫില്ലറുകള്‍, കീടനാശിനികള്‍, പൂപ്പല്‍നാശിനികള്‍...ഇവയൊന്നും പി.വി.സി.യുമായി രാസബന്ധനത്തിലല്ലാത്തതുകൊണ്ട് ഇവയൊക്കെയും കാലം ചെല്ലുന്തോറും അന്തരീക്ഷത്തിലേക്കോ പി.വി.സി യുമായി സമ്പര്‍ക്കത്തിലുള്ള ഭക്ഷണത്തിലേക്കോ വെള്ളത്തിലേക്കോ മനുഷ്യശരീരത്തിലേക്കോ കടക്കുന്നു. ഉല്പാദന സമയത്തും ഉപഭോഗ സമയത്തും പുനഃചംക്രമണ സമയത്തും ഇത്രയും മലിനീകരണവും അപകടവും ഉണ്ടാക്കുന്ന മറ്റൊരു പ്ലാസ്റ്റിക് ഇല്ല തന്നെ. പി.വി.സി കത്തിക്കുമ്പോഴാണ് കൂടുതലായി ഡയോക്‌സിനുകള്‍ ഉണ്ടാകുന്നത്. പി.വി.സി പ്ലാസ്റ്റിക് രൂപത്തില്‍ മാത്രമല്ല, പ്ലാസ്റ്റിക്കുകളില്‍ പ്രിന്റു ചെയ്യുന്ന മഷിയായും അതുപയോഗിക്കുന്നുണ്ട്. അതായത് പ്രിന്റ് ചെയ്യപ്പെട്ടിട്ടുള്ള ഏത് പ്ലാസ്റ്റിക് ഉല്‍പന്നം തീയിലെറിഞ്ഞാലും അതു വളരെ അപകടകരമാണ്.

അതു കൊണ്ടു തന്നെ ലോകവ്യാപകമായി പി.വി.സി പ്ലാസ്റ്റിക്കുകള്‍ക്കെതിരായ സമരങ്ങളും അതിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും വരുന്നുണ്ട്. പി.വി.സി പ്ലാസ്റ്റിക്കുകളിലെ താലേറ്റുകള്‍ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടാക്കും എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പി.വി.സി.കളിപ്പാട്ടങ്ങളും കുട്ടികള്‍ക്കുള്ള മറ്റ് സാധനങ്ങളും യൂറോപ്പിലും മറ്റു വികസിത രാജ്യങ്ങളിലും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. ആശുപത്രികളിലെ പി.വി.സി. ഉല്പന്നങ്ങള്‍ - ട്യൂബുകള്‍, കത്തീറ്ററുകള്‍, മാസ്‌കുകള്‍, ബ്ലഡ്/യൂറിന്‍ ബാഗുകള്‍ - തുടങ്ങിയവ ഉന്മൂലനം ചെയ്യുന്ന തിരക്കിലാണ് വികസിത രാജ്യങ്ങള്‍. മെര്‍ക്കുറി രഹിത - പി.വി.സി രഹിത ആശുപത്രികള്‍ എന്ന ലക്ഷ്യത്തിലേക്ക് അവര്‍ കുതിച്ചു കൊണ്ടിരിക്കുകയാണ്.നമ്മുടെ നാട്ടില്‍ ഇതൊന്നും ബാധകമല്ല. ഇനിയും ഒരു പതിനഞ്ചു വര്‍ഷം കഴിഞ്ഞ് നമ്മള്‍ ഈ നിയമങ്ങള്‍ ഇവിടെയും നടപ്പാക്കിയേക്കും. - പെട്രോളിലെ ലെഡ് നിരോധിച്ചപോലെ അല്ലെങ്കില്‍ പെയിന്റിലെ ലെഡ് ഇപ്പോള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതുപോലെ! അത്രയും കാലം നമ്മളും നമ്മുടെ കുട്ടികളും ഇതിന്റെ വിഷം ഏറ്റുവാങ്ങണം! കുടിവെള്ളം നാം കൊണ്ടുവരുന്നത് പി.വി.സി. പൈപ്പിലാണ്. ചെരുപ്പ്, വീട്ടിലെ ചില ഫര്‍ണിച്ചറുകള്‍, വാതിലുകള്‍, ഷവര്‍ കര്‍ട്ടനുകള്‍, ഫ്‌ളോറിംഗുകള്‍... എന്നു വേണ്ട കുട്ടികള്‍ക്കു ഇപ്പോള്‍ നമ്മള്‍ കളിക്കാന്‍ നല്‍കുന്ന, കൈയ്യില്‍ ഒട്ടിപ്പിടിക്കാത്ത കൃത്രിമ കളിമണ്ണ് പോലും പി.വി.സി. ആണ്.

അപ്പോള്‍ നമുക്കു വേണ്ടത് ഒരു വിഭവ വിനിയോഗ നയം ആണ്. നമ്മുടെയും നമ്മുടെകുട്ടികളുടെയും പ്രകൃതിയുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാമുഖ്യം നല്‍കുന്ന ഒരു നയം. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം നിയന്ത്രണങ്ങളും നിരോധനങ്ങളും വരേണ്ടത്. അതിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം. ദീര്‍ഘവീക്ഷണം വേണം. അതില്ലാത്ത ഏതു നടപടിയും 'കുളിക്കാതെയും നനയ്ക്കാതെയും തോരണം പുരപ്പുറത്തിടുന്ന' പരിപാടി മാത്രമായി ഒതുങ്ങും.


Next Story

Related Stories