TopTop
Begin typing your search above and press return to search.

പാറ ഖനനത്തിന്‍റെ അമ്പലവയല്‍ 'മാതൃക'

പാറ ഖനനത്തിന്‍റെ അമ്പലവയല്‍ മാതൃക

നബീല്‍ സി. കെ. എം.

കേരളത്തിന്റെ വടക്കു കിഴക്കായി ഡക്കാന്‍ പീഢഭൂമിയുടെ ദക്ഷിണാഗ്രത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് 2297 അടി ഉയരത്തിലാണ് വയനാട് സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ ഭൂരിഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നത് കൊണ്ടും സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം കൊണ്ടും വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ് വയനാടിന്. ജൈവികമായ ചില പ്രത്യേകതകളാല്‍ സമ്പന്നവും ഭൗമശാസ്ത്രപരമായ വിശിഷ്ടാവസ്ഥകളും വയനാടിനെ സുന്ദരവും സ്വര്‍ഗ്ഗീയവുമാക്കി. പ്രകൃതിയിലെ സ്ഥൂലവും സൂക്ഷ്മവും മറഞ്ഞിരിക്കുന്നതും പ്രകടമായതുമായ സകല ഘടകങ്ങളും അനുപൂരകങ്ങളായി കലരുമ്പോഴാണ് തികച്ചും നൈസര്‍ഗികമായ അനുഭവങ്ങള്‍ സാധ്യമാകുന്നത്. അത്തരം അനുഭവങ്ങള്‍ എല്ലായ്പ്പോഴും അതുല്യവും പകരം വെക്കലുകള്‍ സാധ്യമാകാത്തവയുമാണ്.

തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ നൈസര്‍ഗികമായ അനുഭവങ്ങള്‍ സാധ്യമാകുന്നതെല്ലാം വ്യത്യസ്തങ്ങളായ ഘടകങ്ങളുടെ അതിസങ്കീര്‍ണ്ണമായ കൂടിച്ചേരലാണെന്നിരിക്കെ നേര്‍ത്ത വ്യതിചലനങ്ങളും ചെറിയ സ്ഥാനമാറ്റങ്ങളും വലിയ ആഘാതങ്ങളാണ് വരുത്തി വെക്കുക. വയനാടിന് അത് സംഭവിച്ച് കഴിഞ്ഞിരിക്കുന്നുവെന്നാണ് പറഞ്ഞ് വരുന്നത്. എല്ലാം വീണടിയുന്നതിന് മുമ്പ് പ്രകൃതി മനുഷ്യര്‍ക്ക് നല്‍കുന്ന അപായ സൂചനകളെ മാത്രമേ വയനാടിപ്പോള്‍ അനുഭവേദ്യമാക്കുന്നുള്ളു. വയനാടിന്റെ ചരമക്കുറിപ്പുകള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ ഇനിയാരും ചുരങ്ങള്‍ താണ്ടി വയനാട്ടിലേക്ക് വരേണ്ടതിലെന്ന പ്രതിഷേധം കൂടിയാണ് ഈ അപായ മുന്നറിയിപ്പുകള്‍ എല്ലാം.

വയനാടിന് എന്തു സംഭവിച്ചു എന്ന അന്വേഷണങ്ങള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത് നമ്മളെല്ലാവരേയുമാണ്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ വയനാടിനുണ്ടായിരുന്ന പ്രഥമസ്ഥാനമാണ് വയനാടിന്റെ രോഗാവസ്ഥകള്‍ക്ക് കാരണമായതെന്ന് വീക്ഷിക്കുന്നവരുണ്ട്. ഇതൊരു പരിധി വരെ ശരിയാണെങ്കിലും രോഗ കാരണങ്ങള്‍ അതില്‍ മാത്രം ഒതുങ്ങുന്നതല്ല. ഒട്ടും ഉള്‍ക്കാഴ്ചയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും, ആഡംഭരം നിറഞ്ഞ ജീവിത രീതികളും, ആര്‍ത്തിയും കരുതലില്ലാത്ത ഉപഭോഗവുമെല്ലാം ചേര്‍ന്ന് വൃണപ്പെടുത്തിയതാണ് വയനാടിനെ. ഒരു ഭാഗത്ത് കുടിയേറ്റവും ടൂറിസവും വയനാട്ടിലെ കാടുകളെയും പുല്‍മേടുകളേയും നശിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കിയപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വികസനാവശ്യങ്ങളുടെ പള്ള നിറക്കാന്‍ വയനാട്ടില്‍ നിന്ന് ജൈവ വിഭവങ്ങള്‍ തടിയായും കല്ലായും പുറത്തോട്ടൊഴുകി. വയനാടിന്റെയും ഒപ്പം കേരളത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാത്തതും കാലക്രമേണ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചതും വയനാടിനേറ്റ ആഘാതങ്ങളെ പൂര്‍ണ്ണമാക്കി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള മാതൃകയാണ് വയനാടിന്ന്. ഒരു കാലത്ത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന രണ്ടാമത്തെ സ്ഥലമായിരുന്നു വയനാട്ടിലെ ലക്കിടി. മണിക്കൂറുകളോളം നില്‍ക്കാതെ ഒരേ വേഗത്തില്‍ നൂലുപോലെ പെയ്യാറുണ്ടായിരുന്ന നൂല്‍മഴ എന്ന പ്രതിഭാസം വയനാടിന്റെ മാത്രം പ്രത്യേകത ആയിരുന്നു. എന്നാല്‍ വയനാട്ടിലിന്ന് നന്നേ മഴ കുറഞ്ഞു. തണുപ്പ് നിറഞ്ഞ കാലാവസ്ഥക്കും പ്രകടമായ മാറ്റങ്ങളുണ്ടായി. ഈ മാറ്റങ്ങളെല്ലാം വയനാടിന് അതുവരെ പരിചയമില്ലാതിരുന്ന കനത്ത ചൂടായും ജലദൗര്‍ലഭ്യവുമായാണ പുറത്ത് വന്നത്.ഒരു പ്രദേശത്തിന്റെ സ്വാഭാവിക കാലാവസ്ഥക്ക് സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ആ പ്രദേശത്തിന്റെ സകല ഭാവങ്ങളുടേയും അവസ്ഥകളുടേയും പരിണാമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ പരിണാമമാകട്ടെ തീര്‍ത്തും തലതിരിഞ്ഞ ഒന്നാണ്; അതുല്യമായതില്‍ നിന്ന് അസഹ്യമായതിലേക്കുള്ള പരിണാമങ്ങള്‍ അങ്ങനെയാകാതിരിക്കാന്‍ വഴിയില്ലല്ലോ. ഈ പരിണാമത്തിലെ കണ്ണികളാണ് വൈത്തിരിയും, ലക്കിടിയും മേപ്പാടിയുമെല്ലാം. വനങ്ങള്‍ നശിപ്പിച്ചും ഭൂവിനിയോഗത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയും പ്രകൃതിയേയും വിഭവങ്ങളേയും വ്യഭിചരിച്ചപ്പോള്‍ സ്വാഭാവിക കാലാവസ്ഥക്കേറ്റ കടുത്ത ആഘാതങ്ങളുടെ നീണ്ട പട്ടികയിലെ ആദ്യത്തേതാണിവ.

മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഇടങ്ങളിലൊന്നാണ് അമ്പലവയല്‍. കാലാവസ്ഥാ വ്യതിയാനങ്ങളുടെ മരുഭൂവായി മാറിക്കൊണ്ടിരിക്കുകയാണ് അമ്പലവയല്‍. ഖനന തോന്ന്യവാസത്തരങ്ങളാണ് അമ്പലവയലിന്റെ ജൈവാവസ്ഥകളേയും അതില്‍ വേരൂന്നിയ ജീവിതങ്ങളേയും അസ്വസ്ഥമാക്കുന്നത്.വയനാട് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 160-ഓളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 40ാളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ ചരിത്രപ്രാധാന്യമേറിയ എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പലവയല്‍ പഞ്ചായത്തിലാണ്.

ഖനനം തുടങ്ങുന്നു

1980-90 കാലഘട്ടങ്ങളിലാണ് അമ്പലവയലില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മനുഷ്യാധ്വാനം കൊണ്ട് പ്രദേശത്തേയും സമീപ പ്രദേശങ്ങളിലേയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ദിവസവും ഒന്നോ രണ്ടോ ലോഡ് കരിങ്കല്ല് ഉല്‍പാദിപ്പിക്കുന്ന പാറമടകളായിരുന്നു തുടക്കത്തില്‍ അവയെല്ലാം. എന്നാല്‍, പാറ വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായ അമ്പലവയലിലേക്ക് ക്വാറി മാഫിയ കടന്ന് കയറിയത് വളരെ പെട്ടന്നായിരുന്നു.പ്രാദേശിക ജനവിഭാഗങ്ങളുടെ ആവശ്യങ്ങളെ നിറവേറ്റുന്നതിന് തദ്ദേശീയമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തുക എന്ന രീതിയിലായിരുന്നു അമ്പലവയലിലെ ക്വാറികള്‍ അത് വരെ പ്രവര്‍ത്തിച്ചിരുന്നത്. അതേ സമയം നിര്‍മ്മാണ-ഭൂ മാഫിയകള്‍ അടക്കി വാഴുന്ന കമ്പോളങ്ങളുടെ ആവശ്യങ്ങളെ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ മാത്രം പാറ വിഭവങ്ങളെ സമീപിക്കുകയും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന ക്വാറി മാഫിയയുടെ സ്വഭാവ രീതികള്‍ എല്ലാ അര്‍ത്ഥത്തിലും വിഭവങ്ങളുടെ അമിതമായ ചൂഷണത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. വിഭവങ്ങളെ കണ്ടെത്തുന്നതിലും, ഉല്‍പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും രണ്ട് വ്യത്യസ്ത സ്വഭാവങ്ങളെ പ്രകടിപ്പിക്കുന്ന പാറമടകള്‍ അമ്പലവയലിലുണ്ടായി. പക്ഷേ ഇതധിക കാലം നീണ്ടുനിന്നില്ല. ആധുനിക യന്ത്ര സംവിധാനങ്ങളെ ഉപയോഗപ്പെടുത്തികൊണ്ടുള്ള ക്വാറി മാഫിയകളുടെ ഉല്‍പാദന രീതികളോട് കിടപിടിക്കാനാകാതെ കായികാധ്വാനത്തെ ആശ്രയിച്ചിരുന്ന ക്വാറികളൊരോന്നായി പ്രവര്‍ത്തനങ്ങളവസാനിപ്പിക്കാന്‍ തുടങ്ങി. ഇങ്ങനെ ഗത്യന്തരമില്ലാതെ പ്രവര്‍ത്തനങ്ങളവസാനിപ്പിക്കുന്ന പാറമടകളെ ഓരോന്നോരോന്നായി ക്വാറി മാഫിയ കയ്യടക്കി. ഇത് കൂടാതെ വ്യാവസായിക സ്വഭാവത്തില്‍ റവന്യു ഭൂമിയിലെ പാറകളെ ഖനനം ചെയ്യാനുള്ള അനുമതി കൂടി ലഭിച്ചതോടെ അമ്പലവയലിലെ പാറ സമ്പത്തിനുമേലുള്ള അധീശത്വം എല്ലാ അര്‍ത്ഥത്തിലും ക്വാറി മാഫിയയുടെ കയ്യിലായി.

ക്വാറി മാഫിയ എന്നത് സാമ്പ്രദായികമോ ആലങ്കാരികമോ ആയ പദപ്രയോഗമല്ല. മറിച്ച് അവ നടത്തികൊണ്ടിരിക്കുന്ന കണക്കില്ലാത്ത വിഭവ ചൂഷണവും, അത് വകവെച്ച് കിട്ടുന്നതിനു വേണ്ടി രാഷ്ട്രീയ-നിയമ സംവിധാനങ്ങള്‍ക്കകത്ത് അവര്‍ നടത്തികൊണ്ടിരിക്കുന്ന ഇടപെടലുകളും കൊടുക്കല്‍ വാങ്ങലുകളും, ഇതെല്ലാം വെളിപ്പെടുത്തുന്ന തെളിവുകളും ഒപ്പം പരിസ്ഥിതിക്കും, മനുഷ്യനും മറ്റു ജീവജാലങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന ആഘാതങ്ങളേയും പരിഗണിക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന ഭീകരതകളേയും വരാനിരിക്കുന്ന അപകടങ്ങളേയും അത്തരമൊരു പദപ്രയോഗം കൃത്യമായി അനാവരണം ചെയ്യുന്നുണ്ടെന്ന് മനസ്സിലാകും. അമ്പലവയല്‍ ഇത് വ്യക്തമാക്കി തരുന്നുണ്ട്.കേരളത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകളും പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണെന്നും അതില്‍ അമ്പലവയല്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണെന്നും 13ാം നിയമ സഭയുടെ പരിസ്ഥിതി റിപ്പോര്‍ട്ട്(1) അടിവരയിട്ട് സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒരു വാര്‍ഡില്‍ ഏറ്റവും കൂടുതല്‍ ക്വാറികള്‍ ഉള്ളത് അമ്പലവയലിലാണ്. അക്ഷരാര്‍ത്ഥത്തില്‍ മാനം മുട്ടി നില്‍ക്കുന്ന വലിയ ആറാട്ട് പാറ, ചെറിയ ആറാട്ട്പാറ, കൊളഗ പാറ, കുഞ്ഞാലി പാറ എന്നിവ അടങ്ങിയതാണ് അമ്പലവയലിലെ പാറ സമൂഹം. ഈ ആറ് പാറകളിലായി ആകെ പ്രവര്‍ത്തിക്കുന്നത് 40 ാളം ക്വാറികളാണ്. ഇതില്‍ ഭൂരിഭാഗം ക്വാറികള്‍ക്കും ഔദ്യോഗികമായ പ്രവര്‍ത്തനാനുമതികള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സിപിഎമ്മിന്‍റെ അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള പൊതുമരാമത്ത് സൊസൈറ്റിയുടെ പേരില്‍ സംഘടിപ്പിച്ചിട്ടുള്ള എക്‌സ്‌പ്ലോസ്സീവ് ലൈസെന്‍സ് ഉപയോഗിച്ചാണ് ഖനനാനുമതികള്‍ ഒന്നുമില്ലാതെ ഇത്രയധികം പാറമടകള്‍ പകല്‍കൊള്ള നടത്തുന്നത്. ഒരു പാറമടയില്‍ നിന്നും ശരാശരി 50 ടണ്‍ ബോളറാണ് ഒരു ദിവസം പുറത്ത് പോകുന്നത്. വന്‍കിട ക്വാറികളില്‍ നിന്നാകട്ടെ ഇത് ശരാശരി 85 മുതല്‍ 95 ടണ്‍ വരെയാണ്. ഇത് ബോളറുകളുടെ മാത്രം കണക്കാണ്. അമ്പലവയലിലെ ഏതാണ്ടെല്ലാ പാറമടകളോടും ചേര്‍ന്ന് ക്രഷര്‍, എം സാന്റ് നിര്‍മ്മാണ കേന്ദ്രങ്ങളും മണല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നെല്ലാം മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ക്ക് സമാനമായ രീതിയില്‍ തന്നെയാണ് വ്യത്യസ്തങ്ങളായ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ പുറം ലോകത്തേക്ക് ഒഴുകുന്നത്. ഈ കണക്കെടുപ്പുകളില്‍ പെടാത്ത മറ്റു ചിലത് കൂടിയുണ്ട്. എക്‌സ്‌പ്ലോസ്സീവ് ലൈസന്‍സുള്ള പൊതുമരാമത്ത് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ക്വാറിയില്‍ നിന്നും ഓരോ ദിവസവും 300 ടണ്‍ മുതല്‍ 400 ടണ്‍ വരെ കരിങ്കല്ലാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. നിയമപ്രകാരം തരം മാറ്റി ഉപോഗിക്കാന്‍ പാടില്ലാത്ത തോട്ട ഭൂമി കയ്യേറിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ക്ലിപ്പി ഗ്രാനൈറ്റ്‌സിന്റെ ക്രഷര്‍ യൂണിറ്റിലേക്ക് മാത്രമായി പ്രതിദിനം 150 മുതല്‍ 200 ടണ്‍ വരെ പാറ പൊട്ടിച്ചെടുക്കുന്നുണ്ട്. ക്ലിപ്പി ഗ്രാനൈറ്റ്‌സിന്റെ പാറമടയില്‍ നിന്നും ദിവസേന പൊട്ടിച്ചെടുത്ത് പുറത്ത് പോകുന്ന കരിങ്കല്ല് കൂടാതെയാണിത്. ഇതിനെല്ലാം പുറമെ, മേല്‍മണ്ണ് കുഴിച്ചെടുത്ത് മാറ്റിയാല്‍ ലഭ്യമാകുന്ന തരിമണ്ണ് കഴുകി മണലാക്കി വില്‍ക്കുന്ന യൂണിറ്റുകളും പാറമടകളുടെ മറവില്‍ അമ്പലവയലിലെ പാറ സമൂഹങ്ങളുടെ താഴ്‌വരകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു പ്രദേശത്തിന്റെ ഹൃദയ സ്ഥാനത്തെ വൃണപ്പെടുത്തി ജീവിതത്തെ അസാധ്യമാക്കുന്ന പാറമടകളുടേയും അനുബന്ധ യൂണിറ്റുകള്‍ക്കുമെതിരെ തദ്ദേശീയരുടെ പ്രധിഷേധങ്ങളുണ്ടായിട്ടും കാര്യമായ നടപടികളൊന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം മൂലം ഇടപെടേണ്ടി വന്ന സന്ദര്‍ഭങ്ങളിലെല്ലാം തന്നെ ക്വാറി മാഫിയകളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരുന്നു അധികൃതരുടെ നിലപാട്. അതുകൊണ്ടാണ് അതീവ ദുര്‍ബല പ്രദേശമായി വിലയിരുത്തി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ടിരുന്ന അമ്പലവയല്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഒരു കാരണവശാലും ഖനനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ലാത്ത സോണ്‍ ഒന്ന് വിഭാഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതും അതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍.വി.ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടാതെ പോയതും. കൊളഗപാറയിലും മട്ട പാറയിലും പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികളെല്ലാം തോട്ടം ഭൂമി കയ്യേറിയുള്ള ഖനനങ്ങളാണെന്നും, കേരള ലാന്റ് റിഫോംസ് ആക്ടിന്റെ ലംഘനമാണെന്നും ചൂണ്ടികാട്ടി 2011ല്‍ കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്(2) പുറം ലോകം കാണാതെ പോയതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

പാറമടകള്‍ക്ക് എതിരായ തദ്ദേശവാസികളുടെ സമരങ്ങളെല്ലാം പൊതുമണ്ഡലത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നത് വികസന വിരുദ്ധതയുടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിവിധ തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ആധുനിക വികസന പൊങ്ങച്ചങ്ങളുടെ കണക്ക് ചോദിക്കുമ്പോഴും വികസനാവശ്യങ്ങളെ പുനര്‍നിര്‍ണ്ണയിക്കാന്‍ കഴിയാതെ പഴയ നിലപാടുകള്‍തന്നെ ആവര്‍ത്തിക്കുകയാണ് പ്രബുദ്ധകേരളത്തിന്റെ ഭരണകൂടവും പൊതുസമൂഹവും. കയ്യുംകണക്കുമില്ലാത്ത, ദിശയും ബോധവും നഷ്ടപ്പെട്ട വികസന കുതിപ്പിന്റെ കോലാഹലങ്ങളില്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. വിവേകമുള്ള ഒരു സമൂഹം ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ഉള്‍കൊള്ളേണ്ടിയിരുന്ന പാഠങ്ങളായിരുന്നു അവ. അതിതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. കല്ലായും മണ്ണായും മണലായും തടിയായും തുടര്‍ന്നുകൊണ്ടേയിരിക്കുന്ന വിഭവ ചൂഷണത്തിന് നേരിട്ട് ഇരകളായികൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട സകല മേഖലകളിലും മുന്‍പെങ്ങുമില്ലാത്ത വിധം നേരിട്ട്‌കൊണ്ടിരിക്കുന്ന അനുഭവ മലിനീകരണത്തെക്കുറിച്ചുള്ള വേവലാതികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണ കക്ഷികള്‍ക്കും പൊതുസമൂഹത്തിനും ഒഴിഞ്ഞ് മാറാനാകില്ല. എന്നുമാത്രമല്ല വികസന പദ്ധതികളുടെ കണക്കും പട്ടികയും നിരത്തി നിരാകരിക്കാന്‍ കഴിയുന്നതുമല്ല ഈ അനുഭവ മലിനീകരണങ്ങളൊന്നും തന്നെ. എന്തെന്നാല്‍ വിഭവങ്ങള്‍ക്കുമേലുള്ള അനിയന്ത്രിതമായ കടന്നുകയറ്റം മൂലം പ്രകൃതിയിലെ ഏറ്റവും സൂക്ഷ്മമായ ക്രമീകരണങ്ങള്‍ക്കും ജൈവ സംവിധാനങ്ങള്‍ക്കുമുണ്ടാകുന്ന തകരാറുകളാണ് ഇത്തരം അനുഭവ മലിനീകരണങ്ങളുടെ അടിസ്ഥാന കാരണം. ഔദ്യോഗികമായ കണക്കെടുപ്പുകളില്‍ എണ്ണപ്പെടാതെ പോകുന്ന സൂക്ഷ്മമായ സംവിധാനങ്ങള്‍ക്കുണ്ടാകുന്ന തകരാറുകളാണ് പിന്നീട് പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ കടുത്ത നാശം വിതക്കുന്ന പ്രകൃതിക്ഷോഭങ്ങളായി പ്രത്യക്ഷപ്പെടുന്നത്. ഉത്തരാഖഢിലേയും, കാശ്മീരിലേയും ഒടുക്കം ചെന്നൈയും പോലുള്ള അനുഭവ യാഥാര്‍ഥ്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. അതുകൊണ്ടാണ് കേരളത്തിലിനിയും വര്‍ഷങ്ങളോളം കുഴിച്ചെടുക്കാനുള്ള പാറയുണ്ടെന്നും, വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം തുടരണമെന്നും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോട് അമ്പലവയലിലെ പ്രദേശവാസികള്‍ തങ്ങളുടെ ചില ന്യായമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ആവശ്യപ്പെടുന്നത്.

(തുടരും)

(പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

References

1. പതിമൂന്നാം കേരള നിയമസഭ പരിസ്ഥിതി സംബന്ധിച്ച സമിതി (2014-2016) റിപ്പോര്‍ട്ട് (കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച്) റിപ്പോര്‍ട്ട് (സി.ആര്‍-201/2011)

2. ഡികോഡിംഗ് ദ മീനിങ് ആന്റ് ബിലീഫ്‌സ് അസോസിയേറ്റഡ് വിത്ത് പെട്രോഗ്ലിപ്പ്‌സ് ഇന്‍ എടക്കല്‍ റോക്ക് ഷെല്‍റ്റര്‍,കേരള,ഇന്ത്യ; അജിത്ത് കുമാര്‍, വാല്‍കാമോണിക സിംപോസിയം
Next Story

Related Stories