TopTop

ചോദ്യങ്ങള്‍ വേണ്ടെന്ന് പറയാന്‍ ഈ രാജ്യം ആരുടേയും തറവാട്ടുസ്വത്തല്ല സര്‍

ചോദ്യങ്ങള്‍ വേണ്ടെന്ന് പറയാന്‍ ഈ രാജ്യം ആരുടേയും തറവാട്ടുസ്വത്തല്ല സര്‍

അഴിമുഖം പ്രതിനിധിരാജ്യത്തെ മികച്ച ജേര്‍ണലിസ്റ്റുകള്‍ക്കുള്ള പുരസ്‌കാരങ്ങളിലൊന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് സ്ഥാപകനായ രാംനാഥ് ഗോയങ്കയുടെ പേരില്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച ജേര്‍ണലിസ്റ്റുകളെ തെരഞ്ഞെടുത്ത അഞ്ചംഗ ജൂറി അതിന്റെ കണ്ടെത്തലായി പറയുന്ന ഒരു വാചകമുണ്ട്: ജേര്‍ണലിസത്തില്‍ പുലര്‍ത്തിയ മികവ്, ചോദ്യങ്ങള്‍ ഉന്നയിക്കാനും ഉത്തരങ്ങള്‍ക്കായി ഏതറ്റം വരെയും പോകാനുമുള്ള സന്നദ്ധത എന്നിവയാണ് മികച്ച മാധ്യമ പ്രവര്‍ത്തകരെ കണ്ടെത്താന്‍ അവലംബിച്ച മാര്‍ഗമെന്ന്. തീര്‍ന്നിട്ടില്ല: ഈ പുരസ്‌കാരം ഇന്ന് (ബുധനാഴ്ച) വൈകിട്ട് സമ്മാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.ഇനി ഒരുദിവസം പിന്നിലേക്ക് പോകാം. "ആദ്യമായി, ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഈ ശീലം നമ്മള്‍ അവസാനിപ്പിക്കണം. അധികാരികളേയും പോലീസിനേയും ചോദ്യം ചെയ്യുന്നത് നിര്‍ത്തണം. ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടു വരുന്ന കാര്യം ആളുകള്‍ ആവശ്യമില്ലാത്ത സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നു എന്നതാണ്. ഇതൊരു നല്ല കാര്യമല്ല". ഏതെങ്കിലും സ്വേച്ഛാധിപത്യ രാജ്യത്തെ ഭരണാധികാരി പുറപ്പെടുവിച്ച ഉത്തരവല്ല. ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചതാണിത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരായ എട്ടു മുന്‍ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലായിരുന്നു ഇതെന്നും ഓര്‍ക്കണം.ഇനി ഒരു ദിവസം കൂടി പിന്നിലേക്ക് പോകാം. വേദി ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷം. സംസാരിക്കുന്നത് പ്രധാനമന്ത്രി മോദി. "ഒരു അഖിലേന്ത്യാ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതില്‍ ചില വിവാദങ്ങളുണ്ട്. എന്നാല്‍ ചര്‍ച്ചകളും വിവാദങ്ങളും ആശയവിനിമയങ്ങളുമാണ് (വാദ്, വിവാദ്, സംവാദ്) ഒരു ജനാധിപത്യത്തിലെ പ്രധാന ഘടകങ്ങള്‍"- അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനുമുള്ള ഇടങ്ങളെക്കുറിച്ചും ഒരുപക്ഷേ മോദി അംഗീകരിക്കുന്നുണ്ടാകാം: പക്ഷേ അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല എന്നതാണ് റിജ്ജുവിന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നത്.ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് മോശം സംസ്‌കാരമാണെന്നാണ് മന്ത്രി പറയുന്നത്. പക്ഷേ ലോകം മുഴുവന്‍ അതിനെ പേരിട്ട് വിളിക്കുന്നത് ജനാധിപത്യമെന്നാണ്. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യമാണ് അതിലെ ഏറ്റവും അവശ്യമായ ഘടകം. ഇപ്പോള്‍ മന്ത്രി പറയുന്നത് അനുസരിച്ച് ഒരു സ്വേച്ഛാധിപത്യ രാജ്യത്ത് അധികൃതര്‍ പറയുന്നത് മാത്രമാണ് ആത്യന്തിക സത്യം. അതിനെ ചോദ്യം ചെയ്തുകൂടാ. അങ്ങനെ ചെയ്യുന്നത് മോശം സംസ്‌കാരമാണ്. അതായത്, ഇന്ത്യ നടന്നടുക്കുന്നത് ഏതു ദിശയിലേക്കാണ് എന്നതിന്റെ കൃത്യമായ സൂചനയാണ് റിജ്ജുവിന്റെ വാക്കുകളിലൂടെ പുറത്തു വരുന്നത്.ഒരുപക്ഷേ ഇന്ന് പുരസ്‌കാര വേദിയില്‍ വച്ച് മോദി മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞേക്കാം. പക്ഷേ അതംഗീകരിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ തന്നെ പറയുന്നത്. സ്വതന്ത്ര മാധ്യമങ്ങളെ സംബന്ധിച്ച് മോദി തന്നെ ഒരിക്കല്‍ ഉപയോഗിച്ച വാക്ക് 'വാര്‍ത്താ വില്‍പ്പനക്കാര്‍' എന്നാണ്. അദ്ദേഹത്തിന്റെ മറ്റൊരു മന്ത്രിയായ ജനറല്‍ വി.കെ സിംഗാണ് പ്രസ്റ്റിറ്റ്യൂട്ട്‌സ് എന്ന് ഒരിക്കല്‍ മാധ്യമങ്ങളെ വിശേഷിപ്പിച്ചത്.ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഇത്തരം അവഹേളനങ്ങള്‍ ഈ സംസ്‌കാരത്തിന് ചേര്‍ന്നതാണ് എന്ന് അംഗീകരിക്കുന്നുണ്ടോ?


Next Story

Related Stories