Top

ചില ജീവിതങ്ങള്‍ അങ്ങനെയാണ്; ഓര്‍മയില്‍ തൂത്തെറിയാന്‍ കഴിയാത്ത ആഴങ്ങള്‍ സൃഷ്ടിക്കുന്നവര്‍

ചില ജീവിതങ്ങള്‍ അങ്ങനെയാണ്; ഓര്‍മയില്‍ തൂത്തെറിയാന്‍ കഴിയാത്ത ആഴങ്ങള്‍ സൃഷ്ടിക്കുന്നവര്‍

രാജലക്ഷ്മി ലളിതാംബികആത്മസുഹൃത്തേ, ബോധം മറഞ്ഞൊരാ രാത്രിയില്‍
വഴിക്കിണറില്‍ വീണുപോകാതിരിക്കാന്‍
നീയുണര്‍ച്ചകൊണ്ടു, ഇടം തേടിയുള്ള യാത്രയില്‍
ഇന്നു നീയൊരു മുങ്ങിത്താഴലിലൂടെ
ആഴത്തെ സാക്ഷാത്കരിക്കുന്നു (ആഴം - ആര്‍.മനോജ്)2015 നവംബര്‍ 15 വൈകുന്നേരം കൊച്ചിയില്‍ നിന്ന്‍ നയന വിളിച്ചു. 'മനോജ് സാറിന് എന്തുപറ്റിയെടാ' എന്നായിരുന്നു ചോദ്യം. ചോദ്യം അസ്വാഭാവികമായിരുന്നതുകൊണ്ട് തന്നെ എന്തോ പ്രശ്‌നമുണ്ടെന്നു മനസ്സില്‍ തോന്നി. 'കഴിഞ്ഞയാഴ്ച വിളിച്ചിരുന്നു. വേറെ ഒന്നും അറിഞ്ഞില്ല. എന്താടാ കാര്യം?' അതിനു നയനയുടെ മറുപടി ഇതായിരുന്നു. രണ്ടു ദിവസമായി ആളിനെ കാണുന്നില്ല, മരിച്ചു എന്നാണ് കേള്‍ക്കുന്നത്. പെട്ടെന്നുണ്ടായ ഞെട്ടലില്‍ പിന്നെ എന്തു പറയണമെന്നറിയാതെ ഞാന്‍. 'സാറിന്റെ നമ്പറില്‍ വിളിച്ചു നോക്കട്ടെ, ഞാന്‍ വിളിക്കാം.' എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്യുന്നു. എങ്കിലും കേട്ടറിഞ്ഞതിന്റെ ആഘാതത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിയുന്നില്ല. സാറിന്റെ ഫോണ്‍ സ്വിച്ച് ഓഫ്. നാടായ നാടു മുഴുവന്‍ വിളിച്ചു. ആരും വിവരം അറിഞ്ഞിട്ടില്ല. ആര്‍ക്കും ഒന്നുമറിയില്ല. ഉഷ ടീച്ചറിനെ വിളിച്ചു. നീയറിഞ്ഞതേ ഞാനും അറിഞ്ഞുള്ളു. കൂടുതല്‍ എന്തെങ്കിലും അറിയുന്നുണ്ടെങ്കില്‍ വിളിക്കാം. ഒരു സമാധാനമില്ല. പിന്നെയും ആരെയൊക്കെയോ വിളിച്ചു. അതേ, കേട്ടത് ശരിയാണ്, സാര്‍ മരിച്ചു. തന്റെ കവിതയിലെ വരികള്‍ അന്വര്‍ത്ഥമാക്കും വിധം വീട്ടുമുറ്റത്തെ തോട്ടില്‍, അതായത് കുഞ്ഞുനാളില്‍ മുങ്ങാംകുഴിയിട്ടു കളിച്ച തോട്ടില്‍, നവംബര്‍ 13-ലെ മഴയത്ത് രാത്രി ആ തോട്ടില്‍ മുങ്ങിമരിച്ചു. സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മുങ്ങിത്താഴലിലൂടെ ആഴത്തെ സാക്ഷാത്ക്കരിച്ചു. അടുത്ത ദിവസം പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ എഴുതി. പുതുതലമുറയിലെ കവി ആര്‍. മനോജ് മുങ്ങിമരിച്ചെന്ന്.ആരാണ് ആര്‍. മനോജ്?
പുതുതലമുറയിലെ പ്രതിഭാധനനായ കവി, നാടകകൃത്ത്, ഭാഷാധ്യാപകന്‍, ഗവേഷകന്‍, പി.എച്ച്.ഡി. ഗൈഡ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, യുവകലാസാഹിതി മേഖലാ ഭാരവാഹി, അഭിധാ രംഗസാഹിത്യവീഥി മുഖ്യസംഘാടകന്‍. ബിരുദ പഠനകാലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നിളാതീരത്തെ ദു:ഖം' എന്ന നാടകം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ആര്‍. മനോജ് എന്ന നാടകകൃത്തിലേക്ക് സാഹിത്യപ്രമുഖര്‍ ശ്രദ്ധ തിരിച്ചത്. 2003-ല്‍ ആഴം, 2006-ല്‍ വനം നദി ഭാഷ, 2011-ല്‍ ഉത്തരമേഘം എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 2003-ല്‍ കുട്ടികളുടെ നാടകവേദിക്കുവേണ്ടി രചിച്ച സഭാ നാടകം വേറിട്ട ഒരു അനുഭവമായിരുന്നു. 2014-ല്‍ അഭിധാ രംഗസാഹിത്യവീഥിയുടെ തീയേറ്റര്‍ ക്യാമ്പില്‍ മിത്രഭേദം എന്ന നാടകവും 2015 ഏപ്രിലില്‍ ഭാസന്റെ മധ്യമവ്യായോഗത്തെ ആസ്പദമാക്കി രചിച്ച ധര്‍മ്മമധ്യമം എന്ന നാടകവും ആര്‍. മനോജ് രംഗഭാഷ്യം നല്‍കി, അതു മാത്രമല്ല ഏത് വിഷയത്തെക്കുറിച്ചും മണിക്കൂറുകളോളം പ്രസംഗിക്കാന്‍ കഴിയുന്ന പ്രാസംഗികന്‍... ഇങ്ങനെ അക്കമിട്ടു പറയാന്‍ തുടങ്ങിയാല്‍ ഏറെയുണ്ട് സാറിനെക്കുറിച്ച് പറയാന്‍. പക്ഷേ തന്റെ പേരിനൊപ്പം ഇങ്ങനെ കുറേ തൊങ്ങലുകള്‍ ചേര്‍ത്തുപറയാന്‍ സാറൊരിക്കലും ആരെയും അനുവദിച്ചിരുന്നില്ല. എന്തെങ്കിലും രണ്ടു വാക്കുകള്‍ പറഞ്ഞുപോയാല്‍ 'ങാ! മതി നിര്‍ത്ത്. ഇന്നത്തേക്ക് ഇത്രയും മതി' എന്ന് പറഞ്ഞ് നമ്മളെ തടയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇത്രയധികം സാറിനെ കുറിച്ച് എഴുതുന്നത് തന്നെ എന്നെ ചീത്തപറയാന്‍ ഫോണിന്റെ അങ്ങേത്തലയ്ക്കലോ, നേരിട്ടോ കക്ഷി വരില്ലെന്ന ധൈര്യത്തിലാണ്. ഞാന്‍ പറയുന്നത്, കവിയോ നാടകകൃത്തോ സാംസ്‌കാരിക പ്രവര്‍ത്തകനോ ആയ മനോജിനെ കുറിച്ചല്ല. മുന്‍ദേഷ്യക്കാരനെന്ന് പലരും വിധിച്ച മനുഷ്യന്റെ അധികമാരും അറിയാത്ത മുഖത്തെക്കുറിച്ചാണ്. ഒരധ്യാപകന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹം ഒരു വിജയമായിരുന്നു. സാറിനെക്കുറിച്ചെഴുതി തീര്‍ന്നപ്പോഴാണ് അധ്യാപകദിനം ആയിരുന്നല്ലോ കഴിഞ്ഞ ദിവസം എന്ന്‍ ഓര്‍ത്തത്. അന്നു തന്നെയായിരുന്നു ഇത് എഴുതേണ്ടിയിരുന്നതും.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാം വര്‍ഷ ബിഎ ക്ലാസില്‍ അച്ചീചരിതം പഠിപ്പിച്ചിരുന്ന ടീച്ചര്‍ പി.എച്ച്.ഡി ചെയ്യാന്‍ പോയ ഒഴിവിലാണ് വിമന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചററായി സാര്‍ വരുന്നത്. തനി തിരുവനന്തപുരം ശൈലിയില്‍ മാത്രം സംസാരിക്കുന്ന ഭാഷാധ്യാപകന്‍ ആദ്യം ഞങ്ങള്‍ക്ക് കൗതുകമായിരുന്നു. ക്ലാസില്‍ വന്നു കയറുമ്പോഴേ 'എന്തരാണ്?' എന്ന ഒറ്റ ചോദ്യത്തില്‍ ഞങ്ങളുടെ മുഴുവന്‍ പേരുടെയും ശ്രദ്ധ ആ ഒരാളിലേക്കായി. മണിപ്രവാള സാഹിത്യം പഠിക്കാന്‍ രസകരമാണെങ്കിലും വായിച്ചര്‍ത്ഥം കണ്ടുപിടിക്കലൊക്കെ ഒരു പണി തന്നെയായിരുന്നു. സാറിന്റെ സംസാരവേഗതയില്‍ അച്ചീചരിതങ്ങള്‍ പലപ്പോഴും തലയ്ക്ക് മുകളിലൂടെ പാഞ്ഞു. സംഭവം പിടികിട്ടാതെ വന്നപ്പോഴെല്ലാം ഞാന്‍ സാറിനെ തുറിച്ചു നോക്കി. 'എന്താ കൊച്ചേ, നീ കഥകളി പഠിച്ചിട്ടുണ്ടോ? കുറേ നേരായല്ലോ കണ്ണു കൊണ്ട് കഥകളി തുടങ്ങിയിട്ട്...' എന്നോട് സാര്‍ ആദ്യം മിണ്ടിയത് ഇങ്ങനെയായിരുന്നു. പിന്നെ ഞാന്‍ സാറിനു നേരെ നോക്കിയില്ല. പക്ഷെ ക്ലാസില്‍ എല്ലാവരും സാറിന്റെ വേഗതയെ ചൊല്ലി ചര്‍ച്ചയായി. നിര്‍ത്തി നിര്‍ത്തി പാടാന്‍ ആരെങ്കിലും ഒന്ന് പറയണം. ആരു പറയും. ഒടുവില്‍ തീരുമാനമായി. ഞാന്‍ പറയാം. ഞാന്‍ തന്നെ പറഞ്ഞു. കേട്ടയുടനെ സ്വതസിദ്ധമായ ഉറക്കെയുള്ള പൊട്ടിച്ചിരി. ഇതിനായിരുന്നോ ഇത്രനാളത്തെ കഥകളി. അന്നു മുതല്‍ പിന്നെ എന്നും നിര്‍ത്തി നിര്‍ത്തി മാത്രമേ പാടിയിട്ടുള്ളു.ആര്‍ക്കും എന്ത് ചോദ്യവുമായി ഏതു സമയവും കടന്നുചെല്ലാമായിരുന്നു. പൊട്ട ചോദ്യങ്ങള്‍ക്ക് ചെവി നിറച്ചു ചീത്തയും പറഞ്ഞു. പാഠഭാഗത്തിലെ സംശയം മുതല്‍ ശമ്പള ദിവസം വാങ്ങിത്തരേണ്ട ചോക്കോബാറിന്റെ കണക്കുവരെ ഞങ്ങള്‍ സാറിനെ അറിയിച്ചു. ശമ്പളം കിട്ടുമ്പോഴൊക്കെ ഒരു ചടങ്ങുപോലെ സാര്‍ അത് വാങ്ങിത്തരുകയും ചെയ്യും. ഞങ്ങളില്‍ ചിലരൊക്കെ ചോക്കോബാറെന്ന ഒരു സാധനം ഭൂമിയില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞതു തന്നെ സാറത് വാങ്ങിത്തരാന്‍ തുടങ്ങിയതില്‍ പിന്നെയാണ്.ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇടവഴിയിലൂടെ തെണ്ടിത്തിരിഞ്ഞ് നടന്നപ്പോഴൊക്കെ ചില നേരങ്ങളില്‍ അടുത്ത് വിളിച്ച് ചില പുസ്തകങ്ങള്‍ തരും. ആദ്യം തന്നത് ചാര്‍ളി ചാപ്ലിന്റെ ജീവചരിത്രമായിരുന്നു. പിന്നെ ലേഖനങ്ങള്‍, നോവലുകള്‍, കവിതകള്‍... വായിച്ച ശേഷം അഭിപ്രായം പറയണം. അത് നിര്‍ബന്ധമാണ്. ആ അഭിപ്രായം പറച്ചില്‍ ഒടുവില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയാകുമായിരുന്നു. വായനയെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിച്ചത് ആ കാലത്തായിരുന്നു.ദേഷ്യം വരുന്ന സാറിനെ ഒരു നിമിഷം പോലും അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ഏതെങ്കിലും വിഷയം ഉഴപ്പിയാല്‍, മടി കാണിച്ചാല്‍ ചെവിപൊട്ടുന്ന ചീത്തയായിരുന്നു. സെമിനാര്‍ നടക്കുമ്പോള്‍ ആരൊക്കെ ഏതൊക്കെ വിഷയത്തില്‍ പേപ്പര്‍ തയ്യാറാക്കണമെന്ന് പറഞ്ഞത് സാറാണ്. വിഷയം തെരഞ്ഞെടുത്ത് തന്നതും സാറായിരുന്നു. ഞങ്ങള്‍ക്ക് എന്തൊക്കെയാണ് ചെയ്യാന്‍ പറ്റുക എന്ന് ഞങ്ങളെക്കാള്‍ നന്നായി അറിഞ്ഞത് സാറായിരുന്നു. ഫൈനല്‍ എംഎ ഡെസര്‍ട്ടേഷന് ജോണ്‍ എബ്രഹാമിന്റെ സിനിമകള്‍ ചെയ്യാന്‍ എന്നോടു പറഞ്ഞതും പ്രോത്സാഹിപ്പിച്ചതും സാറായിരുന്നു. സിനിമ അന്ന് ഞങ്ങളുടെ പഠനവിഷയമായിരുന്നെങ്കിലും അതില്‍ അന്ന് ഡെസര്‍ട്ടേഷന്‍ ചെയ്യാന്‍ എന്തോ പരിമിതികള്‍ ഉണ്ടായിരുന്നു. അതിനാലത് നടന്നില്ല. എങ്കില്‍ ജോണ്‍ എബ്രഹാമിന്റെ ചെറുകഥകള്‍ എടുക്കാന്‍ പറഞ്ഞു. കഥകള്‍ കൊണ്ട് കൈയില്‍ തന്നു. എന്നാലും റഫറന്‍സ് കുറവാണ്, ജോണിനെ അറിയാന്‍. അതിനു പരിഹാരം കണ്ടെത്തിയത് സാറായിരുന്നു. ജോണിന്റെ അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്തി തന്നു. ഞാന്‍ ജോണിനെ വായിച്ചറിഞ്ഞതില്‍ കൂടുതല്‍ കേട്ടറിഞ്ഞാണ് ഡെസര്‍ട്ടേഷന്‍ പൂര്‍ത്തിയാക്കിയത്.

ഗസറ്റ് ലക്ചറില്‍ നിന്ന് നിലമേല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായി സാര്‍ മാറി. ഞങ്ങളും കോളേജ് കഴിഞ്ഞു. മാസത്തില്‍ ഒരു കത്ത് സാര്‍ പതിവായി എഴുതി. ഒരു നല്ല എഴുത്തുകാരി ആവാന്‍ എങ്ങനെയൊക്കെ എഴുതണം എന്ന ഉപദേശമായിരുന്നു അതില്‍ മുഴുവന്‍. അന്നെന്റെ വീട്ടില്‍ ലാന്‍ഡ് ഫോണ്‍ ഇല്ലായിരുന്നു. എന്തെങ്കിലുമൊക്കെ എഴുതണമെന്ന്‍ എന്നെ നിര്‍ബന്ധിച്ചതും മടിച്ചപ്പോഴൊക്കെ കണ്ണുപൊട്ടുന്ന തെറിവിളിച്ചതും കക്ഷിയായിരുന്നു. ഒടുവില്‍ ആ ചീത്ത പേടിച്ചുമാത്രം എഴുതും. എഴുതുന്നത് സ്റ്റാച്യു പരിസരം വഴി പോകുമ്പോള്‍ എപ്പോഴെങ്കിലും കയ്യില്‍ വാങ്ങും. ഏതെങ്കിലും മാസികയില്‍ കൊടുക്കും. അച്ചടിച്ചു വരുമ്പോള്‍ മാസിക അയച്ചുതരികയോ, കൊണ്ടുതരികയോ ചെയ്യും. നാട്ടിലെവിടെ സാഹിത്യ സെമിനാര്‍ നടന്നാലും വിളിക്കും. 'നീ പോയി ഒരു പേപ്പര്‍ അവതരിപ്പിക്കണം'. ചിലപ്പോഴൊക്കെ പോയി. ചിലപ്പോള്‍ പോയില്ല. പോകാത്ത ദിവസം തുടര്‍ച്ചയായി ചീത്ത പറയും. ഇനിയൊരു വക പറയില്ലെന്ന് പറഞ്ഞ് ഫോണ്‍ വയ്ക്കും. രണ്ടാഴ്ച കഴിയുമ്പോള്‍ വീണ്ടും വിളിക്കും. ഇതായിരുന്നു എപ്പോഴും സംഭവിച്ചത്.എന്റെ സാമൂഹ്യസേവനങ്ങള്‍ക്കുള്ള ഫണ്ട് എല്ലാം സാറായിരുന്നു തന്നിരുന്നത്. അവിടേക്ക്, ഇവിടേക്ക് എന്ന് എപ്പോള്‍ പറഞ്ഞാലും കാശ് തന്നിരുന്നു. 'നീ ഇതൊക്കെ എത്തിക്കേണ്ടിടത്ത് എത്തിക്കുന്നോ, അതോ കോഫി ഹൗസില്‍ ചായ കുടിച്ച് തീര്‍ക്കുന്നോ' എന്നൊക്കെ തമാശയായി ചോദിച്ചു. 'സംശയമുള്ളവര്‍ക്ക് കൂടെ വരാം...' എന്ന് പറയുമ്പോള്‍ 'ഒരു സംശയവുമില്ല പൊന്നോ... നീ പോയി നാട്ടുകാരെ സേവിച്ച് വാ...' എന്നു പറഞ്ഞ് പൊട്ടിച്ചിരിക്കും. പെണ്ണും പിടക്കോഴിയും പ്രാരാബ്ധവും ഇല്ലാത്തവര്‍ക്ക് യു.ജി.സി ഇത്രയും ഉയര്‍ന്ന സ്‌കെയിലൊന്നും കൊടുക്കാന്‍ പാടില്ല എന്നു പറയുമ്പോള്‍, 'പിന്നെ നീ ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാനെവിടുന്നെടുത്ത് തരുമായിരുന്നു' എന്ന മറുപടിയില്‍ നിര്‍ത്തും.സാര്‍ പിഎച്ച്ഡി ഗൈഡായപ്പോള്‍ എന്നോട് പറഞ്ഞു, വേഗം നെറ്റ് എഴുതി പാസായി വന്നാല്‍ ഒരു സീറ്റ് ഒഴിച്ചിടാമെന്ന്. പക്ഷെ ഈ സിംഹത്തിനൊപ്പം പിഎച്ച്ഡി. ചെയ്യാന്‍ പേടിയായിരുന്നു. സാര്‍ വിചാരിക്കുന്ന അത്രയും പെര്‍ഫെക്ഷന്‍ കൊടുക്കാന്‍ കഴിയാത്ത കുട്ടികള്‍ ഗവേഷണം പകുതിക്കിട്ട് ഓടുന്നത് കണ്ടപ്പോള്‍ ഒരിക്കലും ഞാന്‍ സാറിനു കീഴില്‍ പിഎച്ച്ഡി. ചെയ്യില്ലെന്ന് കരുതി. പക്ഷേ സാറെപ്പോഴും ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു.2012 ജനുവരി 25-ന് എന്റെ അച്ഛന്‍ അപകടത്തില്‍ മരിച്ച ദിവസം വെളുപ്പിന് വിവരം അറിഞ്ഞ് ഞങ്ങള്‍ വര്‍ക്കല ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് യാത്ര തിരിച്ചു. ആശുപത്രിയിലെത്തിയെങ്കിലും മോര്‍ച്ചറി തുറക്കാന്‍ സമയമെടുക്കും എന്നുള്ളതിനാല്‍ പുറത്തായിരുന്നു. ആ സമയം സാര്‍ വിളിച്ചു. എവിടെയോ പേപ്പര്‍ അവതരിപ്പിക്കുന്ന കാര്യം പറയാനാണ് വിളിച്ചത്. മോര്‍ച്ചറിക്കു മുന്നിലാണെന്നു പറഞ്ഞപ്പോള്‍ വേഗം ഫോണ്‍ കട്ട് ചെയ്തു. സാറിന്റെ വീട് നാവായിക്കുളം ആയതുകൊണ്ട് തന്നെ പതിനഞ്ചു മിന്നിട്ടിനുള്ളില്‍ സാറവിടെ എത്തി. മോര്‍ച്ചറി തുറന്നപ്പോള്‍ തിരിച്ചറിയാന്‍ എനിക്കു മുമ്പേ സാര്‍ ഓടിക്കയറുന്നതു കണ്ടു. വീട്ടില്‍ എല്ലാവര്‍ക്കും സാറിനെ അറിയാവുന്നതുകൊണ്ട് ആര്‍ക്കും ഈ പ്രവൃത്തിയില്‍ ഒരു അത്ഭുതവും തോന്നിയില്ല. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് വര്‍ക്കല കുടുംബവീട്ടില്‍ അച്ഛനെ കൊണ്ടുവന്നപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കെല്ലാം സാര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്റെ അമ്മാവന്‍മാര്‍ 'ഇവനാരടാ' എന്ന മട്ടില്‍ നോക്കുന്നുണ്ട്. ചിതയിലേക്കെടുക്കുമ്പോള്‍ ഒരു കൈ താങ്ങുന്നതും മേലെത്തട്ടില്‍ ചിത കത്തുമ്പോള്‍ ഒരു വശത്ത് മാറി നിന്ന് നോക്കുന്നതും ഞാന്‍ ജനലിലൂടെ നോക്കി നിന്നു.

എന്റെ അമ്മാവന്‍ എന്നോട്, അത് ആരാണെന്ന് ചോദിച്ചു. വിമെന്‍സ് കോളേജില്‍ പഠിപ്പിച്ച സാറാണ്. അമ്മാവന് വിശ്വാസം പോരാ. വിമെന്‍സ് കോളേജില്‍ എന്തോരം കുട്ടികളുണ്ട്. ഒരു കുട്ടിയുടെ അച്ഛന്റെ മരണത്തില്‍? 'സാറിന്റെ എല്ലാ കുട്ടികളുടെയും കാര്യത്തില്‍ സാര്‍ ഇങ്ങനെയാണ്, ആര് ഒരു സഹായമോ വിഷമമോ പറഞ്ഞാലും സാര്‍ വരാറുണ്ട്, തന്നാലാകുന്ന സഹായം ചെയ്യാറുണ്ട്.' എന്റെ മറുപടിയില്‍ അവര്‍ തൃപ്തയല്ലായിരുന്നു. നന്മ കാണാതെ, എങ്ങാനും ഒരു നന്മ കണ്ടാല്‍ അതു നന്മയാണോ എന്ന് സംശയിക്കുന്ന സമൂഹമായി പോയി നമ്മുടേത്. സന്ധ്യയ്ക്ക് ചിത അണയും വരെ സാറവിടെ ഉണ്ടായിരുന്നു. അതിനുശേഷം യാത്ര പറഞ്ഞുപോയി.പിന്നെയും മാസത്തില്‍ ഒന്നോ രണ്ടോ തവണ വിളിക്കും. അവിടെ എഴുതണം. ഇവിടെ എഴുതണം. അവിടെ അയയ്ക്കണം, ഇവിടെ അയയ്ക്കണം. അവിടെ സെമിനാറുണ്ട്. അവിടെ ചര്‍ച്ച ഉണ്ട്... ഇതൊക്കെ പറയും. പോകാത്തതിനും ചെയ്യാത്തതിനും ഒക്കെ പതിവു ചീത്തയും മുടങ്ങാതെ വന്നു. 2015 നവംബര്‍ ആദ്യ ആഴ്ച വിളിച്ചു. ആറ്റിങ്ങലിലെ സാഹിത്യ സെമിനാറില്‍ പോകണമെന്നു പറയാന്‍. ലീവ് കിട്ടിയാലേ പോകൂ എന്ന് പറഞ്ഞതിന് കുറേ ചാടിയിട്ട് ഫോണ്‍ വച്ചു. പിന്നെ അടുത്ത ആഴ്ച നയനയുടെ ഫോണ്‍ വിളിയിലെ വാര്‍ത്തയാണ്. മരിച്ചു കിടക്കുന്ന സാറിനെ കാണാന്‍ ഞാന്‍ പോയില്ല.എനിക്ക്, ആ പല്ലുമുഴുവന്‍ പുറത്തു കാണിച്ചു ചിരിക്കുന്ന, പുരികം ചുളിച്ച് ദേഷ്യപ്പെടുന്ന മുഖം മാത്രം ഓര്‍മ്മയില്‍ തെളിഞ്ഞാല്‍ മതിയായിരുന്നു. അതുകൊണ്ട് പോയില്ല.ഇതെന്റെ മാത്രം അനുഭവമല്ല. സാറിനെ അടുത്തറിയുന്ന ഓരോരുത്തര്‍ക്കും ഇതുപോലെ പറയാന്‍ ഒത്തിരിയേറെ അനുഭവം ഉണ്ടാകും. ഇന്നു ഞാനെഴുതുന്ന എന്തൊക്കെയാണോ, അതിനൊക്കെ ആദ്യനാളുകളില്‍ പ്രോത്സാഹിപ്പിച്ചതില്‍ ഒരാള്‍ സാറാണ്. എഴുതാന്‍ പേന കൈയില്‍ തന്ന ആള്‍. എഴുത്തിനെ ഞാന്‍ ഗൗരവമായി സമീപിച്ചപ്പോള്‍ അതൊന്നും സാര്‍ കണ്ടതുമില്ല. അതിലുമേറെ എന്നെ അത്ഭുതപ്പെടുത്തുന്നത് സാറിനെ കുറിച്ച് ഞാനെഴുതുന്നു എന്നതാണ്. ചെവിക്കു പിടിക്കാനോ, ചീത്ത പറയാനോ സാര്‍ വരില്ലെന്ന ധൈര്യത്തില്‍....(അധ്യാപികയാണ് രാജലക്ഷ്മി)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories