TopTop
Begin typing your search above and press return to search.

അമേരിക്കയിലെ ഓഹിയോയില്‍ വംശീയാതിക്രമങ്ങള്‍ പെരുകുന്നു: ഇന്ത്യന്‍ സമൂഹം ഭീതിയില്‍

അമേരിക്കയിലെ ഓഹിയോയില്‍ വംശീയാതിക്രമങ്ങള്‍ പെരുകുന്നു: ഇന്ത്യന്‍ സമൂഹം ഭീതിയില്‍

അമേരിക്കയിലെ ഓഹിയോയില്‍ ഡബ്ലിനിലുള്ള കാര പാര്‍ക്കില്‍ അവിടുത്തെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം പതിവുപോലെ വൈകുന്നേരം ചിലവഴിക്കാന്‍ എത്തിയതായിരുന്നു. വൈകീട്ട് ക്രിക്കറ്റ് അടക്കമുള്ള ഒക്കെ ചെയ്യുന്ന ഒരു സ്ഥലമാണ് ഈ പാര്‍ക്ക്. പെട്ടെന്ന് അപരിചിതനായ ഒരാള്‍ ആ കൂട്ടത്തിലേക്ക് കടന്നുവരികയും അവിടെ നടക്കുന്ന പ്രവൃത്തികള്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. ഇയാള്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും അമേരിക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കുകയും അമേരിക്കക്കാരുടെ ജീവിതശൈലി മാറ്റിമറിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരെ കുറിച്ച് അതിന് അടിക്കുറിപ്പിടുകയും ചെയ്തു.

ഈ സംഭവം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തില്‍ വലിയ ഭീതിയാണ് വിതച്ചിരിക്കുന്നത്. പ്രത്യേകിച്ചും, 'നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോകൂ' എന്ന് ആക്രോശിച്ചുകൊണ്ട് ഇന്ത്യന്‍ വംശജരായ ശ്രീനിവാസ് കുച്ചിബോട്ട്‌ല എന്ന ഐടി എഞ്ചിനീയറെ വെടിവച്ച് കൊല്ലുകയും ദീപ് റായി എന്ന സിഖുകാരന്‍ വ്യാപാരിയെ വെടിവച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് ശേഷം. ഓഹിയോ സംസ്ഥാനത്താണ് ഇപ്പോഴത്തെ സംഭവം നടന്നത് എന്നതും അവരുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നു. വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ശാലകള്‍ മാറ്റി സ്ഥാപിക്കപ്പെട്ടത് മൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഓഹിയോ. അമേരിക്കക്കാര്‍ ആദ്യം എന്ന മുദ്രാവാക്യമുയര്‍ത്തി വിഭാഗീയത സൃഷ്ടിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ നിര്‍ണായ പങ്ക് വഹിച്ച സംസ്ഥാനം കൂടിയാണിത്. ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇവിടെ തങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വര്‍ഗ്ഗീയ അധിക്ഷേപവും ഭീഷണിയും നടക്കുന്നതായി ഇന്ത്യന്‍ സമൂഹം ചൂണ്ടിക്കാണിക്കുന്നു.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന തന്നെ ഒരാള്‍ പിന്തുടരുകയും നാട്ടിലേക്ക് മടങ്ങിപ്പോകൂ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഓഹിയോയില്‍ ഇരുപത് വര്‍ഷമായി ജീവിക്കുന്ന ഒരു ഇന്ത്യന്‍ വംശജന്‍ പറയുന്നു. വാഹനം അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത് കഷ്ടിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജനുവരിയില്‍ ഡബ്ലിനിലെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ഇറങ്ങിവന്ന ഒരു ഇന്ത്യക്കാരി തന്റെ കാറില്‍ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കര്‍ കണ്ട് ഞെട്ടി: 'ഇപ്പോള്‍ ഒരു കുറിപ്പ്, അടുത്ത തവണ അതുണ്ടാവില്ല,' എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. രണ്ടാഴ്ച മുമ്പ് കൊളമ്പസില്‍ ഇന്ത്യക്കാരുടെ നിരവധി കാറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

വീഡിയോ പോസ്റ്റ് ചെയ്ത ആളെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഡബ്ലിന്‍ പോലീസ് പറയുന്നത്. അയാള്‍ ഈ നഗരത്തില്‍ ജീവിക്കുന്ന ആളല്ലെന്നും പുറത്തെവിടെയോ നിന്ന് വന്നതാണെന്നും ഡബ്ലിന്‍ സീനിയര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ലിന്‍ഡ്‌സെ വെയ്‌സെന്‍യൂര്‍ പറഞ്ഞു. എന്തെങ്കിലും നിയമം ലംഘിച്ചതിന് നിലവില്‍ തെളിവൊന്നും ഇല്ലെന്നും എന്നാല്‍ ആര്‍ക്കെങ്കിലും ഭീഷണിപ്പെടുത്തിയതായി തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് തങ്ങളെ സമീപിക്കാമെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോയെ കുറിച്ച് അന്വേഷിക്കുകയാണെന്നും എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ഹിന്ദു അണേരിക്കാന്‍ ഫൗണ്ടേഷന്റെ അഭിഭാഷകന്‍ സുഹാഗ് ശുക്ല പറഞ്ഞു. സ്വകാര്യതയെ കുറിച്ചു നിയമങ്ങള്‍ ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Next Story

Related Stories