TopTop
Begin typing your search above and press return to search.

ജാതി-വംശ പോരാട്ടം; ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചില താരതമ്യങ്ങള്‍

ജാതി-വംശ പോരാട്ടം; ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചില താരതമ്യങ്ങള്‍

തങ്ങള്‍ എതിര്‍ത്തു പോരാടുന്ന പ്രക്രിയകളായ വംശീയത, ജാതീയത, പുരുഷ മേധാവിതം, മുതലാളിത്തം, സാമ്രാജ്യത്തം തുടങ്ങിയവയുടെ സ്വഭാവത്തെക്കുറിച്ചുള്ള ചരിത്രാഖ്യാനങ്ങള്‍ രചിക്കേണ്ടത് അത്യാവശ്യമാണെന്ന് ബുദ്ധിജീവികളായ സാമൂഹ്യപ്രവര്‍ത്തകര്‍ കരുതുന്നു. പ്രതീക്ഷിക്കാവുന്നതുപോലെ ഉന്നത ഗവേഷണ മേഖലയില്‍ ഔദ്യോഗിക ഭാഷ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ഇവരുടെ പഠനങ്ങള്‍ വസ്തുനിഷ്ഠമല്ലെന്ന് വാദിക്കുന്നു. പലപ്പോഴും ‘ആദരണീയമായ സ്ഥാപനത്തെ’ ‘രാഷ്ട്രീയവത്കരിക്കുന്നതില്‍’ നിന്നും രക്ഷിക്കാന്‍ ഇവരില്‍ നിന്നും ‘ശുദ്ധീകരിക്കാനും’ ശ്രമിക്കുന്നു. ഈ ബുദ്ധിജീവി സാമൂഹ്യപ്രവര്‍ത്തകരാണ് പ്രതീക്ഷയുണര്‍ത്തുന്ന വിമോചന പ്രതിബദ്ധതയില്‍ നിന്നും എഴുതുന്നതെന്ന് നാം മനസിലാക്കേണ്ടതുണ്ട്. വ്യവസ്ഥാപിത പണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ കാലങ്ങളിലെ വിമോചന പോരാട്ടങ്ങളിലെ വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ചരിത്രത്തിന്റെ സൃഷ്ടിയില്‍ മനുഷ്യരുടെ പങ്കിനും അവര്‍ വലിയ പ്രാധാന്യം നല്കുന്നു.

അത്തരമൊരു ബുദ്ധിജീവി സാമൂഹ്യ പ്രവര്‍ത്തകയായ ഏഞ്ചല ഡേവിസ്, ‘കറുത്ത ജീവിതങ്ങള്‍, ദളിത ജീവിതങ്ങള്‍; ചരിത്രങ്ങളും ഐക്യദാര്‍ഢ്യങ്ങളും’ എന്ന വിഷയത്തില്‍ കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന എട്ടാമത് അനുരാധ ഘാണ്ടി അനുസ്മരണ പ്രഭാഷണത്തില്‍ യു.എസിലെ കറുത്ത വര്‍ഗക്കാരുടെയും ഇന്ത്യയിലെ ദളിതരുടെയും പ്രതിസന്ധികളെ തമ്മില്‍ ബന്ധിപ്പിച്ചു സംസാരിക്കുകയുണ്ടായി. “വംശവും ജാതിയും അടിസ്ഥാനപരമായി ഒന്നല്ലെങ്കിലും; അവ രണ്ടും കീഴ്പ്പെടുത്തലിന്റെ വ്യത്യസ്ത രീതികളാണ്,” എന്നു പറഞ്ഞുകൊണ്ടു, “ഇന്ത്യയിലെ ദളിത് ജനതയുടെ നീണ്ട കാലത്തെ ചരിത്രത്തില്‍ നിന്നും പഠിക്കേണ്ടതിന്റെ” പ്രാധാന്യവും അവര്‍ എടുത്തുകാട്ടി. യു.എസിലെ കഴിഞ്ഞ കാലത്തെയും നിലവിലെയും കറുത്തവരുടെ വിമോചന പോരാട്ടങ്ങളെക്കുറിച്ചറിയാനും എല്ലാ മനുഷ്യരുടെയും വിമോചനത്തിന് ഇത്തരം വിമോചനങ്ങള്‍ അനിവാര്യമാണെന്നും അതുകൂടാതെ അസാധ്യമാണെന്ന് തിരിച്ചറിയാനുമുള്ള വലിയൊരവസരമായിരുന്നു ഡേവിസിന്റെ പ്രഭാഷണം.

ഡേവിസ് ഒരു കാലത്ത് Student Nonviolent Coordinating Committee, Black Panther Party, യു‌എസ്‌എ കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നിവയില്‍ അംഗമായിരുന്നു. ഒരു സമയത്ത് ഒരു പിടികിട്ടാപ്പുള്ളിയായും ‘അമേരിക്കയിലെ ഏറ്റവും പിടികിട്ടേണ്ട കുറ്റവാളിയായും’ എഫ്‌ബി‌ഐ അവരെ പ്രഖ്യാപിച്ചിരുന്നു. അവര്‍ ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരിലായിരുന്നു ഇത്. ഇതില്‍ പിന്നീട് കോടതി അവരെ കുറ്റവിമുക്തയാക്കി. 1969-ല്‍ അന്നത്തെ കാലിഫോര്‍ണിയ ഗവര്‍ണറായിരുന്ന റൊണാള്‍ഡ് റീഗന്‍ സംസ്ഥാനത്തെ ഏത് സര്‍വകലാശാലയിലും പഠിപ്പിക്കുന്നതില്‍ നിന്നു അവരെ വിലക്കാന്‍ ശ്രമിച്ചു. ഈ ചരിത്രം നോക്കിയാല്‍, യു.എസിലെ കറുത്ത വര്‍ഗക്കാരുടെ ഇപ്പോഴത്തെ മുന്നേറ്റം “വിധേയത്വത്തിന് പകരം വിമോചനം വാഗ്ദാനം ചെയ്യുന്ന കറുത്ത മിശിഹാ നേതാക്കളില്‍” കുടുങ്ങിക്കിടക്കുകയല്ല എന്നറിയുന്നത് നല്ല കാര്യമാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോഴത്തെ Black-Lives-Matter മുന്നേറ്റം കറുത്ത സ്ത്രീവാദ സ്ത്രീപ്രവര്‍ത്തകര്‍ മുന്‍നിരയില്‍ ഉള്ള ഒന്നാണെന്നും അവര്‍ പറഞ്ഞു.

ഡേവിസിന്റെ പ്രഭാഷണത്തില്‍ കടന്നുവന്ന ഒരു സംഗതി കഴിഞ്ഞ കാലങ്ങളിലെ കറുത്തവര്‍ക്കെതിരായ വംശീയ കൊലകളില്‍ മാറ്റത്തോടൊപ്പം തുടര്‍ച്ചയും ദര്‍ശിക്കുന്നതാണ്. 2014-ല്‍ മിസൌറിയിലെ ഫെര്‍ഗൂസനില്‍ 18-കാരനായ മൈക്കല്‍ ബ്രൌണിനേ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നത്, നഗരത്തിന്റെ ഭരണം കറുത്തവരുടെ രാഷ്ട്രീയ സംവിധാനത്തിന്റെ കീഴിലായിട്ടും 2015-ല്‍ ബാള്‍ടിമോര്‍ പോലീസ് 25-കാരനായ ഫ്രെഡി ഗ്രേയെ കൊന്നത് എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളായി വന്നു. അടിസ്ഥാനപരമായി പറഞ്ഞാല്‍, ഭരണകൂട അനുമതിയോടെ കറുത്ത വര്‍ഗക്കാരെ കൊല്ലുന്നതാണ് മുമ്പും ഇപ്പൊഴും യു.എസില്‍ നടക്കുന്നത്. ഇത്തരം കൊലപാതകങ്ങള്‍, അത് മുന്‍കാലങ്ങളില്‍ വേളകാരായ വംശീയവാദികള്‍ നടത്തിയാലും ഇപ്പോള്‍ പോലീസ് നടത്തുമ്പോഴും വെള്ളക്കാരന്റെ മേധാവിത്തമെന്ന വംശീയ വികാരത്തിന്റെ ആത്യന്തികമായ ഊട്ടിയുറപ്പിക്കലാണ്.

ചൂഷണവും വംശീയ വിവേചനവും അമേരിക്കന്‍ മുതലാളിത്തത്തിന്റെ ഘടനയ്ക്കുള്ളില്‍ വേരുറപ്പിച്ചവയാണെന്ന് നാം നമ്മെ ഓര്‍മ്മിപ്പിക്കണം. വെള്ളക്കാരായ ഭരണവര്‍ഗത്തിനെതിരായ പൊതുപോരാട്ടത്തില്‍ ആഫ്രിക്കന്‍-അമേരിക്കക്കാരും വെള്ളക്കാരായ തൊഴിലാളികളും സ്വാഭാവിക സഖാക്കളാകാനുള്ള സാധ്യതയുണ്ടെന്ന് ഒരാള്‍ക്ക് തോന്നാം. പക്ഷേ വംശീയ പ്രത്യയശാസ്ത്രം (വെള്ള മേധാവിത്തം-കറുത്തവന്റെ അപകര്‍ഷത) ഇപ്പൊഴും ചൂഷിതരേയും അടിച്ചമര്‍ത്തപ്പെട്ടവരെയും വിഭജിക്കുന്നു. ഈ പ്രത്യയശാസ്ത്രത്തിന്റെ വേരുകള്‍ 16, 17 നൂറ്റാണ്ടുകളിലെ മുതലാളിത്തത്തിന്റെ അന്താരാഷ്ട്ര വികാസത്തിലാണ് ഉള്ളത്. അതിനു മഞ്ഞയോ, തവിട്ടോ, ചുവപ്പോ കറുപ്പോ ആകട്ടെ, ഉടനടി ചൂഷണം ചെയ്യാവുന്ന തൊഴില്‍ ശേഷി ആവശ്യമായിരുന്നു. അമേരിക്കയിലെ പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനായാണ് ആഫ്രിക്കയില്‍ നിന്നും കറുത്ത വര്‍ഗക്കാരെ ബലപ്രയോഗത്തിലൂടെ അടിമകളാക്കി കൊണ്ടുവന്നത്. ആഭ്യന്തര യുദ്ധം അടിമത്തം നിരോധിച്ചെങ്കിലും വംശീയ മുന്‍വിധികളും വേര്‍തിരിവും കറുത്തവരും വെളുത്തവരും മറ്റ് വംശീയ വിഭാഗങ്ങളില്‍പ്പെട്ടവരുമായ തൊഴിലാളികള്‍ തമ്മില്‍ തൊഴിലാളി-വര്‍ഗ ഐക്യദാര്‍ഢ്യം ഉണ്ടാകുന്നതിനെ തടഞ്ഞു. 1950-കളിലും 1960-കളിലുമുള്ള പൌരാവകാശ മുന്നേറ്റങ്ങള്‍ക്ക് ശേഷം കറുത്തവരുടെ രാഷ്ട്രീയ സംവിധാനങ്ങളും ഉരുത്തിരിഞ്ഞുവന്നു. ഇന്നിപ്പോള്‍ മറ്റെന്നെത്താക്കളും കൂടുതലായി തങ്ങളുടെ കൂട്ടത്തില്‍ കൂട്ടുകയും അടിച്ചമര്‍ത്തലും വഴിയാണ് കറുത്തവരുടെ വിമോചന പോരാട്ടങ്ങളെ വെള്ളക്കാരായ ഭരണവര്‍ഗം അടിച്ചമര്‍ത്തുന്നത്.

വംശത്തില്‍ നിന്നും വ്യത്യസ്തമായി ചരിത്രാതീത കാലം മുതലുള്ള ജാതീയതയെ ഇല്ലാതാക്കുക എന്നതിന് ചുറ്റുമാണ് ഇന്ത്യയിലെ ദളിത വിമോചന പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്. കൊളോണിയല്‍ കാലഘട്ടം മുതല്‍ക്ക് മുതലാളിത്തം വികസിക്കാന്‍ തുടങ്ങിയിട്ടും ജാതി വ്യവസ്ഥ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ ഭദ്രവും ഉറച്ചതുമാണ്. വംശീയ പ്രശ്നം യു.എസില്‍ നിലവിലെ സാമൂഹ്യസ്ഥിതിക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. അപമാനത്തിന്റെയും നിന്ദയുടെയും ക്രൂരതയുടെയും പ്രധാന ഇരകള്‍ ദളിതര്‍ ആയിരുന്നെങ്കിലും പല തട്ടിലുള്ള അസമത്വത്തിന്റെ ഘടന വെച്ചു നോക്കിയാല്‍ യാഥാസ്ഥിതികവും വിഭാഗീയവുമായ ഒരു സ്ഥിരത ഉറപ്പുവരുത്തുന്ന സ്ഥാപനമായാണ് ജാതി വ്യവസ്ഥ നിലനിന്നത്.

ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയെ ജാതി വ്യവസ്ഥ ആഴത്തില്‍ വിഭജിക്കുകയും തരംതാഴ്ത്തുകയും ചെയ്തു. മാലിന്യം കോരുന്നവര്‍, കക്കൂസ് വൃത്തിയാക്കുന്നവര്‍ തുടങ്ങിയ ഇക്കൂട്ടത്തിലെ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ തൊട്ടുകൂടാത്തവരായാണ് മറ്റുള്ളവര്‍ കണ്ടത്. ജാതി ഹിന്ദുക്കള്‍ തൊട്ടുകൂടാത്തവരെ അധ:കൃതരായി കാണുമ്പോള്‍ ഇക്കൂട്ടത്തിലെ ഒരു വിഭാഗം അതേ തരത്തില്‍ അതിലേറെ തൊട്ടുകൂടാത്തവരായി വീണ്ടുമൊരു കൂട്ടരെ കാണുന്നു. പിന്നാക്ക വിഭാഗക്കാരുടെയും ദളിതരുടെയും ശരാശരി വരുമാനവും വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളും വര്‍ദ്ധിപ്പിച്ചെങ്കിലും, സംരക്ഷണ വിവേചനം എന്നു വിളിക്കാവുന്ന സംവരണം-രാഷ്ട്രീയ സംവിധാനത്തിലും, വിദ്യാഭ്യാസത്തിലും, സര്‍ക്കാര്‍ ജോലികളിലും- ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥകളെ കൂടുതല്‍ വിപുലമാക്കിയിരിക്കുന്നു. അത് ജനങ്ങള്‍ തമ്മിലുള്ള വിഭജനത്തിന്റെ ആഴം ഒന്നുകൂടി വര്‍ദ്ധിപ്പിക്കാനും ഇടയാക്കി. ഇന്ത്യയുടേതുപോലൊരു ഗതികേട് മറ്റൊരു രാജ്യത്തിനും വരാന്‍ ആരും ആഗ്രഹിക്കില്ല.

(ഏകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories