TopTop

മനുവാദികള്‍ക്ക് മുന്നില്‍ തല കുനിക്കരുത്; മക്കളേ, നിങ്ങള്‍ ആത്മഹത്യ ചെയ്യരുത്, ജീവിക്കൂ, പോരാടൂ...

മനുവാദികള്‍ക്ക് മുന്നില്‍ തല കുനിക്കരുത്; മക്കളേ, നിങ്ങള്‍ ആത്മഹത്യ  ചെയ്യരുത്, ജീവിക്കൂ, പോരാടൂ...
കാത്തിരിക്കുന്ന അമ്മമാരെ മറക്കരുത്, ഒറ്റയടിക്ക് എല്ലാം ഇങ്ങനെ അവസാനിപ്പിക്കരുത്. ആത്മഹത്യ ചെയ്യരുത്. അവന്‍ ജീവിച്ചിരുന്നെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുമായിരുന്നു... രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അമ്മ രാധിക വെമുലയ്ക്ക് പറയാനുള്ളത് ഇതാണ്. രോഹിതിന്‌റെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകം രാജ്യത്തെ ദളിത് മുന്നേറ്റങ്ങള്‍ക്കും വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്കും തീ പകര്‍ന്നു. അത് ഭരണകൂട ധാര്‍ഷ്ട്യങ്ങളെ പിടിച്ചുലച്ചു. എന്നാല്‍ ഹിന്ദുത്വ ഫാസിസ്റ്റ്-കോര്‍പ്പറേറ്റ്-ബ്രാഹ്മണിക് സഖ്യം ഭരണം നിയന്ത്രിക്കുകയും അവരുടെ സ്വാധീനം ഓരോ ദിവസവും വലുതായി വരികയും ചെയ്യുന്ന സാഹര്യത്തില്‍ ജീവിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്ന് രാധിക വെമുല പറയുന്നു. മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വൈകാരികത മാത്രമല്ല അതിലുള്ളത്, യാഥാര്‍ത്ഥ്യബോധവും പ്രത്യാശയയും നിശ്ചയദാര്‍ഢ്യവുമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക വെമുല ഇക്കാര്യം പറയുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ അവനൊരു ഗവണ്‍മെന്‌റ് ജോലി കിട്ടുമെന്നും പുതിയ വീട്ടിലേയ്ക്ക് മാറുമെന്നും പറഞ്ഞു. അവനൊരു കാറ് വാങ്ങി എന്നെ ഹൈദരാബാദ് മുഴുവന്‍ ചുറ്റിക്കാണിക്കുമെന്ന് പറഞ്ഞു. അവനെനിക്ക് ഒരുപാട് പ്രതീക്ഷകള്‍ തന്നു. എന്നെ നിറയെ സന്തോഷിപ്പിച്ചു. പിറ്റെ ദിവസം അവന്‍ വീട്ടില്‍ നിന്ന് പോയി. പിന്നെ ഞാനവനെ കണ്ടിട്ടില്ല. നിങ്ങള്‍ 'രോഹിത് വെമുല അമര്‍ രഹേ' എന്നെല്ലാം ഉറക്കെ മുദ്രാവാക്യം വിളിക്കുന്നു. നിങ്ങള്‍ക്കൊരു ദേശീയനേതാവിനെ ലഭിച്ചു. 27 വര്ഷം അവനെ ചേര്‍ത്ത് പിടിക്കുന്ന അമ്മയുടെ നഷ്ടം എന്‌റേത് മാത്രമാണല്ലോ, രോഹിതിന്‌റെ മരണത്തിന് ശേഷം കൂടുതല്‍ ശക്തിയായി ഉയര്‍ന്ന് വന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ കാണാതെയല്ല ഞാന്‍ ഇത് പറയുന്നത്. എല്ലാവരും സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചോളൂ, പക്ഷെ കാത്തിരിക്കുന്ന അമ്മമാരെ മറക്കരുത്. ഒറ്റയടിക്ക് എല്ലാമിങ്ങനെ അവസാനിപ്പികരുത്. ആത്മഹത്യ ചെയ്യരുത്. അവന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇതിനെക്കാളേറെ പ്രവര്‍ത്തിക്കുമായിരുന്നു - രാധിക വെമുല പറയുന്നു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ എം എസ് സി അനിമല്‍ ബയോടെക്‌നോളജിക്കാണ് രോഹിത് ആദ്യം ചേര്‍ന്നത്. എന്നാല്‍ വിപിന്‍ ശ്രീവാസ്തവ എന്ന അദ്ധ്യാപകന്‍ അവന് ഈ കോഴ്‌സ് പഠിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞ് നിരന്തരം പരിഹസിക്കുകയും മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു. ഇതില്‍ മടുത്താണ് അവന്‍ സോഷ്യോളജി എടുത്തത്. ക്യാമ്പസില്‍ എബിവിപി ശക്തരാവുകയാണെന്നും സര്‍വകലാശാല അധികൃതരുടേയും രാഷ്ട്രീയ നേതാക്കളുടേയും എല്ലാ പിന്തുണയും അവര്‍ക്കുണ്ടെന്നും പഠനം അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും അവന്‍ അടുത്ത സുഹൃത്തായ റിയാസിനോട് പറഞ്ഞിരുന്നു. മരിക്കുന്നതിന് പത്ത് ദിവസം മുമ്പായിരുന്നു ഇത്.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വാഗ്ദാനം ചെയ്ത എട്ട് ലക്ഷം രൂപ ഞങ്ങള്‍ക്ക് വേണ്ട. എന്‌റെ മകനെ കൊന്നവര്‍ തരുന്ന പണം സ്വീകരിക്കാനാവില്ല. മനുവാദികള്‍ക്ക് മുന്നില്‍ തല കുനിക്കാന്‍ എന്‌റെ മകനെ പോലെ ഞാനും തയ്യാറല്ല. വൈസ് ചാന്‍സലര്‍ അപ്പാ റാവു ആ സ്ഥാനത്തിരിക്കാന്‍ മാത്രമല്ല, അദ്ധ്യാപകനാവാനും യോഗ്യനല്ല. അയാള്‍ക്ക് ഭ്രാന്താണ്. ദളിത് വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ അയാള്‍ക്ക് വിറളി പിടിക്കുന്നു. അയാളെ നീക്കം ചെയ്യണം. ശിക്ഷിക്കണം. എല്ലാ അപ്പാ റാവുമാരും ശിക്ഷിക്കപ്പെടണം. രോഹിതിന്‌റെ മരണശേഷം ഞങ്ങള്‍ക്ക് സഹായം നല്‍കിയെന്ന അവകാശവാദവുമായി ടിഡിപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വെറും നുണയാണത്. ഞങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കി, എനിക്കും മകന്‍ രാജയ്ക്കും സര്‍ക്കാര്‍ ജോലി നല്‍കി എന്ന് പറഞ്ഞു. രാജയ്ക്ക് ജോലി വാഗ്ദാനം ചെയ്തു എന്നത് ശരിയാണ്. എംഎസ്സി ബിരുദമുള്ള രാജയ്ക്ക് അങ്കണ്‍വാടിയിലെ താല്‍ക്കാലിക അധ്യാപകന്‌റെ ജോലിയാണ് വാഗ്ദാനം ചെയ്തത്. ഒരു രൂപ പോലും തന്നിട്ടില്ല. രാജ ഇപ്പോള്‍ മിനി ട്രക്കില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 250 രൂപ ദിവസക്കൂലിക്ക്. കെജ്രിവാള്‍ സര്‍ക്കാര്‍ അവന് ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ജോയിന്‍ ചെയ്യാന്‍ പറ്റിയ അവസ്ഥിലായിരുന്നില്ല. അവന് ആ സമയത്ത് എന്നോടൊപ്പം നിന്നേ പറ്റുമായിരുന്നുള്ളൂ.

പട്ടിക ജാതി - പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയാനുള്ള 1989ലെ നിയമം ശക്തിപ്പെടുത്തി എന്ന് അവകാശപ്പെടുന്ന ബിജെപിക്കാര്‍ തന്നെയാണ് ഇത്തരം കേസുകളില്‍ മിക്കതിലും പ്രതികള്‍. എത്ര കേസുകള്‍ ഈ നിയമത്തിന്‌റെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെടുന്നുണ്ട്. ഇത്തരം അവസ്ഥയിലാണ് വിദ്യാഭ്യാസ മേഖലയിലെ ജാതീയ അതിക്രമങ്ങള്‍ തടയാന്‍ രോഹിത് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. അങ്കണ്‍വാടികള്‍ തൊട്ട് പിഎച്ച്ഡി അടക്കമുള്ള തലങ്ങള്‍ വരെയുള്ള ഒരു കുട്ടിയും ജാതി പീഡനങ്ങള്‍ക്ക് ഇരയാകരുത്. ദളിത് - ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ കമ്മിറ്റികളിലും എസ് സി - എസ് ടി വിഭാഗങ്ങളില്‍ പെട്ട അധ്യാപകരുടെ പ്രാതിനിധ്യം ഉറപ്പാക്കണം. എസ് സി - എസ് ടി സെല്ലുകള്‍ ഉടന്‍ രൂപീകരിക്കണം.

നജീബിന്‌റെ ഉമ്മയെ ഡല്‍ഹിയില്‍ പോയി കണ്ടിരുന്നു. അവര്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്താണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയുമെല്ലാം ഈ വിഷയത്തില്‍ ഇടപെടാത്തത്? എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ മൗനം പാലിക്കുന്നത്? മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തുന്നേയില്ല. ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും ഈ രാജ്യത്ത് വേട്ടയാടപ്പെടുകയാണ്. എന്‌റെ മകന് നീതി കിട്ടുമോ എന്ന് പേടിയുണ്ട്. കൊലയാളികള്‍ അധികാര കേന്ദ്രങ്ങളില്‍ തുടരുന്നതില്‍ പേടിയുണ്ട്. എത്ര അമ്മമാരുടെ സ്വപ്‌നങ്ങളെയാണ് അവര്‍ തച്ചുടയ്ക്കാന്‍ പോകുന്നത്? സമുദായത്തില്‍ നിന്ന് പഠിക്കാന്‍ പോകുന്ന ഓരോ കുട്ടിയേയും കാണുമ്പോള്‍ അഭിമാനത്തോടൊപ്പം പേടിയുമുണ്ട്. മനുസ്മൃതി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് ഹിന്ദുത്വ രാഷ്ട്രീയം. ആ വ്യവസ്ഥിതിയെ പേടിക്കേണ്ടതുണ്ട്. ആ പേടിയില്‍ നിന്നാണ്, അറപ്പില്‍ നിന്നാണ്, നമ്മളുടെ പ്രതിരോധം ഉടലെടുക്കേണ്ടത്. ഈ രാജ്യം നമ്മളുടേത് കൂടിയാണ്- രാധിക വെമൂല പറയുന്നു.

Next Story

Related Stories