TopTop
Begin typing your search above and press return to search.

റയീസ് അഥവാ ലത്തീഫ്...

റയീസ് അഥവാ ലത്തീഫ്...
ദാവൂദ് ഇബ്രാഹിമിനെ പോലെ വലിയ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗുജറാത്തിലെ ഒരേയൊരു അധോലോക നേതാവ് അബ്ദുള്‍ ലത്തീഫ് ആയിരുന്നു. ഷാരൂഖ് ഖാന്‍ നായകനാവുന്ന റയീസ്, അബ്ദുള്‍ ലത്തീഫിന്‌റെ കഥയാണെന്ന് സൂചനയുണ്ടെങ്കിലും ഷാരൂഖും ചിത്രത്തിന്‌റെ സംവിധായകന്‍ രാഹുല്‍ ധൊലാക്കിയയും ഇത് നിഷേധിക്കുകയാണ്. ചിത്രം ജനുവരി 25ന് തീയറ്ററുകളിലെത്തും.

പൊപ്പത്തിയാവാദിലെ ലത്തീഫ് ഹൗസ് എന്നറിയപ്പെടുന്ന വീട് ഇപ്പോള്‍ ഒരു ഗോഡൗണാണ്. ലത്തീഫ് ജീവിച്ചിരുന്നപ്പോള്‍ അത് എതിരാളികളെ പീഡിപ്പിക്കുന്ന സ്ഥലം കൂടിയായിരുന്നു. ലത്തീഫിന്‌റെ ആളുകള്‍ പുറത്ത് നിന്നുള്ള ഏതൊരാളെയും തിരിച്ചറിയും. ആര്‍ക്കും ഒളിഞ്ഞുകടക്കാനാവില്ല. പൊലീസ് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എല്ലായിടത്തും ലത്തീഫിന്‌റെ ആളുകള്‍ കാണും. ലത്തീഫിന്‌റെ വീടിന് പുറത്ത് നൂറ് കണക്കിന് മദ്യവീപ്പകളും അവയ്ക്ക് മുന്നില്‍ മദ്യക്കടത്തുകാരുടെ ക്യൂവും. ഗുജറാത്തില്‍ മദ്യക്കടത്ത് ശൃംഘലയെ നിയന്ത്രിച്ചിരുന്നത് അബ്ദുള്‍ ലത്തീഫായിരുന്നു.

അബ്ദുള്‍ ലത്തീഫ് പെട്ടെന്ന് കോപാകുലനാവുന്ന പ്രകൃക്കാരനായിരുന്നു. സംഘാംഗങ്ങളെ രൂക്ഷമായി ശകാരിക്കും. മണിക്കൂറുകളോളം സോളിറ്റയര്‍ കളിക്കും. ഒരു ഫിയറ്റ് കാറിലായിരുന്നു യാത്ര. അപരിചിതമായ ഇടങ്ങളിലും തിരക്കുള്ള പൊതുസ്ഥലങ്ങളിലും പോകാന്‍ അയാള്‍ എപ്പോഴും മടി കാണിച്ചു. ലത്തീഫ് എല്ലാ കാര്യങ്ങളിലും സഹായികളെ ആശ്രയിച്ചു. അബ്ദുള്‍ അസീസ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഹനീഫ്, റഹ്മാന്‍ എന്നീ പേരുകളിലും അബ്ദുള്‍ ലത്തീഫ് അറിയപ്പെട്ടു. ശത്രുക്കള്‍ അയാളെ ഭയപ്പെടുകയും പാവപ്പെട്ടവരും തെരുവ് മനുഷ്യരും അയാളെ രക്ഷകനായി കാണുകയും ചെയ്തു. നാട്ടുകാരുടെ പിന്തുണ ലത്തീഫിന്‌റെ കള്ളക്കടത്തിന് കരുത്തായി. അതിന് പ്രത്യുപകാരങ്ങള്‍ ചെയ്യുന്നതില്‍ അയാള്‍ പിശുക്ക് കാട്ടിയതുമില്ല. 80കളില്‍ അഹമ്മദാബാദില്‍ തുടരെ തുടരെ വര്‍ഗീയ കലാപങ്ങളുണ്ടായി. കൂടുതലും മുസ്ലീങ്ങളാണ് ഇരകളാക്കപ്പെട്ടത്. അവര്‍ക്ക് സഹായവുമായി ലത്തീഫ് സജീവമായി രംഗത്തുണ്ടായിരുന്നു. പലപ്പോഴും റോബിന്‍ഹുഡിന് സമാനമായ പ്രതിച്ഛായ അയാള്‍ക്ക് കൈ വന്നു. അതേസമയം വിദ്യാഭ്യാസമുള്ള സമ്പന്നരായ മുസ്ലീങ്ങള്‍ ലത്തീഫിന് എതിരായിരുന്നു. പിതാവായ അബ്ദുള്‍ വഹാബ് അടക്കം.ചൂതാട്ടക്കാരനും മദ്യകടത്തുകാരനുമായാണ് അബ്ദുള്‍ ലത്തീഫ് അധോലോക ജീവിതം തുടങ്ങുന്നത്.
അച്ഛന്‌റെ ചെറുകിട കച്ചവടത്തില്‍ സഹായി ആയിട്ടാണ് അബ്ദുള്‍ ലത്തീഫ് ജോലി തുടങ്ങിയത്. എന്നാല്‍ വരുമാനം ഒരു പ്രശ്‌നമായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായിരുന്ന 70കളില്‍ മറ്റ് പല ചെറുപ്പക്കാരേയും പോലെ ലത്തീഫും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1960ല്‍ ഗുജറാത്ത് സംസ്ഥാനം രൂപീകരിക്കപ്പെട്ടത് മുതല്‍ അവിടെ മദ്യനിരോധനം നിലവിലുണ്ട്. ചൂതാട്ടവും മദ്യക്കടത്തും ലത്തീഫ് സജീവമാക്കി. ലത്തീഫ് മദ്യം കടത്തുന്നതായി അറിഞ്ഞതോടെ പിതാവ് വീട്ടില്‍ നിന്ന് പുറത്താക്കി. മദ്യകടത്തിലൂടെ ലത്തീഫ് കൊണ്ടുവരുന്ന പണം വേണ്ടെന്ന് പറഞ്ഞ് അയാളെ ഒഴിവാക്കി. ഇതിനകം പ്രമുഖ കള്ളക്കടത്ത്കാരായ ഹനീഫ് ദൂദ വാല, സയദ് ബാപ്പു, പിലു മാര്‍വാഡി എന്നിവരുമായല്ലാം അബ്ദുള്‍ ലത്തീഫ് അടുത്ത ബന്ധമുണ്ടാക്കിയിരുന്നു.

തുടക്കത്തില്‍ നാടന്‍ മദ്യങ്ങള്‍ മാത്രം വിറ്റിരുന്ന അബ്ദുള്‍ ലത്തീഫും സംഘവും പിന്നീട് വിദേശമദ്യത്തിലേയ്ക്ക് കടന്നു. രാജസ്ഥാനിലേയും മറ്റും മദ്യക്കടത്തുകാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഐഎംഎഫ്എല്ലിന്‌റെ ഒരു ട്രക്ക് ലോഡിന് ഒന്നര ലക്ഷം രൂപ ലഭിക്കുമായിരുന്നു. ഇത്തരത്തില്‍ ഓരോ ദിവസവും 10 ട്രക്കുകള്‍ വീതം ലത്തീഫിന്‌റ വീട്ടിലെത്തി. മാസവരുമാനം കോടികളായി. പൊലീസുകാര്‍ക്ക് പാരിതോഷികങ്ങള്‍ കൊടുത്ത് കേസുകള്‍ ഒതുക്കി. ബുള്ളറ്റ് ബൈക്കുകളും ബജാജ് സ്‌കൂട്ടറുകളും വില കൂടിയ മറ്റ് സമ്മാനങ്ങളുമെല്ലാം പൊലീസുകാര്‍ക്ക് ലത്തീഫ് കൊടുത്തു. പൊലീസിന്‌റെ ഉന്നത തലങ്ങളില്‍ വരെയും ഉന്നത രാഷ്ട്രീയ വൃത്തങ്ങളിലും ബന്ധങ്ങള്‍ വളര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ തോതില്‍ ഫണ്ട് കൊടുത്തു.

അവസാനം ലത്തീഫ് രാഷ്ട്രീയത്തിലേക്കിറങ്ങി. മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ അഞ്ച് വാഡുകളില്‍ ലത്തീഫ് മത്സരിച്ചു. അഞ്ചിലും ജയിച്ചു. ലത്തീഫ് സഹായികള്‍ മറ്റ് ആറ് സീറ്റുകളില്‍ മത്സരിച്ച് ജയിച്ചു. ആ സമയത്ത് ലത്തീഫ് ജയിലിലായിരുന്നു. രാംജഠ് മലാനി അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ലത്തീഫിന് വേണ്ടി വാദിച്ചു.സബര്‍മതി ജയിലില്‍ നിന്ന് ദാവൂദ് ഇബ്രാഹിം രക്ഷപ്പെട്ട സംഭവമാണ് അധോലോക പ്രവര്‍ത്തനങ്ങളില്‍ ലത്തീഫിന് പ്രചോദനമായത് എന്നാണ് സംഘാംഗങ്ങള്‍ പറയുന്നത്. 90കളുടെ തുടക്കത്തില്‍ ദുബായില്‍ വച്ച് ലത്തീഫ് ദാവൂദുമായി കണ്ടുമുട്ടി. ഇരുവരോടും സുഹൃത്തുക്കളായി പ്രവര്‍ത്തിക്കാനും ഖുര്‍ ആനില്‍ തൊട്ട് സത്യം ചെയ്യാനും
ഒരു മുസ്ലീം മതപുരോഹിതന്‍ നിര്‍ദ്ദേശിച്ചതായി പറയപ്പെടുന്നു. മദ്യക്കടത്ത് നിര്‍ത്തി കള്ളക്കടത്ത് തുടങ്ങാന്‍ ദാവൂദാണ് ലത്തീഫിനെ ഉപദേശിക്കുന്നത്. അക്കാലത്ത് അഹമ്മദാബാദില്‍ വലിയ മാറ്റങ്ങള്‍ വന്നു. ചിമന്‍ഭായ് പട്ടേല്‍ മുഖ്യമന്ത്രിയായുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ഗുജറാത്തില്‍ അധികാരത്തില്‍ വന്നു. ലത്തീഫിന്‌റെ സര്‍ക്കാര്‍ വേണോ അതോ ഹിന്ദുക്കളുടെ സര്‍ക്കാര്‍ വേണോ എന്നതായിരുന്നു അക്കാലത്ത് ബിജെപിയുടെ ചോദ്യം. കോണ്‍ഗ്രസ് ദുര്‍ബലമായി തുടങ്ങിയിരുന്നു. 1992ല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി റവൂഫ് വാലിയുള്ളയെ പാല്‍ഡി മേഖലയില്‍ പട്ടാപ്പകല്‍ ലത്തീഫിന്‌റെ ആളുകള്‍ വധിച്ചു.

ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം വലിയ തോതില്‍ എകെ 47നുകള്‍, ഗ്രനേഡുകള്‍, ഓട്ടോമാറ്റിക് റിവോള്‍വറുകള്‍ തുടങ്ങിയവ അടക്കം വലിയ ആയുധ ശേഖരം പാകിസ്ഥാനില്‍ നിന്ന് ഗുജറാത്തിലെ പോര്‍ബന്ദറില്‍ ദാവൂദ് എത്തിച്ചു. കലാഷ് നിക്കോവ് ആദ്യമായാണ് സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത്. ഇതില്‍ ചിലത് 1993ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ ഉപയോഗിക്കപ്പെട്ടു. ലത്തീഫിനെ ടാഡ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പിന്നീട് പുറത്ത് വന്ന ലത്തീഫ് ഒളിവില്‍ പോവുകയും ദുബായിലേയ്ക്ക് കടക്കുകയും ചെയ്തു. ദുബായിലും പാകിസ്ഥാനിലുമായുള്ള മൂന്ന് വര്‍ഷത്തെ ജീവിതം മടുത്തതോടെയാണ് 1995ല്‍ ലത്തീഫ് തിരിച്ചെത്തിയത്. കുറച്ച് കാലം ഡല്‍ഹിയില്‍ ഒളിച്ച് താമസിച്ചു.


1995ല്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തപ്പോള്‍

അപ്പോഴേക്കും ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തിയിരുന്നു. ലത്തീഫിനെ അറസ്റ്റ് ചെയ്യുക എന്നത് ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയമായി മാറിയിരുന്നു. രണ്ട്് വര്‍ഷം സബര്‍മതി ജയിലില്‍. ഇക്കാലത്ത് ലത്തീഫിന്‌റെ ആളുകള്‍ നിരവധി പേരെ വധിക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ജുഹാപുരലയിലെ പ്രമുഖ ബില്‍ഡറായ സാഹിര്‍ അഹമ്മദ് അടക്കുമുള്ളവരാണ് കൊല്ലപ്പെട്ടത്. 1997 നവംബര്‍ 29ന് ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് ലത്തീഫിനെ പൊലീസ് ജയിലില്‍ നിന്ന് കൊണ്ടുപോയി. മടങ്ങി വരുന്ന വഴിക്ക് ലത്തീഫിനെ പൊലീസ് വെടിവച്ച് കൊന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടി വയ്‌ക്കേണ്ടി വന്നു എന്നായിരുന്നു പൊലീസിന്‌റെ വിശദീകരണം. ലത്തീഫിന് 46 വയസായിരുന്നു അപ്പോള്‍.

റയീസ് സിനിമ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ ലത്തീഫിന്‌റെ മകന്‍ മുഷ്താഖ് ഷെയ്ഖ്, ചിത്രം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ലത്തീഫിന്‌റെ കഥയല്ല ഇതെന്ന് ഷാരൂഖ് ഖാനും രാഹുല്‍ ധൊലാക്കിയും എല്ലാം പറയുന്നുണ്ടെങ്കിലും റയീസ് മറ്റാരുമല്ല, ലത്തീഫ് തന്നെയാണ് എന്ന് ലത്തീഫിന്‌റെ നാട്ടുകാര്‍ പറയുന്നു.


Next Story

Related Stories