TopTop
Begin typing your search above and press return to search.

മുടി സ്ട്രെയിറ്റന്‍ ചെയ്തുവന്നതിന് വടകരയില്‍ റാഗിംഗ്; സ്കൂള്‍ മാനേജ്മെന്റിന് വെറും അടിപിടി

മുടി സ്ട്രെയിറ്റന്‍ ചെയ്തുവന്നതിന് വടകരയില്‍ റാഗിംഗ്; സ്കൂള്‍ മാനേജ്മെന്റിന് വെറും അടിപിടി

ബിബിന്‍ ബാബു

അസ്ലം ഇന്ന് കോഴിക്കോട് നിംസ് ആശുപത്രയിലാണ്. കര്‍ണാടകയില്‍ റാഗ് ചെയ്യപ്പെട്ട അശ്വതിയെ എല്ലാവരും അറിയും. എന്നാല്‍ വടകരയില്‍ നിന്നുള്ള അസ്ലമിനെ കുറിച്ച് ആരും അറിഞ്ഞില്ല. സമൂഹ മാധ്യമങ്ങളിലെ ഒരു പ്രതികരണക്കാര്‍ ആരും പോസ്റ്റുമായി വന്നില്ല.

വടകര എംയുഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അസ്ലം. സ്‌കൂളില്‍ അല്‍പ്പം ഒരുങ്ങി മുടിയൊക്കെ സ്ട്രയിറ്റ് ചെയ്തു വരുന്ന അസ്ലമിനോട് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യം മുതലെ ദേഷ്യമായിരുന്നു. കഴിഞ്ഞ ജൂലൈ 14നു സ്‌കൂളിലെത്തിയ അസ്ലമിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ബലമായി മൂത്രപ്പുരയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപ്പോയി. പിന്നെ അവിടെ നടന്നത് ആരെയും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. അസ്ലമിനെ മതിയാകുവോളം അവര്‍ തല്ലി ചതച്ചു. രാവിലെ 11 മണിക്കാണ് ഒരു സ്‌കൂളില്‍ ഇത്രയും വലിയ സംഭവം അരങ്ങേറിയതെന്ന് ഓര്‍ക്കണം. അസ്ലമിന്റെ കൈ തോളില്‍ നിന്നും വിട്ടുപ്പോയി. ശരീരത്തില്‍ ഇടിച്ചതിന്റെയും തൊഴിച്ചതിനെയും പാടുകളാണ്. അടിവയറ്റില്‍ ശക്തമായ’ മര്‍ദ്ദനമേറ്റ അസ്ലമിന് മൂത്രം പോകാനും തടസ്സമുണ്ട്. തലക്കും പരുക്ക് പറ്റിയിട്ടുണ്ട്. ചെവി അനക്കാന്‍ വയ്യാത്ത സ്ഥിതിയിലാണ്. രണ്ടു ദിവസമായി വടകരയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്ന അസ്ലമിനെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിദഗ്ധ ചികിത്സക്കായാണ് നിംസിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതലെന്തെങ്കിലും പറയാന്‍ അസ്ലമിന്റെ ബന്ധുക്കള്‍ വിസമ്മതിച്ചു.

ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇടാത്തതിനെ തുടര്‍ന്ന് അസ്ലമിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും വഴങ്ങാതെയിരുന്ന അസ്ലമിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. റാഗിങ് നടന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പോലീസില്‍ വിവരം അറിയിക്കേണ്ട സ്കൂള്‍ പ്രിന്‍സിപ്പള്‍ ആദ്യം സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. സംഭവം നടന്നു ഒരു ദിവസത്തിന് ശേഷം മാത്രമാണ് പോലീസ് അടക്കം സംഭവങ്ങള്‍ അറിയുന്നത്.

അസ്ലമിനെ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തെന്ന് അധ്യാപകനായ സജീവന്‍ സ്ഥിതീകരിച്ചു. "സ്‌കൂള്‍ അധികൃതര്‍ റാഗ് ചെയ്ത വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. സംഭവം നടന്ന ദിവസം ഉച്ചയോടെ തന്നെ അസ്ലമിനെ ആക്രമിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയുടെ ഉമ്മ പറഞ്ഞതു കൊണ്ടു മാത്രമാണ് പോലീസില്‍ അറിയിക്കാന്‍ വൈകിച്ചത്. കുട്ടിയുടെ പിതാവ് വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ അദ്ദേഹത്തോട് ചോദിക്കാതെ പരാതി നല്‍കരുതെന്നയിരുന്നു അസ്ലമിന്റെ ഉമ്മ പറഞ്ഞത്. റാഗിങ് നടന്ന ദിവസം വൈകുന്നേരമാണ് ഈ ആവശ്യവുമായി അസ്ലമിന്റെ അമ്മ എത്തിയത്. പോലീസില്‍ അറിയിക്കാതിരുന്നത് ഇതുകൊണ്ടു മാത്രമാണ്. ആശുപത്രിയില്‍ അസ്ലമിനു വേണ്ട എല്ലാ സഹായങ്ങളും സ്‌കൂളില്‍ നിന്നും ചെയ്തു കൊടുക്കുന്നുണ്ട്." സജീവന്‍ പറഞ്ഞു.

ഇത്രയും ക്രൂരമായ റാഗിങ് നടന്നിട്ടും സ്‌കൂള്‍ അധികാരികളും പോലീസും ഉദാസീനമായ നയം സ്വകരിക്കുന്നതിനെതിരെ എസ്എഫ്‌ഐ രംഗത്തു വന്നിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റായ ജെയ്ഖ് പോലീസും മുസ്ലിം ലീഗ് മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയാണെന്ന് ഇതെന്ന് ആരോപിച്ചു. "24 മണിക്കൂറിനുള്ളില്‍ പോലീസില്‍ അറിയാക്കാതെ പ്രിന്‍സിപ്പാള്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത് ഏറ്റവും കുറ്റകരമായ കാര്യമാണ്. റാഗിങ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ് എന്ന രീതിയില്‍ നടപടിയെടുക്കാതെ സ്‌കൂളില്‍ നടന്ന വെറും അടിപിടിയായി ചിത്രീകരിച്ച് അവരെ രക്ഷിക്കാനുള്ള ശ്രമമാണ് സ്‌കൂള്‍ നടത്തുന്നത്", ജെയ്ഖ് പറഞ്ഞു.

സംഭവത്തില്‍ മുസ്ലിം ലീഗ് അനാവശ്യമായി ഒരു സ്വാധീനവും ഈ വിഷയത്തില്‍ ചെലുത്തിയിട്ടില്ലെന്ന് വടകരയിലെ മുസ്ലിം ലീഗ് നേതാവായ എംസി വടകര പറഞ്ഞു. സ്‌കൂള്‍ മാനേജ്മെന്‍റ് മുസ്ലിം ലീഗിന്‍റേതാണ്. നിയമപരമായി എടുക്കേണ്ട എല്ലാ നടപടികളും മാനേജ്‌മെന്റ് എടുത്തിട്ടുമുണ്ട്. റാഗിങ് ചെയ്ത വിദ്യാര്‍ഥികളെയെല്ലാം സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും എം സി വടകര പറഞ്ഞു. എന്നാല്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍)


Next Story

Related Stories