TopTop
Begin typing your search above and press return to search.

അവരെന്റെ കുട്ടിയെ കൊന്നതാണ്; റാഗിങ്ങിനിരയായി ആത്മഹത്യ ചെയ്ത അസ്നാസിന്‍റെ പിതാവ്

അവരെന്റെ കുട്ടിയെ കൊന്നതാണ്; റാഗിങ്ങിനിരയായി ആത്മഹത്യ ചെയ്ത അസ്നാസിന്‍റെ പിതാവ്

നാരായണന്‍ കെ പി

'ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്. അവരെന്റെ കുട്ടിയെ കൊന്നതാണ്. അതങ്ങനെ ആത്മഹത്യയാക്കി എഴുതിത്തള്ളാന്‍ ആരേയും അനുവദിക്കില്ല. വീടും പറമ്പും വിറ്റായാലും നീതിക്കുവേണ്ടി ഏതറ്റംവരേയും പോകും...' രോഷവും സങ്കടവും നിറയുന്ന വാക്കുകള്‍ ഹമീദെന്ന ഒരു പാവം പിതാവിന്റേത്. കഴിഞ്ഞ വെള്ളിയാഴ്ച (ജുലൈ 22ന്) കൊടിയ റാഗിങിനിരയായതിന്റെ മാനസിക സമ്മര്‍ദ്ദത്താല്‍ ആത്മഹത്യചെയ്ത വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാംവര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനി തോടന്നൂര്‍ തയ്യുള്ളതില്‍ അസ്നാസിന്റെ പിതാവാണ് ഹമീദ്.

'എന്റെ മകളെ അവര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. കോളേജിലെ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകരും സീനിയര്‍ വിദ്യാര്‍ഥികളും ഒരുപോലെ അപമാനിച്ചു. നീതി ഉറപ്പുവരുത്തേണ്ട അധ്യാപകര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് വഴങ്ങി അവളെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു. കുട്ടികള്‍ ബാത്ത്‌റൂമിലിട്ട് വാതിലടച്ചു. എല്ലാറ്റിനും നേതൃത്വംനല്‍കിയതിന് മുമ്പില്‍ പെണ്‍കുട്ടികള്‍ തന്നെയായിരുന്നു. ഒന്നിനേയും വെറുതെവിടരുത്...' ഹമീദിന് സങ്കടം സഹിക്കാനാവുന്നില്ല.

തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നതെങ്കില്‍ വിദ്യാര്‍ഥി പ്രതിഷേധം അണപൊട്ടുകയും മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇടപെടുകയും ചെയ്ത സാഹചര്യത്തില്‍ പൊലീസ് റാഗിങിന് കേസെടുത്തിട്ടുണ്ട്. റൂറല്‍ എസ് പിക്കാണ് അന്വേഷണ ചുമതല.

ബംഗളൂരിലെ കല്‍ബുര്‍ഗി നഴ്‌സിംങ് കേളജില്‍ അശ്വതിയെന്ന പെണ്‍കുട്ടി സീനിയറായ വിദ്യാര്‍ഥിനികളുടെ പീഡനത്തിനിരയായി ചികിത്സയിലിരിക്കുമ്പോഴാണ് പെണ്‍കുട്ടികള്‍ തന്നെ പ്രതിയാവുന്ന ഞെട്ടിക്കുന്ന മറ്റൊരുകേസ് കൂടി ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ എത്തിയത്. ഒന്നാം വര്‍ഷക്കാരെ പരിചയപ്പെടുന്ന തിരക്കിനിടെ ആളുമാറി അസ്നാസ് ഒരു സീനിയര്‍ വിദ്യാര്‍ഥിയോട് പേരു ചോദിച്ചുപോയി. അതേതുടര്‍ന്നാണ് അഷ്‌നാസിനെതിരെ സീനിയര്‍ വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം തിരിഞ്ഞത്. നിസാരമായ ആ സംഭവത്തെ പെരുപ്പിച്ചാണ് പാവം പെണ്‍കുട്ടിയെ മരണത്തിലേക്കെത്തിച്ചത്.

'വെള്ളിയാഴ്ചയും അവള്‍ പതിവുപോലെയാണ് കോളജിലേക്ക് പോയത്. ബുധനാഴ്ച മുതിര്‍ന്ന ക്ലാസിലെ കുട്ടിയുടെ പേര് ചോദിച്ചതിനെത്തുടര്‍ന്ന് ചില പ്രശ്‌നങ്ങളുണ്ടെന്ന് അവള്‍ വീട്ടില്‍ പറഞ്ഞിരുന്നു. അതിത്രയും ഗൗരവമാണെന്ന് തിരിച്ചറിഞ്ഞില്ല. വെള്ളിയാഴ്ച കോളേജിലെത്തുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളും ഒപ്പം അധ്യാപകരും അവളെ കാത്തിരിക്കുകയായിരുന്നു. പരസ്യമായി ശകാരവര്‍ഷങ്ങളും പരിഹാസവും വിചാരണയും നടന്നു. അതില്‍ മനംനൊന്താണ് മകള്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്തത്. കോളേജിലെ ഒരു കുട്ടി മരിച്ചാല്‍ കാണിക്കേണ്ട മര്യാദപോലും കോളേജ് അധികൃതരുടേയോ അധ്യാപകരുടേയോ ഭാഗത്ത് നിന്നുണ്ടായില്ല. ആരും തിരിഞ്ഞ് നോക്കിയില്ല. ഞങ്ങള്‍ക്ക് നീതികിട്ടണം.' ഹമീദ് പറഞ്ഞു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories