TopTop
Begin typing your search above and press return to search.

റാഗിങ്ങിനെ നേരിടാന്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനവുമായി എം എസ് എഫ്

റാഗിങ്ങിനെ നേരിടാന്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനവുമായി എം എസ് എഫ്

ടി പി അഷ്റഫലി /ബിബിന്‍ ബാബു

വടകരയിലെ അസ്ലം റാഗിങ്ങിന് ഇരയായി മാരക പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെയാണ് വടകരയില്‍ നിന്നു അസ്നാസ് എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ വാര്‍ത്തയും പുറത്തുവന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത അരാജകത്വത്തിലേക്ക് പോവുകയാണോ? വിദ്യാര്‍ത്ഥി സംഘടനകള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഉറക്കം തൂങ്ങുന്നത്. ആദ്ധ്യാപകര്‍ എന്തുകൊണ്ട് ഇടപെടുന്നില്ല? വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലീസും ചേര്‍ന്ന് ഒതുക്കി തീര്‍ക്കുകയാണോ പല റാഗിങ് കേസുകളും? എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് ടി പി അഷ്റഫലി സംസാരിക്കുന്നു.


ബിബിന്‍ ബാബു: കേരളത്തില്‍ റാഗിങ്ങ് വര്‍ദ്ധിക്കുകയാണെന്നാണോ വടകരയിലെ അസ്നയുടെആത്മഹത്യ സൂചിപ്പിക്കുന്നത്? വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ എംഎസ്എഫ് ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

ടി പി അഷ്റഫലി : വിദ്യാര്‍ഥി സംഘടനകളെല്ലാം റാഗിങ്ങിന് എതിരാണ്. അതേ സമയം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന അരാഷ്ട്രീയവല്‍ക്കരണം ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗ്യാങ്ങുകള്‍ക്ക് രൂപം കൊടുക്കുന്നുണ്ട്. അവരുടെ വേഷ വിധാനങ്ങള്‍ പോലും സിനിമയില്‍ മാറി വരുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ചാണ്. ഓരോ ബാച്ചിനും ഡിപ്പാര്‍ട്ടുമെന്റുകള്‍ തിരിഞ്ഞും ഗ്യാങ്ങുകള്‍ ഉണ്ട്. വിദ്യാര്‍ഥി സംഘടനകളെ വരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിലേക്ക് ഇതെത്തിയിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ ശ്രമിക്കണം. പക്ഷേ ഒരു സംഘടന മാത്രം ശ്രമിച്ചാല്‍ പോര, മറിച്ച് ഒരുമിച്ച് നിന്ന് ചെറുക്കണം. ഇപ്പോള്‍ റാഗിങ്ങ് നടന്ന ക്യാമ്പസുകള്‍ എല്ലാം തന്നെ രാഷ്ട്രീയം സജീവമല്ലാത്ത കോളജുകളാണ്. അവിടെ കോളേജ് അധികാരികള്‍, റാഗിങ്ങ് വിരുദ്ധ സമിതികള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവ യോജിച്ച് ഒരു മുന്നേറ്റം ഉണ്ടാകണം. എങ്കില്‍ മാത്രമേ റാഗിങ്ങ് പോലുള്ള സാമൂഹ്യ തിന്മകളെ കലാലയങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളു.

ബി: സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലും സ്വകാര്യ സ്‌കൂളുകളിലുമാണ് റാഗിങ്ങ് കൂടുതലായി നടക്കുന്നത്. ഇതിനെക്കുറിച്ച്..?

: ഏറ്റവുമധികം ചര്‍ച്ച ചെയ്യേണ്ട കാര്യമാണിത്. സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളില്‍ വര്‍ധിച്ചു വരുന്ന ഇത്തരം പ്രവണതകള്‍ തിരുത്തപ്പെടേണ്ടതാണ്. ഇന്നിപ്പോള്‍ സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകള്‍ നിയന്ത്രിക്കേണ്ട അവസ്ഥയിലേക്ക് കര്യങ്ങള്‍ മാറിയിരിക്കുന്നു. അത് മാനേജ്‌മെന്റുകളും സര്‍ക്കാരും ഒരുപോലെ വിലയിരുത്തണം. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളുടെ നിലവാരത്തെക്കുറിച്ചും അവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ യോഗ്യത സംബന്ധിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

ബി: റാഗിങ്ങിനെതിരെ എംഎസ്എഫ് എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

അ: എല്ലാക്കാലത്തും റാഗിങ്ങ് വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്ന സംഘടനയാണ് എംഎസ്എഫ്. ഹെല്‍പ്പ് ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും സംസ്ഥാനത്തിനു പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പോലും ഗുണകരമാകുന്ന രീതിയില്‍ ഇത് ഉപയോഗപ്പെടുത്താനുമാണ് തീരുമാനം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ റാഗിങ്ങ് എന്ന നിലയിലേക്ക് വളച്ചൊടിക്കാതെ കൈകാര്യം ചെയ്യുകയും വേണം.ബി: യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഓട്ടോണമസ് കോളേജുകളില്‍ മാനേജ്‌മെന്റുകള്‍ക്കാണ് പൂര്‍ണ്ണ അധികാരം. ഇത് വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അത് റാഗിങ്ങ് വര്‍ധിക്കാനുള്ള സാധ്യത ഉണ്ടാക്കിയിട്ടില്ലേ?

അ: ഓട്ടോണമസ് കോളജുകള്‍ ആരംഭിച്ച കാലത്ത് തന്നെ എംഎസ്എഫ് ചില ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. മാനേജ്‌മെന്റ് കമ്മറ്റികളിലും അക്കാദമിക് ബോര്‍ഡുകളിലും അങ്ങനെ സര്‍വകലാശാല തലങ്ങളില്‍ എവിടെ വിദ്യാര്‍ഥികള്‍ക്ക് പ്രാതിനിധ്യമുണ്ടോ അത് ഓട്ടോണമസ് കോളജുകളിലും വേണം. പക്ഷേ ചില രാഷ്ട്രീയ ഇടപ്പെടലുകളില്‍ അത് നടപ്പക്കതെ പോയി. ആ നിര്‍ദ്ദേശം ഇപ്പേഴും എംഎസ്എഫ് മുന്നോട്ടു വയ്ക്കുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കണം.

ബി: റാഗിങ്ങ് നടന്നാല്‍ പോലീസില്‍ അറിയിക്കാന്‍ പോലും പ്രിന്‍സിപ്പല്‍മാര്‍ ഭയപ്പെടുന്നു. ഇതിനു കാരണം രാഷ്ട്രീയ ഇടപെടലുകള്‍ അല്ലേ?

അ: രാഷ്ട്രീയ ഇടപ്പെടലുകളേക്കാള്‍ ഏറെ സ്ഥാപനത്തിനുണ്ടാകുന്ന ചീത്തപ്പേരാണ് പ്രിന്‍സിപ്പല്‍മാരെ ഇതിനു പ്രേരിപ്പിക്കുന്നത്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ മതിയായ യോഗ്യതയുള്ള അധ്യാപകരാവില്ല പലപ്പോഴും നിയമിക്കപ്പെടുന്നത്. അധ്യാപകര്‍ മാത്രമല്ല പ്രിന്‍സിപ്പല്‍മാര്‍ വരെ യോഗ്യത ഇല്ലാത്തവരുണ്ട്. ഒരുപക്ഷേ അന്വേഷണം വന്നാല്‍ അത് അവരുടെ നിലനില്‍പ്പിനെ വരെ ബാധിക്കും. അതാണ് റാഗിങ്ങ് അടക്കമുള്ളവ മൂടി വയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. മാനേജ്‌മെന്റുകളുടെ സമ്മര്‍ദ്ദവും ഇക്കാര്യത്തില്‍ എന്തായാലും ഉണ്ടാകും.

ബി: കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്റി റാഗിങ്ങ് സ്‌ക്വാഡുകള്‍ കാര്യക്ഷമല്ലെന്നല്ലേ ഈ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്?

: കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്റി റാഗിങ്ങ് സ്‌ക്വാഡുകള്‍ ഒന്നും തന്നെ കാര്യക്ഷമമല്ല. പരിശോധിച്ചു നോക്കിയാല്‍ 30 ശതമാനം ക്യാമ്പസുകളില്‍ മാത്രമേ ആന്റി റാഗിങ്ങ് സ്‌ക്വാഡുകള്‍ നിലവിലുള്ളതെന്ന വസ്തുതയും മനസ്സിലാകും.

ബി: വടകരയില്‍ റാഗ് ചെയ്യപ്പെട്ട അസ്ലം എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി പഠിക്കുന്നത് ലീഗ് മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളിലാണ്. ഈ വിഷയത്തില്‍ എംഎസ്എഫിന്റെ പ്രതികരണമെന്താണ്?

: റാഗിങ് നടക്കുന്നത് ഏതു മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളിലായാലും എംഎസ്എഫിന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല. റാഗിങ്ങിനെതിരെ ശക്തമായി പ്രതിഷേധിക്കുക തന്നെ ചെയ്യും. ലീഗ് മാനേജ്‌മെന്റ് ആയതുകൊണ്ട് പ്രതിഷേധങ്ങള്‍ക്ക് ഒട്ടും ശക്തി ചോരുകയില്ല. മുമ്പും വിവിധ കാര്യങ്ങളില്‍ വിദ്യാര്‍ഥി പക്ഷത്ത് നിന്നു ലീഗിനെ എതിര്‍ത്ത പാരമ്പര്യമുള്ള സംഘടനയാണ് എംഎസ്എഫ്. അത് തുടരുക തന്നെ ചെയ്യും.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രയിനിയാണ് ബിബിന്‍)


Next Story

Related Stories