UPDATES

രഘുറാം രാജന്റെ ‘പിന്‍ഗാമി’ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണറാകുമ്പോള്‍

നേരത്തെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ പഠിപ്പിച്ചിട്ടുള്ള ആചാര്യ ഇപ്പോള്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറുമാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡപ്യൂട്ടി ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന 42-കാരന്‍ വിരാള്‍ ആചാര്യ, മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ മാതൃകയാക്കി പ്രവര്‍ത്തിക്കുന്നയാളാണ്. തന്റെ ഏറ്റവും വലിയ പ്രചോദനം രഘുറാം രാജനാണെന്ന് പറഞ്ഞിട്ടുള്ള ഈ സാമ്പത്തിക വിദഗ്ധന്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് വിരാള്‍ ആചാര്യയുടെ നിയമനം റിസര്‍വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പ്രധാനമാകുന്നത്? അല്ലെങ്കില്‍ അത് പ്രധാനമാകുമോ എന്ന് അറിയേണ്ടത്? കാരണം തന്റെ അക്കാദമിക് സത്യസന്ധത മുറുകെപ്പിടിക്കാന്‍ അദ്ദേഹം തയാറാവുമോ എന്നാണ് അറിയേണ്ടത്. അതുണ്ടാവുകയാണെങ്കില്‍ നോട്ട് അസാധുവാക്കല്‍ പരിപാടിയോടെ ആര്‍ബിഐക്ക് നഷ്ടപ്പെട്ട വിശ്വാസ്യതയും സ്വയംഭരണവും പ്രവര്‍ത്തന സ്വാതന്ത്ര്യവും വീണ്ടെടുക്കാന്‍ ആചാര്യയുടെ നിയമനത്തിനാവും.

രഘുറാം രാജനെപ്പോലെ തന്നെ മുംബൈ ഐഐടിയില്‍ നിന്ന് ബിരുദമെടുത്ത ആചാര്യ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കുറഞ്ഞത് ആറ് പ്രബന്ധങ്ങളെങ്കിലും അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് രചിച്ചിട്ടുണ്ട്. അതിലൊന്നാണ് 2013-ല്‍ രചിച്ച “Sovereign Debt, Government Myopia and the Financial Sector”. തന്റെ CV-യില്‍ അദ്ദേഹം നല്‍കിയിട്ടുള്ള റെഫറന്‍സുകളിലൊന്നും രഘുറാം രാജന്റേതാണ്. ‘പാവങ്ങളുടെ രഘുറാം രാജന്‍’ എന്നാണ് ആചാര്യ സ്വയം വിശേഷിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് ഒരു വിമാനയാത്രക്കിടയില്‍ തന്നെ കണ്ടിട്ട് രഘുറാം രാജനാണോ എന്നൊരാള്‍ ചോദിച്ചെന്നും, അല്ല, പാവങ്ങളുടെ രഘുറാം രാജനാണ് എന്നു മറുപടി പറഞ്ഞുവെന്നുമാണ്.

സംഗീതവുമായി ഹൃദയബന്ധമുള്ളയാളാണ് ആചാര്യ. ഹിന്ദി സംഗീത ആല്‍ബമായ ‘Yaadon Ke Silsile—An ode to friends and some romantic moods.’
രചിച്ചതും ചിട്ടപ്പെടുത്തിയിട്ടുള്ളതും അദ്ദേഹമാണ്.

നേരത്തെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ പഠിപ്പിച്ചിട്ടുള്ള ആചാര്യ ഇപ്പോള്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറുമാണ്.

ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റപ്പോഴുള്ള ഒഴിവിലാണ് ആചാര്യ പുതിയ ഡപ്യൂട്ടി ഗവര്‍ണറാകുന്നത്. ആര്‍ബിഐയുടെ നാല് ഡപ്യൂട്ടി ഗവര്‍ണര്‍മാരില്‍ രണ്ടു പേരെ അവിടെ നിന്നു തന്നെയാണ് നിയമിച്ചിട്ടുള്ളത്- എന്‍.എസ് വിശ്വനാഥനും ആര്‍ ഗാന്ധിയും. ബാങ്കിംഗ്, അതിന്റെ നടത്തിപ്പ് ചുമതലയുള്ള എസ്എസ് മുന്ദ്ര ഒരു മുന്‍ ബാങ്ക് മേധാവിയാണ്. ധനനയം, ഗവേഷണ കാര്യങ്ങള്‍ അടക്കമുള്ളവയുടെ ചുമതലയിലേക്ക് വരുന്നത് എപ്പോഴും ഒരു സാമ്പത്തിക വിദഗ്ധനായിരിക്കും.

സാമ്പത്തിക സുസ്ഥിരതയ്ക്ക് വേണ്ടി വാദിക്കുന്ന എകണോമിസ്റ്റുകളിലൊരാളാണ് ആചാര്യ. ആഗോള സാമ്പത്തിക പ്രതിസന്ധിയുശട സമയത്ത് ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ആചാര്യയും കൂടി ചേര്‍ന്ന് രചിച്ച 2015-ല്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പറില്‍ പൊതുമേഖലാ ബാങ്കുകളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാണെന്നു പറയുന്ന റിപ്പോര്‍ട്ട് അവയെ പുന:സംഘടിപ്പിക്കേണ്ടതുണ്ടെന്നും സമീപഭാവിയില്‍ ചിലവയെങ്കിലും സ്വകാര്യവത്ക്കരിക്കേണ്ടി വരുമെന്നും വ്യക്തമാക്കുന്നു.

മുംബൈ ഐഐടിയുടെ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചാമനായി പ്രവേശനം നേടിയ ആചാര്യ കമ്പ്യൂട്ടര്‍ സയന്‍സിലാണ് ഇവിടെ നിന്ന് ബിരുദമെടുത്തത്. തുടര്‍ന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി എടുക്കാനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം ഒരു വര്‍ഷത്തിനു ശേഷം സാമ്പത്തിക ശാസ്ത്രത്തിലേക്ക് തന്റെ മേഖല പറിച്ചുനട്ടു. തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് അദ്ദേഹം പി.എച്ച്.ഡി എടുത്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍