Top

പൊതിഞ്ഞുപറയുന്ന സംഘി രാഷ്ട്രീയം പുറത്തുവരുമ്പോള്‍

പൊതിഞ്ഞുപറയുന്ന സംഘി രാഷ്ട്രീയം പുറത്തുവരുമ്പോള്‍

ഇന്ദു

കേരളത്തിലെ ഹൈന്ദവ നവോത്ഥാനനായക വേഷത്തിനു സ്വയം പാകപ്പെടുത്തുന്ന വാക്കുകളും പ്രവര്‍ത്തികളുമാണ് രാഹുല്‍ ഈശ്വര്‍ എന്ന വിദ്വാന്‍ കുറച്ചുകാലമായി നടത്തിക്കൊണ്ടു പോരുന്നത്. പ്രത്യക്ഷത്തില്‍ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതാണെന്ന് തോന്നുന്ന കാര്യങ്ങള്‍. എന്നാല്‍ അയാള്‍ മുന്നോട്ടുവയ്ക്കുന്ന ഫിലോസഫി മറ്റേതൊരു ഹൈന്ദവവാദിയുടേതിനും തുല്യം തന്നെയാണെന്ന് തിരിച്ചറിയാന്‍ അത്രയധികം സൂക്ഷ്മതയാവശ്യമില്ലതാനും. പൊതിഞ്ഞു പറയാന്‍ ഇദ്ദേഹത്തിനറിയാം എന്നതാണ് പ്രത്യേകത.

കഴിഞ്ഞ ദിവസം രാഹുല്‍ മുന്നോട്ടുവച്ച ചില കാര്യങ്ങളുണ്ട് (അതയാള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുമുണ്ട്) അവ ഒറ്റനോട്ടത്തില്‍ പുരോഗമനപരമെന്നു തോന്നുമെങ്കിലും അല്‍പ്പം ശ്രദ്ധിച്ചുവായിച്ചാല്‍ അതിലൂടെനടത്തുന്ന ആഹ്വാനത്തിന് മറ്റേതൊരു സംഘിയുടെയും ആവേശം തുടിക്കുന്നതു കാണാം. ഉത്സവങ്ങള്‍ക്ക് ആനയും പടക്കവും നിര്‍ബന്ധമല്ലെന്നദ്ദേഹം പറയുന്നു, അതായത്, ആനയ്ക്കും പടക്കം പൊട്ടിക്കുന്നതിനും വേണ്ടിയല്ല ഉത്സവം നടത്തുന്നതെന്ന്. അത് വ്യക്തമാക്കാന്‍ നാലു പോയിന്റുകളും. അതില്‍ ആദ്യത്തേതു തന്നെ കേരളത്തിലെ ഹിന്ദുമതവിശ്വാസികളുടെ ജീവിതം ചൂണ്ടിക്കാട്ടിയാണ്. ഇവിടുത്തെ ഭൂരിപക്ഷ മതവിഭാഗമാണെങ്കിലും ഹിന്ദുക്കളുടെ ജീവിതം വളരെ ദുരിതത്തിലാണ്. ഈ മതവിഭാഗത്തിനിടയിലാണ് ഏറ്റവും അധികം (80ശതമാനത്തോളം) ആത്മഹത്യ, മദ്യാസക്തി, കുടുംബഛിദ്രം (വിവാഹമോചനം) എന്നിവ കണ്ടുവരുന്നത്. എണ്ണംകൊണ്ട് ഭൂരിപക്ഷമാണെങ്കിലും ഇപ്പോഴും തീര്‍ത്തും അരക്ഷിതമായ അവസ്ഥയിലാണ് കേരളത്തിലെ ഹിന്ദുക്കള്‍. എന്തുകൊണ്ട് അങ്ങനെയാകുന്നു എന്നൊരു ചോദ്യം വളരെ വൈകാരികമായി അദ്ദേഹം ഇതില്‍ പൊതിഞ്ഞുവച്ചിട്ടുണ്ട്. പിടികിട്ടുന്നവരുടെ സിരകള്‍ ചൂടുപിടിപ്പിക്കാന്‍ പാകത്തില്‍.

അടുത്ത പോയിന്റില്‍ വൈകാരികത അല്‍പ്പം കൂടി കൂടും. ആനയും പടക്കവുമെല്ലാം വിശ്വാസത്തിന്റെ അവിഭാജ്യഘടകങ്ങളാണെങ്കിലും അവയില്‍ കൂടുതല്‍ ആസ്‌കതരാകരുതെന്നാണ് ഉപദേശം. പകരം ആ പണം വകമാറ്റി ചെലവഴിക്കണം. സേവന പ്രവര്‍ത്തനങ്ങള്‍ക്കും അന്നദാനത്തിനും പുസ്തകദാനത്തിനും കല്യാണധനസഹായമായിട്ടും പ്രായമായവരെ സഹായിക്കാനും ആദിവാസികളെ മുന്നോട്ട് കൊണ്ടുവരാനുമൊക്കെയായി ഉപയോഗിക്കണമെന്ന്. ഇതൊക്കെ നമുക്ക്, അതായത് ഹിന്ദുക്കള്‍ക്കു കഴിയുന്നില്ലെന്നാണ് പരാതി. ഹിന്ദുക്കളുടെ ഉന്നമനത്തിന് ഹൈന്ദവസമൂഹം തയ്യാറാകണമെന്ന വാദം ഒറ്റവായനയില്‍ കുഴപ്പം തോന്നിക്കുന്നില്ലെങ്കിലും ആര്‍എസ്എസും ബിജെപിയുമൊക്കെ പറയുന്ന അതേ 'ഹിന്ദു ഐക്യം' തന്നെയാണ് രാഹുല്‍ ഈശ്വര്‍ എന്ന 'നവോഥാന നായകനു'മുള്ളത്. ഭൂരിപക്ഷം ഇവിടെ ദുരിതത്തിലും അരക്ഷിതാവസ്ഥയിലും കഴിയുമ്പോള്‍ ന്യൂനപക്ഷം സൗകര്യങ്ങളോടെ ജീവിക്കുന്നു എന്നാണല്ലോ പൊതുവേ കാവി പ്രത്യയശാസ്ത്രക്കാരുടെ പരാതി. കേരളത്തിലെ മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനേ ശ്രമിക്കുന്നുള്ളൂ, ഹിന്ദുവിന് നേട്ടം വേണമെങ്കില്‍ ഹൈന്ദവര്‍ സംഘടിച്ചു ശക്തരായി മാറണമെന്ന ഉദ്‌ബോധനത്തിന്റെ ഫിലോസഫിക്കല്‍ പല്ലവി രാഹുലും പാടുന്നു.

ദേശീയതയാണ് തന്റെ മതമെന്ന് പലവുരി ആവര്‍ത്തിച്ചുറപ്പിക്കുയും നാനാത്വത്തിലെ എകത്വദര്‍ശനത്തിന്റെ പ്രയോക്താവാണ് താനെന്നും കാണിക്കാന്‍ രാഹുല്‍ ഈശ്വര്‍ തന്നാലുംവിധം പലതും കാണിക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ കൈത്തണ്ടയില്‍ ദേശീയപതാകയുടെ റിബണ്‍ ചുറ്റിയിരിക്കുന്ന രാഹുല്‍ ശ്രദ്ധനേടിയിട്ടുണ്ട്. അതേസമയം രാഹുലിന്റെ ദേശീയബോധം ഒരു പ്രത്യേക രാഷ്ട്രീയബോധത്തില്‍ നിന്നുണ്ടായിട്ടുള്ളതാണെന്നും സെക്യുലറിസവും റിഫോര്‍മേഷനും പ്രസംഗിക്കയും ചെയ്യുന്നയാള്‍ തന്നെ തന്റെ മറ്റു ചില പ്രവര്‍ത്തികളൂടെ സ്വയം വെളിവാക്കപ്പെട്ടിട്ടുണ്ടെന്നും എതിരാളികള്‍ വിമര്‍ശിക്കാറുണ്ട്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയെ മുന്‍നിര്‍ത്തിയാണ് പലപ്പോഴും രാഹുല്‍ വിമര്‍ശിക്കപ്പെടാറുള്ളതും.

ഇവിടെ അത്തരത്തിലൊന്നിന്റെയും ആവശ്യമില്ലാതെ തന്നെ രാഹുലിന്റെത് തീവ്രഹിന്ദുത്വ ഫിലോസഫി മാത്രമാണെന്ന് തെളിയക്കാന്‍ സാധിക്കുന്ന മറ്റൊരു വസ്തുത ഉണ്ടായിരിക്കുന്നു. അയാളുടെ ഒരു ട്വീറ്റ്. ഒറ്റവായനയില്‍ തന്നെ രാഹുല്‍ ഈശ്വര്‍ എന്ന സംഘിയെ വെളിച്ചത്തു കൊണ്ടുവരുന്ന പ്രസ്താവന.

അദ്ദേഹത്തിന്റെ ട്വീറ്റ് ഇപ്രകാരമാണ്; ദശാബ്ദത്തിനിപ്പുറം ഒരു ഹിന്ദു വിദ്യാഭ്യാസ മന്ത്രിയുണ്ടായതും ഹിന്ദുവായ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി വരുന്നതും കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയുടെ സ്വാധീനം മൂലമാണ്'.

ഈയൊരൊറ്റ പ്രസ്തവാനയില്‍ നിന്നു തന്നെ രാഹുലിന്റെ എല്ലാ തത്വദര്‍ശനങ്ങളും എവിടെ നിന്നുത്ഭവിച്ച് എവിടെയെത്തി നില്‍ക്കുന്നുവെന്ന് കാണാം. കേവലമൊരു ഫേസ്ബുക്ക് സംഘിയുടേതിനേക്കാള്‍ വളര്‍ച്ച കുറഞ്ഞ തലച്ചോറുമായാണ് ഇദ്ദേഹം ഹിന്ദു നവോത്ഥാനത്തിന് ഇറങ്ങിയിരിക്കുന്നതെന്നു തോന്നിപ്പോകുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു തമാശ കണ്ടിരുന്നു. ഡല്‍ഹിയില്‍ രാത്രിസമയത്ത് തനിച്ചൊരു പെണ്‍കുട്ടി ടാക്‌സിയില്‍ കയറി. ഒരല്‍പം അത്ഭുതത്തോടെ ഡ്രൈവര്‍ ആ പെണ്‍കുട്ടിയോട് ചോദിച്ചു, നിങ്ങള്‍ക്ക് ഈ സമയത്ത് തനിച്ച് എന്റെ ടാക്‌സിയില്‍ കയറാന്‍ ഭയമില്ലേ? ആ പെണ്‍കുട്ടി പുഞ്ചിരിയോടെ പറഞ്ഞതെന്താണെന്നോ, നിങ്ങളുടെ ടാക്‌സിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഞാന്‍ കണ്ടു. പിന്നെ എന്തിന് ഭയക്കണം...

ഈ തമാശയേക്കാള്‍ ചിരിപ്പിക്കുന്നത് രാഹുലുന്റെ ട്വീറ്റ് തന്നെയാണ്. കേരളത്തില്‍ ബിജെപിക്ക് ഒരൊറ്റ എംഎല്‍എ ഉണ്ടായപ്പോള്‍ തന്നെ വന്ന മാറ്റം രാഹുലിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ അത്ഭുതമാണ്. ഒരു ദശാബ്ദത്തിനുശേഷം കേരളത്തിന് ഹിന്ദുവായ വിദ്യാഭ്യാസ മന്ത്രിയെ കിട്ടിയിരിക്കുന്നു! അതായത്, സഭയില്‍ രാജഗോപാലിന്റെ സാന്നിധ്യമുണ്ടെന്ന ബോധം ഉള്ളതുകൊണ്ടായിരിക്കണം പിണറായി, സി. രവീന്ദ്രനാഥ് എന്ന സവര്‍ണ ഹിന്ദുവിനെ വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ചതെന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. അതിനു കാരണം സിപിഎം ഹിന്ദുക്കളെ ഭയപ്പെട്ടു തുടങ്ങിയതാണ്. അതാണ് ക്രിസ്ത്യാനിയും മുസ്ലിമുമൊക്കെ എംഎല്‍എ ആയിട്ടുണ്ടെങ്കിലും ഒരു ഹിന്ദുവിനെ തന്നെ വിദ്യാഭ്യാസവകുപ്പ് ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിതനായത്. ഇല്ലെങ്കില്‍ ഭൂരിപക്ഷ സമുദായം കൂടുതല്‍ അകലും. ഇപ്പോള്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും ബിജെപിക്കൊപ്പമാണ്. ബാക്കിയുള്ളതു കൂടി പോകരുതല്ലോ. മുന്‍കാലങ്ങളിലെല്ലാം ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് വകുപ്പ് അടിയറവച്ച് വിദ്യാഭ്യാസത്തിലൂടെ ഹിന്ദുക്കളെ തകര്‍ത്തെറിയുകയായിരുന്നല്ലോ. ഈ തിരിച്ചടികള്‍ക്കെല്ലാമുള്ള മറുപടി നേമത്തു നിന്നു പറഞ്ഞു തുടങ്ങിയിരിക്കുകയാണെന്നായിരിക്കും രാഹുല്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്ന് സിപി ഐ യുടെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു, സിപി ഐയുടെ നാലു മന്ത്രിമാരും ഈഴവരാണല്ലോ? അല്ല, അവര്‍ നാലുപേരും കമ്യൂണിസ്റ്റുകാരാണെന്നായിരുന്നു വെളിയത്തിന്റെ മറുപടി. രാഹുലിന്റെ മണ്ടത്തരത്തോടും പ്രതികരിക്കേണ്ടത് അങ്ങനെ തന്നെയാണ്. സെക്യൂലറിസവും ദേശീയതയും പ്രസംഗിച്ചു നടക്കുകയും ഫേസ്ബക്കിന്റെ കവര്‍ ഫോട്ടോ തന്നെ മതസൗഹാര്‍ദത്തിന്റെ പ്രചരണബോര്‍ഡാക്കിയും വച്ചിരിക്കുന്ന രാഹുല്‍ ഈശ്വറിന് പ്രൊഫ. സി രവീന്ദ്രനാഥിന്റെ ജാതി മാത്രമെ കണ്ണില്‍ പെട്ടുള്ളുവെങ്കില്‍ താങ്കളാണു സഹോദരാ ഏറ്റവും വലിയ വര്‍ഗീയവാദി. ഇത്തവണത്തെ ഇടതുപക്ഷ എംഎല്‍എമാരില്‍ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കാന്‍ കഴിവുള്ളവര്‍ ഒന്നില്‍ കൂടുതലുണ്ട്. അതില്‍ പ്രഥമഗണനീയനെ തന്നെ മന്ത്രിയാക്കി നിയോഗിച്ചതില്‍ സന്തോഷിക്കേണ്ടത് അയാളുടെ ഹിന്ദു പേരിലാകരുത്.(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories