TopTop
Begin typing your search above and press return to search.

വൃദ്ധ കോണ്‍ഗ്രസ്സ് നേതാക്കളെ 46 വയസുള്ള രാഹുലിനെ പയ്യനാക്കല്ലേ

വൃദ്ധ കോണ്‍ഗ്രസ്സ് നേതാക്കളെ 46 വയസുള്ള രാഹുലിനെ പയ്യനാക്കല്ലേ

രാഹുല്‍ ഗാന്ധിയുടെ ഇതുവരെയുള്ള ജയപരാജയങ്ങളെ പ്രതിരോധിക്കാനാണ് അത് പറഞ്ഞതെങ്കില്‍, അത് തിരിച്ചടിച്ചു എന്ന് വേണം കരുതാന്‍. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഒരരുക്കായതിന്റെ പ്രതികരണമായാണ് 'രാഹുല്‍ ഗാന്ധി ഇപ്പോഴും പക്വത കൈവരിച്ചിട്ടില്ല... പക്വത കൈവരിക്കാന്‍ അദ്ദേഹത്തിന്റെ പ്രായം അനുവദിക്കുന്നില്ല. അദ്ദേഹത് തന്റെ നാല്‍പതുകളിലാണ് അദ്ദേഹം. ദയവായി അദ്ദേഹത്തിന് അല്‍പം സമയം നല്‍കൂ,' എന്ന് കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് പറഞ്ഞത്.

ഇന്ത്യയിലും വിദേശത്തുമുള്ള ഇതിനെക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളുകള്‍ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ലഭ്യമാണെന്നിരിക്കെ 46 വയസുള്ള ഒരാള്‍ക്ക് പക്വതയില്ലെന്ന് പരിഗണിക്കേണ്ടി വരുന്നത് വളരെ വിചിത്രമായ സംഗതിയാണ്. ഇന്ത്യയിലെ കാര്യം തന്നെ ഒന്ന് പരിശോധിക്കാം. 48 വയസുള്ളപ്പോഴാണ് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായത്. രാഹുലിന്റെ അച്ഛന്‍ 40-ാം വയസില്‍ പ്രധാനമന്ത്രിയായി. 43-ാം വയസിലാണ് ലോകത്തിലെ ഏറ്റവും ശക്തമായ പദവിയിലേക്ക് ജോണ്‍ എഫ് കെന്നഡി എത്തുന്നത്. ബറാക് ഒബാമ 47-ാം വയസിലും. 43-ാം വയസില്‍ ജസ്റ്റിന്‍ ട്രുഡ്യൂ കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കലുഷിതമായ പാകിസ്ഥാന്റെ ചുമതല ബേനസിര്‍ ഭൂട്ടോ ഏറ്റെടുക്കുന്നത് തന്റെ നാല്‍പതാം വയസിലാണ്.

മിക്ക തൊഴിലുകളിലുമുള്ള സംഘടിത തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസാണെന്നിരിക്കെ, നാല്‍പതുകളുടെ മധ്യത്തിലുള്ള ഒരാളെ വെറുമൊരു കൗമാരക്കാരനായി പരിഗണിക്കാന്‍ പ്രയാസമാണ്. ഈ പ്രായത്തില്‍ മിക്കവരും തൊഴിലിന്റെ ഉത്തരവാദിത്വത്തോടൊപ്പം ഒരു കുടംബത്തെ സംരക്ഷിക്കുന്നവര്‍ കൂടിയായിരിക്കും.

ചില പഴയ പ്രവണതകള്‍ കുടഞ്ഞെറിയാന്‍ ഇന്ത്യന്‍ രാഷ്ട്രീയം തയ്യാറാവണം. ഉദാഹരണത്തിന്, മുപ്പതുകളുടെ അവസാനത്തിലും നാല്‍പതുകളുടെ ആരംഭത്തിലുമുള്ളവരാണ് നമ്മുടെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന വിഭാഗം നേതാക്കള്‍. ജനങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിക്കുന്നതായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് നാം പലപ്പോഴും വാദിക്കാറുണ്ട്. ഇന്ത്യന്‍ ജനസംഖ്യയില്‍ യുവജനങ്ങള്‍ക്കാണ് മുന്‍തൂക്കം എന്നിരിക്കെ അത് രാഷ്ട്രീയ വര്‍ഗ്ഗങ്ങളില്‍ പ്രതിഫലിക്കാതിരിക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ല. എന്നിട്ടും നമ്മുടെ ഭൂരിപക്ഷം രാഷ്ട്രീയക്കാരും അറുപതും എഴുപതും അതിന് മുകളിലും പ്രായമുള്ളവരാണ്.

പ്രായം വച്ച് ഗണിക്കാവുന്ന ഒന്നല്ല രാഷ്ട്രീയ ബുദ്ധിയും വിവേകവും. ഉദാഹരണത്തിന്, അധികാരത്തിലെത്തുമ്പോള്‍ താരതമ്യേന അനുഭവപരിചയം കുറവുള്ളവരായിരുന്നു രാജീവ് ഗാന്ധിയും ഒബാമയും. അവര്‍ ജോലി ചെയ്ത് പഠിക്കുകയായിരുന്നു.

പ്രായത്തിന്റെ പേരില്‍ മാത്രം ഉത്തരവാദിത്വമുള്ള പദവികള്‍ നിഷേധിച്ചുകൊണ്ട് തങ്ങളുടെ പക്ഷത്തുള്ള മുപ്പതുകളിലും നാല്‍പതുകളിലുമുള്ളവരോട് ഒരേ തരത്തിലുള്ള അന്യായമാണ് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും കാണിക്കുന്നത്. രാഷ്ട്രീയത്തില്‍ വിരമിക്കുക എന്ന പരിപാടിയില്ലാത്തതിനാല്‍ യുവാക്കള്‍ക്കായി വഴിമാറിക്കൊടുക്കാന്‍ മുതിര്‍ന്ന നേതാക്കന്മാര്‍ മടിക്കുന്നു. നാല്‍പതുകളില്‍ ഉള്ളവരെ യുവജന തലമുറ എന്ന് വിശേഷിപ്പിക്കാമെങ്കില്‍, അവര്‍ രംഗത്തേക്ക് വരാന്‍ തയ്യാറല്ല എന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല.

അനുഭവങ്ങളുടെയും വിവേകത്തിന്റെയും പേരിലുള്ള ആനുകൂല്യങ്ങള്‍ എന്തൊക്കെയായാലും, ദീര്‍ഘസമയം ജോലി ചെയ്യാനും പുതിയ ആശയങ്ങളുമായി ഉയര്‍ന്ന് വരാനുമുള്ള ശേഷിയെ പ്രായം കവര്‍ന്നെടുക്കുമെന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കാനും അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുമാണ് ആകര്‍ഷകമായ ഒരു രണ്ടാംനിര നേതൃത്വമുള്ള കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. അദ്ദേഹം പക്വതയാര്‍ജ്ജിക്കേണ്ടിയിരിക്കുന്നു എന്ന് പറയുന്നത് അദ്ദേഹത്തോടും പാര്‍ട്ടിയോടും ചെയ്യുന്ന നീതികേടാണ്.


Next Story

Related Stories