Top

രാഹുലിന് ജയിക്കാന്‍ മോദിയുടെ വിവരക്കേടുകള്‍ മാത്രം പോര

രാഹുലിന് ജയിക്കാന്‍ മോദിയുടെ വിവരക്കേടുകള്‍ മാത്രം പോര

ടീം അഴിമുഖം

അങ്ങനെ ഒടുവില്‍ ശരിക്കുള്ള ഒരു രാഷ്ട്രീയ പോരാട്ടത്തിലേയ്ക് എത്തിയിരിക്കുകയാണ് രാഹുല്‍; തന്‍റെ രാഷ്ട്രീയം വ്യക്തമാക്കാന്‍ ഉതകുന്ന ഒന്ന്.

വിവേകശൂന്യമായി നരേന്ദ്ര മോദി നല്‍കുന്ന പല അവസരങ്ങളും ഉപയോഗപ്പെടുത്തി ബി ജെ പി ഭരണത്തിന്‍റെ പ്രധാന എതിരാളിയായി അനുദിനം ഉയരുകയാണ് ദേശീയ തലത്തില്‍ കേജരിവാള്‍. മോദി നയിക്കുന്ന ബി‌ജെ‌പിയെ നേരിടുന്ന പ്രധാന നേതാക്കളില്‍ ഒരാളാവും 2019ല്‍ അദ്ദേഹം.

ഈ ബഹളങ്ങള്‍ക്കിടയില്‍ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന് ഒട്ടും ശ്രദ്ധ കിട്ടുന്നുണ്ടായിരുന്നില്ല. ഇടക്കിടയ്ക്കുള്ള അവധിക്കാല യാത്രകളും കൃത്യമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താത്തതും ശക്തമായ ഒരു അജണ്ടയില്ലാത്തതും ഒക്കെ രാഹുലിന് തിരിച്ചടിയായി.

എന്നാല്‍ ചൊവ്വാഴ്ച ഇതെല്ലാം മാറി മറിഞ്ഞു. സുപ്രീം കോടതി തനിക്കു നല്‍കിയിരിക്കുന്നത് എത്ര വലിയ സുവര്‍ണ്ണാവസരമാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞാല്‍ മാത്രം മതി.

രാഹുല്‍ ഗാന്ധി ഒരു സംഘടനയെ മൊത്തമായി ആക്ഷേപിക്കരുതായിരുന്നുവെന്നും അതില്‍ ഖേദം പ്രകടിപ്പിക്കാത്ത പക്ഷം അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിരിക്കുന്ന അപകീര്‍ത്തി കേസില്‍ വിചാരണ നേരിടേണ്ടി വരുമെന്നുമാണ് ചൊവ്വാഴ്ച കോടതി അഭിപ്രായപ്പെട്ടത്."ചരിത്രപരമായി അത് ശരിയായിരിക്കാം. എന്നാല്‍ ഒരു പ്രസ്താവനയോ വസ്തുതയോ പൊതുനന്‍മയ്ക്കു വേണ്ടിയുള്ളതാണോ എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. അടച്ചാക്ഷേപിക്കുന്ന തരത്തില്‍ ഉള്ളതായിക്കൂട അവ," കോടതി പറഞ്ഞു. 1948ല്‍ നടന്ന മഹാത്മാഗാന്ധി വധത്തിന് ആര്‍‌എസ്‌എസ് ആണ് ഉത്തരവാദി എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പരാമര്‍ശിച്ചാണ് കോടതി അങ്ങനെ പറഞ്ഞത്.

കോണ്‍ഗ്രസ്സിന്‍റെ പ്രതികരണം ഉടനെയെത്തി; ഗാന്ധിജിയെ വധിച്ചതിന്‍റെ ഉത്തരവാദിത്വം ആര്‍‌എസ്‌എസ്സിന് ആണ് എന്നു പറഞ്ഞതില്‍ തങ്ങളുടെ വൈസ്പ്രസിഡണ്ട് ഖേദം പ്രകടിപ്പിക്കുകയില്ല എന്ന് അവര്‍ വ്യക്തമാക്കി. മറിച്ച്, ചരിത്രപരമായ വസ്തുതകളും തെളിവുകളും കോടതിയില്‍ നല്‍കി അദ്ദേഹം തന്‍റെ ഭാഗം ന്യായീകരിക്കും.

"മി. ഗാന്ധി ക്ഷമ പറയുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യുന്ന പ്രശ്നം ഉദിക്കുന്നില്ല. ഈ നിര്‍ദ്ദേശം മുന്‍പും ഉയര്‍ന്നു വന്നിട്ടുള്ളതാണ്; അദ്ദേഹത്തിന് അത് സ്വീകാര്യമല്ല," കോണ്‍ഗ്രസ്സിന്‍റെ പ്രധാന വക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.

"ചരിത്ര വസ്തുതകള്‍ നല്ലപോലെ അറിയാവുന്ന, പക്വതയുള്ള രാഷ്ട്രീയപ്രവര്‍ത്തകനാണ് മി. ഗാന്ധി. ഈ പ്രസ്താവനകളെ കോണ്‍ഗ്രസ്സും മി. ഗാന്ധിയും കോടതിയില്‍ ന്യായീകരിക്കും. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഇക്കാര്യത്തെ പറ്റി കൂടുതല്‍ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല," സുര്‍ജെവാല പറഞ്ഞു.

അപകീര്‍ത്തിപ്പെടുത്തലിനെതിരേയുള്ള നടപടികള്‍ ഭരണഘടനാനുസൃതം നിലനില്‍ക്കുന്നതല്ല എന്നു രാഹുല്‍ വാദിച്ചിരുന്നു. കൂടാതെ, നേരിട്ടു ഹാജരാകാനുള്ള നോട്ടീസിനെതിരേയുള്ള ഹരജി ബോംബേ ഹൈക്കോടതി നിരസിച്ച വിധിയെയും ചോദ്യം ചെയ്തിരുന്നു. അപകീര്‍ത്തിപ്പെടുത്തല്‍ വ്യവസ്ഥകള്‍ക്ക് എതിരേയുള്ള ഹരജികള്‍ കോടതി തള്ളിയെങ്കിലും ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീല്‍ സുപ്രീം കോടതിക്ക് മുന്‍പാകെ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ പ്രകാരം തീരുമാനമാകാതെ ബാക്കിയാണ്.

പിന്നീടു നടന്ന ഔദ്യോഗിക പത്രസമ്മേളനത്തില്‍ സുപ്രീം കോടതി ചൊവ്വാഴ്ച നടത്തിയ നിരീക്ഷണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു "എല്ലാവരുടെയും മുന്‍പാകെ സത്യം വെളിപ്പെടുത്താനായി" അപകീര്‍ത്തി കേസ് രാഹുല്‍ ഗാന്ധി കോടതിയില്‍ നേരിടുമെന്ന് പാര്‍ട്ടി വക്താവ് ഗൌരവ് ഗോഗോയ് ആവര്‍ത്തിച്ചു."സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കോടതി മുന്‍പാകെ കേസ് എത്തുമ്പോള്‍ ചരിത്രപരമായ വസ്തുതകളും രേഖകളും ഹാജരാക്കി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ സാധൂകരിക്കാനാകും എന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ സുപ്രീം കോടതിയെ മാനിക്കുന്നു."

തങ്ങളെ പറ്റി കോണ്‍ഗ്രസ്സ് സ്ഥിരമായി "കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെ"ന്നു പ്രത്യയശാസ്ത്രപരമായി ബി‌ജെ‌പിയുടെ മാര്‍ഗ്ഗദര്‍ശകരായ ആര്‍‌എസ്‌എസ് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ഭിവണ്ഡി കോടതിയില്‍ നിലനില്‍ക്കുന്ന അപകീര്‍ത്തി കേസില്‍ "വിചാരണ ഒഴിവാക്കാന്‍" മി. ഗാന്ധി ശ്രമിക്കുന്നതായും ആര്‍‌എസ്‌എസ് ആരോപിച്ചു.

ജനാധിപത്യ വിഷയങ്ങളില്‍ ഗൌരവപൂര്‍ണ്ണമായ സംവാദങ്ങളും പോരാട്ടങ്ങളും നടത്താതെ ഒഴിഞ്ഞു മാറുകയായിരുന്നു സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് ഇതുവരെ. ഇടയ്ക്കു വല്ലപ്പോഴും ശക്തി കാണിക്കുമെങ്കിലും അധികം താമസിയാതെ പിന്‍വലിഞ്ഞു ബി‌ജെ‌പിയുടെ 'ബി' ടീം എന്ന പോലെ പെരുമാറുകയാണ് അവരുടെ പതിവ്. മോദി ഭരണത്തിന്‍ കീഴില്‍, ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍വ്വചിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്കു വേണ്ടിയാവും ശരിയായ യുദ്ധം. മതേതരത്വം ആവും അതിന്‍റെ പ്രധാന അടിത്തറ.

ഈ അവസരം രാഹുല്‍ ഗാന്ധി എത്തിപ്പിടിച്ചില്ലെങ്കില്‍ ആര്‍‌എസ്എസ്സിനെതിരേ ആക്രമണസ്വഭാവമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന കേജരിവാളിനെ പോലെ ഒരാളുടെ കയ്യിലേക്കാവും ശരിയായ മല്‍സരം പോകുക.


Next Story

Related Stories