TopTop
Begin typing your search above and press return to search.

മാര്‍ക്സിസവും അംബേദ്കറിസവും ഒന്നിക്കണം-രാജ വെമുല/അഭിമുഖം

മാര്‍ക്സിസവും അംബേദ്കറിസവും ഒന്നിക്കണം-രാജ വെമുല/അഭിമുഖം

രാജ വെമുല/വിഷ്ണു ശൈലജ വിജയന്‍

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ദളിതല്ല എന്നതാണ് കേന്ദ്ര മാനവ ശേഷി വിഭവ മന്ത്രാലയം നിയോഗിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. രോഹിത് ആത്മഹത്യ ചെയ്തത് വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമാണ് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഇതിനെതിരെ ശകതമായ പ്രതികരണവുമായി രാധിക വെമുല രംഗത്ത് വന്നു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന എ ഐ വൈ എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ രോഹിതിന്റെ സഹോദരന്‍ രാജ വെമുല അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വിഷ്ണു ശൈലജ വിജയനോട് സംസാരിക്കുന്നു.

വിഷ്ണു: രോഹിത് വെമുല ജാതീയമായ അധിക്ഷേപം മൂലമല്ല ആത്മഹത്യ ചെയ്തത് എന്ന രൂപന്‍വാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനോട് എങ്ങനെ പ്രതികരിക്കുന്നു?

രാജ വെമുല: രൂപന്‍വാല്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ സത്യമില്ല. അത് മുഴുവന്‍ കേന്ദ്ര സര്‍ക്കാരിനെ സംരക്ഷിച്ചു കൊണ്ടുള്ള പൊള്ളത്തരങ്ങള്‍ മാത്രമാണ്. അമ്മ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ദളിതായി അഭിനയിക്കുന്നു എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അത് മാത്രവുമല്ല രോഹിത് മരിച്ചത് ജാതിയമായ പ്രശ്നങ്ങള്‍ കൊണ്ടല്ല എന്നും മറിച്ച് അവന്‍റെ മാനസിക പ്രശ്ങ്ങള്‍ മൂലമാണ് എന്നുമാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അതൊന്നും സത്യമല്ല. അവനെ നിരന്തരം പ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ച വിസിയേയും മന്ത്രിയെയും റിപ്പോര്‍ട്ടില്‍ നല്ലവരാക്കിയിരിക്കുകയാണ്. അത് ഞങ്ങള്‍ അംഗീകരിക്കുകയില്ല. രാജ്യം മുഴുവന്‍ അറിയുന്ന കാര്യമാണ് വിസി അപ്പാറാവു ആണ് രോഹിതിന്റെ ആത്മഹത്യക്ക് കാരണക്കാരനെന്ന്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു കുടുംബ പ്രശ്നവും ഇല്ലായിരുന്നു.

വി: രോഹിതിന്‍റെ മരണശേഷം ഹൈദരബാദ് സര്‍വ്വകലാശാലയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു?

രാ: ഇലക്ഷന്‍ റിസള്‍ട്ട് ഒരു നല്ല പ്രതീക്ഷ നല്‍കുന്നുണ്ട്. എഎസ്എ അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചു. അതൊരു നല്ല റിസള്‍ട്ടാണ്. ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും, കപട പ്രചരണങ്ങള്‍ നടത്തിയിട്ടും വിദ്യാര്‍ഥികള്‍ കൂടെ നിന്നു. ഇതൊരു മാറ്റത്തിന്‍റെ തുടക്കമാണ്‌. ഒരു പുതിയ കാലം ആരംഭിക്കാന്‍ പോകുന്നു. ഒരു പുതിയ അംബേദ്‌കറൈറ്റ് കാലഘട്ടം വരാന്‍ പോകുന്നു. ഇടതു സംഘടനകളും അംബേദ്‌കര്‍ സംഘടനകളും ഒരുമിച്ചു നിന്നിരുന്നു എങ്കില്‍ അത് നല്ലൊരു മുന്നേറ്റത്തിന് കാരണമായേനെ. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. നോക്കു, ഈ രണ്ടു കൂട്ടരും പൊരുതുന്നത് മനുവാദികള്‍ക്ക് എതിരെയാണ്. അപ്പോള്‍ എന്തുകൊണ്ട് ഒരുമിച്ചു നിന്നുകൂട? ഞാന്‍ ഒരു അപേക്ഷ മുന്നോട്ടു വെക്കുകയാണ്‌. മനുവാദികള്‍ക്ക് എതിരെ രാജ്യത്തെ എല്ലാ മതേതര സംഘടനകളും ഒരുമിക്കണം. അതില്‍ ദളിതരുണ്ടാകണം, കമ്മ്യൂണിസ്റ്റുകാരുണ്ടാകണം, ആദിവാസികളുണ്ടാകണം, മുസ്ലീങ്ങള്‍ ഉണ്ടാകണം. നമ്മള്‍ ഒരുമിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.

വി: അംബേദ്‌കറൈറ്റ് പ്രത്യയ ശാസത്രവും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും ഒരുമിക്കും എന്ന്പ്രതീക്ഷയുണ്ടോ?

രാ: കമ്മ്യൂണിസവും അംബേദ്‌കറൈറ്റ് തത്വശാസ്ത്രവും ഇന്ത്യന്‍ ജനാധിപത്യത്തിന് അത്യാവശ്യമാണ്. ചരിത്രത്തിലാദ്യമായി ഈ രണ്ടു പ്രത്യയശാസ്ത്രങ്ങളും ഒറ്റക്കെട്ടായിയിരിക്കുന്നു. ഒരുമിച്ചു നിന്ന് കഴിഞ്ഞാല്‍ മനുവാദികള്‍ക്കും ബിജെപി ഗവന്മെന്റിനുമെതിരെ ശക്തമായി പോരാട്ടങ്ങള്‍ നയിക്കാന്‍ കഴിയും. മാര്‍ക്സിസവും അംബേദ്കറിസവും ഒരുമിച്ചാല്‍ അത് നല്ലൊരു കാലത്തിന്‍റെ തുടക്കമാകും. എല്ലാ തര്‍ക്കങ്ങളും മാറ്റി വെക്കണം എന്നാണ് എന്‍റെ അഭിപ്രായം. തെറ്റുകള്‍ പറ്റിയിട്ടുണ്ടാകം. അവരെ തിരുത്താന്‍ അവസരം നല്‍കി കൂടെ കൂട്ടണം. ലാല്‍സലാം വിളിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ നീല സലാം ചേര്‍ത്ത് വിളിക്കുന്നു. മറ്റിടങ്ങളിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് ഉയര്‍ന്നു വരാനുള്ള സമയം വന്നെത്തിയിരിക്കുകയാണ്.

സംസാരിക്കാനും, പഠിക്കാനും, നടക്കാനും, കഴിക്കാനും ഒക്കെയുള്ള പൂര്‍ണ്ണ സ്വതന്ത്ര്യത്തിന് വേണ്ടി പോരാടാനുള്ള സമയമാണിത്. ഞങ്ങള്‍ ഞങ്ങളുടെ മുന്നേറ്റത്തെ ചെറുക്കാന്‍ വരുന്ന എല്ലാ ശക്തികളെയും സ്വാഗതം ചെയ്യുകയാണ്. എത്രമാത്രം അടിച്ചമര്‍ത്താന്‍ കഴിയുമോ അത്രത്തോളം അത് അവര്‍ ചെയ്യട്ടെ, പക്ഷെ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും, രോഹിതിനായിരിക്കും, അംബേദ്‌കറിനായിരിക്കും.

ഉന പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഞാന്‍ അവിടെ പങ്കെടുത്തിരുന്നു. അമ്മയും ജിഗ്നേഷും കനയ്യയും മറ്റ് മതേതര നേതാക്കളും ഉണ്ടായിരുന്ന വേദിയില്‍ ഞങ്ങള്‍ ഞങ്ങളുടെ സമരപ്രഖ്യാപനം നടത്തി. ഡല്‍ഹിയില്‍ മോദി ദേശിയ പതാകയുയര്‍ത്തിയപ്പോള്‍ അമ്മ അവിടെ ഞങ്ങള്‍ക്കായി, പാവപ്പെട്ടവര്‍ക്കായി ദേശിയപതാക ഉയര്‍ത്തി.

ഗുജറാത്തിലെ ദളിതരുടെ ജീവിതാവസ്ഥ മാധ്യമങ്ങളിലൂടെ നിങ്ങള്‍ കണ്ടു കാണുമല്ലോ. ഞാന്‍ കുറെയധികം മലയാളി ചാനല്‍ പ്രവര്‍ത്തകരെ അവിടെ കണ്ടിരുന്നു. ഗുജറാത്തിലെ ദളിതര്‍ അവിടെ നരകിച്ചു കഴിയുകയായിരുന്നു. ആദ്യമായി അവര്‍ പ്രതികരിക്കാന്‍ തയ്യാറായി. സംഘപരിവാറിന്‍റെ തെറ്റുകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ അവര്‍ തയ്യാറായി. അതുമൊരു പുതിയ ചരിത്രമാണ്‌.വി:
രോഹിതിന്‍റെ മരണ ശേഷം ഉയര്‍ന്നു വന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ദളിത്‌ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു എന്ന് വിശ്വസിക്കുന്നുണ്ടോ?

രാ: തീര്‍ച്ചയായും,രോഹിതിന്റെ മരണ ശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ രൂപപ്പെട്ട പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ വല്ലാതെ അലട്ടുന്നുണ്ട്. ജെഎന്‍യുവും എച്ച്സിയുവും ഒക്കെ അവരെ ഭയപ്പെടുത്തുന്നു. എല്ലായിടത്തും വിദ്യാര്‍ഥികളാണ് മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവിടെയും അത് സംഭവിച്ചു തുടങ്ങി. മനുവാദികള്‍ ചിന്തിക്കുന്ന വിദ്യാര്‍ഥികളെ ഭയപ്പെടുന്നു. അവര്‍ വിദ്യാര്‍ഥികളില്‍ മതവും തീവ്രവാദവും വളര്‍ത്താന്‍ ശ്രമിക്കുകയാണ്. മതത്തിന്‍റെ പേരില്‍ വിദ്യാര്‍ഥികളെ വിഭജിക്കാന്‍ ശ്രമിക്കുന്നു. സാമുദായിക ലഹള സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്ക് എന്ത് ചെയ്യണം എന്നറിയാന്‍ പറ്റുന്നില്ല, അവര്‍ ആകെ കുഴഞ്ഞു മറിഞ്ഞുപോയി. വിദ്യാര്‍ഥി പ്രതിരോധങ്ങള്‍ ചെറുതല്ലാത്ത ആത്മവിശ്വാസമാണ് തന്നത്. തളര്‍ന്നു പോകുന്ന ഘട്ടങ്ങളില്‍ അമ്മയ്ക്ക് കൂട്ട് നിന്ന് എല്ലാത്തിനും ശക്തി പകര്‍ന്നു രോഹിതിന്റെ കൂട്ടുകാര്‍ ഉണ്ടായിരുന്നു. ഇപ്പോഴും അവര്‍ കൂടെയുണ്ട്.

വി: കേരളത്തിലെ ദളിത്‌ ജീവിത സാഹചര്യങ്ങള്‍ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ഥമാണെന്ന് തോന്നുണ്ടോ?

രാ: ഞങ്ങളുടെ നാട്ടിലെയും ഉത്തരേന്ത്യയിലെയും ദളിത്‌ വിഭാഗങ്ങളുടെ ജീവിതാവസ്ഥ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ അവസ്ഥ വളരെ മെച്ചമാണ്. ഒന്നുമല്ലെങ്കിലും ഇവിടുത്തുകാര്‍ക്ക് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാം, പഠിക്കാം, എഴുതാം, സ്വന്തമായി ഭൂമിയുണ്ട്. പക്ഷെ മറ്റു സ്ഥലങ്ങളിലെ അവസ്ഥ നോക്കു. എനിക്ക് തോന്നുന്നത് ഇവിടുത്തെ സര്‍ക്കാരുകള്‍ ജാതീയത പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ എടുത്തില്ല എന്നാണ്.Next Story

Related Stories