TopTop
Begin typing your search above and press return to search.

രാജമ്മ അറ്റ് യാഹൂ; തമാശ എന്ന പേരില്‍ എന്തും വിറ്റുപോവില്ല

രാജമ്മ അറ്റ് യാഹൂ; തമാശ എന്ന പേരില്‍ എന്തും വിറ്റുപോവില്ല

രഘുരാമ വര്‍മയുടെ കന്നി സംവിധാന സംരംഭം ആണ് രാജമ്മ അറ്റ് യാഹൂ. കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഒരു മുഴു നീള കോമഡി പടം എന്ന രീതിയിലാണ് ട്രെയിലറും മറ്റു പരസ്യങ്ങളും ഒക്കെ സിനിമയെ നമുക്ക് മുന്‍പില്‍ അവതരിപ്പിച്ചത്.


കോഴിക്കോട് നഗരത്തില്‍ അത്യാവശ്യം അലമ്പുകളും ചില്ലറ ജോലികളും ചെയ്തു ജീവിക്കുന്ന സഹോദരങ്ങളാണ് മൈക്കല്‍ രാജമ്മയും(കുഞ്ചാക്കോ ബോബന്‍) വിഷ്ണു യോഹന്നാനും(ആസിഫ് അലി). രാജമ്മ, യാഹു എന്നീ ചുരുക്കപ്പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരുടെ മാതാപിതാക്കള്‍ രാജമ്മയും യോഹന്നാനും മിശ്ര വിവാഹിതരാണ്. പെട്ടന്നുണ്ടായ ഒരു ദുരന്തത്തില്‍ രണ്ടു പേരെയും നഷ്ടപ്പെട്ടു രാജമ്മയും യാഹുവും ഒരു വലിയ ബംഗ്ലാവില്‍ ഒറ്റയ്ക്കാവുന്നു. നല്ലവരായ കോഴിക്കോട്ടുകാര്‍ ഇവരെ ഏറ്റെടുത്തു വളര്‍ത്തുന്നു. യാഹുവിന്റെ കാമുകി നസീമയും (അനുശ്രീ) ഉമ്മയും വില്ലേജ് ഓഫീസര്‍ ആയ പവിത്രനും (കലാഭവന്‍ ഷാജോണ്‍) കുടുംബവും ഇവരുടെ വീട്ടില്‍ താമസിക്കുന്നുണ്ട്. ഒരുപാട് ദുരൂഹതകളുമായി ഷെറിന്‍ (നിക്കി ഗിര്‍ലാനി) ഇവിടേയ്ക്ക് എത്തുന്നതും പിന്നീട് ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും ഒക്കെയാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.

കോമഡി സിനിമ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദമെങ്കിലും ഏതൊക്കെയോ കോമഡി സ്‌കിറ്റുകളുടെ ഇടയില്‍ പലകുറി കണ്ടു മടുത്ത കുറെ കഥാസന്ദര്‍ഭങ്ങള്‍ കുത്തിനിറച്ച പോലെ തോന്നും ഈ പടം കണ്ടാല്‍. കഥ നടുക്കുന്നത് കോഴിക്കോടായത് കൊണ്ട് ബാബുരാജും ഹല്‍വയും ഒക്കെ വന്നു പോകണം എന്ന് സംവിധായകനും തിരക്കഥാകൃത്തിനും നിര്‍ബന്ധമുള്ള പോലെ തോന്നി. മാമുക്കോയയുടെ ഹലുവക്കടക്കാരന്‍, ബ്രണ്ണന്‍ കോളേജില്‍ ബി എ മലയാളത്തിനു പഠിച്ച രാജമ്മയുടെയും യാഹുവിന്റെയും അച്ഛനമ്മമാര്‍ തുടങ്ങീ കോഴിക്കോടന്‍ ഗൃഹാതുരതകളുടെ കുത്തൊഴുക്കാണ് സിനിമയില്‍. സെക്‌സുമായി ബന്ധപ്പെട്ട കുറെ അശ്ലീല നോട്ടങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കൊണ്ടാണ് പ്രേക്ഷകരെ രസിപ്പിക്കേണ്ടത്, അല്ലെങ്കില്‍ അത് മാത്രമാണ് തമാശ എന്ന് സംവിധായകനും മറ്റുള്ളവരും തെറ്റിദ്ധരിച്ചു എന്ന് തോന്നും രാജമ്മ അറ്റ് യാഹു കണ്ടാല്‍. ഭാര്യയുടെ ലൈംഗിക ദാഹം, എഴിമലപൂഞ്ചോല ടി വി യില്‍ കണ്ടു ആര്‍ത്തിയോടെ നോക്കി നില്‍ക്കുന്ന ഭാര്യയെ വിളിച്ചു ഷര്‍ട്ട് ഇസ്തിരി ഇടാന്‍ പറയുന്ന ഭര്‍ത്താവ് തുടങ്ങീ കുറെ രംഗങ്ങളും സംഭാഷണങ്ങളും കൊണ്ട് സമ്പന്നമാണ് സിനിമ.

സിനിമയിലെ അതിശക്തനായ മേയര്‍ വമ്പന്‍ വ്യവസായി കൂടിയാണ്. എതിര്‍ക്കുന്നവരെ മുഴുവന്‍ നിഷ്‌കാസിതരാക്കുന്ന ഇയാള്‍ ഒറ്റ രാത്രി കൊണ്ട് കുറ്റബോധം ഉണ്ടായി ചെയ്ത തെറ്റുകള്‍ ഒന്നൊന്നായി തിരുത്തുന്നത് വിശ്വസനീയതയുടെ യാതൊരു ലാഞ്ചനയും ഇല്ലാതെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. വിവേഹേതര ബന്ധത്തില്‍ പിറന്ന മകള്‍ തന്റെ അമ്മയെ പോലെ മറ്റാരും ''വഴി പിഴച്ചു'' പോകരുത് എന്നോര്‍മിപ്പിക്കാന്‍ നഗരത്തിന്റെ ഒത്ത നടുവില്‍ അവരുടെ പ്രതിമ സ്ഥാപിക്കുന്ന രംഗം ഒക്കെ കണ്ടു കണ്ണ് തള്ളിയിരിക്കാനെ കഴിഞ്ഞുള്ളൂ.കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും നടന്മാരും മറ്റു സാങ്കേതിക വിദഗ്ദരും സ്വന്തം ജോലികള്‍ പരിക്കില്ലാതെ ചെയ്തിട്ടുണ്ട്. ടൈറ്റില്‍ റോളുകള്‍ കുഞ്ചാക്കോ ബോബന്റെയും അസിഫ് അലിയുടെയും കൈകളില്‍ ഭദ്രമാണ്. വില്ലനായി വന്ന രണ്‍ജി പണിക്കരും സ്‌ക്രീനില്‍ നിറഞ്ഞു നില്ക്കുന്നു. അനുശ്രീയും സേതു ലക്ഷ്മിയും സ്വന്തം കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്ന നടിമാര്‍ ആണ്. പക്ഷെ ഈ സിനിമയില്‍ കാര്യമായി ഒന്നും അവര്‍ക്ക് രണ്ടു പേര്‍ക്കും ചെയ്യാനില്ല. സ്വന്തം സൗന്ദര്യാരാധകരെ തൃപ്ത്തിപെടുത്തുക എന്ന പതിവ് കര്‍ത്തവ്യം നിക്കി ഗിര്‍ലാനി ഈ സിനിമയിലും നിര്‍വഹിച്ചു. പാട്ടുകള്‍ കേള്‍ക്കാന്‍ കുഴപ്പമില്ലെങ്കിലും ഗാന ചിത്രീകരണത്തില്‍ ഇപ്പോള്‍ പൊതുവെ കാണാത്ത ഏകതാനത പ്രകടമാണ്. തുടക്കവും ഒടുക്കവും രണ്ടു വാചകം പറയാന്‍ മാത്രം ലാല്‍ ജോസിന്റെ നരേഷനെ ഉപയോഗിച്ചത് എന്തിനാണെന്ന് മനസിലായില്ല. എല്‍ ജെ ഫിലിംസ് ആണ് വിതരണക്കാര്‍ എന്നത് കൊണ്ട് മാത്രമാകും എന്ന് പുറകില്‍ നിന്നും കമന്റ് കേട്ടു. ഇങ്ങനെ എന്താണെന്ന് തിരിച്ചറിയാത്ത പേരിടുന്നതും അതിനു വേണ്ടി രാജമ്മ, യോഹന്നനന്‍ എന്നൊക്കെ നായകന്മാരുടെ അച്ഛനും അമ്മയ്ക്കും പേരിടുന്നതും ഒന്നും സിനിമയെ രക്ഷിക്കാന്‍ മാത്രം ശക്തിയുള്ള തന്ത്രങ്ങള്‍ ആണെന്ന് തോന്നുന്നില്ല.

കോമഡി എന്ന പേരില്‍ പഴകി തണുത്ത എന്തും ഇവിടെ വിറ്റു പോകും എന്ന അമിതാത്മവിശ്വാസം ആണെന്ന് തോന്നുന്നു സംവിധായകന്റെയും നിര്‍മാതാക്കളുടെയും ധൈര്യം. അശ്ലീലവും ആളെ തല്ലലും മറ്റുള്ളവരുടെ ലൈംഗിക ജീവിതവും ആണ് തമാശകള്‍ എന്ന് വിശ്വസിക്കുന്നവര്‍ക്ക് മാത്രം ആസ്വദിക്കാവുന്ന മറ്റൊരു മലയാള സിനിമയാണ് രാജമ്മ അറ്റ് യാഹു...

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories