UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരറ്റത്ത് കുമ്മനം; മറുവശത്ത് രാജീവ് ചന്ദ്രശേഖര്‍; എങ്ങുമില്ലാതെ കേരള ബിജെപി നേതാക്കള്‍

Avatar

അഴിമുഖം പ്രതിനിധി


കേരളത്തിൽ എല്ലാ പാർട്ടി നേതാക്കന്മാരും ഒത്തു ചേർന്ന രണ്ടു സംഗമങ്ങൾ എറണാകുളം ലുലു മാളിന്റെയും കൊല്ലം റാവിസ് ഹോട്ടലിന്റെ ഉദ്‌ഘാടനമായിരുന്നു. മലയാളികളായ രണ്ടു കോടീശ്വരന്മാരായ യൂസഫലിയെയും രവിപിള്ളയെയും പിണക്കാൻ പാടില്ലാത്തതിനാൽ സിപിഎം, സിപിഐ, കോൺഗ്രസ്, ബിജെപി മുതൽ ഈർക്കിലി പാർട്ടി വരെ അവരുടെ സ്ഥാപന ഉദ്‌ഘാടനത്തിനു അണിനിരക്കും. പാർട്ടി വിപ് ലംഘിച്ചും രാജ്യസഭയിലേക്ക് വിജയ് മല്യയെ വോട്ടു ചെയ്തു പറഞ്ഞയക്കും. കർണാടക നിയമസഭയിൽ നിന്നും പാർട്ടി ഭേദമില്ലാതെ വോട്ട് നേടി രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആളാണ് രാജീവ് ചന്ദ്രശേഖർ.

അഹമ്മദാബാദിൽ ജനിച്ച് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയർ ബിരുദവും യു എസിലെ ഇല്ലിനോയി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ഡിഗ്രിയും ഹാർവാർഡ് സർവകലാശാലയിൽ നിന്നും അഡ്വാൻസ് മാനേജ്‌മെന്റ് പ്രോഗ്രാമും കഴിഞ്ഞു തൊണ്ണൂറുകളിലാണ് ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത്. ആഗോളവൽക്കരണത്തിന്റെ വാതായനങ്ങൾ ഇന്ത്യയ്ക്ക് മുൻപാകെ തുറന്നിട്ടത് രാജീവ് നന്നായി ഉപയോഗിച്ചു. ബിപിഎൽ മൊബൈലുമായി 1994ൽ രാജീവ്  ഇന്ത്യയെ അമ്പരപ്പിച്ചു. കൈവച്ച ബിസിനസ് വിജയിപ്പിച്ച അദ്ദേഹം പിന്നീട് കന്നഡ പ്രഭ, സുവർണ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ മാധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണം കൂടി സ്വന്തമാക്കി. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു കയറാനുള്ള പടിയായി ഈ മാധ്യമങ്ങള്‍. നരേന്ദ്ര മോദി, അമിത്ഷാ എന്നിവരുമായി മികച്ച ബന്ധം എന്നും സൂക്ഷിച്ച അദ്ദേഹം കേന്ദ്രമന്ത്രിമാരേക്കാൾ ശക്തനായി.  

കേരളത്തിൽ പ്രധാനമന്ത്രി സംസാരിക്കുമ്പോൾ ഭയഭക്തി ബഹുമാനം നടിച്ചു ബാക്കി നേതാക്കൾ ഇരിക്കുമ്പോൾ മൊബൈൽ ഫോണിൽ കളിച്ച് അതേ വേദിയിൽ ഇരിക്കുന്ന ഇന്ത്യൻ മർഡോക്കിനെ ആണ് മലയാളികൾ കണ്ടത്. ഒടുവിൽ കേരളത്തിലെ എൻഡിഎ സഖ്യത്തിലെ ഉപാധ്യക്ഷനായി രാജീവിനെ അമിത് ഷാ നിയമിച്ചു. ആരും ഒരസ്വസ്ഥതയും പുറമെ പ്രകടിപ്പിച്ചതേയില്ല. എന്നാല്‍ കേരള ബിജെപിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

അമിത് ഷായ്ക്കും അദ്ദേഹത്തിന്റെ കേരള പ്രതിനിധി കുമ്മനം രാജശേഖരനും  മുന്നില്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ല അവസ്ഥയിലാണ് ഇപ്പോള്‍ കേരള ബിജെപിയിലെ നേതാക്കളെല്ലാം. തീരുമാനങ്ങള്‍ ബിജെപി ഹൈക്കമാന്‍ഡ് പറയും, കേരളത്തിലെ വിവിധ ഗ്രൂപ്പ് നേതാക്കള്‍ മിണ്ടാതെ നടപ്പാക്കും; മേല്‍നോട്ടത്തിന് മേഖലകള്‍ തിരിച്ച് പഴയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഉള്ളത് എന്നതും ബിജെപി നേതാക്കളെ ദുര്‍ബലരാക്കുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നിയമനം ഏഷ്യാനെറ്റിനെ ഒപ്പം നിര്‍ത്തുക എന്നതിന്റെ കൂടി ഭാഗമായാണ് എന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും വിശ്വാസ്യത കാത്തുസൂക്ഷിയ്ക്കുന്ന ചാനലിന്റെ മേധാവി തന്നെ കേരള കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും തലപ്പത്തെത്തുന്നതോടെ കാര്യങ്ങള്‍ മാറുമെന്ന് അമിത് ഷായ്ക്ക് അറിയാം.

 

കേരളത്തിലെ ബിജെപിക്ക് അടിത്തറയിട്ട പി‌പി മുകുന്ദനെതിരെ ഒരുമിക്കുന്നതില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒരുമിച്ചവരാണ് ഇപ്പോഴത്തെ നേതാക്കള്‍. വി. മുരളീധരന്‍ നയിക്കുന്ന ഗ്രൂപ്പ് ആയാലും പികെ കൃഷ്ണദാസിന്റെ ഗ്രൂപ്പ് ആയാലും മുകുന്ദവിരോധത്തിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ആര്‍.എസ്.എസില്‍ നിന്നും ബിജെപിയിലേക്ക് മുകുന്ദൻ എത്തിയപ്പോൾ ആരംഭിച്ച മുകുന്ദ വിരോധം ഒരു പോറലും ഏൽക്കാതെ ഒ രാജഗോപാൽ ഇപ്പോഴും സൂക്ഷിക്കുന്നു. മുകുന്ദൻ പാർട്ടിയിൽ ശക്തനാകുന്നതു തടയുക മാത്രം ലക്ഷ്യം വച്ച് രണ്ടു നേതാക്കൾ വര്‍ഷങ്ങള്‍ക്ക് ശേഷം ഫോണിൽ സംസാരിച്ചു തുടങ്ങി. വി മുരളീധരനും എ എൻ രാധാകൃഷ്ണനുമാണ് പൊതുശത്രുവിന് എതിരെ യോജിച്ചത്. എന്നാല്‍ മുകുന്ദന്‍ പാര്‍ട്ടിയെ നയിച്ചിരുന്ന ഒരു കാലത്തും ബിജെപിക്ക് കേരളത്തില്‍ കാര്യമായ വേരോട്ടമുണ്ടായിട്ടില്ല എന്നതും പ്രസ്താവ്യമാണ്. വോട്ട് കച്ചവടം അടക്കമുള്ള ആരോപണങ്ങള്‍ നിരവധി തവണ ഉയരുകയും ചെയ്തിരുന്നു. മുകുന്ദനെ പാർട്ടിയിൽ തിരിച്ചുകൊണ്ട് വരുന്നതു ചർച്ച ചെയ്തപ്പോൾ കെ സുരേന്ദ്രൻ മാത്രമാണ് ദുർബല സ്വരത്തിൽ എങ്കിലും പിന്തുണച്ചത്.

 

ആര്‍എസ്എസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് അതുവരെ ബിജെപി അംഗത്വം പോലുമില്ലാതിരുന്ന കുമ്മനം രാജശേഖരന്‍ എത്തിയപ്പോള്‍ തന്നെ കേരള നേതാക്കള്‍ അപകടം മണത്തിരുന്നു. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായതിനാല്‍ കേരളത്തിലെ മറ്റ് ബിജെപി നേതാക്കള്‍ക്ക് മിണ്ടാട്ടമില്ലായിരുന്നു. കുമ്മനം അധികാരമേറ്റിട്ടും തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാകാതിരിക്കുകയും നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാവുകയും ചെയ്തതോടെയാണ് സംഘടനയുടെ തലപ്പത്തേക്ക് ആര്‍എസ്എസ് നേതാക്കളെ നിയമിച്ചത്. ഇപ്പോള്‍ വിവിധ മേഖലകളുടെ തലപ്പത്തുള്ളത് ആര്‍എസ്എസ് നേതാക്കളാണ്. അവരാണ് പാര്‍ട്ടി കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും. ഇതിനൊപ്പമാണ് മുരളീധരനോട് അടുപ്പം പുലര്‍ത്തിയിരുന്ന സംഘടനാ കാര്യങ്ങള്‍ക്കായുള്ള ജനറല്‍ സെക്രട്ടറി ആര്‍. ഉമാകാന്തനെ മാറ്റി ആര്‍എസ്എസ് പ്രചാര്‍ പ്രമുഖായ എം ഗണേഷിനെ നിയമിച്ചത്. ഇതോടെ സംസ്ഥാന സംഘടനയുടെ അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. മറ്റ് നേതാക്കള്‍ അപ്രസക്തരാകുകയും ചെയ്തു. മുകുന്ദനെ തിരിച്ചെടുത്തെങ്കിലും ഇപ്പോഴും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ കാര്യമായ റോളില്ല. കുമ്മനം-ഗണേഷ് കൂട്ടുകെട്ടിനെതിരെ നാവനക്കാന്‍ പറ്റുന്നില്ലെങ്കിലും മുകുന്ദന്റെ കാര്യത്തില്‍ ഇപ്പോഴും മറ്റ് നേതാക്കള്‍ ഒറ്റക്കെട്ടാണ് എന്നാണറിയുന്നത്. അതിനിടയാണ് കൂനിന്മേല്‍ കുരു എന്ന പോലെ രാജീവ് ചന്ദ്രശേഖറിന്റെ നിയമനവും വന്നിരിക്കുന്നത്. തങ്ങള്‍ അപ്രസക്തരാകുന്നതില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അമര്‍ഷമുണ്ടെങ്കിലും താത്ക്കാലം അമിത് ഷായുടെ തീട്ടൂരത്തിന് വഴങ്ങുകയെ നിര്‍വാഹമുള്ളൂ എന്ന ഗതികേടിലാണ് കേരള നേതാക്കള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍