സിനിമാ വാര്‍ത്തകള്‍

അവര്‍ മൂന്നുപേരുമില്ലാത്ത ലോകത്ത് കമല്‍ എങ്ങനെ ജീവിക്കുന്നു; രജനികാന്ത്

ഇന്നീ കാണുന്ന സാമ്പാദ്യം പോലും കമലിനു ഉണ്ടാകുമായിരുന്നില്ല

തമിഴ്‌സിനിമ ലോകത്തെ സൂപ്പര്‍ താരങ്ങളായ രജനികാന്തും കമല്‍ഹാസനും തമ്മിലുള്ള ആത്മബന്ധം ഏവര്‍ക്കും അറിയാം. കെ ബാലചന്ദറിന്റെ ശിഷ്യന്മാരായി സിനിമാലോകത്തേക്ക് കടന്നു വന്നനാള്‍ തൊട്ട് തമിഴ് സിനിമയുടെ കൊടുമുടിയില്‍ എത്തി നില്‍ക്കുമ്പോളും ആരംഭകാലത്തുണ്ടായിരുന്ന അതേ ബന്ധം ഇരുവരും ഇപ്പോഴും തുടരുന്നു. ആ ബന്ധത്തിന്റെ തീവ്രത വ്യക്തമാകുന്ന ചില വെളിപ്പെടുത്തലുകള്‍ ഈയടുത്ത് രജനിയില്‍ നിന്നുണ്ടായി. കമലിന്റെ മൂത്തസഹോദരന്‍ ചന്ദ്രഹാസന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് ചെന്നൈ കാമരാജ് അരങ്കത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു കമലിനെ കുറിച്ചുള്ള ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ രജനി നടത്തിയത്.

രജനി പറയുന്നതിങ്ങനെയാണ്; പണം സമ്പാദിച്ചു വയ്ക്കുന്നതിലോ ചെലവഴിക്കുന്നതിലോ യാതൊരു കരുതലും ഇല്ലാത്തൊരാളാണു കമല്‍. ഇപ്പോള്‍ കമലിന്റെ കൈവശം എന്തെങ്കിലും സമ്പാദ്യം ഉണ്ടെങ്കില്‍ അതിനുള്ള ഒരേയൊരു കാരണം ചന്ദ്ര അണ്ണയാണ്(ചന്ദ്രഹാസന്‍). കമലിനെ പോലെ ഇത്രയ്ക്കു ക്ഷിപ്രകോപിയായ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. നിങ്ങളെല്ലാം കമലിന്റെ ദേഷ്യത്തിന്റെ പത്തുശതമാനം മാത്രമെ കണ്ടിട്ടുള്ളൂ. ഞാനതിന്റെ നൂറുശതമാനവും കണ്ടിട്ടുള്ളയാളാണ്. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണു ഞാന്‍ കമലിനോട് ഇടപഴകുന്നത്. കമലിന്റെ ദേഷ്യം ചാരു അണ്ണ(കമലിന്റെ മറ്റൊരു സഹോദരനായ ചാരുഹാസന്‍) കൈകാര്യം ചെയ്തിരുന്നത് വളരെ മയത്തിലായിരുന്നെങ്കില്‍ ചന്ദ്ര അണ്ണ തന്റെ കാര്‍ക്കശ്യസ്വഭാവം കൊണ്ടായിരുന്നു കമലിന്റെ ദേഷ്യം അടക്കിയിരുന്നത്.

പക്ഷേ ഇപ്പോള്‍ ചാരു അണ്ണയുമില്ല, ചന്ദ്ര അണ്ണയുമില്ല. ബാലചന്ദര്‍ സാറുമില്ല. കമല്‍ എങ്ങനെ അദ്ദേഹത്തെ സ്വയം നിയന്ത്രിച്ചു ജീവിക്കുന്നുവെന്ന് എനിക്കറിയില്ല. കാരണം, ഇവര്‍ മൂന്നുപേരുമായിരുന്നു കമലിന്റെ ലൈഫ്‌ലൈന്‍സ്. ആ മൂന്നുപേരും എന്നന്നേക്കുമായി പോയിരിക്കുന്നു. കമല്‍ ഈ അവസ്ഥ എങ്ങനെ നേരിടുമെന്നോര്‍ത്ത് ഞാന്‍ അസ്വസ്ഥനാകാറുണ്ട്. പക്ഷേ ഞങ്ങള്‍ എല്ലാവരും തന്നെ കമല്‍, നിങ്ങള്‍ക്കൊപ്പമുണ്ട്. ചന്ദ്രഹാസന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് രജനി പറഞ്ഞവസാനിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍