TopTop
Begin typing your search above and press return to search.

രജനീകാന്തിന്റെ ഗതി(കേട്); മൂക്കിടിച്ചു വീണ സൂപ്പര്‍സ്റ്റാറും കുറേ വ്യാകുല ചിന്തകളും

രജനീകാന്തിന്റെ ഗതി(കേട്); മൂക്കിടിച്ചു വീണ സൂപ്പര്‍സ്റ്റാറും  കുറേ വ്യാകുല ചിന്തകളും

സര്‍വരാജ്യ സൂപ്പര്‍സ്റ്റാറുകളേ ജാഗ്രതൈ! സംഘടിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ വിലങ്ങുകള്‍ മാത്രമല്ല, പാവപ്പെട്ട നിര്‍മ്മാതാക്കളുടെ വിയര്‍പ്പില്‍ കെട്ടിപ്പൊക്കിയ നിങ്ങളുടെ അഹന്തയുടെ ചീട്ടുകൊട്ടാരങ്ങളും ഉണ്ടെന്നറിയുക. സംശയമുണ്ടെങ്കില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഗതി(കേട്) നേരിട്ടറിയുക. കട്ടൗട്ടുകളിലും ഫ്‌ളക്‌സ് ബോര്‍ഡുകളിലും പാലും തേനും ഒഴുക്കി 2014 ഡിസംബര്‍ 12 നു തമിഴ്‌നാട്ടിലെ 650 തിയേറ്ററുകളില്‍ ഇരച്ചുകയറിയ, 200 കോടി രൂപയുടെ ലിംഗ എന്ന ചലച്ചിത്രച്ചരക്ക് മൂക്കുകുത്തി വീണപ്പോള്‍ നിര്‍മ്മാതാവും വിതരണക്കാരും അന്തംവിട്ടു നിന്നു. തമിഴ് ചലച്ചിത്രരംഗത്തെ ഏറ്റവും വലിയ വീഴ്ചയാണിതെന്ന് കണക്കപ്പിള്ളമാര്‍ വിലയിരുത്തുമ്പോള്‍ തകര്‍ന്നു തരിപ്പണമായത് സാക്ഷാല്‍ രജനീകാന്ത് എന്ന സൂപ്പര്‍ സ്റ്റാറിന്റെ ചങ്കായിരുന്നു. പടം വിതരണത്തിനു ഏറ്റെടുത്തവര്‍ കഴിഞ്ഞ വാരം ചെന്നൈ നഗരത്തില്‍ നിരാഹാര/കുത്തിയിരിപ്പു സത്യഗ്രഹം നടത്തിയാണ് തങ്ങളുടെ കോടികളുടെ നഷ്ടക്കണക്ക് വെളിപ്പെടുത്തിയത്. അവര്‍ പൊതുജന മധ്യത്ത് നെഞ്ചത്തടിച്ച് കരഞ്ഞപ്പോള്‍ പൊയസ് ഗാര്‍ഡനില്‍ സ്റ്റൈല്‍ മന്നന്‍ വിഷാദമഗ്നനായി. താമസിയാതെ നിര്‍മ്മാതാവിനെ വിളിച്ചു ആജ്ഞാപിച്ചു, അവര്‍ക്ക് നേരിട്ട നഷ്ടം മടക്കിക്കൊടുക്കണം.

സൂപ്പര്‍ താരങ്ങളെ വച്ച് ചിത്രങ്ങള്‍ എടുക്കുകയും വിതരണം നടത്തുകയും ചെയ്തവര്‍ കുത്തുപാളയെടുത്താല്‍പോലും അവരാരും തിരിഞ്ഞുനോക്കാത്ത ഒരു സംസ്ഥാനമുണ്ട് തമിഴ്‌നാട്ടിനടുത്ത്- കേരളം. 2001 ല്‍ താന്‍ അഭിനയിച്ച ചിത്രമായ ബാബ തിയേറ്ററുകളില്‍ തകര്‍ന്നുവീണപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രജനി വിതരണക്കാരുടെ നഷ്ടം നികത്തിയ ചരിത്രം ആരും വിസ്മരിച്ചിട്ടില്ല. എന്നാല്‍ ഇക്കുറി ചെന്നൈ സിറ്റി പൊലീസിന്റെ അനുമതിയോടെ വിതരണക്കാര്‍ ജനുവരി 10 നു നിരാഹാരത്തിലേക്ക് നീങ്ങിയപ്പോള്‍ സ്റ്റൈല്‍ മന്നന്റെ മുഖത്ത് നീരസം പതഞ്ഞുയരുന്നത് ലിംഗയുടെ നിര്‍മ്മാതാവ് റോക്ക്‌ലൈന്‍ വെങ്കിടേഷ് കാണുന്നുണ്ടായിരുന്നു. തങ്ങളുടെ വന്‍ നഷ്ടം നികത്തണമെന്നായിരുന്നു വിതരണക്കാര്‍ ആവശ്യപ്പെട്ടത്. തൃച്ചി, തഞ്ചാവൂര്‍ മേഖലകളില്‍ ചിത്രം വിതരണം ചെയ്ത എസ് ശിങ്കാരവടിവേലന്‍ നിരാഹാരമിരിക്കാനുള്ള അനുമതി മദ്രാസ് ഹൈക്കോടതിയോട് ചോദിക്കുമ്പോള്‍ നിര്‍മ്മാതാക്കളും വിതരണക്കാരും കെട്ടിപ്പൊക്കിയ സൂപ്പര്‍ സ്റ്റാറിന്റെ ദന്തഗോപുരങ്ങളായിരുന്നു തകര്‍ന്നു വീണത്. 2002 നു ശേഷം രജനിയുടെ നാലാമത്തെ ഫ്‌ളോപ്പാണ് ലിംഗ. ബാബ (2002), കുശേലന്‍ (2008), കൊച്ചടയാന്‍ (2014) എന്നിവയായിരുന്നു മറ്റു ഫ്‌ളോപ്പുകള്‍. ഈ കാലയളവില്‍ ചന്ദ്രമുഖിയും (2005) ശിവാജിയും (2007) യന്ത്രിരനും (2010) സാമ്പത്തികമായ മെച്ചമായിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല.കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ലിംഗയുടെ അവകാശം ഇറോസ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി 200 കോടിക്കാണ് വാങ്ങിയതെന്നു കോടമ്പാക്കത്തിന്റെ വിളക്കുകാലുകള്‍പോലും പറയുന്നുണ്ടായിരുന്നു. അതും ചിത്രീകരണം പൂര്‍ത്തിയാകുന്നതിനു മുമ്പ്. രജനിയുടെ പ്രതിഫലം 60 കോടിയാണെന്ന് സിനിമാ മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 170 കോടിയാണ് ഇറോസ് ഇന്റര്‍നാഷണല്‍ സ്വന്തം പോക്കറ്റിലാക്കിയത്. (തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായിരുന്നു ചിത്രം നിര്‍മ്മിച്ചത്.) തിയേറ്റര്‍ റൈറ്റുകളില്‍ നിന്നു മാത്രം 35 കോടി ലഭിക്കുമെന്ന് ഇറോസ് കണക്കുകൂട്ടി. നിര്‍മ്മാണച്ചിലവാകട്ടെ രജനിയുടെ പ്രതിഫലം കൂട്ടാതെ 75 കോടിയും. സാറ്റലൈറ്റ്, ഓഡിയോ തുടങ്ങിയവയില്‍ നിന്ന് 45 കോടിയും. അങ്ങനെ ഇറോസ് ഇന്റര്‍നാഷണലിന്റെ റോക്ക്‌ലൈന്‍ വെങ്കിടേഷിന്റെ പോക്കറ്റില്‍ 80 കോടി വീഴുമെന്ന് ഉറപ്പായി. പക്ഷേ പ്രേക്ഷകര്‍ ചതിച്ചു. തിയേറ്ററുകളിലെ കട്ടൗട്ടുകളില്‍ പാലും തേനും ഒഴുക്കിയിട്ടും രണ്ടാം വാരം തിയേറ്ററുകളില്‍ ജനം കയറിയില്ല. ചിത്രം റിലീസ് ചെയ്ത സമയം ശരിയായിരുന്നില്ലെന്ന് ചില നിര്‍മ്മാതാക്കളുടെ ന്യായവാദം. എന്തായാലും രജനിയുടെ 64-ാം ജന്മദിനത്തിനോടനുബന്ധിച്ച് പുറത്തുവന്ന ലിംഗ തിയേറ്ററുകളില്‍ നിന്ന് രായ്ക്കുരാമാനം ഒളിച്ചോടി. ചില തിയേറ്ററുകളില്‍ ആദ്യനാള്‍ പോലും പ്രേക്ഷകര്‍ എത്തിനോക്കിയില്ല. സ്റ്റൈല്‍ മന്നന്റെ ജീവിതത്തിലെ ഏറ്റവും വന്‍ ദുരന്തമായിരുന്നു തമിഴ് മക്കള്‍ അപ്പോള്‍ കണ്ടത്.

രജനികാന്തിനു എന്തുപറ്റി?
സിനിമയെ ഗൗരവത്തോടെ കാണുന്നവര്‍ സാധാരണ ചോദിക്കുന്ന ചോദ്യമാണിത്. എണ്‍പതുകളില്‍ രജനി കത്തിക്കയറുമ്പോള്‍ സാധാരണക്കാരായ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചിരുന്നു. ആദ്യവാരം തന്നെ പത്തും പതിനഞ്ചും തവണ രജനിച്ചിത്രങ്ങള്‍ ആവര്‍ത്തിച്ചു കാണാന്‍ അവര്‍ മുണ്ടു വലിച്ചുമുറുക്കി. ആഹാരത്തേക്കാള്‍ അവര്‍ രജനിച്ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കി. കഥാപാത്രങ്ങള്‍ അവരുടെ സിരകളെ മത്തു പിടിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട നടന്റെ വില്ലന്‍ വേഷങ്ങളെപ്പോലും അവര്‍ നെഞ്ചിലേറ്റി ലാളിച്ചു. 1975 ല്‍ പുറത്തുവന്ന കെ ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങളായിരുന്നു രജനിയുടെ ആദ്യചിത്രം. തുടര്‍ന്നു വന്ന ബാലചന്ദറിന്റെ മൂന്റു മുടിച്ചു, ഭാരതിരാജയുടെ പതിനാറു വയതനിലേ എന്നിവ പുതുമകളുടെ വിളനിലമായി. ആടുപുലിയാട്ടം, ഇളമൈ ഉഞ്ചാലാടുകിറത്, ചതുരംഗം, മുള്ളും മലരും, തപ്പുതാളങ്ങള്‍, അവള്‍ അപ്പടിത്താന്‍, നിനൈത്താലേ ഇനിക്കും തുടങ്ങിയ ചിത്രങ്ങള്‍ രജനികാന്തിനെ ജനങ്ങളിലേക്ക് അടുപ്പിച്ചു നിര്‍ത്തി. തങ്ങളുടെ പ്രിയപ്പെട്ട നടന്റെ സിഗററ്റ് ട്രിക്കുകകളും സ്റ്റണ്ട് രീതികളും അവരെ സ്വാധീനിച്ചു. സാധാരണ ജീവിതത്തില്‍ നിന്നു വന്ന സാധാരണക്കാരായ അവര്‍ രജനിയുടെ കഥാപാത്രങ്ങളെ സ്‌നേഹിച്ചു. കഥാപാത്രങ്ങളുടെ ചേഷ്ടകളും ഭാവങ്ങളും അവര്‍ അനുകരിച്ചു. അവരുടെ ഇടുങ്ങിയ വീടിന്റെ പൂജാമുറിയിലും ചിതലരിച്ച ഭിത്തിയുടെ ഓരങ്ങളിലും സ്റ്റൈല്‍ മന്നന്റെ വര്‍ണ്ണപ്പടങ്ങള്‍ സ്ഥാനംപിടിച്ചു. ഏതു ചിത്രം റിലീസ് ചെയ്താലും സ്റ്റൈല്‍ മന്നന്റെ കട്ടൗട്ടുകളില്‍ അവര്‍ ലിറ്റര്‍ കണക്കിനു പാല്‍ ഒഴിച്ചു ആഹ്ലാദിച്ചു. ചന്ദനത്തിരികളും മെഴുകുതിരികളും കത്തിച്ചുവച്ചു കുമ്പിട്ടു. പഴയ ബസ് കണ്ടക്ടര്‍ ശിവാജി റാവു ഗെയ്ക്ക്‌വാദിനെ അവര്‍ ദൈവത്തിനു തുല്യം ആദരിച്ചു.

എണ്‍പതുകളുടെ അന്ത്യത്തോടെ രജനിയുടെ കഥാപാത്രങ്ങള്‍ വ്യതിചലിക്കാന്‍ തുടങ്ങി. ആദ്യകാല ചിത്രങ്ങളില്‍ നിന്നുള്ള യാത്ര ഇന്നത്തെ അപചയത്തില്‍ വന്നു നില്‍ക്കുകയാണ്. 64 വയസ്സു പിന്നിട്ട രജനിക്ക് തന്റെ അതിരുവിട്ട ഗ്ലാമറില്‍ നിന്ന് പിന്തിരിയാന്‍ പ്രയാസം. സിനിമയില്‍ റിട്ടയര്‍മെന്റ് ഇല്ലെങ്കിലും അമിതാഭ്ബച്ചനെപ്പോലെ വയസ്സന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ രജനി വിസ്സമ്മതിക്കുന്നു. അതിനു ഒന്നാമത്തെ കാരണം ഈ നടനും സംവിധായകരും നിര്‍മ്മാതാക്കളും കൂടി കല്‍പ്പിച്ചുകൊടുത്ത വാനംമുട്ടെയുള്ള പ്രതിച്ഛായ ആയിരുന്നു. കഥക്കോ തിരക്കഥക്കോ വിലകല്‍പ്പിക്കാത്തവരുടെ കൈയില്‍ ഈ നടന്‍ കുരുങ്ങിപ്പോയി. പണ്ടത്തെപ്പോലത്തെ മനുഷ്യപ്പറ്റുള്ള കഥാപാത്രങ്ങളൊന്നും രജനിക്ക് ആരും വച്ചുനീട്ടിയില്ല. ചോദിച്ചുവാങ്ങിയതുമില്ല. കോട്ടും സൂട്ടുമിട്ട് രജനി വന്നപ്പോള്‍ ജനം അമ്പരന്നു. ചിലതൊക്കെ ഇഷ്ടപ്പെട്ടു. ചിലതൊക്കെ അവര്‍ പുറന്തള്ളി. സോഷ്യല്‍ മീഡിയകളില്‍ ഒരു സൂപ്പര്‍മാനെപ്പോലെ രജനി വളര്‍ന്നു പന്തലിച്ചു. ബാഷയുടെ വിജയവും ബാബയുടെ തകര്‍ച്ചയുമൊക്കെ അതിന്റെ ഭാഗങ്ങളാണ്. വാസ്തവത്തില്‍ രജനിയുടെ കച്ചവടരഹസ്യത്തിന്റെ ഫോര്‍മുല നിര്‍മ്മാതാക്കള്‍ക്ക് അറിയില്ലായിരുന്നു. ഈ നടന്റെ ട്രേഡ് മാര്‍ക്കും ഡയലോഗിലെ പഞ്ചും അവര്‍ വിസ്മരിച്ചു.

രജനിയുടെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടയാനിലെ കഥാപാത്രം ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായി. അതുതന്നെയാണ് അതിന്റെ തകര്‍ച്ചക്ക് കാരണവും. ലിംഗയുടെ റിലീസിംഗ് സമയത്താണ് കൊച്ചടയാനിന്റെ സാമ്പത്തിക ബാധ്യതകള്‍ രജനിയുടെ കുടുംബത്തെ വലയ്ക്കുന്നത്. ചിത്രത്തിനു വേണ്ടി മീഡിയവണ്‍ ഗ്ലോബല്‍ എന്റര്‍ടയിന്‍മെന്റ് എന്ന കമ്പനിയില്‍ നിന്ന് കടമെടുത്ത തുക പലിശ ഉള്‍പ്പെടെ 22.21 കോടിയായി മാറിയപ്പോള്‍ സൗന്ദര്യ വെട്ടിലായി. രജനിയുടെ ഭാര്യ ലതാരജനീകാന്തിന്റെ കാഞ്ചീപുരത്തെ ഒന്നര ഏക്കര്‍ ഭൂമി എക്‌സിം ബാങ്ക് വഴി ലേലം ചെയ്യാന്‍ കമ്പനി മുന്നോട്ടു വന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

ഇതിനിടയിലാണ് ലിംഗയുടെ കഥ മോഷണമാണെന്ന് കാണിച്ച് കെ പി രവിരത്തിനം എന്നൊരാള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിനെ സമീപിക്കുന്നത്. തന്റെ മുല്ലൈ വനം 999 എന്ന കഥയുടെ തനിപ്പകര്‍പ്പാണ് ലിംഗ എന്നാണ് അയാള്‍ വാദിക്കുന്നത്. മുല്ലപ്പെരിയാര്‍ അണയുമായി ബന്ധപ്പെട്ട തന്റെ കഥ 2013 ഫെബ്രുവരി 24 നു യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നതാണെന്നും അതില്‍ നിന്നാണ് രവികുമാര്‍ കഥ അടിച്ചുമാറ്റിയതെന്നും രവിരത്തിനം കോടതിയെ അറിയിച്ചിരിക്കുന്നു. പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ് ഇപ്പോഴും.എന്തായാലും 40 വര്‍ഷത്തിനിടയില്‍ 150 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നിരന്തരമായ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ഉഴലുകയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലെങ്കിലും ബി ജെ പി ഈ നടന്റെ പിന്നാലെ പമ്മി നടക്കുകയാണ്, അധികാരത്തിന്റെ ചെപ്പടിവിദ്യകളില്‍ ആവാഹിക്കാന്‍. പണ്ട് മൂപ്പനാരുടെ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ പോയതിന്റെ രാപ്പനി ഇതുവരെ വിട്ടുമാറിയിട്ടില്ല. ജയലളിതയെ വീണ്ടും തെരഞ്ഞെടുത്തു വിട്ടാല്‍ നിങ്ങളെ ദൈവത്തിനു പോലും രക്ഷിക്കാനാവില്ല എന്നു പറഞ്ഞുപോയതിന്റെ പിഴയും ചില്ലറയായിരുന്നില്ല. അക്കുറി തന്റെ അയല്‍ക്കാരിയായ ജയലളിത ജയിച്ചുകയറിയപ്പോള്‍ രജനിയുടെ മുഖം വിവര്‍ണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖം ബാധിച്ച് വിദേശചികിത്സ കഴിഞ്ഞെത്തിയ സ്റ്റൈല്‍ മന്നന്റെ ജീവിതം ആശാവഹമായില്ല. നിരവധി വൈതരണികള്‍ മുന്നിലുണ്ട്. വിതരണക്കാര്‍ക്ക് നിരന്തരം നഷ്ടം വരുന്നുണ്ടെങ്കില്‍ ഇനി സിനിയില്‍ അഭിനയിച്ചിട്ടു കാര്യമുണ്ടോ? കൊച്ചുമക്കളേയും നോക്കി വീട്ടിലിരിക്കുന്നതല്ലേ അഭികാമ്യം?

ചോദ്യങ്ങള്‍ ചോദിക്കുകയല്ല ഉത്തരങ്ങള്‍ കണ്ടെത്തുകയാണ് പ്രധാനമെന്ന് ആരാണ് പറഞ്ഞത്- അറിയില്ല. പക്ഷേ ഇടയ്ക്കിടെ ഹിമാലയത്തിന്റെ പരമോന്നതിയില്‍ തന്റെ ആത്മീയ ഗുരുവിനെ അന്വേഷിച്ചു പോകാറുള്ള സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈല്‍ മന്നന്‍ ഇന്ന് ഉത്തരങ്ങള്‍ക്ക് വേണ്ടി പരക്കം പായുകയാണ്. അദ്ദേഹത്തിന്റെ ചുറ്റിനും കുന്നുകൂടുന്ന ചോദ്യങ്ങളെ മറികടക്കാന്‍.


Next Story

Related Stories