TopTop

രാജീവ് കൃഷ്ണ മങ്കൊമ്പ്: സോപാന നൃത്തത്തിനായി ഒരു ജീവിതം

രാജീവ് കൃഷ്ണ മങ്കൊമ്പ്: സോപാന നൃത്തത്തിനായി ഒരു ജീവിതം

നിയ മറിയം

സോപാനസംഗീതം ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ പുരാണവും ഐതിഹ്യവും ഒന്നിക്കുന്ന, നാട്യവും നടനവും സമ്മേളിക്കുന്ന സോപാനനൃത്തം ജീവിതമായി കാണുന്ന ഒരു കലാകാരനുണ്ട്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ക്ഷേത്രങ്ങളില്‍ സോപാനനൃത്തം കാഴ്ചവെക്കുകയാണ് രാജീവ് കൃഷ്ണ മങ്കൊമ്പ് എന്ന ഈ കലാകാരന്‍. തിളങ്ങുന്ന മഞ്ഞ നിറമുള്ള ചായക്കൂട്ട് തേച്ച് കണ്ണിലും പുരികത്തിലും കണ്‍മഷിയെഴുതിയും കടുംചുവപ്പ് വര്‍ണം കൊണ്ട് ചുണ്ട് ചുവപ്പിച്ചും കഴുത്താരയും പടിയരഞ്ഞാണവും തോള്‍പ്പൂട്ടുമൊക്കെ അണിഞ്ഞ് ചന്ദനനിറമുള്ള കസവ് മുണ്ടില്‍ ചുവപ്പും പച്ചയും നിറങ്ങളിലുള്ള അരികുകള്‍ തുന്നിപ്പിടിപ്പിച്ചതും ധരിച്ച് രാജീവ് കൃഷ്ണ മങ്കൊമ്പ് അരങ്ങിലെത്തിയാല്‍ പിന്നെ സദസ് ശാന്തമാകും.

പുരാണവും ഐതിഹ്യവും നാട്യവും നടനവുമൊക്കെയായി സോപനനൃത്തം വേദിയില്‍ നിറയും. കഥകളി പദത്തിനും അഷ്ടപദിക്കുമൊപ്പം കാലികവിഷയങ്ങള്‍ കൂടിച്ചേരുന്നതോടെ സോപാനനൃത്തം ആരംഭിച്ചിരിക്കും. രാജീവ് കൃഷ്ണ മങ്കൊമ്പ് എന്ന കലാകാരന്‍ രൂപപ്പെടുത്തിയതാണ് സോപാനനൃത്തം എന്ന കലാരൂപം. കുട്ടനാട്ടിലെ മങ്കൊമ്പില്‍ മുതിരപ്പറമ്പ് വീട്ടില്‍ മിലിട്ടറി ഉദ്യോഗസ്ഥനായ ആര്‍. ബാലകൃഷ്ണ പിള്ളയുടെയും സരോജിനിയമ്മയുടെയും മകനാണ് രാജീവ്. നൃത്തവും സംഗീതവും നിറഞ്ഞ ലോകത്ത് നിന്ന് സോപാന നൃത്തത്തിലേക്കെത്തിയിട്ട് ഏറെ നാളുകളായിട്ടില്ല. സോപാനനൃത്ത ലോകത്തെ തിരക്കുകള്‍ക്കിടയില്‍ രാജീവ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

കഥകളിയില്‍ സ്ത്രീവേഷങ്ങളാണ് ഏറെയും ചെയ്തത്. എന്നാല്‍ പുതുമയും വ്യത്യസ്തവുമാര്‍ന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസില്‍ ശേഷിച്ചിരുന്നു. ആ ചിന്തയാണ് സോപാനനൃത്തം എന്ന കലയിലൂടെ ലോകത്തിനു മുന്നിലെത്തുന്നത്. നാട്യത്തിന്റെയും നടനത്തിന്റെയും സമന്വയമായ പുതിയ കഥകളിരൂപം, അതാണ് സോപാനനൃത്തം. ഏതാനും വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2012 മാര്‍ച്ച് നാലിനാണ് രാജീവ് കൃഷ്ണ സോപാനനൃത്തം ആദ്യമായി അവതരിപ്പിക്കുന്നത്.


നവിമുംബൈയില്‍ നടന്ന നവചണ്ഡികാ യാഗവേദിയില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെയും തന്ത്രി മുഖ്യന്‍ എഴുന്തോളില്‍ കക്കട്ടില്‍ മഠത്തില്‍ സതീശന്‍ ഭട്ടതിരിയുടെയും നിര്‍ദേശം അനുസരിച്ചു തുടങ്ങിയ നൃത്തരൂപം പിന്നീട് സോപാനനൃത്തമായി പരിണമിച്ചു. യാഗവേദിയില്‍ എന്തെങ്കിലും കലാരൂപം അവതരിപ്പിക്കണം. എന്നാല്‍ ആ സമയം അതിനു ഭാഗ്യം ലഭിച്ചത് തനിക്കാണ്. നിനച്ചിരിക്കാത്ത നേരത്തു ലഭിച്ച ഭാഗ്യമെന്നേ പറയാനാകൂ. യാഗവേദിയില്‍ അന്നവതരിപ്പിച്ച നൃത്തമാണ് സോപാനനൃത്തം. ആ നൃത്തരൂപം പിന്നീട്, പയ്യന്നൂര്‍ പോത്തകണ്ടം ആനന്ദഭവനം ആശ്രമത്തില്‍ അവതരിപ്പിച്ചു. അങ്ങനെ ആദ്യമായി പൊതു വേദിയിലേക്ക്. പിന്നീട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലും അവതരിപ്പിച്ചു.

സിനിമകളാണ് കലയുടെ ലോകത്തിലേക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്. മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം. സിനിമ കാണാന്‍ ഇഷ്ടമായിരുന്നു. വീടിനടുത്ത് ഒരു സിനിമ തിയേറ്ററുണ്ട്. കുടുംബക്കാരുടേതാണത്, ഭദ്ര ടാക്കീസ്. ഈ കൊച്ചു സിനിമാക്കൊട്ടകയുടെ അകങ്ങളിലിരുന്നു എത്രയോ പാട്ടുകളും നൃത്തങ്ങളും കണ്ടു. ആ കാഴ്ചകളാണ് നൃത്തത്തിനോടും സംഗീതത്തിനോടും കൂട്ടുകൂടാന്‍ പ്രേരിപ്പിക്കുന്നത്. സിനിമകള്‍ മാത്രമായിരുന്നില്ല, അമ്മവാന്‍മാരുടെയും അമ്മായിമാരുടെയും മക്കളൊക്കെ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. അവരെ നൃത്തം പഠിപ്പിക്കാനെത്തിയ ടീച്ചര്‍ പഠിപ്പിക്കുന്നത് കണ്ടും കേട്ടും സ്വയം നൃത്തം ചെയ്യാന്‍ തുടങ്ങി. അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ് ആദ്യമായി നൃത്തം പഠിക്കുന്നത്. നൃത്തത്തില്‍ ആദ്യ ഗുരു ചമ്പക്കുളം മോഹനന്‍ക്കുട്ടി മാസ്റ്റര്‍. ഭരതനാട്യവും മോഹിനിയാട്ടവുമെല്ലാം പഠിച്ചു. സ്‌കൂള്‍ യുവജനോത്സവങ്ങളിലും കോളേജില്‍ പഠിക്കുന്ന കാലത്തും നൃത്തമത്സരങ്ങളില്‍ പങ്കെടുത്തു.

ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍ ബിഎക്ക് പഠിക്കുന്ന നാളിലാണ് കഥകളി പഠിക്കാന്‍ മോഹം തോന്നുന്നത്. നെടുമുടി നാണു നായരായിരുന്നു കഥകളിയിലെ ആദ്യഗുരു. പിന്നീട് മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ ശിഷ്യനായി കുറേക്കാലം. കഥകളിക്കൊപ്പം നാടകത്തിലും അഭിനയിച്ച പരിചയവും ഈ സോപാനനൃത്ത കലാകാരനുണ്ട്. ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍ നിന്ന് മലയാളം ബിരുദം. കോളേജ് പഠനത്തിനു ശേഷം സംസ്‌കൃതത്തിനോടുള്ള താത്പര്യം ഹരിദ്വാറിലേക്കെത്തിച്ചു. ബിരുദത്തിനു സംസ്‌കൃതവും പഠിക്കാനുണ്ടായിരുന്നു. അങ്ങനെയാണ് സംസ്‌കൃതം പിജി ചെയ്യുന്നത്. ഇവിടെ നിന്നുള്ള പഠനമൊക്കെ കഴിഞ്ഞു എത്തുന്നത് പയ്യന്നൂര്‍ രാമന്തളി കൃഷ്ണ പണിക്കരുടെ അരികിലാണ്. അദ്ദേഹത്തില്‍ നിന്ന്, ഗുരുകുല സമ്പ്രദായത്തില്‍ ഏതാണ്ട് പത്ത് വര്‍ഷം സംസ്‌കൃതം പഠിച്ചു.


പഠനമൊക്കെ കഴിഞ്ഞു കുറച്ചു കാലം അധ്യപകന്റെ വേഷവും ചെയ്തു രാജീവ് കൃഷ്ണ. മാഹിയില്‍ ഒരു സ്വകാര്യ കോളേജില്‍ മലയാളം അധ്യാപകനായിരുന്നു. പിന്നീട് വിആര്‍എസ് എടുത്ത് കലയുടെ മാത്രം ലോകത്തിലേക്ക്.

ഇതൊരു താത്വിക പ്രഭാഷണനൃത്ത പരിപാടിയാണ്. കഥകളിയിലെ കൈമുദ്രകളും നൃത്തവും സമന്വയിപ്പിച്ച അധ്യാത്മിക തത്വപ്രവചനമാണു സോപാനനൃത്തം. കഥകളി പദങ്ങള്‍, അഷ്ടപദി, ഭജന്‍ എന്നിവയാണ് സോപാനനൃത്തത്തിലൂടെ അവതരിപ്പിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ നൃത്ത രൂപവുമായി സമന്വയിപ്പിച്ചു നര്‍ത്തകന്‍ നടത്തുന്ന പ്രഭാഷണമാണ് സോപാനനൃത്തത്തിന്റെ ആകര്‍ഷണം. കഥകളിയുടേതു പോലുള്ള ആകര്‍ഷകമായ ഏറെ ആഭരണങ്ങളും വേഷങ്ങളൊന്നും ഇല്ല. എങ്കിലും തോള്‍പൂട്ടും ഹസ്തകവും പടിയരഞ്ഞാണവും അണിയും. പൂമാലയുമുണ്ടാകും. കൃഷ്ണനെയും നാരദനെയും ഓര്‍മിപ്പിക്കുന്ന ശൈലിയിലാണ് പൂമാല അണിയുന്നത്. പരിപൂര്‍ണമായും സമീപം എത്തിക്കുന്നത് എന്നാണ് സോപാനം എന്ന പദത്തിന്റെ അര്‍ഥം. ഈശ്വരസമീപം എത്തിക്കുന്ന പടവുകള്‍. ക്ഷേത്ര ശ്രീകോവിലിലെ പടവുകളെയാണ് സോപാനം എന്നു പറയുന്നത്.

ഗണപതി സ്തുതിയോടു കൂടിയാണ് സോപാനനൃത്തം ആരംഭിക്കുക. കര്‍ണനും ദശാവതാരവും കുചേലപദവും പകര്‍ന്നാടുന്ന രാജീവ് കൃഷ്ണ നാടകഗാനവും സോപാനനൃത്തത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ പ്രശസ്തമായ മാരിവില്ലിന്‍ തേന്‍മലരെ എന്നു തുടങ്ങുന്ന നാടകഗാനമാണ് സോപാന നൃത്തത്തിലൂടെ അവതരിപ്പിച്ചത്. കര്‍ണനെയും കുചേലനെയും കുന്തിയെയും നൃത്തത്തിലൂടെ അഭിനയിക്കുമ്പോള്‍ സമകാലീന വിഷയങ്ങളും കൂട്ടത്തില്‍ ഉള്‍പ്പെടുത്തും. സദസിലെത്തിയാല്‍, സോപാനനൃത്തത്തെക്കുറിച്ചു കാണികളോട് പറയും. അരങ്ങില്‍ ഉയരുന്ന അഷ്ടപദിക്കും കഥകളി പദങ്ങള്‍ക്കുമൊപ്പം രാജീവ് നൃത്തം ചെയ്യും. ഇതിനിടയില്‍ സദസ്യരോട് സംവദിക്കും. ഈ സംസാരത്തിലാണു കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്നത്. കര്‍ണനാണ് തന്റെ മാസ്റ്റര്‍പീസ് എന്ന് പറയുന്നു രാജീവ്. എന്നാല്‍ ശോകം ചെയ്യാനാണ് ഏറെ ഇഷ്ടം. യാത്രകളെയും പുസ്തകവായനയെയും ഏറെ സ്‌നേഹിക്കുന്ന കലാകാരന്റെ ഇഷ്ട ദേശം തമിഴ്‌നാടാണ്. പുരാണവും ഐതിഹ്യങ്ങളും വായിക്കാനേറെ താത്പ്പര്യമുണ്ട്. തമിഴ്‌നാട്ടുകാര്‍ക്ക് ഇത്തരം കലകളോടു പ്രത്യേക താത്പ്പര്യമാണുള്ളത്. മലയാളികളെപ്പോലെ ക്ഷേത്രകലകളെയൊക്കെ ഏറെ ഇഷ്ടപ്പെടുന്നവരാണവര്‍. അഞ്ഞൂറിലേറെ വേദികളില്‍ സോപാനനൃത്തം അവതരിപ്പിച്ച രാജീവിന് ജീവിതമാണ് സോപാനനൃത്തം.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories