Top

രാംനാഥ് കോവിന്ദ് അഴിമതി കേസില്‍ ബംഗാരു ലക്ഷ്മണിന് വേണ്ടി മൊഴി നല്‍കിയിരുന്നു

രാംനാഥ് കോവിന്ദ് അഴിമതി കേസില്‍ ബംഗാരു ലക്ഷ്മണിന് വേണ്ടി മൊഴി നല്‍കിയിരുന്നു
അഴിമതിക്കേസില്‍ മുന്‍ ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മണയെ പിന്തുണച്ച വ്യക്തിയെയാണ് ഇക്കുറി ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നത്. ബിജെപിയിലെ ഔദ്യോഗികപദവി ദുരപയോഗം ചെയ്ത് അഴിമതി നടത്തിയെന്ന് ആരോപണമുണ്ടായപ്പോഴാണ് രാംനാഥ് കോവിന്ദ് ബംഗാരു ലക്ഷ്മണിന് അനുകൂലമായി മൊഴി നല്‍കിയത്.

2012ല്‍ സിബിഐയും ബംഗാരു ലക്ഷ്മണും തമ്മിലുള്ള കേസിന്റെ വിചാരണയ്ക്കിടെ മൊഴിനല്‍കിയപ്പോള്‍ തനിക്ക് ബംഗാരുവിനെ 20 വര്‍ഷമായി അറിയാമെന്നും അദ്ദേഹം സത്യസന്ധനും ലളിത ജീവിതം നയിക്കുന്നയാളുമാണെന്നാണ് രാംനാഥ് കോവിന്ദ് മൊഴിനല്‍കിയത്. എന്നാല്‍ 2001ല്‍ ബംഗാരു ലക്ഷ്മണ്‍ വെസ്റ്റെന്‍ഡ് ഇന്റര്‍നാഷണലിന്റെ ചീഫ് ലെയ്‌സണിംഗ് ഓഫീസര്‍ മാത്യു സാമുവലില്‍ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ബാക്കി തുക ഡോളറായി സ്വീകരിക്കാമെന്ന് അംഗീകരിച്ചെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിരോധമന്ത്രാലയത്തിലെ ജീവനക്കാരെ സ്വാധീനിക്കുന്നതിനാണ് ഈ തുക വാങ്ങിയത്. അതുവഴി ഇന്ത്യന്‍ സൈന്യത്തിന് സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ എച്ച്എച്ച്ടിഐ എന്ന കമ്പനിയ്ക്ക് നേടിനല്‍കാമെന്നായിരുന്നു ധാരണ.

തെഹല്‍ക്ക വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം താന്‍ ബംഗാരു ലക്ഷ്മണിനെ കണ്ടെന്നും തന്നെ കുരുക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞെന്നും രാംനാഥ് കോവിന്ദ് അന്ന് കോടതിയില്‍ മൊഴി നല്‍കി. ലക്ഷ്മണ്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി അറിയില്ലെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്മണ്‍ കൈക്കൂലി വാങ്ങിയതായി കോടതി കണ്ടെത്തി. 2001ലാണ് മാത്യു സാമുവല്‍, അനിരുദ്ധ ബാഹല്‍ എന്നീ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് ബംഗാരു ലക്ഷ്മണിനെ രഹസ്യ ക്യാമറ ഓപ്പറേഷനില്‍ കുരുക്കിയത്.

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഉപകരണങ്ങള്‍ വാങ്ങാന്‍ ഇടനിലക്കാരായി നിന്ന് മുതിര്‍ന്ന ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും പ്രതിരോധ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതാണ് ഈ ഓപ്പറേഷനിലൂടെ പുറത്തുവന്നത്. സീടിവിയാണ് ഇത് സംപ്രേക്ഷണം ചെയ്തത്. റിപ്പോര്‍ട്ടര്‍ ആയുധവ്യാപാരിയായി ചമഞ്ഞാണ് ലക്ഷ്മണിനെ സമീപിച്ചത്. ഒരു ലക്ഷം രൂപ കൈമാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇവര്‍ രഹസ്യക്യാമറകളില്‍ പകര്‍ത്തിയിരുന്നു. തെഹല്‍ക്ക സ്വീകരിച്ച മാര്‍ഗ്ഗം ആക്ഷേപകരമാണെങ്കിലും അവരുടെ ലക്ഷ്യം അങ്ങനെയല്ലെന്നും അന്ന് സിബിഐ കോടതി വിധിയെഴുതി.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാര്‍ലമെന്റ് ഏറെ കാലം പ്രക്ഷുബ്ധമായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് ഇതേ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടതായും വന്നു. അന്ന് ബിജെപിയുമായി സഖ്യമുണ്ടായിരുന്ന മമത ബാനര്‍ജി സഖ്യം ഉപേക്ഷിച്ചതും ഇതേ കാരണത്താലാണ്.

സുപ്രിംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ഒരു ജുഡീഷ്യല്‍ കമ്മിഷനെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ വാജ്‌പേയി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പിന്നീടാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ബംഗാരു ലക്ഷ്മണ്‍ എട്ട് തവണ ആയുധ ഇടപാടുകാരായി വന്ന മാധ്യമപ്രവര്‍ത്തകരുമായി കൂടിയാലോചന നടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കുറ്റവാളിയെന്ന് തെളിഞ്ഞ് അധികം വൈകാതെ ജാമ്യത്തിലിറങ്ങിയ ലക്ഷ്മണ്‍ 2014ല്‍ അന്തരിച്ചു.

ഈ വിചാരണയില്‍ ലക്ഷ്മണിന്റെ അഭിഭാഷകര്‍ രണ്ട് പ്രതിഭാഗം സാക്ഷികളെ മാത്രമാണ് ഹാജരാക്കിയത്. നരവംശശാസ്ത്രജ്ഞനായ കാര്‍ത്തിക എസ് ഗോദവര്‍ത്തിയും കോവിന്ദുമായിരുന്നു അവര്‍. ബിജെപിയില്‍ നിന്നും മറ്റാരും തന്നെ അദ്ദേഹത്തിന് അനുകൂലമായി സാക്ഷി പറയാന്‍ തയ്യാറായിരുന്നില്ല. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങിയത് വ്യക്തമാണെന്നതിനാലായിരുന്നു ഇത്.

രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ അഭിഭാഷകനായ ഏഴാമത്തെ രാഷ്ട്രപതിയാകും അദ്ദേഹം. നിലവില്‍ അദ്ദേഹം സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ അംഗമാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് സുപ്രിംകോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലുമാണ് അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നത്. സുപ്രിംകോടതി രേഖകള്‍ അനുസരിച്ച് 1978ലാണ് അദ്ദേഹം അഭിഭാഷകനായത്. 1980 മുതല്‍ 1993 വരെ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗവുമായിരുന്നു.

പാര്‍ട്ടി നേതൃത്വത്തില്‍ ഏറ്റവും സംശുദ്ധമായ രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയാണ് രാംനാഥ് കോവിന്ദ് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ ബംഗാരു ലക്ഷ്മണ്‍ അഴിമതി നടത്തിയിട്ടും അദ്ദേഹത്തിന് വേണ്ടി മൊഴിനല്‍കിയ വ്യക്തിയാണ് കോവിന്ദ് എന്നത് പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ഇടയുണ്ട്.

Next Story

Related Stories