TopTop
Begin typing your search above and press return to search.

നോമ്പുമുറിക്കും മുന്‍പ് അവര്‍ മറ്റുള്ളവര്‍ക്കു ഭക്ഷണം നല്‍കുന്നു

നോമ്പുമുറിക്കും മുന്‍പ് അവര്‍ മറ്റുള്ളവര്‍ക്കു ഭക്ഷണം നല്‍കുന്നു

ജസ്റ്റിന്‍ വില്യം മോയര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

റമദാന്റെ അവസാന ബുധനാഴ്ച സൂര്യാസ്തമയം അടുക്കുമ്പോള്‍ കൊളംബിയയിലെ ഒരു മോസ്‌കിലെ അംഗങ്ങള്‍ നോമ്പുമുറിക്കാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ചോറും ചിക്കനും നിറച്ച പാത്രങ്ങള്‍ക്കുമുന്നില്‍ സ്വന്തം വിശപ്പു മാറ്റും മുന്‍പ് ദരിദ്രര്‍ക്കു ഭക്ഷണം കൊടുക്കാന്‍ അവര്‍ മറക്കുന്നില്ല.

'ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയിലുള്ള ഏതു തടസങ്ങളും നമുക്കിപ്പോള്‍ ഇല്ലാതാക്കാം,' ഭക്ഷണം വാങ്ങാനായി ആളുകള്‍ നിരന്നപ്പോള്‍ വിവിധ വര്‍ണങ്ങളിലുള്ള ഹിജാബ് ധരിച്ച ആയേഷ പ്രൈന്‍ പറഞ്ഞു.

നോര്‍ത്ത് വിര്‍ജീനിയയിലെ ഫാള്‍സ് ചര്‍ച്ചില്‍ ദാര്‍ അല്‍ ഹിജ്‌റാ ഇസ്ലാമിക് സെന്ററില്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന പ്രൈന്‍ പൊതു ഇഫ്താറില്‍ മറ്റുള്ളവരെ സഹായിക്കാനെത്തുന്നവരില്‍ ഒരാളാണ്.

ഇസ്താംബുള്‍ എയര്‍പോര്‍ട്ടില്‍ ഐഎസ് ബന്ധമുള്ളവരെന്നു കരുതുന്നവരുടെ ആക്രമണം നടന്ന ഈ ആഴ്ച, ഐഎസില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗക്കാരുടെ ക്ലബില്‍ 49 പേരുടെ കൂട്ടക്കൊല നടന്ന ഈ മാസം മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കുക പ്രധാനമാണ്.

'കുറച്ചുപേരുടെ ചെയ്തികള്‍ക്ക് സമുദായം മുഴുവന്‍ പഴി കേള്‍ക്കുകയാണ്,' പ്രൈന്‍ പറയുന്നു.

കൊളംബിയയില്‍ വീടില്ലാത്തവരുടെ ഏറ്റവും വലിയ അഭയാര്‍ത്ഥികേന്ദ്രത്തില്‍നിന്ന് വളരെ ദൂരെയായിരുന്നില്ല ഇഫ്താര്‍ കേന്ദ്രം. സിറ്റിയിലെ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫിസ് അതേ ദിവസം 'ഫാസ്റ്റ് വിത് ഡിസി മുസ്ലിംസ് ' എന്ന പേരില്‍ മറ്റൊരു പരിപാടിയും നടത്തി. അവരുടെ വെബ്‌സൈറ്റ് ഇതേപ്പറ്റി ഇങ്ങനെ പറയുന്നു: 'മുസ്ലിം സമുദായം മിക്കപ്പോഴും വിവേചനത്തിനിരയാകുന്നു. അത്തരം വിവേചനത്തിനെതിരെ കൊളംബിയ ഒറ്റക്കെട്ടാണെന്ന് നമ്മുടെ മുസ്ലിം അയല്‍ക്കാരെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'

'വിവേചനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം സമുദായം ഒറ്റപ്പെടുന്നതായി തോന്നലുണ്ട്,' ഹ്യൂമന്‍ റൈറ്റ്‌സ് ഓഫിസ് ഡയറക്ടര്‍ മോണിക്ക പലാഷിയോ പറയുന്നു. 'കാത്തലിക് ആന്‍ഡ് ഫാസ്റ്റിങ്: ആസ്‌ക് മി വൈ' എന്ന ബാഡ്ജ് ധരിച്ചാണ് അവര്‍ ഇഫ്താറിനെത്തിയത്. 'അവഗണിക്കപ്പെടുക എന്നത് ഒരു പ്രധാന പ്രശ്‌നമാണ്. ഇത് അതിനെതിരെയുള്ള മികച്ച പ്രതികരണവും.'ഇഫ്താര്‍ പ്രായോജകരില്‍ ഒരാളായ റഹിം ജെന്‍കിന്‍സ് അന്തോണി വില്യംസിന്റെ കാലം മുതല്‍ എല്ലാ മേയര്‍മാര്‍ക്കുമൊപ്പം ഇത്തരം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. നോമ്പുതുറക്കുന്നതിനു മുന്‍പ് മറ്റുള്ളവര്‍ക്കു ഭക്ഷണം നല്‍കുന്നത് പൊതുസമൂഹവുമായി മികച്ച ബന്ധം വളര്‍ത്താന്‍ മാത്രമല്ല. ആളുകള്‍ക്ക് ആഹാരം നല്‍കുന്നത് അനുഗ്രഹദായകമാണെന്ന് റമദാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജെന്‍കിന്‍ പറയുന്നു. 'ഉപവസിക്കുന്നവര്‍ വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കട്ടെ.'

ഭക്ഷണത്തിനായി അണിനിരക്കുന്നവരെ സ്വാഗതം ചെയ്യുന്നവരില്‍ മറ്റൊരു ഇഫ്താര്‍ പ്രായോജകനായ ദാര്‍ അല്‍ ഹിജ്‌റാ ഇമാം ജോഹാരി അബ്ദുല്‍ മാലിക്കുമുണ്ട്. റമദാനില്‍ ഭക്ഷണമില്ലാതെ ജീവിക്കുന്നത് ശരീരത്തിനും മനസിനും ഒരു പാഠമാണെന്ന് അദ്ദേഹം പറയുന്നു. എല്ലാ വര്‍ഷവും കുറച്ചുദിവസം ഉപവസിക്കുന്നതിനാല്‍ തനിക്ക് ഇപ്പോള്‍ വിശപ്പുതന്നെ തോന്നാറില്ലെന്ന് ഇമാം പറയുന്നു. 'വിശപ്പു സഹിക്കാന്‍ കഴിയണം. അതിനുള്ള പരിശീലനമാണ് റമദാന്‍. ദൈവസ്‌നേഹത്തില്‍ വിശപ്പു സഹിക്കുക.'

ഭക്ഷണത്തിനായി അണിനിരന്നവരില്‍ ഒരു മുസ്ലിമും ഉണ്ടായിരുന്നു. നൈജീരിയയില്‍നിന്നെത്തിയ അബ്ദുല്‍ കരീം അഡെബായോ. സ്വീറ്റ്‌ലാന്‍ഡിലെ ഒരു സുഹൃത്തിനൊപ്പം ചിലപ്പോള്‍ താമസിക്കാറുണ്ടെങ്കിലും താന്‍ ഭവനരഹിതനാണെന്ന് അഡെബായോ പറഞ്ഞു. ഇഫ്താറിനെപ്പറ്റി അറിയും മുന്‍പ് തൊട്ടടുത്ത മക്‌ഡൊണാള്‍ഡ്‌സില്‍ നോമ്പുമുറിക്കാന്‍ ആലോചിക്കുകയായിരുന്നു അഡെബായോ.

നൈജീരിയയില്‍നിന്നു വ്യത്യസ്തമായി അമേരിക്കക്കാര്‍ക്ക് ഇസ്ലാം മതം അത്ര പരിചിതമല്ലെന്ന് അഡെബായോ പറയുന്നു. എന്നാല്‍ ഭക്ഷണവും പാരസ്പര്യവും മികച്ചതാണ്.

'നൈജീരിയയിലെ അതേ സ്‌നേഹമാണ് ഇവിടെയും.'


Next Story

Related Stories