TopTop
Begin typing your search above and press return to search.

ചെന്നിത്തലയുടെ കത്ത് ചോര്‍ത്തിയത് സുധീരന്‍? (പൂഴിക്കടകന്‍ രണ്ടാം ഭാഗം)

ചെന്നിത്തലയുടെ കത്ത് ചോര്‍ത്തിയത് സുധീരന്‍? (പൂഴിക്കടകന്‍ രണ്ടാം ഭാഗം)

കത്തെഴുതിയത് ചെന്നിത്തല തന്നെ. ചെന്നിത്തലയ്‌ക്കൊഴിച്ച് വേറെ ആര്‍ക്കും എതിര്‍ അഭിപ്രായമില്ല. അതാണ് ചെന്നിത്തല. കൂട്ടത്തില്‍ നിന്ന്, മറ്റാരും അറിയാതെ, ശത്രുവിനു നേരെ കല്ലെറിയും. എന്നിട്ട് മറയും. കല്ലെടുത്തപ്പോള്‍ കയ്യിലെങ്ങാനും പറ്റിയ പൊടിയോ മറ്റോ ആരും കാണാതിരിക്കാന്‍ കൈലേസെടുത്ത് തുടയ്ക്കും. എന്നിട്ട്, ആ കൈലേസ് കൊണ്ട് വിയര്‍പ്പൊപ്പി മാന്യനില്‍ മാന്യനായി മാറി നില്‍ക്കും.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പു മുതല്‍ ഇന്നലെ വരെ ചെന്നിത്തല ചെയ്തത് കൂട്ടത്തില്‍ തന്നെ നിന്ന് ശത്രുവിന്റെ നേര്‍ക്ക് കല്ലെറിയലായിരുന്നു.

തിരഞ്ഞെടുപ്പ് പടിതിവാല്‍ക്കല്‍ നില്‍ക്കെയാണ് പാം ഓയില്‍ കേസിലെ പ്രതിയായ തന്നെയും ഉമ്മന്‍ചാണ്ടിയെപ്പോലെ സാക്ഷിയാക്കണമെന്ന ആവശ്യവുമായി മുസ്തഫ വിജിലന്‍സ് കോടതിയെ സമീപിച്ചത്. അതിനര്‍ത്ഥം ഉമ്മന്‍ചാണ്ടിയെക്കൂടി പ്രതിയാക്കണമെന്നും ഉണ്ട്. അതിലാണ് അച്യുതാനന്ദന്‍ കയറിപ്പിടിച്ചത്. പക്ഷെ, ആ നീക്കത്തിന് ചെന്നിത്തലയില്‍ നിന്നുണ്ടായ നീക്കം ഇടതുപക്ഷത്തെപ്പോലും അമ്പരപ്പിച്ചു. കെ.പി.സി.സി. പ്രസിഡന്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.

എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് കോടതിയില്‍ നിന്ന് യാതൊരു പരാമര്‍ശവും വന്നില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. ഉപമുഖ്യമന്ത്രിസ്ഥാനമോ ആഭ്യന്തരമോ ആയിരുന്നു ചെന്നിത്തലയുടെ ഡിമാന്റ്. രണ്ടും തനിയ്ക്കു പാരയാണെന്നു മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി രണ്ടിനും വഴങ്ങിയില്ല. അങ്ങനെയാണ് താന്‍ മന്ത്രിസഭയിലേക്കില്ല എന്ന് പറഞ്ഞ് ചെന്നിത്തല മാന്യനായി മാറി നിന്നത്. മാത്രമല്ല, കെ.പി.സി.സി. പ്രസിഡന്റ് എന്നത് മന്ത്രിസ്ഥാനത്തേക്കാള്‍ എത്രയോ വലുതാണെന്നും ചെന്നിത്തല പറഞ്ഞു. (എന്തൊരു വേദനാജനകമായ തമാശ!). അപ്പോള്‍, കെ.പി.സി.സി. പ്രസിഡന്റ് പദവിയേക്കാള്‍ വലുതാണോ എം.എല്‍.എ. സ്ഥാനം എന്ന് ആരും ചോദിച്ചില്ല.

പിന്നീടാണ് ചങ്ങനാശ്ശേരിയിലെ പോപ്പിനെക്കൊണ്ട് ചെന്നിത്തലയെപ്പോലൊരു നായര്‍ താക്കോല്‍ സ്ഥാനത്തെത്തണമെന്ന് വെള്ളാപ്പള്ളിയെപ്പോലും നാണിപ്പിക്കുന്ന പ്രസ്താവന നടത്തിച്ചത്. പോപ്പിന്റെ കടന്നാക്രമണത്തിനൊടുവില്‍ തന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാകുമോ എന്നു ഭയന്നാണ് ചെന്നിത്തല പോപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞതും രഹസ്യമായി കാലുപിടിച്ചതും. ഇതുകൂടാതെയാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രിയാകാന്‍ മോഹമുള്ള നേതാക്കളും നേതാക്കളാകാന്‍ കൊതിക്കുന്ന കുട്ടി നേതാക്കളും ശയനപ്രദക്ഷിണം നടത്തുന്നതുപോലെ ഒരെണ്ണം ചെന്നിത്തലയും നടത്തിയത്. എന്നാല്‍, എല്ലാ ശയനപ്രദക്ഷിണങ്ങള്‍ക്കുമൊടുവില്‍ നേര്‍ച്ച നേര്‍ന്ന ആള്‍ തകരച്ചെണ്ടയായി മാറാറുള്ള പതിവ് ചെന്നിത്തലയുടെ കാര്യത്തിലും സംഭവിച്ചു. താന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്കില്ല എന്ന് ചെന്നിത്തല ഉറക്കെ പ്രസ്താവിച്ചു. പക്ഷെ, നിശബ്ദനായി അതിനു വേണ്ടി പണിയെടുത്തു. അങ്ങനെ ആഭ്യന്തരമന്ത്രിയായി. ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ത്തന്നെ.രണ്ടാമന്‍ ഒന്നാമനാകാന്‍ കൊതിയ്ക്കുന്നത് സ്വാഭാവികം. രണ്ടാമനായിരുന്ന ഉമ്മന്‍ചാണ്ടി ഒന്നാമനാകാന്‍ കരുക്കള്‍ നീക്കിയപ്പോഴാണ് ആന്‍റണിക്ക് ദില്ലിയിലേക്ക് താമസം തന്നെ മാറ്റേണ്ടി വന്നത്. ചെന്നിത്തലയും അത്രയേ ചെയ്തുള്ളു. അതിനുവേണ്ടിയാണ് ഹൈക്കമാന്റിന് കത്തയച്ചത്. കത്ത് തയ്യാറാക്കിയപ്പോള്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. താന്‍ സ്ഥിരം ഉപയോഗിക്കാറുള്ള ഫോണ്ട് മാറ്റി. ഒപ്പില്‍ ലേശം മാറ്റം വരുത്തി. ആഭ്യന്തരമന്ത്രിയായതുകൊണ്ട് ഒരു കേസില്‍ alibi ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് നല്ലവണ്ണം പഠിച്ചുകാണണം.

കത്ത് ചെന്നിത്തലയാണ് അയച്ചതെന്ന്, പക്ഷെ, ആര്‍ക്കും മനസ്സിലാകും. കാരണം, അത് ചെന്നിത്തലയ്ക്ക് മാത്രം ഗുണം ചെയ്യുന്നതാണ്. ഉമ്മന്‍ചാണ്ടിക്ക് പ്രതിഛായ നഷ്ടപ്പെട്ടു. (ഛായയേ ഇല്ല എന്നതാണ് സത്യം). അഴിമതികള്‍ കഥകള്‍ ധാരാളം (ബാര്‍കോഴക്കേസില്‍ സ്വന്തം പേര് പുറത്തുവരാതിരിയ്ക്കാന്‍ താന്‍ വേണ്ടുവോളം പരിശ്രമിച്ചു എന്ന കാര്യം മറന്നുപോയതുകൊണ്ടാണ് ചെന്നിത്തല എഴുതാത്തത്.) വെള്ളാപ്പള്ളി ഈഴവ വോട്ടുകള്‍ ബി.ജെ.പി.യ്ക്കുവേണ്ടി ചോര്‍ത്തും. (ഈ സുന്ദരസ്വപ്നം നടക്കില്ലെന്ന് വെള്ളാപ്പള്ളിക്കും ബി.ജെ.പിക്കും നല്ലവണ്ണം അറിയാം എങ്കിലും.) പിന്നെയുള്ള നായന്‍മാരുടെ വോട്ടുകള്‍ ആകട്ടെ യു.ഡി.എഫില്‍ നിന്ന് അകന്നുപോകുന്നു. (നായന്‍മാരുടെ പോപ്പ് ആവശ്യപ്പെട്ട പ്രകാരം ചെന്നിത്തലയെ തന്നെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയിട്ടും നായന്‍മാര്‍ അകലുന്നുവോ?) വലിയ ശസ്ത്രക്രിയ വേണം. (അത് തന്റെ പുറത്താകരുതെന്ന് മാത്രം.)

ചുരുക്കമിതാണ്. ഉമ്മന്‍ചാണ്ടിയെ മാറ്റണം. പകരം സുധീരന്‍ എന്ന ചിന്ത പോലും അരുത്. പിന്നെയുള്ളത് ഞാന്‍, ഈ ഞാന്‍ മാത്രം. സംസ്‌കാരസമ്പന്നനായതുകൊണ്ട് അതങ്ങനെ തെളിച്ചുപറയുന്നില്ല എന്നേ ഉള്ളു.

ഇനി കത്തു ചോര്‍ന്നത് ആരു വഴി എന്ന് ആലോചിക്കാം. കത്ത് ചെന്നിത്തല തന്നെ ചോര്‍ത്താന്‍ വഴിയില്ല. കാരണം സോണിയയോട് കാര്യങ്ങള്‍ നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യം ചെന്നിത്തലയ്ക്കുണ്ട്. (നേരിട്ട് പറഞ്ഞാലേ സോണിയ മനസ്സിലാക്കുകയുള്ളു എന്നതു വേറെ കാര്യം. ആഫീസില്‍ വരുന്ന കത്തുകള്‍ക്കൊക്കെ സമയം കൊടുക്കാന്‍ മാഡത്തിനെവിടെയാണ് സമയം?) അല്ലെങ്കില്‍, ദില്ലിയില്‍ നിന്ന് പ്രസിദ്ധീകരിയ്ക്കുന്ന ഏതെങ്കിലും ഇംഗ്ലീഷ് പത്രത്തിലോ ചാനലിലോ വരണം. അതുകൊണ്ടാണ് കത്ത് ചോര്‍ത്തിയവര്‍ അത് Ecconomic Timesനു നല്‍കിയത്. പത്രം അത് രാഷ്ട്രീയകാര്യ പേജില്‍ തന്നെ ഉള്‍പ്പെടുത്തിയത്. കത്തെഴുതിയിട്ട് ചെന്നിത്തല തന്നെ അത് ചോര്‍ത്തിക്കൊടുത്താല്‍ അത് തനിക്ക് ഉണ്ട് എന്ന് ചെന്നിത്തല കരുതുന്ന പ്രതിച്ഛായയെ ബാധിക്കും. കത്ത് മാഡം കാണണമെന്നു മാത്രമേ ചെന്നിത്തലയ്ക്കുള്ളു. അങ്ങനെയേ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. അതുകൊണ്ടാണ് വാര്‍ത്ത വന്ന ഉടന്‍ അങ്ങനെ ഒരു കത്തേ താന്‍ എഴുതിയിട്ടില്ല എന്ന് ചെന്നിത്തല പ്രതികരിച്ചത്. വിശ്വസനീയതയ്ക്കായി നേരത്തെ കരുതിവച്ച രണ്ട് alibiയും പത്രക്കാരുടെ മുന്നില്‍ നിരത്തി. എന്നാല്‍ കത്ത്, ചെന്നിത്തലയുടേതു തന്നെയാണെന്ന് ഹൈക്കമാന്റ് സാക്ഷ്യപ്പെടുത്തിയതോടെ പിക് പോക്കറ്റ് അടിച്ചതിന് കൈയ്യോടെ പിടിച്ചവന്റെ അവസ്ഥയായി ചെന്നിത്തലയ്ക്ക്. കൂടെയിരുന്ന് കുത്തുന്നവന്‍. മുഖത്തുനോക്കി കള്ളം പറയുന്ന നേതാവ്. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന കശ്മലന്‍. ഇങ്ങനെയൊക്കെയാണ് ചെന്നിത്തലയെക്കുറിച്ച് പൊതുജനം പറഞ്ഞുപോകുന്നത്. ഇങ്ങനെ ഒരാളെ മുഖ്യമന്ത്രിയായി കിട്ടാന്‍ മാത്രം എന്തു കൊടുംപാപമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് ഓരോ മലയാളിയും ചോദിച്ചു തുടങ്ങി.ഇനി കത്തു ചോര്‍ത്തിയത് ഉമ്മന്‍ചാണ്ടിയാണെന്നു വയ്ക്കുക. അതൊരു നല്ല സാധ്യതയാണ്. കാരണം, ക്രിസ്തുമസ് മാസത്തില്‍ ഉമ്മന്‍ചാണ്ടി ക്രൂശിതനായ ക്രിസ്തുവിന്റെ മോണോ ആക്ടാണ് നടത്തിക്കൊണ്ടിരിയ്ക്കുന്നത്. ആള്‍ക്കാര്‍ ചാണ്ടിയെ കല്ലെറിയുന്നു. ചാണ്ടി അവരെ നോക്കി പുഞ്ചിരിക്കുന്നു. വേദന ഉള്ളില്‍ ഒതുക്കിക്കൊണ്ട് കല്ലിനു വേദനിച്ചോ എന്ന് ചോദിക്കുന്നു. എറിഞ്ഞയാള്‍ക്ക് മാപ്പുകൊടുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. പക്ഷെ, ഈ പാനപാത്രം എന്നില്‍ നിന്ന് മാറ്റണമേ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നില്ല. പ്രാര്‍ത്ഥനയുടെ ആ ഭാഗം മറന്നു പോയിരിക്കാനാണ് സാധ്യത. (ഈ മറവി ഒരു മഹാപുള്ളി തന്നെ!)

തനിക്കെതിരെ കേസിനുപോകാന്‍ അനുമതി ചോദിച്ചെത്തിയ ഡി.ജി.പി. ജേക്കബ് തോമസിനെതിനെ ഒരു പുതിയ നടപടിയ്ക്കും ചാണ്ടി മുതിര്‍ന്നില്ല. വേദന കലര്‍ന്ന പുഞ്ചിരിയോടെ ന്യൂജനറേഷന്‍ സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ സഹക്രിസ്ത്യാനിയെ ഒന്നു നോക്കി. അത്ര മാത്രം.

പിന്നീടാണ് താനും സരിതയും തമ്മില്‍ ലൈംഗികബന്ധം നടന്നതിന്റെ സി.ഡി. ഉണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതും ആ സി ഡി കണ്ടെടുക്കാന്‍ പോലീസും മാധ്യമങ്ങളും ബിജു രാധാകൃഷ്ണനുമായി മാരത്തോണ്‍ ഓടിയതും. ബിജു രാധാകൃഷ്ണന്‍ തന്നോട് ഒരു മണിക്കൂറിലേറെ നേരം പറഞ്ഞ കാര്യങ്ങള്‍ താന്‍ ഒരു കുമ്പസാര രഹസ്യം പോലെ സൂക്ഷിയ്ക്കുമെന്ന് പലവട്ടം ആണയിട്ടു പറഞ്ഞതും അതു മൂലം താന്‍ പലനാളായി പഴി കേള്‍ക്കുന്നതും നല്ലവണ്ണം അറിയാവുന്ന ബിജു രാധാകൃഷ്ണന്‍ പക്ഷെ, ആ രഹസ്യം കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത കാട്ടിയില്ലല്ലോ എന്ന പരിഭവം പോലും ക്രൂശിതനായി കിടക്കുന്ന ചാണ്ടിയുടെ വേദന കലര്‍ന്ന ചിരിയില്‍ ഇല്ലായിരുന്നു.

പീഢിതനും ദുഃഖിതനുമായിരുന്നെങ്കിലും ചാണ്ടി ആ സമയത്ത് ദില്ലിയിലായിരുന്നു. തന്നെ കുരിശിലേറ്റുന്ന ജനതയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി ഉലകനായകന്‍ മോദിയെ കാണാനെത്തി. ചോദിച്ചതെല്ലാം കരുണാമയനായ മോദി കനിഞ്ഞു നല്‍കി എന്നാണ് ചാണ്ടി പത്രക്കാരോട് പറഞ്ഞത്. പക്ഷെ, കനിവ് തൊട്ടുതീണ്ടിയിട്ടില്ലാത്ത പത്രക്കാര്‍ക്ക് അറിയേണ്ടത് സി ഡിയുടെ കാര്യം മാത്രമായിരുന്നു. ചോദ്യശരങ്ങളേറ്റു പുളഞ്ഞപ്പോഴും വേദനയാര്‍ന്ന ഒരു പുഞ്ചിരിയാണ് മറുപടിയായി ചാണ്ടി നല്‍കിയത്. ആ പുഞ്ചിരിയ്ക്കുള്ളില്‍ ഒളിപ്പിച്ചു വച്ച പുച്ഛം, പക്ഷെ, ആരും കണ്ടില്ല. തെളിവായ തെളിവെല്ലാം മായ്പിച്ചു കളഞ്ഞ ഞാന്‍ ഇങ്ങനെ ഒരു തെളിവ് അവശേഷിപ്പിക്കുമെന്നു കരുതാന്‍ മാത്രം മണ്ടന്‍മാരാണല്ലോ ഈ പത്രക്കാര്‍ എന്നായിരുന്നു അതിനര്‍ത്ഥം. (ദൈവമേ! ഇവര്‍ ചോദിയ്ക്കുന്നത് എന്താണെന്ന് ഇവര്‍ക്ക് അറിയില്ല. ഈ പത്രക്കാര്‍ക്ക് മാപ്പ് നല്‍കണമേ!) പക്ഷെ, അടുത്തനാള്‍ പുലര്‍ച്ചെ, കോഴി കൂവുന്നതിന് മുമ്പ്, കരുണാമയനായ മോദി ദൈവം തന്നെ ചാണ്ടിയെ തള്ളിപ്പറഞ്ഞു. പഴയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പ്രതിമാ അനാച്ഛാദനത്തിന് നിലവിലെ മുഖ്യമന്ത്രി വരണ്ട എന്ന് പ്രധാനമന്ത്രി ശഠിച്ചു. സി ഡിയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തില്‍ അപമാനിതനായത് ചാണ്ടി മാത്രമായിരുന്നെങ്കില്‍, ഇപ്പോള്‍ അപമാനിതരായത് കേരളത്തിലെ മുഴുവന്‍ ജനങ്ങളായിരുന്നു. (കേരളത്തിലെ ജനങ്ങള്‍ എന്നു പറഞ്ഞാല്‍, ചാനല്‍ ചര്‍ച്ചകള്‍ക്കെത്തുന്ന ബി.ജെ.പി. - ആര്‍.എസ്.എസ്. പ്രതിനിധികള്‍ ഒഴിച്ചാണെന്നര്‍ത്ഥം.)

ആ അപമാനവും ചങ്കിലേറ്റിക്കൊണ്ടാണ് ചാണ്ടി സഹമന്ത്രിമാരുമൊത്ത് എയര്‍പോര്‍ട്ടില്‍ പോയി ഉലകനായകനെ കണ്ട് കേരളത്തിന്റെ ആവലാതികള്‍ ബോധിപ്പിച്ചത്. അതോടെ, ഒരു ചെകിടത്തടിച്ചാല്‍ മറുചെകിടും കാട്ടിക്കൊടുക്കണമെന്ന ക്രിസ്തു വചനം പ്രാവര്‍ത്തികമാക്കിയ ആദ്യത്തെ ക്രിസ്ത്യാനിയായി മാറി ക്രിസ്തുമസ് മാസത്തില്‍ ഉമ്മന്‍ചാണ്ടി.

ഈ സഹനമത്രയും സിമ്പതി ആയും പിന്നീട് വോട്ടായും മാറുമെന്ന് ചാണ്ടിക്കറിയാം. ഇതോടൊപ്പമാണ് പ്രതിമ - പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ അനൗചിത്യവും പ്രധാനമന്ത്രിയുടെ കുറ്റകരമായ മൗനവും ചൂണ്ടിക്കാട്ടിക്കൊണ്ട് ചാണ്ടി മോദിയ്ക്ക് കത്തയച്ചത്. ക്രൂശിതനായ ചാണ്ടി അതോടെ കേരളജനതയുടെ മാനത്തിനുവേണ്ടി പടവാളുയര്‍ത്തുന്ന ചേകവനായി മാറി.അങ്ങനെയിരിക്കെ ചാണ്ടി തന്നെ ചെന്നിത്തലയുടെ കത്ത് ചോര്‍ത്തി പത്രത്തിനു കൊടുക്കുമോ? അതില്‍ മുഴുവന്‍ താന്‍ മറക്കാനും മായ്ക്കാനും കൊതിക്കുന്ന വിഷയങ്ങളല്ലേ? അതിങ്ങനെ ചര്‍ച്ച ചെയ്യപ്പെടാനുള്ള സാഹചര്യം ചാണ്ടി തന്നെ സ്വയം ഒരുക്കുമോ? ചാണ്ടിയെ മുസ്തഫയില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും അതുതന്നെയല്ലേ?

അപ്പോള്‍ പിന്നെ ആര്? ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍ ഈ കത്ത് ചര്‍ച്ച ചെയ്യപ്പെടുക വഴി അതിന്റെ ഗുണഭോക്താവായി തീരുന്നത് ആരാണെന്ന് ആലോചിക്കണം. ചെന്നിത്തലയല്ല. ചെന്നിത്തല കയ്യോടെ പിടിയ്ക്കപ്പെട്ട പിക്‌പോക്കറ്റടിക്കാരനായി മാറി. ചാണ്ടിയല്ല. കാരണം, കത്തിലെ വസ്തുതകള്‍ ക്രൂശിതനായി കിടക്കുന്ന ചാണ്ടിയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയ കുന്തമുനയാണ്. അഞ്ചാം തിരുമുറിവ്. അത് സ്വയം ചാണ്ടി കുത്തിയിറക്കില്ല. കാരണം, കോണ്‍ഗ്രസില്‍ ഉയര്‍ത്തെഴുന്നേല്‍പ്പില്ല. മൂന്നാം നാളിലും മുപ്പതാം നാളിലും.

സുധീരന്റെ പൂഴിക്കടകന്‍ തുടങ്ങിയിട്ടേയുള്ളുഅപ്പോള്‍ പിന്നെ ഗുണഭോക്താവ് ആര്? രണ്ട് ആടുകള്‍ തമ്മില്‍ തല കൊണ്ടിടിക്കുമ്പോള്‍ മാറിനിന്ന് ചോരകുടിയ്ക്കാന്‍ കൊതിച്ച കുറുക്കന്റെ കഥ കേട്ടിട്ടില്ലേ? ആ കുറുക്കന് ജല്ലുതേച്ചു ചീകിവച്ച നീളന്‍ മുടിയും വേലി കെട്ടിയ മീശയും കണ്ണടയും തൂവെള്ള വസ്ത്രവും സങ്കല്‍പ്പിച്ചു നോക്കൂ. ചിത്രം തെളിയുന്നില്ലേ?

അടിക്കുറിപ്പ്:
കൈയ്യോടെ പിടിയ്ക്കപ്പെട്ടതോടെ പത്രക്കാര്‍ക്ക് മുഖം കൊടുക്കാതെ ചെന്നിത്തല അമേരിക്കയിലേക്ക് പോയി. കൂടെ, പരിശുദ്ധാത്മാവായ എ.കെ.ആന്റണിയും ഉണ്ട്. അവിടെ ഒബാമയ്ക്ക് ഏതോ കേസിന്റെ തെളിവുകള്‍ തേയ്ച്ചുമായ്ച്ചു കളയുന്നതിന് ക്ലാസുകൊടുക്കാന്‍ ചെന്നിത്തലയെ ക്ഷണിച്ചതായാണ് അറിവ്. ഇത് ശരിയാണെങ്കിലും ഇല്ലെങ്കിലും ചെന്നിത്തലയുടെ ശീട്ടു കീറുമെന്നുറപ്പായി. അതൊന്നും കണ്ടുനില്‍ക്കാന്‍ പാവം നായരു ചെക്കനാകില്ല. അതെല്ലാം ചാണ്ടിയെ കണ്ടുപഠിയ്ക്കണം. എന്തു വൃത്തികേടും ചെയ്യും. പിന്നെ, രഹസ്യമായി കുമ്പസരിക്കും. അതോടെ അടുത്തത് ചെയ്യാനുള്ള ലൈസന്‍സായി. കുമ്പസരിക്കാന്‍ നേരമില്ലെങ്കില്‍ ക്രൂശിതരൂപത്തില്‍ കിടക്കാനും അറിയാം. പാനപാത്രം കൈയ്യില്‍ നിന്നും പോകാതെ നോക്കാനും അറിയാം.


Next Story

Related Stories