TopTop

മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല; പറഞ്ഞ കണക്കുകളൊക്കെ സാങ്കല്‍പികം

മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല; പറഞ്ഞ കണക്കുകളൊക്കെ സാങ്കല്‍പികം

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി വാദിക്കുന്നത് മാനേജ്മെന്‍റുകള്‍ക്ക് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞ പല കണക്കുകളും സാങ്കല്‍പികമാണ്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായെടുത്തായിരുന്നു ചെന്നിത്തലയുടെ മറുപടികള്‍. മാനേജ്മെന്‍റുകളുടെ കണ്ണിലെ കരടായ ജയിംസ് കമ്മറ്റിയെ മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രവേശനനടപടികള്‍ അന്തിമഘട്ടത്തില്‍ വരുമ്പോള്‍ ജയിംസ് കമ്മിറ്റിയില്‍ 1300 പരാതികള്‍ വന്ന സാഹചര്യത്തില്‍ കമ്മിറ്റിയെ മാറ്റാന്‍ ശ്രമിക്കുന്നത് മാനേജ്മെന്‍റുകളെ സഹായിക്കാനാണ്. മാനേജ്മെന്‍റിനൊപ്പം ചേര്‍ന്ന് നിര്‍ബാധം കൊള്ള നടത്തുന്നതിനാണ് ശ്രമങ്ങള്‍. കോണ്‍ഗ്രസ് സമരരംഗത്ത് വന്നത് വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും പൊതുസമൂഹത്തിന്‍റെയും ആശങ്കകളും അസ്വസ്ഥതകളും കണക്കിലെടുത്താണ്. നൂറു കണക്കിന് പരാതികള്‍ വരുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ല. പരാതികള്‍ ഉയരുമ്പോള്‍ പ്രതിപക്ഷം ഒന്നും മിണ്ടരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് മാനേജ്മെന്‍റുകള്‍ ഇതേ നിരക്കിലുള്ള വര്‍ധനവ് ആവശ്യപ്പെട്ടിരുന്നതാണ്. വിദ്യാര്‍ഥി താല്‍പര്യം പരിഗണിച്ചാണ് ആ ആവശ്യം യുഡിഎഫ് തള്ളിയത്. യുഡിഎഫ് ഭരണകാലത്ത് ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ 14 കോളജുകളാണ് കരാറൊപ്പിട്ടത്. ഫീസ് അതിലും വര്‍ധിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ കോളജുകള്‍ കരാറിന് തയ്യാറായേനെ. എല്‍ഡിഎഫ് ഭരണത്തില്‍ 21 കോളജുകള്‍ കരാറിന് സന്നദ്ധരായി.ഇത് എല്‍ഡിഎഫിന്‍റെ നേട്ടമായി പറയാന്‍ കഴിയില്ല. കാരണം സീറ്റ് വര്‍ധിച്ചത് സ്വാഭാവികമാണ്. മൂന്ന് മെഡിക്കല്‍ കോളജുകള്‍ പുതുതായി ഉണ്ടായതാണ്. ബിലിവേഴ്സ് ചര്‍ച്ച്, വര്‍ക്കല എസ് ആര്‍ കോളജ്, പാലക്കാട് കേരള മെഡിക്കല്‍ കോളജ് എന്നിവയാണവ. സ്വാഭാവികമായും പുതിയ മൂന്ന് മെഡിക്കല്‍ കോളജുകള്‍ വന്നപ്പോള്‍ 300 സീറ്റ് വര്‍ധിച്ചു. അതില്‍ എല്‍ഡിഎഫ് എന്ത് പങ്കാണുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.


തലവരിപ്പണം ഇല്ലാതായിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷെ ഉയര്‍ന്ന ഫീസ് വാങ്ങുന്നതിനൊപ്പം തലവരിപ്പണവും മാനേജ്മെന്‍റുകള്‍ വാങ്ങും. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ പരിയാരത്തെ ഫീസ് കുറയ്ക്കുകയാണ് ചെയ്യേണ്ടത്. സ്വാശ്രയവിഷയത്തില്‍ സുപ്രിംകോടതിയിലെ കേസില്‍ സര്‍ക്കാര്‍ ഹാജരായില്ല. അമൃത കല്‍പ്പിത സര്‍വ്വകലാശാല സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയത് സംബന്ധിച്ച കേസിലാണ് സര്‍ക്കാര്‍ ഹാജരായത്. ഈ കേസില്‍ ഹാജരാകാതിരുന്നത് തീവെട്ടിക്കൊള്ള നിര്‍ബാധം തുടരുന്നതിനു തന്നെയാണ്. സമരപ്പന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞിട്ടില്ലയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ സമരപന്തലിലുണ്ടായിരുന്നു. സുധീരനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിനും വൈസ് പ്രസിഡന്‍റ് സിആര്‍ മഹേഷിനും അതിനെ തുടര്‍ന്ന് അസ്വസ്ഥതയുണ്ടായി. നിരാഹാരസമരത്തിലായിരുന്നവരെ ഗ്രനേഡു മൂലമുണ്ടായ അസ്വസ്ഥത മൂലം ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. കാറ്റടിച്ചപ്പോള്‍ പുകയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞത് പുകമറ സൃഷ്ടിക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു.

പുതിയ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ ഇങ്ങനെയൊക്കെയാകാമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുചോദ്യമായിരുന്നു ചെന്നിത്തലയുടെ മറുപടി. പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സഭയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയാണോ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. സഭയുടെ അന്തസിന് ചേരാത്ത പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോയെന്ന് പൊതുസമൂഹം വിലയിരുത്തും.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ താന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിന്‍റെ അന്തസത്തയില്‍ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷെ ഹര്‍ത്താല്‍ നിരോധന ബില്ലല്ല അവതരിപ്പിച്ചത്. പിണറായി അന്നു സഭയില്‍ ഇല്ലാത്തതുകൊണ്ട് അറിയാത്തത്കൊണ്ടാണിങ്ങനെ പറയുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. തന്നെ വിമര്‍ശിച്ച പിണറായി ഹര്‍ത്താല്‍ നിരോധന ബില്ലുമായി വരുമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.


Next Story

Related Stories