TopTop

വിവരമില്ലാത്തവര്‍ എത്ര പോസ്റ്റര്‍ കത്തിച്ചാലും നിലപാടില്‍ മാറ്റമില്ല - രമ്യ

വിവരമില്ലാത്തവര്‍ എത്ര പോസ്റ്റര്‍ കത്തിച്ചാലും നിലപാടില്‍ മാറ്റമില്ല - രമ്യ

പാക്കിസ്താന്‍ ഒരു നരകമല്ല എന്ന അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസ് നേരിടുന്ന നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ രമ്യ അക്കാര്യത്തില്‍ പ്രതികരിക്കുന്നു.ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ എതിര്‍ചേരിയിലുള്ളവരുടെ വമ്പന്‍ പോസ്റ്ററുകള്‍ കെട്ടുകെട്ടായി സൂക്ഷിക്കാറുണ്ടോ എന്ന് ഇന്നലെ ഒരു സുഹൃത്ത് എന്നോടു ചോദിച്ചു. കര്‍ണാടകയില്‍ ചില വലതുപക്ഷ ഗ്രൂപ്പുകാര്‍ അലറി വിളിച്ചുകൊണ്ട് എന്റെ പോസ്റ്ററുകള്‍ കത്തിക്കുകയും നാടകീയമായി അവയില്‍ ചവിട്ടുകയുമൊക്കെ ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനലുകളില്‍ കണ്ടപ്പോള്‍ ഉണ്ടായ സംശയമാണ്. കൌതുകമുണര്‍ത്തിയ ഒരു ഫ്രെയ്മില്‍ കുറേപ്പേര്‍ എന്റെ പോസ്റ്ററില്‍ ചെരുപ്പുകള്‍ എറിയുകയായിരുന്നു!പാകിസ്ഥാനില്‍ പോകുന്നത് നരകം സന്ദര്‍ശിക്കുന്നതിനു തുല്യമാണെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയോട് ഞാന്‍ വിയോജിച്ചതാണ് കാവിയില്‍ പൊതിഞ്ഞ സ്വയം പ്രഖ്യാപിത ദേശീയവാദികളെ പ്രകോപിപ്പിച്ചത്. ഒരു ഇസ്ലാമാബാദ് സന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയിരിക്കുന്ന എനിക്ക് ധൈര്യമായി പറയാന്‍ സാധിക്കും ഞാന്‍ കണ്ടത് നരകമല്ല, നമ്മളെ പോലെ തന്നെ ഉള്ളവര്‍ കഴിയുന്ന ഒരു സ്ഥലമാണ് അതെന്ന്. പക്ഷേ അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന ഒരു ഭരണകൂടമല്ല അവിടെയുള്ളത് എന്നുമാത്രം.പാകിസ്ഥാനിലെ പട്ടാളവും സര്‍ക്കാരും ചെയ്യുന്നതിന് അവരെ ഉത്തരവാദികളാക്കുന്നത് മനസിലാക്കാം. എന്നാല്‍ അയല്‍വക്കത്തെ ഒരു സിവില്‍ സമൂഹം നമുക്കുനേരെ സൌഹാര്‍ദ്ദത്തിന്റെ കരം നീട്ടുമ്പോള്‍ അതിനെ സ്വാഗതം ചെയ്യണം എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.ആദ്യത്തെ സാര്‍ക്ക് യൂത്ത് പാര്‍ലമെന്റേറിയന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കാനാണ് ഞാന്‍ ഇസ്ലാമാബാദിലെത്തിയത്. തെക്കേ ഏഷ്യയിലെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ചെറുപ്പക്കാരായ രാഷ്ട്രീയക്കാരായിരുന്നു അതില്‍ പങ്കെടുത്തത്. ഏറ്റവും പ്രധാനമായി എനിക്കു തോന്നിയത് പാക്കിസ്ഥാനില്‍ നിന്നുള്ള രാഷ്ട്രീയക്കാരായ വനിതകളുമായി സൌഹൃദം സ്ഥാപിക്കാമല്ലോ എന്നതാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനം പകരുന്നവയാണ്; ഈ രണ്ടു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കുക എന്ന പൊതുലക്ഷ്യത്തിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.പാക്കിസ്ഥാനിലെ ഭരണകൂടവുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നത് വ്യത്യസ്തമായ ഒരു വിഷയമാണ്. നമ്മുടെ സര്‍ക്കാരുകള്‍ തമ്മില്‍ നല്ല ബന്ധത്തിലാണെങ്കിലും അല്ലെങ്കിലും അവിടത്തെ സാധാരണക്കാരുമായി നടത്തുന്ന സംഭാഷണങ്ങള്‍ എന്നും നിര്‍ണ്ണായകമാണ്. നീണ്ടകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവരുതെന്ന ലക്ഷ്യം മാത്രമാണ് ഹിസ്റ്റീരിയ ബാധിതരെ പോലെ പ്രതികരിക്കുന്ന, ദേശീയവാദികളെന്ന് സ്വയം വിളിക്കുന്ന കൂട്ടര്‍ക്കുള്ളത്. തെരുവില്‍ കിടന്ന് ഒച്ചയുണ്ടാക്കുന്നതാണ് അവരുടെ ദേശസ്‌നേഹത്തിന്റെ ആദ്യാവസാനം. ഒരുകൂട്ടം തെമ്മാടികളെ വിളിച്ചുകൂട്ടി പ്രകടനം നടത്താന്‍ എളുപ്പമാണല്ലോ. പ്രൈംടൈമില്‍ ടിവിയില്‍ മുഖം കാണിക്കാന്‍ ഇതുമതി; പക്ഷേ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ടത് പരിശ്രമവും സൂക്ഷ്മതയുമാണ്.മെച്ചപ്പെട്ട ഭാവിയിലേക്കും മെച്ചപ്പെട്ട ഒരു ലോകത്തിലേക്കും നമ്മെ നയിക്കാന്‍ ഉതകുന്ന രീതിയില്‍ അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന സൌഹൃദങ്ങള്‍ സ്ഥാപിക്കുക എന്നതാണ് നമ്മുടെ രാജ്യത്തെ അഭിമാനത്തോടെയും പ്രതിബദ്ധതയോടെയും സേവിക്കുന്ന വ്യക്തിയെന്ന നിലയില്‍ എന്റെ കര്‍ത്തവ്യമായി ഞാന്‍ കണ്ടത്. ഇസ്ലാമാബാദില്‍ ഒത്തുചേര്‍ന്നവര്‍ പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാണ്. അവരോടൊത്തു ചേരുന്നത് ശരിയായ ദിശയില്‍ നടത്തുന്ന ശ്രമമാണ്. അതേക്കുറിച്ച് വിവരമില്ലാത്തവര്‍ എത്ര പോസ്റ്ററുകള്‍ കത്തിച്ചാലും അതങ്ങനെ തന്നെയായിരിക്കും.എന്റെ മേല്‍ ദേശദ്രോഹക്കുറ്റം ആരോപിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പാക്കിസ്ഥാന്‍ ഒരു നരകമല്ല എന്ന അഭിപ്രായം പിന്‍വലിക്കാനോ ക്ഷമ ചോദിക്കാനോ ഉള്ള ഒരു കാരണവും ഞാന്‍ കാണുന്നില്ല. കൊലപാതകം പോലെയുള്ള കുറ്റങ്ങള്‍ ചെയ്തിട്ടും അതില്‍നിന്ന് സുഗമമായി കുറ്റവാളികള്‍ രക്ഷപ്പെടുന്ന ഈ രാജ്യത്ത് സമാധാനത്തിനുവേണ്ടി വാദിക്കുന്നവരെ ഉന്നം വയ്ക്കുന്നത് വിരോധാഭാസമാണ്.(രമ്യ എന്ന പേരിലറിയപ്പെടുന്ന ദിവ്യ സ്പന്ദന നടിയും മാണ്ഡ്യ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുന്‍ ലോക്‌സഭാ എംപിയുമാണ്)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories