TopTop
Begin typing your search above and press return to search.

DYFI-യുടെ സാംസ്കാരിക നായകന്റെ ബലാത്സംഗ വിചാരങ്ങള്‍

DYFI-യുടെ സാംസ്കാരിക നായകന്റെ ബലാത്സംഗ വിചാരങ്ങള്‍
ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ തോന്നാന്‍ എന്തുവേണം? സിനിമ സംവിധായകന്‍ രഞ്ജിത്തിന്റെ കഥാന്യായങ്ങളെ ചെമ്പ് കളഞ്ഞു തനിതങ്കമാക്കിയാല്‍ അതിനു കള്ളുകുടിച്ചാലും ‘പിന്നെ ഭവതിയോട് ശാരീരികാകര്‍ഷണം തോന്നിയാലും’ മതിയാകും.  മൂപ്പരുടെ നായകന്മാരാണ് അതൊക്കെ നിശ്ചയിക്കുന്നത് കേട്ടോ. നായകന്‍ കള്ളുകുടിക്കാത്തത് ആ പെണ്ണുങ്ങളുടെ ഭാഗ്യം. ഇതൊക്കെ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ പറയും എന്ന സംശയമാണ് മൂപ്പര്‍ പ്രകടിപ്പിക്കുന്നത്.

എനിക്കിതൊന്നും അത്ഭുതമുണ്ടാക്കുന്നില്ല. ഓക്കാനം വരുന്ന ഫ്യൂഡല്‍ ബിംബങ്ങള്‍- ‘ആഹാ! ആ ഫ്യൂഡല്‍ തെമ്മാടി!’- നൂറ്റുക്കാവര്‍ത്തിച്ച്, ഇടിഞ്ഞുതൂങ്ങിയ മുലമടക്കുകളുമായി ഇടിയുടെ കമ്പക്കെട്ടിന് തീ കൊളുത്തുന്ന നായക ദുരന്തങ്ങളെ സൃഷ്ടിച്ച രഞ്ജിത്തിനെപ്പോലെ ഒരു അല്പവിഭവന്‍ ഇതല്ലാതെ മറ്റെന്ത് മൊഴിയും!

മറ്റുവിധത്തില്‍ സാമൂഹ്യമായി സ്വീകാര്യതയുള്ളവരായ, അയാള്‍ എഴുതിവെക്കുന്ന കഥാപാത്രങ്ങളാണ് ബലാത്സംഗം ചെയ്യാനും, കാലുമടക്കി തൊഴിച്ച്, പിന്നെ ചൂടുവേണമെന്ന് തോന്നുമ്പോള്‍ കെട്ടിപ്പിടിക്കാനായി രണ്ടു മൂന്ന് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള (ദിനോസാറുകളുടെ കഥയാണ്; ചെറുതായിട്ട് ഒരു കളിയുമില്ല) പെണ്ണിനെ വീട്ടില്‍ നിര്‍ത്തുന്നത്. ഇതിനൊക്കെപ്പുറമേ ഈ കിക്ക് ബോക്സര്‍ മരിക്കുമ്പോള്‍ കുഞ്ഞുണ്ണൂലി നെഞ്ചത്തടിച്ച് നിലവിളിക്കുകയും വേണം.

അതായത് ബലാത്സംഗം അയാളുടെ കഥാപാത്രങ്ങള്‍ക്ക് വളരെ സ്വാഭാവികമായ കാര്യമാണ്. അവരൊക്കെ നായകന്മാരാണ്, മീശ പിരിച്ചവരാണ്, ധനികരാണ്, ലോകത്തെല്ലാ രാജ്യങ്ങളിലും പോകുന്നവരാണ്, സകല കണ്‍കെട്ടും മായാജാലവും അറിയുന്നവരാണ്. വിമാനത്തില്‍ അടുത്തിരിക്കുന്ന മദാമ്മയ്ക്ക്, ആര്‍ഷഭാരതസംസ്കാരം  അരച്ചുകലക്കി പിത്തം തൂങ്ങിയ ഈ ദുര്‍മേദസ്സുപിടിച്ച നായകനെ കാമിക്കാന്‍ ആര്‍ത്തിയാണ്. അപ്പോഴും മൂപ്പര്‍ വേദാന്തത്തിന്റെ കുണ്ഡലീനി വിടില്ല.

സുകുമാരകലകളിലുള്ള പാണ്ഡിത്യം ഇതിനൊക്കെ പുറമേയാണ്. എന്നാലും ലോകം കീഴടക്കാനുള്ള തരത്തില്‍ ഒരു കോപ്പന്‍ നായരായിട്ടും അതൊക്കെ വേണ്ടെന്നുവെക്കാന്‍മാത്രം നിസംഗതയുള്ള, നാട് വിട്ടുപോകാത്ത, പട്ടാമ്പി-ചെര്‍പ്പുളശ്ശേരി-വടക്കാഞ്ചേരി റൂട്ടിലോടുന്ന നായര്‍ ട്രാവല്‍സുമാണ്. അയാള്‍ ജയിലില്‍ പോയാലും കള്ളുകുടിച്ചാലും സകല തെമ്മാടിത്തവും കാണിച്ചാലും പെണ്ണുങ്ങള്‍ അയാള്‍ക്ക് വേണ്ടി കാത്തിരിക്കും. വില്ലന്റെ ഭാര്യ പോലും അല്‍പ്പകാലത്തേക്ക് അയാള്‍ വിട്ടുനല്‍കുന്ന ഔദാര്യമാണ്. ആണുങ്ങളുടെ തര്‍ക്കത്തിലെ ഒരു പണയപ്പണ്ടമാണ് നായികമാര്‍. പൊന്നുകുറസോവേ, മഹാഭാരതത്തിന്റെ തുടര്‍ച്ചയാണ് താനെന്നൊന്നും പറഞ്ഞുകളയല്ലേ; അത്രയൊന്നും താങ്ങാനുള്ള ശേഷി ജനത്തിനില്ല.അങ്ങനെയുള്ള രഞ്ജിത്തിന്റെ ഈ പതിനാറാം തരം ആണത്ത ‘ഭവതീ...’ തമാശ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പക്ഷേ കേരളത്തിലെ മുഖ്യധാര ഇടതുപക്ഷ യുവാക്കളെക്കൂടി അയാള്‍ ആവേശം കൊള്ളിപ്പിക്കുന്നു എന്നൊരു വര്‍ത്തമാനം കൂടി പറഞ്ഞിട്ടുവേണം ഇതവസാനിപ്പിക്കാന്‍.

കഴിഞ്ഞ വര്‍ഷം-2016- മാര്‍ച്ചില്‍ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഈ സിംഹസ്വരൂപനത്രേ! ഒരു കലാകാരനെ ഒരു വിപ്ലവ (ക്ഷമിക്കൂ!) യുവജന സംഘടനയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുമ്പോള്‍ അയാള്‍ ഏത് തരത്തിലാണ് അവരെ പ്രചോദിപ്പിക്കുന്നത്? കേരള സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇടതു, പുരോഗമന രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങളൊന്നും അയാള്‍ ചെയ്തതായി നമുക്കറിയില്ല; എന്നിട്ടും?

അവിടെയാണ് ‘സൌവര്‍ണ്ണ പ്രതിപക്ഷമെന്നൊക്കെ’ നിരന്തരം ആക്ഷേപം കേള്‍ക്കുന്നവര്‍ക്ക് പിഴച്ചത്. വാസ്തവത്തില്‍ മൂപ്പര്‍ പ്രസരിപ്പിച്ച സാംസ്കാരിക, ആണ്‍ബോധങ്ങളെയാണ് ഈ യുവജനസംഘബോധം പിന്‍പറ്റുന്നത്. അതിപ്പോള്‍ ഡിവൈഎഫ്ഐ മാത്രം എന്നല്ല, കേരളത്തിലെ മുഖ്യധാര രാഷ്ട്രീയകക്ഷികളൊക്കെ ഈ ബോധത്തിന്റെ കാവല്‍ക്കാരാണ്.

ഈ എല്ലാം തികഞ്ഞ ആണത്തമാണ് അവരുടെ ആരാധനമൂല്യം. അതുകൊണ്ടാണ് പിണറായി വിജയന്റെ ചിത്രത്തിനൊപ്പം അവര്‍ സിംഹത്തെ വെക്കുന്നത്. ലീഗുകാരന്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം പുലിയെ വെക്കുന്നതും, സംഘി, മുതലയെ പിടിച്ച മോദിയുടെ കഥ പറയുന്നതും.

അതുകൊണ്ടാണ് ജിഷ്ണുവിന്റെ ‘ഏട്ടന്‍മാര്‍’ വന്നു പ്രശ്നങ്ങളെല്ലാം തീര്‍ത്തു പോകുന്നത്. ഈ സവര്‍ണ്ണ നീലാണ്ടബോധം പീലിനിവര്‍ത്തിയാടുന്ന വിപ്ലവമയിലുകളായതുകൊണ്ടാണ്  അവരുടെ വെല്ലുവിളികള്‍ എപ്പോഴും ‘പിതൃശൂന്യതയുടെ’ അധിക്ഷേപം പേറുന്നത്. തന്തയിലാണ് എല്ലാ മാനവും!

വീണ്ടും നമുക്കാ ഡിവൈഎഫ്ഐ സമ്മേളനത്തിലേക്ക് വരാം. തന്റെ കലാജീവിതത്തില്‍ മുഴുവന്‍ (വ്യക്തി ജീവിതത്തില്‍ അയാള്‍ കാട്ടിക്കൂട്ടിയ വിപ്ലവ സാഹസങ്ങളൊന്നും നമുക്കറിയില്ല) സവര്‍ണ ജീര്‍ണതയെ ആഘോഷിച്ച അയാള്‍ വന്നത് സവര്‍ണ മൂല്യങ്ങളുടെ പീഡനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു ദളിത വിദ്യാര്‍ത്ഥിയുടെ പേരിലുള്ള-രോഹിത് വെമൂല-നഗറിലേക്കാണ്. എന്തായിരുന്നു ഡിവൈഎഫ്ഐ. നല്കിയ സന്ദേശം?

ഇന്ത്യയിലെങ്ങും ദളിത്-ഇടതു യോജിപ്പുകളെ കുറിച്ചു തര്‍ക്കങ്ങളും സംവാദങ്ങളും നടക്കുമ്പോള്‍, രാജ്യത്ത് ഒരു പുതിയ ചെറുത്തുനില്‍പ്പ് രൂപപ്പെടുമ്പോള്‍, ഫാഷിസത്തെ ചെറുക്കാന്‍ അതിന്റെ എല്ലാ മൂല്യസങ്കല്‍പ്പങ്ങളെയും തന്റെ സൃഷ്ടികളില്‍ ആവാഹിച്ച, അവതരപ്പിറവികളുടെ രൌദ്രഭാവം ആവാഹിച്ച് മടപ്പള്ളിക്കാരെ കാത്ത് പുഴയില്‍ മുങ്ങിക്കിടന്ന് ജലദോഷം പിടിച്ച നരസിംഹങ്ങളെ ഒന്നൊന്നായി എറിഞ്ഞുതന്ന, രഞ്ജിത്തിനെയായിരുന്നു വിപ്ലവ യുവജനസംഘടന കണ്ടെത്തിയത്.

പിതൃശൂന്യത, മത്തായിയുടെ സുവിശേഷം തുടങ്ങി ജയശങ്കറുമായുള്ള സംവാദത്തിനും കൂനുഷ്ടുവെച്ച തര്‍ക്കങ്ങള്‍ക്കുമപ്പുറം പുതിയ നൂറ്റാണ്ടിലെ മാര്‍ക്സിസം, പോട്ടെ കേരളത്തിലെ യുവാക്കള്‍ അഭിമുഖീകരിക്കുന്ന ഏതെങ്കിലുമൊരു വിഷയത്തില്‍ ഒരു തരം ജനാധിപത്യസംവാദങ്ങളിലും ഏര്‍പ്പെടാത്ത (അന്തിചര്‍ച്ചകളുടെ സാക്ഷ്യപത്രം കൊണ്ടുവരല്ലേ) എം സ്വരാജിനെപ്പോലുള്ള നേതാക്കള്‍ മറ്റെന്തെങ്കിലും ചെയ്യുമെന്നു നാം പ്രതീക്ഷിച്ചിരുന്നില്ല എന്നത് വേറെ കാര്യം. എങ്കിലും ശത്രുക്കളെ അത്ഭുതപ്പെടുത്താനെങ്കിലും?

തീര്‍ന്നില്ല, ഈയിടെ നടന്ന സമ്മേളനത്തില്‍, ‘അമ്മ വെച്ച സാമ്പാര്‍ വീണ്ടെടുക്കലായിരുന്നു’ സംഘടനയുടെ ഒരു പരസ്യവാചകം (മുദ്രാവാക്യമെന്നൊക്കെ വിളിച്ച് അശ്ലീലമാക്കണോ).

അപ്പോള്‍ രഞ്ജിത് പ്രതിനിധാനം ചെയ്യുന്നത് തിണര്‍ത്തുനില്‍ക്കുന്ന പുരുഷാധിപത്യത്തെയാണ്. അതാകട്ടെ സസന്തോഷം മുഖ്യധാര ഇടതുപക്ഷമടക്കം മടിയില്‍ വെച്ചു ലാളിക്കുകയുമാണ്.

മലയാള സിനിമ അതിന്റെ ഇടതുവര്‍ത്തമാനങ്ങളില്‍ അത്ര ഉദാത്ത മാതൃകകള്‍ ഒന്നും ഉണ്ടാക്കിയെന്ന് അവകാശപ്പെടാനില്ല. എങ്കിലും കഴിയാവുന്ന തരത്തില്‍, പുരോഗമനപരമായ, ഒരു സമത്വ സങ്കല്‍പ്പത്തെ പിന്‍പറ്റി നിലനില്‍ക്കുന്ന പുരുഷാധിപത്യ ബോധത്തെ വെല്ലുവിളിക്കാതെയാണെങ്കിലും അത് ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എം ടി വാസുദേവന്‍ നായരുടെ കഥാചിത്രങ്ങള്‍ പോലുള്ളവ മാറ്റിയാല്‍ അത് ആധുനികതയുടെ വരവില്‍ അസ്തിത്വപ്രതിസന്ധി നേരിട്ട നായര്‍ കുടുംബഘടനയുടെ വിമ്മിട്ടങ്ങള്‍ മാത്രമായിരുന്നില്ല. അന്നത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തെ ചില രീതിയിലെങ്കിലും അടയാളപ്പെടുത്താന്‍ അത് ശ്രമിച്ചിരുന്നു. നായരെങ്കില്‍ നായര്‍, അത് ആധുനികതയുടെ വരവില്‍ മലയാളി സമൂഹത്തില്‍ ഉണ്ടാകുന്ന ചില ചലനങ്ങളെ തൊട്ടിരുന്നു. അത്രയൊക്കെയേ ഉണ്ടായിട്ടുള്ളൂ. വിസ്തരിക്കുന്നില്ല.അത്തരത്തിലുള്ള നാമമാത്രമായ രീതിയില്‍പ്പോലും സമൂഹത്തെ തൊടാത്ത, ഒരുതരം അതിമാനുഷ അശ്ലീലങ്ങളെ സൃഷ്ടിച്ച രഞ്ജിത്തിനെയാണ് ഡിവൈഎഫ്ഐ ‘രോഹിത് വെമൂലയുടെ’ സ്ഥാപന കൊലപാതകത്തിന് തൊട്ടുശേഷമുള്ള സംസ്ഥാന സമ്മേളനത്തില്‍ ആനയിച്ചതെന്ന് വരുമ്പോള്‍ വെറുതെയല്ല എസ്എഫ്ഐക്കാര്‍   യൂണിവേഴ്സിറ്റി കോളേജില്‍ ‘അവള്‍ മറ്റവള്‍’ എന്ന സദാചാര വിപ്ലവബാലെ കെട്ടിയാടിയത്.

നായകന് മുമ്പില്‍ തിരുവാതിര കളിക്കാന്‍ അയാള്‍ രക്ഷപ്പെടുത്താന്‍ പോകുന്ന ആരോരുമില്ലാത്ത സ്ത്രീയാണെങ്കില്‍, പാര്‍ട്ടിക്ക് മുന്നില്‍ തിരുവാതിര കളിക്കുന്നത് പാര്‍ട്ടി സംരക്ഷിക്കുന്ന സ്ത്രീകളാണ്. രണ്ടിലും ആണ്‍ശരീരത്തിന്റെ ഭാഷയും നോട്ടവുമാണ്. 64 ആണ്‍കലകളും 13 പെണ്ണുങ്ങളുമാണ് സിപിഎം സംസ്ഥാന സമിതിയില്‍. സിപിഐ കണക്ക് ഒട്ടും വ്യത്യസ്തമല്ല.

പെണ്ണുടലില്‍ ആണുങ്ങള്‍ അടിച്ചേല്‍പ്പിച്ച ആ പെണ്ണിനെ കുടഞ്ഞുകളയാന്‍ ഒരു പുതിയ പോരാട്ടത്തിലേക്ക് സ്ത്രീകള്‍ പോകുമ്പോഴാണ് സുന്ദരവും പ്രേമസുരഭിലവും യൌവ്വനതീക്ഷ്ണവുമായ വിപ്ലവാന്തരീക്ഷത്തില്‍, രാജ്യത്തെ ഏറ്റവും വലിയ വിപ്ലവ യുവജനസംഘടന (എന്താ അതിനുമാത്രം ചെയ്യുന്നത് എന്നൊന്നും ചോദിച്ചുകളയരുത്, സംഘടന റിപ്പോര്‍ട്ട് വായിക്കാന്‍ തരും. അത് വേണോ?) “ഭവതികളോട് ശാരീരികാകര്‍ഷണത്തിന് മാപ്പ് ചോദിക്കുന്ന” മലയാളികളുടെ മാക്സിം ഗോര്‍ക്കിയെ ആനയിച്ചത്.

മഹാവിപ്ലവകാരികള്‍ക്ക് സാമ്പാര്‍ വെക്കലാണ് വിപ്ലവത്തിന്റെ അമ്മയ്ക്ക് കേരളത്തില്‍ ജോലി.

അടുക്കള തയ്യാറല്ലേ? ഊണ് കാലായില്ലേ? നീലകണ്ഠന്‍മാര്‍ക്ക് വിശക്കുന്നു.

കൂത്ത് നിര്‍ത്താന്‍ പാകത്തില്‍ കഥ ചുരുക്കിയാല്‍, അങ്ങനെയുള്ള രഞ്ജിത്താണ് ഈ വര്‍ത്തമാനം പറഞ്ഞതല്ലോ എന്നു പറഞ്ഞുകൊണ്ട്....

(രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories