Top

മേം ഹൂം ഉസ്താദ്: ആത്മാംശപ്പെടലുകളുടെ ഒരു ദുരന്ത സാക്ഷ്യം

മേം ഹൂം ഉസ്താദ്: ആത്മാംശപ്പെടലുകളുടെ ഒരു ദുരന്ത സാക്ഷ്യം
തെറ്റാണെന്ന് ബോധ്യപ്പെടുക, തിരുത്താൻ തയ്യാറാവുക ഇതൊക്കെയും സംഭവിക്കണമെങ്കിൽ അതാവശ്യപ്പെടുന്ന ചില മിനിമം ജനാധിപത്യ ബോധങ്ങളുണ്ട്. തനിക്കതില്ലെന്ന് തെളിയിക്കുക മാത്രമല്ല, ആണധികാരത്തിന്റെയും സവർണാഘോഷാനുഭവങ്ങളുടെയും കെട്ടുകാഴ്ചകൾ മാത്രമായ തന്റെ കഥാപാത്രങ്ങളിലേക്കുള്ള ആത്മാംശപ്പെടലുകൾ എത്രത്തോളമുണ്ടെന്ന് ഒരിക്കൽ കൂടി വെളിപ്പെടുത്തുക കൂടിയാണ് സംവിധായകന്റെ പുതിയ പ്രസ്താവനകൾ.

ഏറ്റവും എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന നായകന്റെ അപ്രമാദിത്വങ്ങൾ കൊണ്ടു മാത്രമല്ല രഞ്ജിത്തിന്റെ ജനപ്രിയ തിരക്കഥകൾ സ്ത്രീ വിരുദ്ധതയെ ആഘോഷിച്ചത്.പൊതുബോധത്തെ, അതിന്റെ പിന്തിരിപ്പൻ സൂക്ഷ്മതലങ്ങളെ വൈകാരികമായി സമന്വയിപ്പിച്ച് സമർത്ഥമായി അവതരിപ്പിക്കാനും അയാൾക്കറിയാമായിരുന്നു.

ചില ജനപ്രിയ പിന്തിരിപ്പൻ സുവിശേഷങ്ങൾ
രഞ്ജിത്തിന്റെ സിനിമകളിലെ ജനപ്രിയ പിന്തിരിപ്പൻ സുവിശേഷങ്ങൾ ഒരു ഇന്ദുചൂഡന്റെ ചവിട്ടുകൊള്ളൽ വിളിയിലൊന്നും ഒതുങ്ങുന്നതല്ല. യൂറോപ്പും അവിടുത്തെ ജനങ്ങളും വലിയ ജീവിതം പഠിപ്പിച്ചെന്നവകാശപ്പെടുന്ന ശ്രീഹരിയുടെ നായികയ്ക്ക് കന്യകാത്വം നിലനിർത്താൻ അവളുടെ ഭർത്താവിനെ കല്യാണദിവസം ചവിട്ടി നടുവൊടിച്ചാണ് സംവിധായകൻ പൊതുബോധത്തെ സംരക്ഷിച്ചു കിടത്തിയത്. അവൾ ഇൻഡിവിജ്വൽ ആണെന്ന വാദത്തെ തേങ്ങാക്കൊലയെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഉസ്താദിലെ സംരക്ഷകനായ ആങ്ങളയിൽ നിന്ന് സദാചാരക്കമ്മിറ്റികളിലെ ഭാരവാഹിത്വത്തിലേക്ക് വലിയ ദൂരമൊന്നുമില്ല. സ്പിരിറ്റ്, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലേതു പോലെ വ്യാജ ബുദ്ധിജീവി നിർമ്മിതി രേഖകൾ ചമച്ചും പൊതുബോധ പിന്തിരിപ്പൻ മൂല്യബോധങ്ങളുടെ റേഷൻ കാർഡ് കൈപ്പറ്റിയുമാണ് രഞ്ജിത്തിന്റെ സിനിമകൾ കെട്ടിട നിർമ്മിതി നടത്തിയത്.വെളിപാടുകൾ, ആത്മപ്പെടലുകൾ
ഒരർത്ഥത്തിൽ അത് പ്രണയമൊന്നുമല്ല, ആരും കൂടെയില്ലാത്ത ഒരു പെൺകുട്ടിയെ സംരക്ഷിക്കാനുള്ള തീരുമാനമെന്ന് പ്രണയത്തെപ്പോലും ഉദാരവൽക്കരിക്കുന്ന അയാളുടെ തമ്പുരാൻ കഥാപാത്രം തന്നെയാണ് ബലാത്സംഗത്തെ ശാരീരികാകർഷണമെന്ന് അയാളെക്കൊണ്ട് പറയിക്കുന്നത്. തന്നെയാരും തിരുത്തേണ്ടെന്ന മംഗലശേരി നീലകണ്ഠൻ കോംപ്ലക്സാണ് തിരുത്തലിനോടുള്ള പരിഹാസത്തിലൊളിഞ്ഞിരിക്കുന്നത്. എന്നെ തിരുത്താൻ വരുന്നവരൊക്കെ അവരവരുടെ അമ്മായിഅപ്പൻമാരെ തിരുത്തിയിട്ട് വന്നാൽ മതിയെന്ന അലർച്ചയിൽ മേo ഹൂം ഉസ്താദ് എന്നതാണ് ധ്വനി. അപര പുച്ഛത്തിലടിയുറച്ചതാണ് ഇന്റലക്ച്വലിസമെന്ന് ധരിച്ചവശനായ രഘുനന്ദനനാണ് ഇവിടെ മാതൃക. ചുരുക്കിപ്പറഞ്ഞാൽ അയാൾ വെള്ളിത്തിരയിലേക്ക് പടച്ചുവിട്ട, അലറി വിളിക്കാനും കൈക്കരുത്തും തുടക്കരുത്തും കാട്ടി അടക്കി ഭരിക്കാനും മാത്രമറിയാവുന്ന കഥാപാത്രങ്ങളിലേക്കുള്ള ആത്മാംശപ്പെടലിന്റെ ഒരു ദുരന്ത സാക്ഷ്യമാണിത്.

ആണധികാരത്തിന്റെ, സവർണ ആഘോഷങ്ങളുടെ, അപരപുച്ഛത്തിന്റെ ചെളിക്കുണ്ടാണ് ചിലരുടെയൊക്കെ ബൗദ്ധികമായ ആവാസവ്യവസ്ഥ. അവിടം വിടാൻ അവർ എളുപ്പത്തിൽ തയ്യാറായെന്നു വരില്ല.. "ചില ജീവിതങ്ങളുണ്ട്. ഒറ്റ രാത്രി വെളുക്കുന്നതു കൊണ്ടൊന്നും അതങ്ങനെ മാറിപ്പോവുകയില്ലെന്ന" ക്ലൈമാക്സ് അങ്ങനെയാണ് കടൽ കടന്ന മാത്തുക്കുട്ടിയെന്ന സിനിമയ്ക്ക് മാത്രമല്ല അയാൾക്ക്‌ തന്നെയും അനുയോജ്യമാവുന്നത്. ഇത്തരക്കാർക്ക് പുരോഗമനം എന്നത് ഏതെങ്കിലും പൊതുവേദിയിൽ എടുത്തണിയാനുള്ള ബാഡ്ജ് മാത്രമാകുന്നു. അവനവന്റെ വ്യക്തി ജീവിതത്തിൽ, സംവേദന തലങ്ങളിൽ സാധ്യമാകുന്നില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യം, എന്ത് പുരോഗമനം!

(സാമൂഹ്യ നിരീക്ഷകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories