സിനിമ

രഞ്ജിത്തിനെ തെറി പറഞ്ഞോളൂ; പക്ഷേ സുഹൃത്തേ, ആ മീശപിരിയന്‍ സിനിമകള്‍ക്ക് കയ്യടിച്ചത് നമ്മള്‍ തന്നെയല്ലേ?

Print Friendly, PDF & Email

പ്രതി ചേര്‍ക്കേണ്ടത് മലയാളത്തില്‍ മാത്രം കറങ്ങുന്ന രഞ്ജിത് സിനിമകളെയല്ല, ഗ്ലോറിഫൈ ചെയ്യേണ്ടത് പൃഥ്വിരാജിന്‍റെ പ്രസ്താവനയേയും അല്ല

A A A

Print Friendly, PDF & Email

സ്ത്രീ വിരുദ്ധത സിനിമയില്‍ നിന്ന് മാത്രം ഊര്‍ന്നു വീണതല്ല. സമൂഹത്തിലെ അരാജകവാദത്തിന് ഉത്തരവാദി ഒരിക്കലും ഒരു സിനിമാസംവിധായകനല്ല.

സിനിമ ആത്യന്തികമായി സംവിധായകന്‍റെ കലയാണ്. വ്യത്യസ്തങ്ങളായ പല കലകളെ ചേരുംപടി ചേര്‍ത്ത് നിര്‍ത്തുന്ന ഒരു ആര്‍ട്ട് എഡിറ്ററാണു സംവിധായകന്‍. ഏതു തരം സിനിമ വേണമെന്ന് അയാളാണ് നിശ്ചയിക്കുക. അത് ആര്‍ട്ടോ കൊമെഴ്സ്യലോ മീഡിയം പരുവമോ ഏതുമാകാം. പ്രണയം പോലെ വിരഹവും തീരുമാനിക്കുന്നത് അയാളാണ്. സംഗീതം പോലെതന്നെ ബലാത്സംഗവും സിനിമയില്‍ വേണമോയെന്നു തീരുമാനിക്കുന്നത് അയാളാണ്. സംവിധായകന്‍ തിരകഥാകൃത്തുകൂടിയാകുമ്പോള്‍ ഈ സ്വാതന്ത്ര്യം അയാള്‍ കൂടുതല്‍ അനുഭവിക്കുന്നു. രഞ്ജിത്ത് അപ്രകാരം ഒരാളാണ്.

എഴുത്തിന്‍റെ തുടക്കം മുതല്‍ മെയില്‍ഷോവനിസം ആഘോഷമാക്കിയ സിനിമാക്കാരനാണ് രഞ്ജിത്ത്. ആണ്‍പകയുടെ ദേവാസുരവും അരൂപിയായി നിന്ന് ഒരു പെണ്ണിനെ പ്രണയത്തിന്‍റെ നിലാവിലേക്കിറക്കിവിട്ട മായാമയൂരവുമെല്ലാം കടന്ന് വന്ന് ആറാംതമ്പുരാനിലും നരസിംഹത്തിലുമെല്ലാം ഈ ആണ്‍കോയ്മ വളര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ സ്വതന്ത്ര സംവിധായകനായപ്പോള്‍ രാവണപ്രഭുവിലൂടെയും മറ്റും ഈ സ്വഭാവത്തിന്റെ ഉത്തുംഗത്തില്‍ എത്തുകയായിരുന്നു. രഞ്ജിത്തെന്ന സിനിമാ പ്രവര്‍ത്തകന്‍ സ്ത്രീയെ പെണ്ണായും തണുപ്പകറ്റുന്ന ബ്ലാങ്കറ്റായും കണ്ടതും പിന്നെ മറ്റൊരാളുടെ കഥ സിനിമയ്കായി പരിഗണിക്കാന്‍ തീരുമാനിച്ചപ്പോള്‍ വന്യമായ ഭോഗസ്വപ്നവുമായി നടക്കുന്ന നായകന്‍റെ കഥപറയുന്ന ലീല തെരഞ്ഞെടുത്തതുമെല്ലാം രഞ്ജിത്ത് സംവിധായകന്‍ എന്ന നിലയില്‍ അനുഭവിച്ച സ്വാതന്ത്ര്യമാണ്. എന്നാല്‍ ഇതെല്ലാം കണ്ടു കയ്യടിച്ച് ആടിത്തിമിര്‍ത്തത് സുഹൃത്തെ ഞാനും നിങ്ങളും ഉള്‍പ്പെട്ട സമൂഹം തന്നെയല്ലേ? കേരളം ബോക്സ് ഓഫിസുകള്‍ തുറന്നത് ഇത്തരം സിനിമകളിലാണ്. രഞ്ജിത്തിനെ അടയാളപ്പെടുത്തുന്നതും ഇത്തരം സിനിമയുടെ ആളായാണ്.

ഇല്ലാത്ത മസിലുകള്‍ ഉണ്ടാക്കാനും മീശ പിരിച്ചുവച്ച് മാടമ്പിത്തരം മെനയുവാനും ശ്രമിക്കുന്ന പുതിയൊരു ആണ്‍ കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് രഞ്ജിത്ത് നടത്തിയത്. അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ പിരിച്ചു വച്ച മീശയുടെ സദാചാരബോധവും മാനവികതയും രഞ്ജിത്തിന്‍റെ മീശപിരിയന്‍ കഥാപാത്രങ്ങള്‍ക്കില്ലായിരുന്നുവെന്നത് കാലഘട്ടത്തിന്‍റെ രൂപപരിണാമമായി മാത്രം വായിക്കാം. ഈ തിരുത്തല്‍ തുടങ്ങിയത് ടി ദാമോദരന്‍ എന്ന കഥാകൃത്തിലൂടെയുമായിരുന്നു.

സിനിമയും കലയും മനുഷ്യരെ വഴിതെറ്റിക്കുന്നുവെന്ന ആരോപണം എത്രത്തോളം സത്യമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതാണ്ട് രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് കൊടിയേറ്റം ഗോപിയും കരമനയും മധുവും അഭിനയിച്ച വാര്‍ദ്ധക്യത്തിലെത്തുന്നവര്‍ നടത്തിയ ഒരു പെണ്‍വേട്ടയുടെ കഥപറഞ്ഞ (ആരോരുമറിയാതെ) ഒരു സിനിമയുണ്ടായത്. അന്നൊന്നും ഈ ആരോപണം സിനിമയുടെ പേരില്‍ ഉണ്ടായിട്ടില്ല. അതിനും മുന്‍പാണ് കൌമാരത്തിന്‍റെ കേവല ഭാവനയില്‍ ഒരു മുതിര്‍ന്ന സ്ത്രീശരിരം ആഘോഷമാക്കിയ രതിനിര്‍വേദം മലയാളത്തില്‍ ഉണ്ടായത്. പദ്മരാജനും ഭരതനും പറഞ്ഞുവച്ച നാട്ടിടകളിലെ ആണ്‍ പകയിലെല്ലാം പെണ്ണ് ഒരു ആയുധം മാത്രമായിരുന്നു. ഇത് സിനിമയുടെ ഭാഗമാണ്; കഥയും കഥാപാത്രങ്ങളും പരിസരങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെടുകയും അതിഭാവുകത്വം നല്‍കി കാണിക്കുകയും ചെയ്യുന്നത് ഏതുതരം എഴുത്തുകാരന്‍റെയും സ്വാതന്ത്ര്യമാണ്. ലോകമെമ്പാടുമുള്ള സിനിമകള്‍ പറയുന്നത് ഇതൊക്കെത്തന്നെയാണ്. സാഹിത്യകാരന്‍മാര്‍ വായനയ്ക്ക് നല്‍കുന്നതും ഇത് തന്നെയാണ്. പ്രണയവും വഞ്ചനയും രതിയും പ്രതികാരവും ആണ്‍കോയ്മയും പെണ്‍ പെരുമയും ഭയവും സയന്‍സ് ഫിക്ഷനുകളും എല്ലാം സിനിമയായി രൂപപ്പെടുമ്പോള്‍ ഇവിടെ മാത്രം എന്തേ സിനിമയിലൂടെ ലഭിക്കുന്നത് വിപരീതസന്ദേശം മാത്രമാണെന്ന് പറയപ്പെടുന്നത്.

അതുപോലെതന്നെയാണ് ഒരാള്‍ ഒരു പ്രത്യേക തരം സിനിമയിലെ അഭിനയിക്കൂ എന്ന് പറയുന്നതും. അതൊരിക്കലും സാധ്യമാകുമെന്ന് തോന്നുന്നില്ല. ഒരു പരസ്യ ചിത്രം പോലെയോ സ്വച്ഛ് ഭാരതത്തിന്റെ പ്രൊമോ പോലെയോ ശ്വാസകോശം സ്പോഞ്ച് പോലെ എന്നുള്ളത് പോലുള്ള ഒരു തീമാറ്റിക് രേഖയിലൂടെ മാത്രം കടന്നു പോകുന്ന ഒന്നല്ല കൊമേഴ്സ്യല്‍ സിനിമ. ഏതു സുകുമാരകലയും ഒന്നിനൊന്നു വ്യത്യസ്തമാകുന്നത് അതിന്‍റെ ഇതിവൃത്തത്തിലും അവതരണത്തിലുമാണ്. മതവാദികളുടെ മോണിട്ടറിംഗിലും പാരമ്പര്യ വാദികളുടെ മാര്‍ജിന്‍ വരകളിലും ഒതുക്കുന്നതിന് തത്തുല്യമാണ് പ്രതിഭയുള്ള നടന്‍ ഇനി ഒരു തരം കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിക്കൂ, അല്ലെങ്കില്‍ ഒരു പ്രത്യേക തരം സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന് പറയുന്നത്. അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധിയെ ബഹുമാനിച്ചുകൊണ്ട് തന്നെയാണ് ഇത് പറയുന്നത്. തിലകന്‍ എന്ന നടന്‍റെ ഏറ്റവും ശക്തമായ വേഷങ്ങള്‍ പലതും സ്ത്രീവിരുദ്ധമായ നിലപാടുകളില്‍ ഉള്ളതായിരുന്നുവെന്നതിന്‍റെ വ്യക്തമായ സാന്നിധ്യം നമ്മുടെ മുന്‍പില്‍ തന്നെയുണ്ട്‌.

സിനിമ മാത്രമല്ല സമൂഹത്തിലെ അരാജകത്വത്തിനു കാരണം; കാലങ്ങള്‍ക്ക് മുന്‍പ് പലരും നമ്മോടു പറഞ്ഞ ആ ഒതുക്കിവയ്കല്‍ പുതിയ കാലത്ത് പലതരത്തില്‍ കവിഞ്ഞൊഴുകുന്നു. പണവും രതിയും ആര്‍ഭാട ജീവിതവും മാത്രം സ്വപ്നങ്ങളില്‍ നിറയുന്നു. ഇത് ചിലരില്‍ അസഹിഷ്ണുതയുടെ ലഘുവായ ഫേസ്ബുക്ക്‌ കമന്‍റുകളിലൂടെയും മറ്റു ചിലരില്‍ കൊടും ക്രിമിനല്‍ വാസനയായും പുറത്തുവരുന്നുവെന്നു മാത്രം. ഇവിടെ പ്രതി ചേര്‍ക്കേണ്ടത് മലയാളത്തില്‍ മാത്രം കറങ്ങുന്ന രഞ്ജിത് സിനിമകളെയല്ല, ഗ്ലോറിഫൈ ചെയ്യേണ്ടത് പൃഥ്വിരാജിന്‍റെ പ്രസ്താവനയേയും അല്ല. വികലമായ മനസുകളിലൂടെയുള്ള വായനയും ജീവിതത്തോടുള്ള അസംതൃപ്തമായ കാഴ്ചപ്പാടും മാത്രമാണ് കലയെയോ കഥാപാത്രത്തെയോ ജീവിതത്തിലേക്ക് ആവാഹിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. എഴുപതുകളിലെ അസ്തിത്വവ്യഥയും ഹിപ്പിജീവിതവും സാഹിത്യത്തിന്‍റെ ഇടപെടലായിരുന്നുവെന്ന് വ്യാഖ്യാനിക്കുന്നതു പോലെ ഒരു ചെറു ശതമാനം മാത്രമാണ് ഇത്തരം അവസ്ഥയില്‍ എപ്പോഴും എത്തുന്നതെന്ന അടിക്കുറിപ്പില്‍ ശ്രദ്ധ ചെലുത്തിയാല്‍ മതിയാകും.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhikham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

സാമൂഹിക നിരീക്ഷകനാണ്

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍