UPDATES

വിദേശം

ഒടുവില്‍ ഒബാമ രംഗത്ത്, അമേരിക്കന്‍ കാമ്പസുകളിലെ റേപ്പ് തടയാന്‍

Avatar

ജൂലിയറ്റ് ഈല്‍പെറിന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കോളേജ് കാമ്പസുകളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി വൈറ്റ്‌ഹൌസ്‌ ഒരു കാമ്പയിന്‍ തുടങ്ങിയിരിക്കുന്നു. പ്രമുഖ കോളേജ് സ്പോര്‍ട്സ് ലീഗുകളെയും സെലിബ്രിറ്റികളെയും ഉള്‍പ്പെടുത്തി പുരുഷന്മാരെ ഈ ശ്രമത്തിന്റെ ഭാഗമാക്കുകയാണ് ലക്‌ഷ്യം.

“ഇറ്റ്‌സ് ഓണ്‍ അസ്” എന്ന് പേരിട്ട ഈ സംരംഭത്തിന് തുടക്കം കുറിച്ചത് പ്രസിഡന്റ്റ് ബരാക് ഒബാമയും വൈസ് പ്രസിഡന്റ്റ് ജോ ബിഡനും ചേര്‍ന്നാണ്. ആംഹെസ്റ്റ് കോളേജിലെ ലില്ലി ജെ എന്ന കുട്ടി വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചു സംസാരിച്ചു. ബലാത്സംഘം ചെയ്യപ്പെടുക എന്നാല്‍ എന്താണെന്നും അതിനുശേഷം കോളേജ് പഠനം തുടരുന്നതിലെ ബുദ്ധിമുട്ടുകളെപ്പറ്റിയുമാണ് അവര്‍ പറഞ്ഞത്.

“ബലാത്സംഘത്തിനെപ്പറ്റി ഓര്‍ക്കുന്നത് എപ്പോഴും വേദനിപ്പിക്കും.” അവര്‍ പറഞ്ഞു.

“ഇത് നിങ്ങളുടെ മാത്രം സമരമല്ല. കാമ്പസ് ലൈംഗിക അതിക്രമങ്ങള്‍ തടയേണ്ടത് ഞങ്ങളുടെയും ചുമതലയാണ്” എന്നാണ് ഒബാമ പറഞ്ഞത്.

ഭാവിയിലെ അതിക്രമങ്ങള്‍ തടയണമെങ്കില്‍ നമ്മുടെ സംസ്കാരത്തില്‍ തന്നെ ഒരു മാറ്റമുണ്ടാകണമെന്നും പ്രസിഡന്റ്റ് കൂട്ടിച്ചേര്‍ത്തു. “പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയാല്‍ മാത്രം പോര. ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അവരെ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയും ചെയ്യണം.”

പുരുഷന്മാര്‍ മുന്നോട്ടുവരണമെന്നും ഈ പ്രശ്നത്തില്‍ ഇടപെടണമെന്നുമാണ് ബിഡന്‍ പറഞ്ഞത്.

“തെറ്റായ ചോദ്യങ്ങള്‍ ചോദിക്കുന്ന ഈ സംസ്കാരത്തില്‍ നിന്ന് പുറത്തുവരേണ്ടത് നമ്മള്‍ എല്ലാവരും ചേര്‍ന്നാണ്. ഇപ്പോഴും നമ്മുടെ സംസ്കാരം തെറ്റായ ചോദ്യങ്ങളാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്.” സംസാരത്തിനിടെ ബിഡന്‍റെ ഒച്ചയുയര്‍ന്നു, വികാരാധീനനായി. “ഞാന്‍ എന്താണ് ചെയ്തത് എന്ന് ഒരു പെണ്‍കുട്ടി ചോദിക്കുന്നത് ശരിയല്ല. എന്തുകൊണ്ടാണ് എനിക്കത് സംഭവിച്ചത് എന്നും ആരെങ്കിലും ഇതിനെപ്പറ്റി എന്തെങ്കിലും ചെയ്യുമോ എന്നുമാണ് ചോദിക്കേണ്ടത്.”

കോളേജ് പഠനകാലത്ത്‌ അഞ്ചില്‍ ഒരു പെണ്‍കുട്ടി വീതം ലൈംഗികഅതിക്രമങ്ങളില്‍ പെടുന്നു. പലരും ആദ്യവര്‍ഷം തന്നെ പരിചയമുള്ള ആളുകളില്‍ നിന്നാണ് പീഡനമേല്‍ക്കുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കോളേജിന്റെ ആദ്യ പതിനഞ്ച് ആഴ്ചയാണ് ഏറ്റവും അപകടം പിടിച്ചത്. ഫ്യൂച്ചേര്‍സ് വിത്തൌട്ട് വയലന്‍സ് എന്ന ഗ്രൂപ്പ് ഈയിടെ “ദി അദര്‍ ഫ്രെഷ്മാന്‍ 15” എന്ന ഒരു ലെറ്റര്‍ കാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. കോളെജുകളും സര്‍വകലാശാല അധികൃതരും ഈ പ്രശ്നം ശ്രദ്ധിക്കാനും നടപടികളെടുക്കാനും വേണ്ടിയാണ് ഇത്.

ചടങ്ങില്‍ സംബന്ധിച്ച യൂത്ത് പ്രോഗ്രാം ഡയരക്ടര്‍ ലോന്ന ഡേവിസ് പറയുന്നത് വൈറ്റ്‌ഹൌസ്‌ നടപടി പുരുഷന്മാരെ “ചര്‍ച്ചയിലേക്ക് ക്ഷണിക്കാനാണ്, അവരെ വിറളിപിടിപ്പിക്കാനല്ല.” എന്നാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനായി തുടങ്ങിയ നീതിന്യായവകുപ്പിന്റെ ഓഫീസ് പതിനെട്ടുകോളെജുകള്‍ക്ക്  കാമ്പസ് ലൈംഗിക അതിക്രമങ്ങള്‍ തടയാനും ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കാനുമായി ആറു മില്യനിലേറെ ഗ്രാന്റായി നല്‍കുന്നുണ്ട്.

ഇരുനൂറിലേറെ അമേരിക്കന്‍ കോളേജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥി നേതാക്കള്‍ ഈ കാംപയിനില്‍ പങ്കെടുക്കുന്നുണ്ട്. ജെനറല്‍ പ്രോഗ്രസ് എന്ന ലിബറല്‍ സംഘടനയുമായി ചേര്‍ന്നാണ് അവര്‍ പ്രവര്‍ത്തിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍