TopTop

മുതലമടയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ രക്ഷിക്കാന്‍ പോലീസും അധികൃതരും ഒത്തുകളിക്കുന്നതായി ആരോപണം

മുതലമടയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ രക്ഷിക്കാന്‍ പോലീസും അധികൃതരും ഒത്തുകളിക്കുന്നതായി ആരോപണം
പാലക്കാട് ജില്ലയിലെ മുതലമടയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പോലീസും ചൈല്‍ഡ് ലൈനും അനാസ്ഥ കാട്ടുന്നുവെന്ന് പരാതി. കരടിക്കുന്ന് തങ്കമണി കോളനിയില്‍ താമസിക്കുന്ന ആറ് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചയാളെ രക്ഷപ്പെടുത്താന്‍ കൊല്ലങ്കോട് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നാണ് പരാതി. എറവാളര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ താമസിക്കുന്ന പ്രദേശമാണ് തങ്കമണി കോളനി. ഇവിടെ ചിന്നസ്വാമി എന്നയാളുടെ വീട്ടില്‍ താത്ക്കാലികമായി കഴിയുന്നതിനായി എത്തിയ ബന്ധുക്കളുടെ കുട്ടിയാണ് ഈ മാസം അഞ്ചിന് പീഡനത്തിനിരയായത്. മുതലമട വടക്കേചള്ളയില്‍ ചിന്നപ്പ കൗണ്ടറുടെ മകന്‍ മലയപ്പന്‍ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പോലീസും ചൈല്‍ഡ് ലൈനും സംഭവത്തില്‍ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികളും മുതലമട ആദിവാസി സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പ്രദേശവാസികള്‍ പറയുന്നത്:

'കൂട്ടുകാരോടൊപ്പം ഗ്രൌണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മലയപ്പന്‍ മിഠായി നല്‍കി സമീപത്തുള്ള കുളിമുറിയിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. നാട്ടുകാര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുന്നതിനായി കൊല്ലങ്കോട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍, പരാതി സ്വീകരിക്കണമെങ്കില്‍ പെണ്‍കുട്ടിയും അവരുടെ കുടുംബവും സ്‌റ്റേഷനില്‍ നേരിട്ട് എത്തി പരാതിപ്പെടണം എന്നു പറഞ്ഞ് എസ്.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരെ ഒഴിവാക്കുകയായിരുന്നു. ആറ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം അറിയിച്ചിട്ടും തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് കൊല്ലങ്കോട് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.


കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കണ്ട് പരാതി പറഞ്ഞപ്പോഴും ഇതേ സമീപനം തന്നെയാണ് ഉണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ ആലത്തൂര്‍ ഡി.വൈ.എസ്.പിയെ കണ്ട് പരാതി ബോധിപ്പിച്ചു. ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമാണ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്താന്‍ കൊല്ലങ്കോട് പോലീസ് തയ്യാറായത്. തങ്കമണി കോളനിയിലെത്തിയ പോലീസ് വളരെ മോശമായ രീതിയിലാണ് കേസിന്റെ അന്വേഷണ നടപടികള്‍ ആരംഭിച്ചത്. ബലാത്സംഗത്തിന് ഇരയായ ആറു വയസ്സുള്ള പെണ്‍കുട്ടിയോട് സംസാരിക്കേണ്ട രീതിയിലായിരുന്നില്ല പോലീസിന്റെ ചോദ്യം ചെയ്യല്‍. വീട്ടുകാരുടെയും ജനങ്ങളുടെയും മുന്നില്‍ വച്ച് പെണ്‍കുട്ടിയുടെ മനസ്സിനെ വീണ്ടും മുറിപ്പെടുത്തും വിധമുള്ള ചോദ്യങ്ങളാണ് പോലീസ് ചോദിച്ചതെന്നും
പ്രദേശവാസികള്‍ പറയുന്നു.

പോലീസിന്റെ ഇടപെടല്‍ പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. വനിതാ പോലീസിന്റെ സാന്നിധ്യം പോലുമില്ലാതെയാണ് ആദ്യം പെണ്‍കുട്ടിയെ ചോദ്യം ചെയ്തതെന്നും പിന്നീട് നാട്ടുകാര്‍ പരാതി പറഞ്ഞപ്പോഴാണ് വനിതാ പോലീസുമായി എത്തി വീണ്ടും ചോദ്യം ചെയ്യല്‍ നടത്തിയതെന്നും പരാതിയുണ്ട്. വനിത പൊലീസിന്റെ സാന്നിധ്യമുണ്ടായിട്ടും പുരുഷന്മാരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു പെണ്‍കുട്ടിയോട് ഒട്ടും മയമില്ലാത്തവിധം ചോദ്യങ്ങള്‍ ചോദിച്ചത്. ശരീരികവും മാനസികവുമായ പീഡനമേല്‍ക്കേണ്ടി വന്ന ആറു വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും, എല്ലാ മാനുഷിക പരിഗണനകളും നല്‍കി പെരുമാറുകയും ചെയ്യേണ്ട ഒരു സാഹചര്യത്തിലും കാര്‍ക്കശ്യം നിറഞ്ഞ ഒരു സമീപനമാണ് പോലീസ് ആ കുട്ടിയോട് കാണിച്ചത്
; ആദിവാസി സംരക്ഷണ സമിതി അംഗങ്ങള്‍ പറയുന്നു.കേസ് ഒതുക്കി തീര്‍ക്കുന്നതിലുള്ള പോലീസിന്റെ താത്പര്യമാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. കുട്ടിയെ ബലാത്സംഗം ചെയ്ത മലയപ്പന്‍ എന്നയാള്‍ ഈ നാട്ടുകാരനല്ലെന്നും ഏതോ തമിഴ്‌നാട്ടുകാരന്‍ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞതാണെന്നുമാണ് പോലീസിന്റെ വാദം. ഇത് വസ്തുതകള്‍ക്ക് നിരക്കാത്ത പച്ചക്കളമാണെന്ന് നാട്ടുകാര്‍ പറയുന്നു. മലയപ്പന്‍ എന്നയാള്‍ വടക്കേചള്ളയിലെ താമസക്കാരനാണെന്നും അട്ടയാംപതിയിലെ സെന്തില്‍ എന്നയാളുടെ തോട്ടത്തിലെ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു എന്നും നാട്ടുകാര്‍ ശരിവയ്ക്കുന്നു. ഇത് മറച്ചുവച്ച് പ്രതിയെ രക്ഷപ്പെടുത്തുന്നതിനാണോ പോലീസ് ശ്രമിക്കുന്നത്? സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

പാലക്കാട് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടപ്പോള്‍ അവരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ മോശമായ സമീപനമാണുണ്ടായതെന്നും ആക്ഷേപമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ബന്ധുവിന്റെ വീട്ടില്‍ എത്തിയ ഈ കുട്ടിയുടെ കുടുംബം ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പോക്‌സോ, പട്ടികജാതി, പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രകാരം ഉടന്‍ കേസെടുക്കേണ്ട ഒരു വിഷയത്തിലാണ് ഈ അനാസ്ഥ. ക്രൂര പീഡനത്തിന് ഇരയായ ആറുവയസ്സുകാരിയുടെ ജീവിതം എവിടെ നിന്നും നീതി ലഭിക്കാതെ തീര്‍ത്തും ദുരിതപൂര്‍ണ്ണമായിത്തീര്‍ന്നിരിക്കുകയാണ്. അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുകയും ഈ പെണ്‍കുട്ടിക്ക് നീതിയും കരുതലും ലഭ്യമാക്കുന്നതിന് മുന്‍കൈയെടുക്കണമെന്നുമാണ് തങ്ങളുടെ അഭ്യര്‍ത്ഥനയെന്നും പ്രദേശവാസികളും മുതലമട ആദിവാസി സംരക്ഷണ സമിതിയും പറയുന്നു.

അതേസമയം ഈ വിഷയവുമായി കൊല്ലങ്കോട് എസ്‌ഐയുമായി അഴിമുഖം പ്രതിനിധി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്; കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് നല്‍കാന്‍ പ്രദേശവാസികള്‍ എത്തിയ സമയത്ത് ഞാന്‍ അവധിയിലായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു ആ സമയത്തെ ചാര്‍ജ്. കേസ് എടുക്കുകയും എഫ്‌ഐആര്‍ ചാര്‍ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പൊലീസിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഒന്നും ശരിയല്ല. പോലീസ് കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല.
പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി (സിഡബ്ല്യൂസി) ചെയര്‍മാന്‍ ഫാദര്‍ ജോസ് പോളിനോട് ബന്ധപ്പെട്ടപ്പോള്‍ പ്രതികരിച്ചത്, വിഷയത്തില്‍ കൊല്ലങ്കോട് പോലീസ് പരാതി സ്വീകരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്, ബാക്കി നടപടികള്‍ വിഷയം സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചതിന് ശേഷമേ പറയാന്‍ സാധിക്കൂ എന്നാണ്. ആലത്തൂര്‍ ഡിവൈഎസ്പിയെയും പാലക്കാട് ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്ററിനെയും ഡയറക്ടറിനെയും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല.

Next Story

Related Stories