TopTop
Begin typing your search above and press return to search.

ആങ്ങളമാരേ, നിങ്ങളും ഒരു റേപ്പിസ്റ്റാണ്

ആങ്ങളമാരേ, നിങ്ങളും ഒരു റേപ്പിസ്റ്റാണ്

രഞ്ജിത് ആന്റണി


Big Dan's Bar, New Bedford, Massachussets എന്ന് സേര്‍ച്ച് ചെയ്തു നോക്കൂ. ആദ്യം പൊങ്ങി വരുന്ന പേര്, ഷേറില്‍ അറായൊ എന്നാണ്. ഷെറില്‍ ആണ് അമേരിക്കയുടെ നിര്‍ഭയ. 1983 മാര്‍ച്ച് ആറാം തിയതി 21 വയസ്സുള്ള പോര്‍ച്ചുഗീസ് വംശജയായ ഷെറില്‍ രണ്ട് മക്കളെ ഉറക്കിക്കിടത്തി സിഗരറ്റ് വാങ്ങാന്‍ Big Dan's Bar-ല്‍ എത്തിയതാണ്. പോര്‍ച്ചുഗീസ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമം. ബാറില്‍ എന്നത്തെയും പോലെ നല്ല തിരക്കുമുണ്ട്, മിക്കവരും പോര്‍ച്ചുഗീസ് വംശജരും ഷെറില്‍ നേരിട്ട് അറിയുന്നവരും. അവിടെ വച്ച്, നിരവധി ആള്‍ക്കാരുടെ മുന്നില്‍ വെച്ച്, പൂള്‍ ടേബിളില്‍ ബലം പ്രയോഗിച്ച് കിടത്തി ആറു പേര്‍ മാറി മാറി ഷെറിലിനെ ബലാത്സംഗം ചെയ്തു. ചുറ്റും നിന്നവര്‍ കരഘോഷവും ആര്‍പ്പുവിളിയോടെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പോലീസിനെ വിളിക്കാന്‍ മുതിര്‍ന്ന ബാര്‍ മാനേജറെ ഇവരെല്ലാം ചേര്‍ന്ന് തടഞ്ഞും വെച്ചു.പിറ്റേ ദിവസം ബലാത്സംഗത്തിന്റെ വാര്‍ത്ത ഗ്രാമം അറിഞ്ഞു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന മുറവിളിയായി. നിര്‍ഭയയുടെ കേസിലെന്ന പോലെ ഈ കേസ് ലോകം ഉറ്റു നോക്കുന്ന ഒരു ഇവന്റായി മാറി. ആറു പേരില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷെ അവരുടെ വിചാരണ തുടങ്ങിയപ്പോള്‍ കാര്യം മാറി. ഈ വാര്‍ത്ത മൊത്തം പോര്‍ച്ചുഗീസുകാരെ കരിവാരി തേയ്ക്കാനായി ഉണ്ടാക്കിയതാണെന്ന മട്ടിലൊക്കെ ഷെറിലിന്റെ അയല്‍ക്കാര്‍ വരെ പ്രതികരിച്ചു തുടങ്ങി. കുറ്റം ഷെറിലിനു മുകളില്‍ ചാര്‍ത്താനും അവര്‍ മറന്നില്ല. നല്ല പോര്‍ച്ചുഗീസ് പെണ്ണുങ്ങള്‍ രാത്രിയായാല്‍ വീട്ടിലിരിക്കണം. അലഞ്ഞു നടന്നതിനു കിട്ടിയ ശിക്ഷയാണെന്ന മട്ടിലൊക്കെയായി പ്രതികരണം. ഷെറിലിന് മാസച്ചുസ്സറ്റ്‌സില്‍ നിന്ന് ഫ്ലോറിഡയിലേയ്ക്ക് താമസം മാറ്റേണ്ടി വന്നു. തകര്‍ന്നുപോയ ജീവിതം ഒരുവിധം തുന്നിച്ചേര്‍ത്ത് ജീവിച്ചു തുടങ്ങിയപ്പോഴേയ്ക്കും വിധി ഒരു അപകടത്തിന്റെ രൂപത്തില്‍ ഷെറിലിന്റെ ജീവിതം കവര്‍ന്നു. മരിക്കുമ്പോള്‍ ഷെറിലിന് 25 വയസ്സായിരുന്നു.ഷെറിലിന്റെ കേസാണ് റേപ് എന്നത് ഒരു സാമൂഹ്യ പ്രശ്‌നമാണെന്ന ചിന്താധാര ശക്തമാക്കിയത്. ഷെറിലിന്റെ കേസ് അന്തരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുകൊണ്ട് മറ്റു രാജ്യങ്ങളും റേപ്പിനെ ഒരു സാമൂഹ്യ പ്രശ്‌നമായി പരിഗണിച്ച് ചര്‍ച്ചകളും പരീക്ഷണങ്ങളും നടത്താനും തയ്യാറായി. ഈ ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞ നിരീക്ഷണങ്ങളിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് റേപ് കേസുകളില്‍ ഇതുവരെ ഉപയോഗിച്ച നിയമ വ്യഖ്യാനങ്ങളിലെ വാദങ്ങളുടെ ചരിത്രത്തിലേയ്ക്ക്...1. വിക്റ്റിമോളജി
ഇരയാണ് റേപ്പിനെ പ്രേരിപ്പിക്കുന്നത് എന്ന ചിന്താധാര. ഹാന്‍സ് വോണ്‍ ഹെന്റിംഗ് എന്ന ക്രിമിനോളജിസ്റ്റ് ആണ് വിക്റ്റിമോളജി ചിന്താധാരയുടെ ഉപജ്ഞാതാവ്. ഹാന്‍സിന്റെ വാദം 'If there are born criminals, then there are born victims too- ജന്മനാ ക്രിമിനല്‍ വാസനയുള്ള പോലെ, സ്വയം നശിക്കാനും വേദന അനുഭവിക്കാനും ദാഹിക്കുന്ന ഇരകള്‍ റേപ്പിന് പ്രേരിപ്പിക്കുന്നു എന്നാണ് ഹാന്‍സിന്റെ വാദം. ഈ വാദത്തിലൂന്നി കുറേ ചര്‍ച്ചകളും പരീക്ഷണങ്ങളും പ്രബന്ധങ്ങളും ഉണ്ടായി. പലതും ഹാന്‍സിനെ കടത്തി വെട്ടുന്ന കണ്ടു പിടുത്തങ്ങളാണ് നടത്തിയത്. സ്ത്രീകള്‍ ജൈവശാസ്ത്രപരമായി മസോക്കിസ്റ്റുകളാണെന്നും (വേദനിച്ചു പ്രസവിക്കുന്നതും ആര്‍ത്തവവും) അതിനാല്‍ അവര്‍ റേപ് ആസ്വദിക്കുകയാണെന്നുമുള്ള വാദങ്ങള്‍ ഹാന്‍സിന്റെ വിക്റ്റിമോളജി ചിന്താധാരയില്‍ നിന്നുദിച്ചതാണ്. 1940-ലാണ് ഹാന്‍സ് തന്റെ പ്രബന്ധം അവതരിപ്പിച്ചത്. 75 കൊല്ലത്തിനു ശേഷവും സുഗതകുമാരിയെപ്പോലുള്ളവര്‍ വരെ ഹാന്‍സിന്റെ വാദങ്ങളാണ് ഏറ്റുചൊല്ലുന്നത്.

2. മാനസിക രോഗം
റേപ് ചെയ്യാന്‍ ചില പുരുഷന്‍മാരെ പ്രേരിപ്പിക്കുന്നത്, അവനിലെ അടക്കാനാവാത്ത ലൈംഗികത്വര ആണെന്നും ഇതൊരു മാനസിക രോഗമാണെന്നുമാണ് ഈ ചിന്താധാരയുടെ അടിത്തറ. റേപ് ഇംപള്‍സ്സിന്റെ പുറത്താണെന്നും അതു ചുരുങ്ങിയപക്ഷം മെഡിക്കല്‍ അവസ്ഥയാണെന്നുമാണ് ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്. ഇതു സാധൂകരിക്കാനായി റേപ്പിസ്റ്റുകളില്‍ നടത്തിയ പേഴ്സണാലിറ്റി ടെസ്റ്റുകള്‍ (Rorschach test and Minnesota Multiphasic Personality Inventory) ഈ വാദത്തെ അപ്പാടെ തള്ളിക്കളഞ്ഞു. എന്നിരുന്നാലും, ഈ വാദങ്ങളുടെ പ്രചാരകരായ ജഡ്ജിമാര്‍ കുറെയധികം കേസുകളില്‍ റേപ്പിസ്റ്റിന് അനുകൂലമായ വിധികള്‍ നല്‍കിപ്പോന്നു. കുറ്റവാളി താന്‍ മാനസിക രോഗിയാണെന്ന് തെളിയിച്ചാല്‍ മതി. കേസില്‍ നിന്ന് ഊരി പോരാം.


 

1970-കളില്‍ ശക്തമായ ഫെമിനിസ്റ്റ് മൂവ്‌മെന്റും ഷെറില്‍ അറോയാ കേസുമാണ്, ചുരുങ്ങിയ പക്ഷം അമേരിക്കയിലെങ്കിലും റേപ്പിനെ വേറൊരു വെളിച്ചത്തില്‍ കാണാന്‍ പ്രേരിപ്പിച്ചത്. ഇതിലേയ്ക്ക് വഴി തെളിച്ച പരീക്ഷണങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് മേരി കോസ്സ് എന്ന ശാസ്ത്രജ്ഞ 1985-ല്‍ നടത്തിയ പഠനം. അമേരിക്കയിലെ കോളേജ് വിദ്യാര്‍ത്ഥികളെയാണ് അവര്‍ പഠനത്തിന് ഉപയോഗിച്ചത്. 1846 പുരുഷന്‍മാരില്‍ നടത്തിയ പഠനത്തില്‍, തക്കം കിട്ടിയാല്‍ 4.3 ശതമാനം തീവ്രമായ ബലം പ്രയോഗിച്ചും, 4.9 ശതമാനം ബലം പ്രയോഗിച്ചും, 22.4 ശതമാനം ഭീഷണിപ്പെടുത്തിയും ലൈംഗിക വേഴ്ചയ്ക്കു മുതിര്‍ന്നേക്കുമെന്ന് തെളിഞ്ഞു. ഏകദേശം ഇതേ സമയത്ത് UCLA-യിലെ സൈക്കോളജി പ്രഫസര്‍ ജോണ് ബ്രീറിയും സമാനമായൊരു പരീക്ഷണം നടത്തുകയും ഏകദേശം ഒരേ റിസള്‍ട്ടും കണ്ടെത്തുകയുണ്ടായി.ചുരുക്കിപ്പറഞ്ഞാല്‍ റേപ് എന്നത്, മാനസിക രോഗമോ, ഇര ആകര്‍ഷിച്ച് വരുത്തിവെയ്ക്കുന്നതോ അല്ല; മറിച്ച് പോസ്റ്റ് ഇന്‍ഡസ്ട്രിയലൈസ്ഡ് സംസ്‌കാരത്തിലെ ഒരു പുരുഷനില്‍ അന്തര്‍ലീനിയമായ ഒരു നൈസര്‍ഗ്ഗീക പ്രതിഭാസമാണ് റേപ് എന്നത്. അതായത്, ഞാനടക്കമുള്ള പുരുഷ സമൂഹത്തിലെ നൂറു പേരില്‍ മുപ്പത് പേര്‍ ബലാത്സംഗത്തിനോ തത്തുല്യമായ ലൈംഗിക ആക്രമണത്തിനൊ മുതിര്‍ന്നേക്കാം എന്ന്.ഇത് ഒരു സാമൂഹ്യ പ്രശ്‌നമാണ്. ഇതിനെ ചെറുക്കാനുള്ള നിയമങ്ങളൊക്കെ നിര്‍ഭാഗ്യവശാല്‍ പുരുഷന്‍മാര്‍ നിര്‍മ്മിച്ചവയാണ്. ഈ നിയമങ്ങളൊക്കെയും ബലാത്സംഗത്തിനിരയായ സ്ത്രീക്കുണ്ടായ 'മാര്‍ക്കറ്റ് വാല്യു'വിലെ ഇടിവിനെയാണ് നഷ്ടമായി പരിഗണിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാന്‍ സൌദി മോഡല്‍ ശിക്ഷകള്‍ വേണമെന്നു വാദിക്കുന്ന പുരുഷനും ഒരു ആണ്‍ കേന്ദ്രീകൃത നിരീക്ഷണമാണ് നടത്തുന്നത്. നിയമ നിര്‍മ്മാണത്തില്‍ സ്ത്രീ പ്രാതിനിധ്യവും ഉറപ്പു വരുത്തിയാലേ ഇതിനൊരു മാറ്റം ഉണ്ടാകൂ.രഞ്ജിത് ആന്റണി: https://www.facebook.com/rpmam(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories