TopTop

കോടതി മുറികളിലെ വിചാരണ പീഡനങ്ങളില്‍ നിന്നും ബലാല്‍സംഗ ഇരകള്‍ക്ക് മോചനം

കോടതി മുറികളിലെ വിചാരണ പീഡനങ്ങളില്‍ നിന്നും ബലാല്‍സംഗ ഇരകള്‍ക്ക് മോചനം
ലൈംഗിക അതിക്രമങ്ങളും ബാലപീഡനങ്ങളും ഭയാനകമാം വിധത്തില്‍ വര്‍ദ്ധിച്ചു വരുന്ന കേരളത്തിലെ ഭരണാധികാരികള്‍ക്ക് പിന്തുടരാവുന്ന രണ്ട് നിയമനിര്‍മ്മാണങ്ങള്‍ ബ്രിട്ടന്‍ നടപ്പിലാക്കുന്നു. ബലാല്‍സംഗത്തിന്റെ ഇരകളെ കോടതി മുറികളില്‍ അരങ്ങേറുന്ന വിചാരണ പീഡനങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള വിപ്ലവകരമായ നിയമപരിഷ്‌കാരങ്ങളുമായാണ് യുകെ സര്‍ക്കാര്‍ രംഗത്തെത്തുന്നത്. കോടതിയില്‍ പരസ്യമായി തെളിവ് നല്‍കുക എന്ന അഗ്നിപരീക്ഷ അവര്‍ക്കിനി നേരിടേണ്ടി വരില്ലെന്ന് നീതിന്യായ സെക്രട്ടറി എലിസബത്ത് ട്രസ് അറിയിച്ചു. വരുന്ന സെപ്തംബര്‍ മുതല്‍ ഇവരുടെ എതിര്‍ വിസ്താരം വീഡിയോയില്‍ രേഖപ്പെടുത്താനും പിന്നീട് വിചാരണ വേളയില്‍ കോടതിക്ക് മുമ്പാകെ ഇത് പ്രദര്‍ശിപ്പിക്കാനുമാണ് നീക്കം.

അടുത്ത വര്‍ഷം തുടക്കം വരെ പദ്ധതി നടപ്പാക്കേണ്ടതില്ല എന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും മുതിര്‍ന്ന ജഡ്ജിമാരുമായി ധാരണയുണ്ടാക്കിയതിനെ തുടര്‍ന്ന് സെപ്തംബര്‍ മുതല്‍ ഇത് ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളോടും ഇരകളോടുമുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ടെസ് ചൂണ്ടിക്കാട്ടി. കൂടുതല്‍ ഇരകള്‍ പരാതിയുമായി മുന്നോട്ട് വരാന്‍ ധൈര്യം കാണിക്കുന്ന സാഹചര്യത്തില്‍ വിചാരണ വേളയില്‍ അവര്‍ക്കുണ്ടാകാവുന്ന ആഘാതങ്ങള്‍ പരമാവധി ലഘൂകരിക്കുകയും നീതി വേഗത്തില്‍ ലഭ്യമാക്കുകയുമാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.

ഈ നടപടി ന്യായുക്തമായ വിചാരണയ്ക്ക് ഒരിക്കലും തടസമാകില്ല. മറിച്ച് ഇത്തരം ജുഗുപ്‌സാവഹമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കുകയും അവരുടെ കൈയിലുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സാധ്യതകള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. നേരത്തെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികളില്‍ നിന്നും തെളിവുകള്‍ റെക്കോഡ് ചെയ്യുന്ന രീതി നടപ്പിലാക്കിയിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ തെളിവുകള്‍ നല്‍കുമ്പോഴുള്ള അവരുടെ സമ്മര്‍ദം കുറയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മറ്റ് ലൈംഗിക കേസുകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇരകളെ കണ്ടെത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന ബാലപീഡകരെ കുരുക്കുന്നതിനുള്ള നടപടികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ടെസ് അറിയിച്ചു. 'കുട്ടികളുമായി ലൈംഗിക ആശയവിനിമയം' കുറ്റമായി കണക്കാക്കുന്ന നിയമം അടുത്ത മാസം പ്രാബല്യത്തില്‍ വരും. രണ്ടു വര്‍ഷം പരമാവധി തടവു ശിക്ഷ ലഭിക്കുന്ന ഇവരുടെ പേരുകള്‍ സ്വാഭാവികമായി ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നവരുടെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കപ്പെടും. മൊബൈല്‍ ഫോണുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും ഇക്കാലത്ത് കുട്ടികള്‍ ഇരയാവാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പുതിയ നിയമം വഴി കുട്ടികളെ പ്രലോഭനങ്ങളില്‍ വീഴ്ത്തുന്നത് തുടക്കത്തില്‍ തന്നെ തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കേരള സര്‍ക്കാരിന് കണ്ടുപഠിക്കാവുന്ന നിയമപരിഷ്‌കരണങ്ങളാണ് ഇവ രണ്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കൂടുതല്‍ വായിക്കൂ: https://goo.gl/tAsLbf

Next Story

Related Stories