TopTop
Begin typing your search above and press return to search.

നിക്കറില്‍ നിന്ന്‍ പാന്‍റ്സിലേക്ക്; ആര്‍എസ്എസ് കാലത്തിനനുസരിച്ച് മാറുകയാണ്

നിക്കറില്‍ നിന്ന്‍ പാന്‍റ്സിലേക്ക്; ആര്‍എസ്എസ് കാലത്തിനനുസരിച്ച് മാറുകയാണ്

അഴിമുഖം പ്രതിനിധി


ബിജെപിയുടെ മാതൃസംഘടന, രാഷ്ട്രീയ സ്വയംസേവക സംഘ് (ആര്‍ എസ് എസ്) തിങ്കളാഴ്ച്ച മുതല്‍ നാഗ്പൂരിലെ കേന്ദ്ര കാര്യാലയത്തില്‍ തങ്ങളുടെ പുതിയ യൂണിഫോം വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒന്നിന് 250 രൂപ വെച്ചാണ് വില്‍പ്പന.

തീവ്ര ദേശീയവാദികളായ ഈ സംഘടനയുടെ 91 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 'പരമ്പരാഗത നിക്കറുകള്‍ ധരിക്കുന്നതില്‍ മടിയുള്ള യുവാക്കളെ ആകര്‍ഷിക്കാന്‍' കാക്കി നിക്കറുകളില്‍ നിന്നും തവിട്ട് പാന്‍റ്സുകളിലേക്ക് മാറുകയാണ്.

ഈ വര്‍ഷം ആദ്യം രാജസ്ഥാനിലെ നഗൌറില്‍ നടന്ന ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഈ തീരുമാനമെടുത്തത്. രാജസ്ഥാനില്‍ തുന്നിയ യൂണിഫോമിന്റെ ആദ്യ കെട്ട് ഞായറാഴ്ച്ച നാഗ്പൂരിലെത്തി.

പുതിയ കുപ്പായത്തില്‍ ആര്‍എസ്എസിന്റെ ആദ്യ ചടങ്ങ് ഒക്ടോബറില്‍ വിജയദശമി ദിനത്തില്‍ നാഗ്പൂരിലെ റേശീംബാഗ് മൈതാനത്ത് നടക്കും. ആര്‍എസ്എസിന്റെ എല്ലാ അംഗങ്ങളും പുതിയ കുപ്പായം വാങ്ങണം എന്നാണ് തീരുമാനം.

"ആര്‍ക്കും ഇതില്‍ ഒഴിവില്ല. സര്‍സംഘചാലകും സ്വന്തം യൂണിഫോം വാങ്ങണം," മുന്‍ ആര്‍എസ്എസ് അംഗം ദിലീപ് ദിയോധര്‍ പറഞ്ഞു. പാന്‍റ്സിന്റ്റെ വിലയാണ് 250 രൂപ. മറ്റ് അനുസാരികളും - വെള്ളക്കുപ്പായം, അരപ്പട്ട, കറുത്ത തോപ്പി, കറുത്ത ഷൂസ് - എന്നിവയും ഇതിനൊപ്പം വാങ്ങണം.

1925 മുതലുള്ള ആര്‍എസ്എസ് യൂണിഫോം ചരിത്രത്തിലെ പ്രധാന മാറ്റങ്ങള്‍ ഇവയാണ്:

1925-ല്‍ ആര്‍എസ്എസിന്റെ യൂണിഫോം കാക്കി കുപ്പായവും നിക്കറും തോല്‍ ബെല്‍റ്റും നീണ്ട കറുത്ത ഷൂസും കാക്കി തൊപ്പിയും ഒരു വടിയുമാണ്.


ആദ്യത്തെ മാറ്റം 1930-ലായിരുന്നു. കാക്കി തൊപ്പിക്ക് പകരം കറുത്ത തൊപ്പിയായി.

1973-ല്‍ കനം കുറഞ്ഞ ഷൂസുകള്‍ വന്നു.

2011-ലാണ് ഇതിന് മുമ്പത്തെ മാറ്റം വന്നത്. തോല്‍ ബെല്‍റ്റുകള്‍ അഹിംസയുമായി ബന്ധപ്പെട്ടതല്ല എന്നു ജൈന സന്യാസി തരുണ്‍ സാഗര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രായ്ക്കുരാമാനം കാന്‍വാസ് അരപ്പട്ടയായി.

ഹിന്ദു സ്വയംസേവക് സംഘ് എന്നറിയപ്പെടുന്ന ഇന്ത്യക്ക് പുറത്തുള്ള ആര്‍എസ്എസ് ശാഖകളിലെ അംഗങ്ങള്‍ക്ക് പാന്‍റ്സ് ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്തായാലും, കുപ്പായത്തിലെ മാറ്റം ആര്‍എസ്എസിന്റെ പ്രതിച്ഛായ മാറ്റത്തിന്റെ ഒരു ഭാഗം മാത്രമാണ്.സംഘിന്റെ വാര്‍ത്താ ഏജന്‍സി ഹിന്ദുസ്ഥാന്‍ സമാചാര്‍ പുനരുജ്ജീവിപ്പിക്കുന്നതാണ് മറ്റൊരു പുതിയ നീക്കം. വിരമിച്ച പത്രപ്രവര്‍ത്തകരെയാണ് ഇവിടെ നിയമിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇനി അവരുടെ വാര്‍ത്തകള്‍ വാങ്ങും. സംഘിന്റെ പ്രചാരണ വിഭാഗം വിശ്വ സമ്പര്‍ക്ക കേന്ദ്ര പുതിയ സാങ്കേതിക വിദ്യയും സൌകര്യങ്ങളുമായി തയ്യാറാകുന്നു. ഭഗവതിന്റെ പ്രസംഗം തത്സമയം കാണിച്ചതിന് ശേഷം സംഘപരിപാടികളുടെ വാര്‍ത്തകള്‍ ഇനി സ്വകാര്യ, സര്‍ക്കാര്‍ മാധ്യമങ്ങളില്‍ കൂടുതല്‍ കാണാം. പുത്തന്‍ സാങ്കേതികവിദ്യയെ സംഘം പണ്ടേ സ്വീകരിച്ചിരുന്നു. ആര്‍എസ്എസില്‍ ഔദ്യോഗിക അംഗത്വമില്ലാത്തപ്പോഴും വെബ്സൈറ്റിനെ ഒരു അനൌദ്യോഗിക അംഗങ്ങളെച്ചേര്‍ക്കല്‍ മാധ്യമമായി അവര്‍ കൊണ്ടുനടക്കുന്നുണ്ട്. തങ്ങളുടെ, ആര്‍എസ്എസില്‍ ചേരുക പ്രചാരണ പരിപാടിയുടെ ഓണ്‍ലൈന്‍ മാധ്യമം വഴി പ്രതിമാസം 7,000 പ്രതികരണങ്ങളെങ്കിലും ലഭിക്കുന്നു എന്ന്‍ ആര്‍എസ്എസ് ഭാരവാഹികള്‍ പറഞ്ഞു. "ഞങ്ങള്‍ പേരുകള്‍ പ്രാദേശിക ഭാരവാഹികള്‍ക്ക് കൈമാറും; ഭാരവാഹി താത്പര്യം പ്രകടിപ്പിച്ച വ്യക്തിയുമായി ബന്ധപ്പെട്ട് അയാള്‍ക്ക് എങ്ങനെയാണ് ഏറ്റവും നന്നായി സഹകരിക്കാനാവുക എന്നു തിരക്കും. ശാഖയില്‍ വന്നിട്ടോ മറ്റ് സേവന ദൌത്യങ്ങളിലൂടെയോ അല്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ," എന്നാണ് ഒരു ഭാരവാഹി ഇതിനെക്കുറിച്ച് പറഞ്ഞത്.

സംഘത്തിന്റെ ഉള്ളിലുള്ളവര്‍ക്ക് വരെ ഇത് മനസിലാക്കാന്‍ ചില വിശദീകരണം വേണ്ടിവന്നേക്കും. "സംഘത്തിന് പ്രചാരണം ആവശ്യമില്ല, പിന്നെന്തിനാണീ വിഭാഗം?," എന്നാണ് ഒരു ആര്‍എസ്എസ് പ്രചാരക് ഈയിടെ സംഘത്തിന്റെ പ്രചാരണ വിഭാഗത്തിലെ ഒരാളോട് ചോദിച്ചത്. അവ്യക്തത എവിടെ നിന്നാണ് വരുന്നതെന്ന് അയാള്‍ക്ക് മനസിലായി. "ഇത് സംഘത്തിന്റെ പ്രചാരണത്തിന് വേണ്ടിയല്ല, ദേശീയ വിഷയങ്ങള്‍, സംഘത്തിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും തെറ്റിദ്ധാരണകള്‍ നീക്കാനുമാണ്," അയാള്‍ നല്കിയ മറുപടി.

നിലവിലെ സര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര വിതരണക്കാരായ ആര്‍എസ്എസ് ഇപ്പോള്‍ ഗവേഷണത്തിനും പ്രാധാന്യം നല്കുന്നുണ്ട്. വിവേകാനന്ദ അന്താരാഷ്ട്ര ഫൌണ്ടേഷന്‍ - മോദിയുടെ പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് ഇവിടെനിന്നാണ് കൂടുതല്‍ ആളുകളെയും എടുത്തത് - അതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

പ്രൊഫസര്‍ രാകേഷ് സിന്‍ഹയുടെ ഇന്ത്യ പോളിസി ഫൌണ്ടേഷന്‍ മറ്റൊന്നാണ്. ഈയടുത്ത് ദീന്‍ ദയാല്‍ ഉപാധ്യായുടെ 98-ആം ജന്‍മവാര്‍ഷികം അവര്‍ സംഘടിപ്പിച്ചിരുന്നു.മറ്റൊന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന്‍ ശൌര്യയും ഭരണസമിതിയിലുള്ള, തന്ത്രപരവും വിദേശനയവും സംബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫൌണ്ടേഷനാണ്. വിവിധ മന്ത്രാലയങ്ങള്‍ക്ക് ആവശ്യമായ പല വിവരങ്ങളും നല്‍കുന്ന പബ്ലിക് പോളിസി ഫൌണ്ടേഷന്‍ നയിക്കുന്നത് ബിജെപി ഉപാധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധേയാണ്.

ബ്രാഹ്മണര്‍ക്കും വ്യാപാരികള്‍ക്കും പുറത്തുള്ള സാമൂഹ്യ വിഭാഗങ്ങളെയും ആകര്‍ഷിക്കണമെന്ന് ആര്‍എസ്എസിന് ബോധ്യം വന്നിട്ടുണ്ട്. വന്‍വാസി കല്യാണ്‍ ആശ്രം ദശാബ്ദങ്ങളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. ദളിതരെ ആകര്‍ഷിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മോദിക്കനുകൂലമായി മുസ്ലീങ്ങളെ ആകര്‍ഷിക്കാന്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെ ടിബറ്റന്‍ സമൂഹവുമായുള്ള സംഘത്തിന്റെ ബന്ധവും ഇന്ദ്രേഷ് കുമാര്‍ വഴിയാണ്. ബുദ്ധമതം വിശാല ഹിന്ദുമതത്തിന്റെ ഭാഗമാണെന് സംഘം കരുതുന്നു. നഗരങ്ങളിലെ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ രാമക്ഷേത്രം പോലുള്ള പ്രശ്നങ്ങളില്‍ നിന്നും മാറി ദേശീയതയും സാംസ്കാരികാഭിമാനവും പോലുള്ള വിഷയങ്ങളാണ് ആര്‍എസ്എസ് ഉപയോഗിക്കുന്നത്.

ഐ ടി ജീവനക്കാര്‍ക്കായി ആഴ്ച്ചയില്‍ ഒരു തവണയുള്ള ശാഖകളും ഐടി മിലനുകളും സംഘടിപ്പിക്കുന്നു. യൂറോപ്പില്‍ വിപുലമാകാനുള്ള ആര്‍എസ്എസ് ശ്രമം ഈയിടെ വാര്‍ത്തയായിരുന്നു.

സംഘത്തിന്റെ ലോകവീക്ഷണവുമായി നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം; പക്ഷേ 90 വയസായ ഒരു സംഘടനയെന്ന നിലയില്‍ ആര്‍എസ്എസ് കാലത്തിനൊത്തു മാറാനുള്ള തന്ത്രപരമായ മിടുക്ക് കാണിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞേ മതിയാകൂ.


Next Story

Related Stories