TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് രത്തന്‍ ടാറ്റ?

എന്തുകൊണ്ട് രത്തന്‍ ടാറ്റ?

ടീം അഴിമുഖം

1991-ലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര സംഘത്തിന്റെ തലപ്പത്ത് രത്തന്‍ ടാറ്റ എത്തുന്നത്. അന്ന് പല ഭീമന്‍മാരുമായിരുന്നു അതിനെ നിയന്ത്രിച്ചിരുന്നത്. ഓരോ CEO-മാരും തങ്ങളുടെ കമ്പനിയെ സ്വന്തം സാമ്രാജ്യം പോലെ കൊണ്ടുനടന്നു. അവരെ ഒരുതരത്തില്‍ വരച്ച വരയില്‍ നിര്‍ത്തിയ രത്തന്‍ ടാറ്റ ഗ്രൂപ്പിനെ ആധുനികവും ചടുലവും അച്ചടക്കമുള്ളതുമായ ഒന്നാക്കി മാറ്റി.

ഇപ്പോള്‍ സൈറസ് മിസ്ട്രിയെ അദ്ധ്യക്ഷസ്ഥാനത്തു നിന്നും മാറ്റേണ്ടി വന്നപ്പോള്‍ പകരക്കാരനായി ടാറ്റ ഗ്രൂപ്പ് അദ്ദേഹത്തെ സമീപിച്ചതിലും അതുകൊണ്ടു അത്ഭുതമില്ല. മിസ്ട്രിയുടെ അച്ഛന്‍ പല്ലോന്‍ജി ടാറ്റ സണ്‍സിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായി തുടരുമ്പോഴും രത്തന്‍ നേതൃത്വം നല്‍കുന്ന ടാറ്റ ട്രസ്റ്റിന് ഒന്നിച്ചു നോക്കിയാല്‍ ടാറ്റ സണ്‍സിലെ ഏറ്റവും കൂടുതല്‍ ഓഹരിയുണ്ട്.

ജാംഷെഡ്പൂരിലെ ടാറ്റയുടെ ഉരുക്കുനിര്‍മ്മാണശാലയില്‍ തൊഴില്‍ പരിശീലനത്തിനായി 1962-ലാണ് രത്തന്‍ ടാറ്റ സംഘത്തില്‍ ചേരുന്നത്. ഒമ്പത് കൊല്ലം ജോലിചെയ്തതിന് ശേഷം നെല്‍കോയുടെ (National Radio and Electronic)-റേഡിയോ, റേഡിയോഗ്രാം, മറ്റ് ചില എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍- ചുമതല ഏറ്റെടുക്കാന്‍ രത്തനോടു ആവശ്യപ്പെട്ടു. നെല്‍കൊ 40% നഷ്ടത്തിലായിരുന്നു അപ്പോള്‍. അത് പൂട്ടാന്‍ ഗ്രൂപ്പ് തീരുമാനിക്കുമ്പോള്‍ രത്തന്‍ അതേതാണ്ട് കരകയറ്റിയിരുന്നു. അയാള്‍ ടാറ്റ വിട്ട് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയി.

വീണ്ടും 1977-ല്‍ ടാറ്റയില്‍ തിരിച്ചുവന്നു. തൊഴില്‍ പ്രശ്നങ്ങളില്‍ ഉഴറിയ അവരുടെ എക്സ്പ്രസ് മില്ലായിരുന്നു ഇത്തവണ മേല്‍നോട്ടത്തിന് കിട്ടിയത്. ദത്താ സാമന്തിന്റെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകള്‍ മില്‍ ഉടമകളെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്ന കാലം. മറ്റ് മില്ലുകള്‍ പൂട്ടിയപ്പോള്‍ എക്സ്പ്രസ് മില്‍ അടുത്ത 9 വര്‍ഷം കൂടി തുടര്‍ന്നു.

1991-ല്‍ ജെ ആര്‍ ഡി ടാറ്റ രത്തനെ തന്റെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചു. ജെ ആര്‍ ഡി തന്റെ ജീവചരിത്രകാരന്‍ ആര്‍ എം ലാലയോട് ഇങ്ങനെ പറഞ്ഞു,“അയാളുടെ ഓര്‍മ്മ ശക്തി കാരണം, രത്തന്‍ എന്നെപ്പോലെയാകും.”

വര്‍ഷങ്ങള്‍ക്കിപ്പുറം ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൌസ് ടാറ്റ സൃഷ്ടിച്ചത് എന്താണെന്ന് കാണിച്ചുതരും.

2012 ഡിസംബറില്‍ മിസ്ട്രിക്ക് ചുമതല കൈമാറുമ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 4,75,721 കോടി രൂപയാണ്. രത്തന്‍ 1991-ല്‍ ചുമതലയേറ്റെടുക്കുമ്പോള്‍ അത് 10,000 കോടി രൂപയായിരുന്നു. അറ്റാദായം 52 മടങ്ങ് വര്‍ദ്ധിച്ചു. പലതരത്തിലും രത്തന്റെ വളര്‍ച്ചയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും സമാന്തരമായിരുന്നു. സമ്പദ് രംഗം വളര്‍ന്ന് കൂടുതല്‍ തുറന്നിട്ടുകൊണ്ട് വിദേശ കമ്പനികളെ ആനയിച്ചു. ടാറ്റ ഗ്രൂപ്പും വളര്‍ന്ന് സോഫ്ട്വെയര്‍ പോലുള്ള പുതിയ മേഖലകളിലേക്ക് തിരിഞ്ഞു. വിദേശ സ്ഥാപനങ്ങളെ സ്വന്തമാക്കാനുള്ള ഇന്ത്യന്‍ കമ്പനികളുടെ നീക്കങ്ങളില്‍ ഒന്നാമനായി അത് മാറി.2007-ല്‍ യൂറോപ്യന്‍ വിപണിയില്‍ ഉരുക്കിന്റെ ആവശ്യം എക്കാലത്തേയും വലിയ പരിധിയില്‍ എത്തിയപ്പോള്‍ ടാറ്റ ഗ്രൂപ്പ് ആംഗ്ലോ-ഡച്ച് ഉരുക്ക് കമ്പനി കോറസിനെ (Corus) 13 ബില്ല്യണ്‍ ഡോളറിന് സ്വന്തമാക്കി. ആ ഇടപാട് അത്ര മികച്ചതായിരുന്നില്ല, കോറസിനെ ഇപ്പോള്‍ വില്‍പ്പനക്ക് വെച്ചിരിക്കുകയാണ്. പക്ഷേ ടാറ്റ അപായസാധ്യതകളെ ഭയക്കുന്നില്ല എന്നു അത് ബോധ്യപ്പെടുത്തി.

നഷ്ടത്തിലോടിയിരുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങിയ ടാറ്റ അതിനെ ലാഭത്തിലാക്കി. ഒപ്പം യു കെ നിര്‍മ്മാണശാലകളിലെ ആയിരക്കണക്കിന് തൊഴിലുകളും നഷ്ടപ്പെടാതെ സംരക്ഷിച്ചു. കമ്പനി ഏറ്റെടുക്കാന്‍ ടാറ്റ കൊടുത്തതിനേക്കാള്‍ കൂടുതല്‍ പണം JLR ലാഭമായി മാത്രം ഉണ്ടാക്കുന്നുണ്ട്.

ഒരു വ്യാപാര നേതാവ് എന്നതുപോലെ ഒരു വീക്ഷണമുള്ളയാളുമാണ് രത്തന്‍. 2005-ല്‍ ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ കാര്‍ ഉണ്ടാക്കാന്‍ അയാള്‍ ആലോചിച്ചു. അങ്ങനെ ഒരു ലക്ഷം രൂപ വിലയ്ക്ക് നാനോ കാര്‍ വിപണിയില്‍ എത്തിച്ചു.

സ്ഥാനമൊഴിയുന്നതിന് മുമ്പ് രണ്ടു വ്യാപാരസാധ്യതകള്‍ കൂടി രത്തന്‍ ഉണ്ടാക്കി; വ്യോമയാനരംഗത്ത് എയര്‍ഏഷ്യ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയുമായുള്ള പങ്കാളിത്തങ്ങള്‍; യു.എസ് ആസ്ഥാനമായ കാപ്പി നിര്‍മ്മാതാവ് സ്റ്റാര്‍ബക്സുമായുള്ള സംയുക്ത സംരംഭം.

വിരമിച്ചതിന് ശേഷം രത്തന്‍ പുതുസംരംഭങ്ങളില്‍ മുതലിറക്കുന്ന ഒരു നിക്ഷേപകനായി. ഏതാണ്ട് 30-ഓളം പുതിയ സംരംഭങ്ങളില്‍ അയാള്‍ പണമിറക്കി, അവര്‍ക്കാവശ്യമായ ഉപദേശങ്ങള്‍ നല്കി, അവയെ വളരാന്‍ സഹായിച്ചു. Snapdeal, Ola, Paytm, Cardekho എന്നിവ ഇവയില്‍ ചിലതാണ്. ഇതയാളെ പുത്തന്‍ സാങ്കേതികവിദ്യയുടെയും പുതിയ വ്യാപാരങ്ങളുടെയും മിടിപ്പുകള്‍ എപ്പോഴും അറിയാന്‍ സഹായിച്ചു.

മിസ്ട്രിക്ക് പകരം ഒരാളെ കണ്ടെത്തുക രത്തന് വലിയൊരു വെല്ലുവിളിയായിരിക്കും. കാരണം അത് രണ്ടാം തവണ തനിക്കൊരു പകരക്കാരനെ കണ്ടെത്തുന്ന പോലെയാണ്. മിസ്ട്രിയെ തലവനാക്കാന്‍ നിശ്ചയിച്ച തെരച്ചില്‍ സമിതിയെ നയിച്ചത് രത്തനായിരുന്നു. ഇപ്പോള്‍ മിസ്ട്രിയുടെ പകരക്കാരനെ കണ്ടെത്താനുള്ള സമിതിയേയും അയാളാണ് നയിക്കുന്നത്.


Next Story

Related Stories