TopTop
Begin typing your search above and press return to search.

സുസ്ഥിര വിദ്യാഭ്യാസം; പ്രൊഫ. സി രവീന്ദ്രനാഥ് പുതുക്കാട് ചെയ്തത്

സുസ്ഥിര വിദ്യാഭ്യാസം; പ്രൊഫ. സി രവീന്ദ്രനാഥ് പുതുക്കാട് ചെയ്തത്

(അഴിമുഖം കോളമിസ്റ്റ് കൂടിയായ നിയുക്ത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് ടീം അഴിമുഖത്തിന്റെ ആശംസകള്‍.)

ഡോ. ടി.വി. വിമല്‍കുമാര്‍


പാര്‍ശ്വവല്കരണം ഒഴിവാക്കി മുഴുവന്‍ ജനങ്ങളെയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ജനകീയ വികസനത്തില്‍ പങ്കാളികള്‍ ആക്കുക എന്നതാണ് ഏതൊരു നാടിന്‍റെയും വികസന സങ്കല്പം. നമ്മുടെ നാട്ടില്‍ വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് വികസനത്തിന് തടസ്സം എന്നത് പകല്‍ പോലെ സത്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍, വിവധ സര്‍ക്കാര്‍ വകുപ്പുകളുടെ ഫണ്ടുകള്‍, നിയമസഭ, പാര്‍ലിമെന്റ് അംഗങ്ങളുടെ ഫണ്ടുകള്‍ എന്നിവയെല്ലാം വ്യക്തമായ മാസ്റ്റര്‍ പ്ലാനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ്‌ പുതുക്കാട് മണ്ഡലം ഏറ്റെടുത്തത്. തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കോളേജിലെ അധ്യാപകനായിരുന്ന പുതുക്കാട് എം. എല്‍.എ പ്രൊഫ. സി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലാണ് സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.

എല്ലാവര്‍ക്കും ഉയര്‍ന്ന സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായാണ് 2007ല്‍ സുസ്ഥിര ഇ-ലേണിംഗ് പദ്ധതി ആരംഭിച്ചത്. എം. എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി മികവിന്‍റെ കേന്ദ്രങ്ങളാക്കുക, അതിലൂടെ സാധാരണക്കാര്‍ക്ക് സാങ്കേതിക പഠന സൗകര്യം ഒരുക്കുക എന്നതാണ് സുസ്ഥിര ഇ- ലേണിംഗ് പദ്ധതി പ്രധാനമായി ലക്ഷ്യമിട്ടത്. മണ്ഡലത്തിലെ ലോവര്‍ പ്രൈമറി സ്കൂള്‍ മുതല്‍ ഹയർ സെക്കൻറ്ററി സ്കൂള്‍ വരെ ഹൈടെക് ആക്കി മാറ്റുക, അതോടൊപ്പം കാര്‍ഷിക മേഖലയിലും ജൈവ വൈവിധ്യ മേഖലയിലും വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവ സമ്പത്ത് ഉണ്ടാക്കിയെടുത്തുകൊണ്ട് വിദ്യാലയം തന്നെ പാഠപുസ്തകം ആക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇ-ലേണിംഗ് പദ്ധതി-ഹൈടെക് ലാബ്‌

പുതുക്കാട് മണ്ഡലത്തിലെ 79 സ്കൂളിലും എല്‍ പി, യു പി , ഹൈ സ്കൂള്‍ തിരിച്ച് ആവശ്യമായ കമ്പ്യൂട്ടറുകള്‍, എല്‍.സി.ഡി. പ്രൊജക്ടര്‍, എല്‍ .സി .ഡി. ടി.വി, സി ഡി ലൈബ്രറി, ഇ.ഇന്‍റര്‍നെറ്റ്, മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ട് സ്റ്റാറ്റിക് ഐ.പി സൗകര്യങ്ങള്‍ എന്നിവ നടപ്പിലാക്കി. എല്ലാ സര്‍ക്കാര്‍ സ്കൂളിലെയും ഒരു ക്ലാസ്സ്‌ മുറിയില്‍ സ്മാര്‍ട്ട്‌ ക്ലാസ് റൂം സംവിധാനം, പത്താം ക്ലാസ്സിലും, പ്ലസ്‌ വണ്‍, പ്ലസ്‌ ടു കോഴ്സില്‍ എല്ലാ ക്ലാസ്സ്‌ റൂമിലും ഹൈ ടെക് സംവിധാനം എന്നിവയൊരുക്കുകയുണ്ടായി. മണ്ഡലത്തില്‍ 150 സ്മാര്‍ട്ട്‌ ക്ലാസ് മുറികള്‍ തയ്യാറാക്കാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ഇത്തരം സംവിധാനം ഒരു നിയോജക മണ്ഡലം മുഴുവന്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മണ്ഡലമായി പുതുക്കാട്‌ മാറി. അതില്‍ എടുത്തു പറയാവുന്നത്, പുതുക്കാട് നിയോജക മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഹയർ സെക്കൻറ്ററി സ്കൂളായ സെന്റ്‌ ആന്റണീസ് ഹയർ സെക്കൻറ്ററി സ്കൂളിലെ 20 ക്ലാസ്സ്‌ മുറികള്‍ ഹൈ ടെക് സംവിധാനമൊരുക്കിയതാണ്. മണ്ഡലത്തിലെ ട്രൈബല്‍ സ്കൂളായ എച്ചിപ്പാറ ട്രൈബല്‍ സ്കൂള്‍ ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് ട്രൈബല്‍ സ്കൂള്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് പാര്‍ശ്വവല്കരണം ഒഴിവാക്കി എല്ലാവര്‍ക്കും ഉയര്‍ന്ന സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസം എന്ന സുസ്ഥിര ഇ- ലേണിംഗ് പദ്ധതിയുടെ സുപ്രധാന നേട്ടമായിരുന്നു.ജൈവവൈവിധ്യ-ഉര്‍ജ്ജ പദ്ധതികള്‍

ഉന്നത സാങ്കേതിക വിദ്യയോടൊപ്പം തന്നെ മുഴുവന്‍ വിദ്യാലയങ്ങളും കാര്‍ഷിക സാംസ്‌കാരിക കേന്ദ്രങ്ങളുടെ വിളനിലയങ്ങള്‍ ആക്കുക എന്നതും സുസ്ഥിര ലക്ഷ്യമിട്ടു. ഇതിന്റെ ഭാഗമായി ജൈവ വൈവിധ്യ – ഉര്‍ജ്ജ പാര്‍ക്കുകള്‍ സ്ഥാപിച്ചു. വനം വകുപ്പുമായി സഹകരിച്ചുകൊണ്ട് എല്ലാ സ്കൂളിലും നക്ഷത്ര വന പാര്‍ക്കുകള്‍ സ്ഥാപിച്ചു. ലോക പരിസ്ഥിതി ദിനത്തില്‍ 60 കേന്ദ്രങ്ങളില്‍ 27 നക്ഷത്ര വൃക്ഷം നട്ടുപിടിപ്പിച്ചുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാഷ് തുടങ്ങിയ പ്രമുഖര്‍ ഇതിന്‍റെ ഭാഗമാകാന്‍ വിവിധ കേന്ദ്രങ്ങളില്‍ അണി നിരന്നു. കാര്‍ഷിക സര്‍വകലാശാല, വനംവകുപ്പ് എന്നിവയുമായി സഹകരിച്ചുകൊണ്ട് എല്ലാ സ്കൂളിലും ജൈവ രജിസ്റ്റര്‍ തയ്യാറാക്കി. എല്ലാ സ്കൂളുകളോടും ചേര്‍ന്ന് വിവധ നെല്‍വിളകള്‍, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്തു. മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും എനര്‍ജി മാനേജ്മെന്റ്റ് സെന്റെറിന്റെ സഹകരണത്തോടെ ഉര്‍ജ്ജ ക്ലബ്‌ സ്ഥാപിച്ചുകൊണ്ട് ഉര്‍ജ്ജ സംരക്ഷണത്തിന്റ്റെ പ്രാധാന്യം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു.

ക്യാമ്പസ് തന്നെ പാഠപുസ്തകം

ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന മുദ്രാവാക്യത്തില്‍ മണ്ഡലത്തില്‍ എല്ലാ സ്കൂളുകളും മാറ്റുക എന്നതും സുസ്ഥിര ഇ- ലേണിംഗ് പദ്ധതി വിഭാവനം ചെയ്തിരുന്നു. അതിനായി മണ്ഡലത്തിലെ മാതൃക വിദ്യാലയം എന്ന നിലയില്‍ മലയോര പിന്നോക്ക മേഖലയായ മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ സംസ്ഥാനത്തെ തന്നെ മികച്ച എല്‍.പി സ്കൂള്‍ ആയി മാറ്റാന്‍ സുസ്ഥിര ഇ- ലേണിംഗ് പദ്ധതിയുടെ ഭാഗമായിസാധിച്ചു. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് കോടാലി എല്‍ .പി സ്കൂള്‍. പരുന്ത്, വിവിധ തരം പ്രാവുകള്‍, ഗിനി വര്‍ഗ്ഗത്തില്‍ പെട്ട വിവിധ കോഴികള്‍ തുടങ്ങിയ പക്ഷികളും സസ്യങ്ങളും അടക്കം 300 ജീവി –സസ്യ വര്‍ഗ്ഗങ്ങളാണ് ഇന്ന് കോടാലി സ്കൂളില്‍ ഉള്ളത്. ഇവയുടെ വിവരങ്ങള്‍ അടങ്ങിയ ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിയിട്ടുണ്ട്. 2007ല്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകളെയും പോലെ അടച്ചു പൂട്ടേണ്ട അവസ്ഥയിലായിരുന്നു ഗ്രാമീണ മലയോര മേഖലയിലെ ഈ സര്‍ക്കാര്‍ സ്ഥാപനം.ഓട്ടിസം പാര്‍ക്ക്‌

കുട്ടികളില്‍ ബുദ്ധി വികാസവുമായി ബന്ധപ്പെട്ട് കാണുന്ന മാനസിക വ്യതിയാനമാണ് ഓട്ടിസം. മരുന്നുനൽകിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാൽ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നു മേഖലകളിൽ പരിശീലനം നൽകുകയാണ് ഓട്ടിസത്തിന്റെ പ്രധാന ചികിത്സ. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടർ പഠനം തുടങ്ങിയ മേഖലകളിൽ ഇവർക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അവ വളർത്താൻ പരമാവധി അവസരങ്ങൾ ഒരുക്കിക്കൊടുക്കണം. സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധ്യതയുള്ള ഈ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ചെങ്ങാലൂര്‍ എല്‍ പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം പാര്‍ക്ക്‌ ലക്ഷ്യമിടുന്നത്. സര്‍വ ശിക്ഷ അഭിയാന്‍ കൊടകര ബി .ആര്‍ .സി യുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം പിന്നിടുന്ന ഓട്ടിസം പാര്‍ക്കില്‍ പുതുക്കാട് നിയോജക മണ്ഡലത്തിലെ വിവധ സ്കൂളുകളില്‍ നിന്ന് 15 ഓളം കുട്ടികള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ട് . സുസ്ഥിര ഇ- ലേണിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 3 ലക്ഷം രൂപ കൊണ്ടാണ് കെട്ടിടം നിര്‍മ്മിച്ചത്‌. സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്ന ഇത്തരം കുട്ടികള്‍ അവരുടെ കഴിവുകളില്‍ പിന്തള്ളപ്പെട്ടേക്കാം അവരുടെ കഴിവുകള്‍ കണ്ടെത്തി പരിശീലനം നല്‍കാന്‍ രണ്ടു പരിശീലകരെ എസ്.എസ്. എ. നിയമിച്ചിട്ടുണ്ട്. കൂടാതെ തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടറുടെ സേവനവും ഒരു ആയുര്‍വേദ ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി കൌണ്‍സലിംഗ്, ഒക്ക്യുപേഷനല്‍ തെറാപ്പി എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പാഠപുസ്തക വിഷയങ്ങള്‍ വിവധ പ്രവര്‍ത്തന മാതൃകകള്‍ തയ്യാറാക്കി പ്രാഥമികപരിശീലനം നല്‍കുന്നു . പ്രാഥമിക പരിശീലനം കഴിഞ്ഞ കുട്ടികളെ അവരുടെ കഴിവും ശേഷിയും മനസിലാക്കി പുതിയ ജീവിതത്തിനു തയ്യാറാക്കുന്ന വിധം പദ്ധതികള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചുകൊണ്ട് സുസ്ഥിര പദ്ധതിയുടെ അടുത്ത ഘട്ടം ലക്ഷ്യമിടുകയാണ്.

സുസ്ഥിര ലേണിംഗ് റിസോഴ്സ് സെന്‍റെര്‍

പുതുക്കാട് മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനും അകാദമിക് പ്രവര്‍ത്തനത്തിനും മാര്‍ഗ നിര്‍ദേശം നല്‍കാനായി സെന്റ്‌ തോമസ്‌ കോളേജ് തൃശ്ശൂര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലശാല, ഡിസ്ട്രിക്റ്റ് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലേണിംഗ് റിസോഴ്സ് സെന്‍റെര്‍ പ്രവര്‍ത്തനം നടത്തുന്നു. മണ്ഡലത്തിലെ കുട്ടികള്‍ക്ക് ദേശീയ തലത്തിലെ മത്സരങ്ങള്‍ക്ക് പരിശീലനം, സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിക്കൊണ്ട് അവരെ അത് നേടിയെടുക്കാന്‍ പ്രാപ്തരാക്കുക, വിദ്യാഭ്യാസ വിദഗ്ദരുടെ സെമിനാറുകള്‍, ചര്‍ച്ചകള്‍, എന്ട്രന്‍സ് പരിശീലന പരിപാടി, കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലന പരിപാടികള്‍, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ്ഹി ന്ദി തുടങ്ങിയ ഭാഷ പഠന ക്ലാസ്സുകളും സെന്‍റര്‍ സംഘടിപ്പിച്ചു വരുന്നു.സ്റ്റാറ്റിക് ഐ.പി സെര്‍വര്‍, മൂഡില്‍ പഠനസഹായ സംവിധാനം

സുസ്ഥിര വികസന പദ്ധ്വതിയുടെ ഭാഗമായി വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനസഹായ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. മണ്ഡലത്തിലെ ആകെയുള്ള 79 പൊതു പള്ളിക്കൂടങ്ങളേയും ബന്ധപ്പെടുത്തിയാണു് ഈ പദ്ധതി പ്രവർത്തിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‍വെയറായ മൂഡില്‍ എന്ന പഠനസഹായ സംവിധാനമുപയോഗിച്ച് വികസിപ്പിച്ചിരിക്കുന്ന ഈ സംവിധാനത്തിലൂടെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ഗ്രാമീണ വായനശാലകൾ, പ്രദേശിക സാസ്കാരിക കേന്ദ്രങ്ങൾ എന്നിവയെ കണ്ണിച്ചേർത്തിരിക്കുന്നു.

ഇന്റർനെറ്റിൽ സ്വതന്ത്ര വിജ്ഞാന പ്രവർത്തകർ പൊതു ഉപയോഗാനുമതിയോടെ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വതന്ത്ര ഉള്ളടക്കങ്ങൾ ഈ സംവിധാനത്തിൽ നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. വിക്കിമീഡിയ വെബ്സൈറ്റിലുള്ള വിജ്ഞാനപ്രദമായ ചിത്രങ്ങളും, ചലച്ചിത്രവും, ശബ്ദരേഖയും വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ പ്രത്യേക സംവിധാനം ലഭ്യമാണ്. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടമായി വിക്കിത്താളുകളും ഉണ്ടാക്കാം.

നമ്മുടെ നാട്ടില്‍ ലഭ്യമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ള സെര്‍വര്‍ കമ്പ്യൂട്ടറിലാവും വെബ്സൈറ്റ് പ്രവര്‍ത്തിക്കുക. ഇത് സ്കൂളിന്റെയും നാടിന്റെയും സാങ്കേതിക മികവിന് വഴിയൊരുക്കും. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വികസിപ്പിച്ചത് കെല്‍ട്രോണിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിസിനസ്സ് ഗ്രൂപ്പാണ്.

വിവധ വിഷയങ്ങള്‍ ഈ സംവിധാനത്തിലൂടെ സ്കൂളുകളിലും അതുപോലെ കുട്ടികളുടെ വീടുകളിലും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷ പഠന സഹായി വീഡിയോ ഡിസ്ട്രിക്റ്റ് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് എന്ന സ്ഥാപനത്തിന്‍റെ സഹായത്തോടെ നിര്‍മ്മിച്ചു. സുസ്ഥിര മൂഡില്‍ പഠന സഹായ സംവിധാനത്തിലൂടെ അപ്‌ലോഡ്‌ ചെയ്തുകൊണ്ടാണ് അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വികസിത രാജ്യങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം കേട്ടിടുള്ള വിര്‍ച്വല്‍ ക്ലാസ്സ്‌ മുറി എന്ന ലോകോത്തര നിലവാരത്തിലേക്ക് പുതുകാട് മണ്ഡലത്തിലെ ലോവര്‍ പ്രൈമറി മുതല്‍ ഹയർ സെക്കൻറ്ററി തലം വരെയുള്ള പൊതു വിദ്യാലയങ്ങള്‍ വളരുന്നു എന്നത് സുസ്ഥിര ഇ-ലേര്‍ണിംഗ് പദ്ധതിയുടെ മറ്റൊരു പൊന്‍ തൂവലാണ്.

(തൃശ്ശൂര്‍ സെന്റ്‌:തോമസ്‌ കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

* പ്രൊഫ. സി രവീന്ദ്രനാഥിന്റെ ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories