TopTop
Begin typing your search above and press return to search.

വിരമിക്കേണ്ടതെപ്പോഴെന്ന് മികച്ച കളിക്കാര്‍ക്കറിയാം- രവി ശാസ്ത്രി/അഭിമുഖം

വിരമിക്കേണ്ടതെപ്പോഴെന്ന് മികച്ച കളിക്കാര്‍ക്കറിയാം- രവി ശാസ്ത്രി/അഭിമുഖം

എം എസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒട്ടും വൈകാതെ തന്നെ ഞാന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്റെ മെസേജിന് മറുപടിയായി പുതുവര്‍ഷത്തിലെ ആദ്യ ദിനം തന്നെ രവി ശാസ്ത്രി തിരിച്ചു വിളിച്ചു. സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ടുമൊത്ത് ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു അപ്പോള്‍. ഒരാഴ്ചയോളം ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രക്ഷുബ്ധമാക്കിയ ബാധിച്ച നിരവധി ചോദ്യങ്ങളോട് രവി ശാസ്ത്രി പ്രതികരിച്ചു.

അയാസ് മേമന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഞെട്ടിക്കുന്നതായിരുന്നു. താങ്കളും അതുപോലെ തന്നെ ഡ്രസിങ് റൂമിലുണ്ടായിരുന്നവരും പ്രഖ്യാപനം എങ്ങനെയാണ് ഉള്‍ക്കൊണ്ടത്?
രവി ശാസ്ത്രി: ഞങ്ങളെല്ലാവരും തന്നെ സ്തബ്ധരായിപ്പോയി.

അയാസ്: തീര്‍ച്ചയായും എന്തെങ്കിലും സൂചനകള്‍ ലഭിച്ചിരിക്കുമല്ലോ; അപ്രതീക്ഷിതമായി പറഞ്ഞ വാക്കുകളോ അല്ലെങ്കില്‍ ശരീര ഭാഷയോ മറ്റോ..
രവി: അങ്ങനെ ഒരു സൂചനയുമില്ലായിരുന്നു. പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. കളിക്കു ശേഷമുള്ള പ്രസന്റേഷന്‍ കഴിഞ്ഞ് ധൃതിയില്‍ എന്നോട് വന്ന് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാനറിയുന്നത്. അതിനു ശേഷം ബാക്കി കളിക്കാരും. അതിന് മുമ്പ് വീട്ടുകാരോട് പോലും ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അയാസ്: പരമ്പരയ്ക്കിടയില്‍ വെച്ച് വിരമിച്ചതിനെക്കുറിച്ച് ശക്തവും വ്യത്യസ്തവുമായ അഭിപ്രായങ്ങളാണല്ലോ ഉണ്ടായിരിക്കുന്നത്? അത്തരത്തിലുള്ള അഭിപ്രായങ്ങളെ എങ്ങനെ കാണുന്നു?
രവി: വിരമിക്കുക എന്നത് ഏറ്റവും വ്യക്തിപരമായ കാര്യമാണ്. എപ്പോഴാണ് കളി നിര്‍ത്തേണ്ടതെന്ന് മികച്ച കളിക്കാര്‍ക്കറിയാം. ആരാണ് അതിനെ ചോദ്യം ചെയ്യാന്‍ പോകുന്നത്.അയാസ്: അപ്പോള്‍ താങ്കള്‍ ധോണിയുടെ തീരുമാനത്തോട് യോജിക്കുന്നുവെന്നാണോ?
രവി: അതൊരു അപ്രതീക്ഷിത തീരുമാനമായിരുന്നുവെന്നതില്‍ സംശയമൊന്നുമില്ല. അതേസമയം ആ തീരുമാനം ധീരവുമായിരുന്നു. ധോണിയെക്കുറിച്ച് എനിക്കുള്ള മതിപ്പ് വളരെ കൂടിയിട്ടേയുള്ളൂ. 100 ടെസ്റ്റുകള്‍ തിക്കയ്ക്കുക എന്നതു പോലുള്ള നിസ്സാരമായ കാര്യങ്ങള്‍ക്കായൊന്നും അദ്ദേഹം കാത്തുനിന്നില്ല. അദ്ദേഹത്തിന് വിടവാങ്ങല്‍ ചടങ്ങിലും താത്പര്യമില്ലായിരുന്നു. അത് കാണിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. അദ്ദേഹം വളരെ വ്യത്യസ്തനാണ്, അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടേണ്ടയാളും.

അയാസ്: പക്ഷെ ക്യാപ്റ്റനാകാന്‍ താത്പര്യമില്ലെങ്കില്‍ക്കൂടി ധോണിക്ക് അവസാന ടെസ്റ്റില്‍ കളിക്കാമായിരുന്നു...
രവി: തന്നോടും ടീമിനോടും താന്‍ നീതി പുലര്‍ത്തുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നി. അക്കാര്യം ആദരവര്‍ഹിക്കുന്നുവെന്നതില്‍ ഒരു സംശയവും വേണ്ട.

അയാസ്: വിരാട് കോഹ്‌ലിയുടെ സ്വാധീനശക്തി കൂടിക്കൊണ്ടിരിക്കുന്നത്, കോഹ്‌ലിക്ക് താങ്കളുടെ തുറന്ന പിന്തുണ ലഭിക്കുന്നത്, അതുകാരണം ഡ്രസിങ് റൂമിലെ അധികാര സമവാക്യങ്ങള്‍ക്ക് മാറ്റമുണ്ടായത്.. ഇതൊക്കെയാണ് ധോണിയെ വിരമിക്കല്‍ തീരുമാനത്തിലെത്തിച്ചിരിക്കുക എന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്.
രവി: ആ അസംബന്ധം ഞാനും കേട്ടിരുന്നു. അതൊരു അസംബന്ധം മാത്രമാണ്.

അയാസ്: ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലും ധോണിയും കോഹ്‌ലിയും തമ്മില്‍ ഉരസലുകളുണ്ടായിരുന്നില്ലേ?
രവി: വിരാടില്‍ നിന്ന് മാത്രമല്ല, മറ്റ് ടീമംഗങ്ങളില്‍ നിന്നും സ്റ്റാഫുകളില്‍ നിന്നും ധോണി പിടിച്ചു പറ്റുന്ന ആദരവിനെക്കുറിച്ച് നിങ്ങള്‍ക്കാര്‍ക്കും ഒരു ധാരണയുമില്ല.അയാസ്: ധോണി ഇപ്പോഴും ടീമിന്റെ കൂടെത്തന്നെയുണ്ടോ?
രവി: അദ്ദേഹം ഓസ്‌ട്രേലിയയില്‍ തന്നെയുണ്ടാകും പക്ഷെ ടീമിന്റെ കൂടെയില്ല.

അയാസ്: വൃദ്ധിമാന്‍ സാഹയുടെ സ്റ്റാന്‍ഡ്ബൈയാണ് ധോണിയെന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ...
രവി: ആവശ്യമാണെങ്കില്‍ തീര്‍ച്ചയായും.

അയാസ്: ടെസ്റ്റ് കളിക്കാരനായ ധോണിയെ താങ്കളെങ്ങനെയാണ് വിലയിരുത്തുന്നത്?
രവി: ധോണി ഏറ്റവും മികച്ച ഇന്ത്യന്‍ ക്രിക്കറ്ററാണോ അല്ലയോ എന്നത് സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകാം. എന്നാല്‍ എന്നെ സംബന്ധിച്ച ധോണി മറ്റാരെക്കാളും ചെറുതല്ല.

അയാസ്: താങ്കളെ സംബന്ധിച്ച് എന്താണ് ധോണിയെ വ്യത്യസ്തനാക്കുന്നത്?
രവി: ധോണിയുടെ ആത്മസംയമനമാണ് അദ്ദേഹത്തെ ഒരു താരമാക്കിയത്. ക്യാപ്റ്റനെന്ന രീതിയില്‍ തന്റെ ഈഗോയെ കൈകാര്യം ചെയ്യുന്ന രീതി, പ്രകടനത്തിലെ സ്ഥിരത, പിന്നെ ക്രിക്കറ്റിനായുള്ള പരിപൂര്‍ണ സമര്‍പ്പണം. സത്യത്തില്‍ എല്ലാ തരത്തിലും ഒരു ദശാബ്ദത്തോളം ധോണി കാഴ്ചവെച്ച പെരുമാറ്റമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അല്ലാ, നിങ്ങളുടെ ചോദ്യങ്ങള്‍ ഇതൊരു മരണവാര്‍ത്തപോലെ തോന്നിപ്പിക്കുന്നല്ലോ. അദ്ദേഹമിപ്പോഴും നമ്മുടെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരു രാജാവായി തുടരാനുള്ളതെല്ലാം ധോണിയില്‍ ഇപ്പോഴും ബാക്കിയുണ്ട്.

അയാസ്: കോഹ്‌ലി പൂര്‍ണനിയന്ത്രണമേറ്റെടുക്കുമ്പോള്‍ ഡ്രസ്സിങ് റൂം സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമല്ലോ. ധോണിയും കോഹ്‌ലിയും തമ്മിലുള്ള വലിയ അന്തരങ്ങള്‍ കളിക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ലേ?
രവി: ഞാനങ്ങനെ കരുതുന്നില്ല. എന്റെ കാലത്ത് ഞാന്‍ ഒരുപാട് ക്യാപ്റ്റന്‍മാരുടെ കീഴില്‍ കളിച്ചിട്ടുണ്ട്. അവരാരും തന്നെ ഒരുപോലുള്ളവരായിരുന്നില്ല. ക്യാപ്റ്റന്മാര്‍ക്ക് അവരുടേതായ വ്യക്തിത്വമുണ്ടാകും. തങ്ങളുടെ ചിന്തകള്‍ക്കും രീതികള്‍ക്കും അനുസരിച്ച് മറ്റുള്ളവരെ മാറ്റുക എന്നുള്ളതാണ് മികച്ച ക്യാപ്റ്റന്മാര്‍ ചെയ്യുക.അയാസ്: പെട്ടെന്ന് ചൂടാകുന്നവര്‍ക്ക് ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെ പ്രവചനാതീതമാക്കാനും കഴിയും. ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ കോഹ്‌ലിയും ശിഖര്‍ ധവാനും തമ്മിലെന്താണ് സത്യത്തില്‍ സംഭവിച്ചത്?
രവി: നിങ്ങളുടെ വര്‍ഗത്തില്‍പ്പെട്ട ചിലര്‍ സിനിമയ്ക്ക് തിരക്കഥയെഴുതുന്നുണ്ടാകണം. അത് ശുദ്ധ അസംബന്ധമാണ്. അവര്‍ രണ്ടുപേരും തമ്മില്‍ ഒരു വാക്കു പോലും മിണ്ടിയിട്ടില്ല. കോഹ്‌ലി ടീമിന്റെ ഭാഗമായിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷമായി. ടീമംഗങ്ങളെല്ലാം കോഹ്‌ലിയുമായി ഇടപഴകി പരിചയമുള്ളവരാണ്. അണ്ടര്‍ -19 തൊട്ട് കോഹ്‌ലിയുടെ കൂടെ കളിച്ചവരാണ് മിക്കവരും.

അയാസ്: കോഹ്‌ലിയുടെ അക്രമണോത്സുകതയെ താങ്കള്‍ പ്രശംസിച്ചിട്ടുണ്ട്. പക്ഷെ ഓസ്‌ട്രേലിയക്കാരെക്കുറിച്ച് പ്രത്യേകിച്ച് ജോണ്‍സണെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഒരാവശ്യവുമില്ലാത്ത തരത്തിലുള്ള പ്രകോപനങ്ങളായിട്ടാണ് തോന്നിയത്..
രവി: അതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. കോഹ്‌ലി അക്രമോത്സുകതയുള്ള എളുപ്പം ക്ഷോഭിക്കുന്നയാളാണ്. മനസ്സില്‍ തോന്നുന്നത് അതുപോലെ പ്രകടിപ്പിക്കുന്നയാളാണ്. പക്ഷെ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരാള്‍ കൂടിയാണ് കോഹ്‌ലി. അദ്ദേഹത്തിന് 26 വയസ്സ് മാത്രമേ ആയിട്ടുള്ളൂവെന്ന് ഓര്‍ക്കണം, ക്യാപ്റ്റന്‍സിയുമായി പഴകി വരുന്നതേയുള്ളൂ.

അയാസ്: വീമ്പുപറച്ചിലുകള്‍ക്കിടയിലും അമിതമായ ആവേശപ്രകടനങ്ങള്‍ക്കിടയിലും ഇന്ത്യക്ക് പരമ്പര നഷ്ടപ്പെട്ടു. അക്കാര്യം താങ്കളെ അസ്വസ്ഥപ്പെടുത്തുന്നില്ലേ?
രവി: ഒരിക്കലുമില്ല. ചെറിയൊരു ഭാഗ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ സ്‌കോര്‍ ലൈനില്‍ വലിയ വ്യത്യാസങ്ങളുണ്ടാകുമായിരുന്നു. പ്രാപ്തരാണെന്ന് തെളിയിച്ച എന്നാല്‍ പരിചയസമ്പന്നതയില്ലാത്ത ടീമാണ് ഇന്ത്യയുടേത്.

അയാസ്: പുതിയ കളിക്കാരെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയയും ഇത്തരത്തിലൊരു അഴിച്ചുപണിയുടെ പാതയിലാണല്ലോ.
രവി: ശരിയാണ്, പക്ഷെ കൂടുതല്‍ പരിചയ സമ്പന്നമായ ബൗളിങ് നിരയാണ് അവരുടേത്. അതാണ് ഏറ്റവും വലിയ വ്യത്യാസം.

അയാസ്: വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ സാധ്യതകളെന്തൊക്കെയാണ്?
രവി: കഠിനാദ്ധ്വാനത്തിന്റെ ദിനങ്ങളാണ് മുന്നിലുള്ളതെന്നതില്‍ സംശയമില്ല. തുടര്‍ച്ചയായി 20 വിക്കറ്റ് നേടാന്‍ കഴിയുന്ന ബൗളര്‍മാരെ കിട്ടുക അല്ലെങ്കില്‍ ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ പടി. എന്നാല്‍ ഞാന്‍ വളരെയധികം ആത്മവിശ്വാസത്തിലാണ്. ആക്രമണോത്സുകമായ ചിന്താഗതി നമുക്കിപ്പോഴുണ്ട് എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 12-15 മാസം കഴിഞ്ഞ് സംസാരിക്കാം.


Next Story

Related Stories