ബിബിന്‍ ബാബു
രവിചന്ദ്രന്‍ അശ്വിന്, ഒട്ടേറെ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും നടുവില്‍ നിന്നാണ് ഈ തമിഴ്നാട്ടുകാരന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ നിരയിലേക്ക് കുതിക്കുന്നത്. ക്ഷമിക്കണം ഇനി ഇദ്ദേഹത്തെ ഒരു ബൗളര്‍ മാത്രമായി ഒതുക്കി നിര്‍ത്താമോ? ഒരിക്കലും സാധിക്കില്ല. അവസരം ലഭിച്ചപ്പോഴൊക്കെ ബൌളിംഗ് മാത്രമല്ല ബാറ്റിംഗും തനിക്ക് വഴങ്ങും എന്ന് തെളിയിക്കുന്നുമുണ്ട് തമിഴ്നാട് ക്രിക്കറ്റ് ടീമിന്റെ ഈ ഓള്‍റൗണ്ടര്‍.
ഒരു ഓള് റൗണ്ടര്‍ സ്ഥാനം ഇന്ത്യന്‍ ടീമില്‍ എക്കാലവും ഒഴിഞ്ഞു കിടന്നിരുന്നു. ജാക്വസ് കാലിസിനെയോ ഷെയിന്‍ വാട്സണെയോ പോലൊരു കളിക്കാരന് അടുത്ത കാലത്ത് ഇന്ത്യക്ക് ഉണ്ടായിട്ടില്ല. കപില്‍ ദേവും യുവരാജ് സിംഗും അതിനു അപവാദമാണെങ്കിലും. അശ്വിന് ഓള് റൗണ്ടര്‍ എന്ന നിലയില്‍ വലിയ നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടുന്നില്ല. ബൗളര്‍ എന്ന നിലയിലെ നേട്ടങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരികള്‍ വളരെ താഴെയാണ് താനും. പക്ഷെ ഏറ്റവും ശ്രദ്ധേയമായ നേട്ടം ടെസ്റ്റ് ഓള് റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം അശ്വിന് കൈവരിച്ചു എന്നതാണ്.
ഇന്ന് ഏകദിനത്തില്‍ ഇന്ത്യ ഓള് റൗണ്ടര്‍ ആയി പരിഗണിക്കുന്ന രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് നിലവാരം നാം പലവുരു കണ്ടുകഴിഞ്ഞു. ( അദ്ദേഹം ഒരു ബാറ്റ്സ്മാനായാണ് ക്രിക്കറ്റില്‍ ആദ്യം അറിയപ്പെട്ടത്.) ഈ അവസ്ഥയിലാണ് അശ്വിനെ എങ്ങനെ ഉപയോഗിക്കണമെന്ന് ചിന്തിക്കേണ്ടത്. ഉയര്‍ന്ന വേഗവും ശാരീരികക്ഷമതയും ആവശ്യമുള്ള ഏകദിനങ്ങളിലും ട്വന്റി ട്വന്റികളിലും അശ്വിന് ഇനിയും താന്‍ ഒരു ഫിറ്റ് കളിക്കാരനാണെന്ന് തെളിയിക്കേണ്ടതുണ്ട്. ഫീല്‍ഡില്‍ അശ്വിന്റെ ചലനങ്ങള്‍ ഏറെ പരിഹാസങ്ങളേറ്റു വാങ്ങിയതുമാണ്.
ഈ ഘട്ടത്തിലും ടെസ്റ്റില്‍ ഒരു ബാറ്റ്സ്മാന് എന്ന നിലയിലുള്ള അശ്വിന്റെ വളര്‍ച്ച പ്രശംസ അര്‍ഹിക്കുന്നതാണ്. അദ്ദേഹം ആദ്യമായി ബാറ്റിംഗ് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിച്ചത് കരിയറിലെ മൂന്നാം ടെസ്റ്റിലാണ്. മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ സുന്ദരമായ ഒരു സെഞ്ച്വറി. അന്ന് ഒരു വാലറ്റക്കാരന്റെ ധീര പ്രകടനമായേ അതിനെ എല്ലാവരും ശ്രദ്ധിച്ചുള്ളു. രണ്ട് വര്‍ഷത്തിന് ശേഷം കൊല്‍ക്കത്തയില്‍ വീണ്ടും അശ്വിന് മൂന്നക്കം കടന്നു. അന്നും എതിരാളികള്‍ വിന്‍ഡീസ് തന്നെ. അന്ന് നേടിയത് 124 റണ്‍സ്.
ഈ രണ്ട് സെഞ്ച്വറികളും ശ്രദ്ധിക്കേണ്ട കാര്യം ഒരു എട്ടാം നമ്പര്‍ ബാറ്റ്സ്മാനായി ഇറങ്ങിയുള്ള പ്രകടനങ്ങളായിരുന്നു ഇവ രണ്ടും. ലോകം കണ്ട മികച്ച ബാറ്റ്സ്മാന്മാര് അന്ന് കളിച്ചിരുന്നതിനാല്‍ ഒരു സ്ഥാനക്കയറ്റം അശ്വിന് സ്വപ്നങ്ങള്‍ക്കും മേലയായിരുന്നു. അശ്വിന്റെ പ്രതിഭയില്‍ വിശ്വാസമര്‍പ്പിച്ച് ഒരു സ്പെഷ്യലിസ്റ്റ് ബൗളറെ കൂടി ഉള്‍പ്പെടുത്താന്‍ കോഹ്ലി കാണിച്ച ധൈര്യം ഒരു ഓള്‍റൗണ്ടറെ ഇന്ത്യക്ക് സമ്മാനിച്ചിരുന്നു.
കരീബിയന്‍ മണ്ണില്‍ തന്റെ ആദ്യ സെഞ്ച്വറി കുറിച്ചതിന്റെ നന്ദി അശ്വിന് കോഹ്ലിക്ക് കൊടുത്തതും സാഹക്ക് മുന്പില് തന്നെ ആറാം നമ്പറില്‍ ഇറക്കാന്‍ കാണിച്ച ധൈര്യത്തിനാണ്. ടെസ്റ്റില്‍ അശ്വിന്റെ ആവറേജ് 33.77 ആണ്. ഇത്രയും നാള് എട്ടാം നമ്പറില്‍ ഇറങ്ങിയ ഒരു കളിക്കാരന്റെ ഈ ആവറേജ് അയാളുടെ പ്രതിഭയുടെ നേര്‍കാഴ്ചയാണ്.
ഇത്രയും നേരം പറഞ്ഞത് അശ്വിന്റെ ബാറ്റിങ്ങിനെ കുറിച്ചാണ്. ബൗളിങ്ങിനെ കുറിച്ച് ചര്‍ച്ച ചെയ്യാണോ എന്ന് തന്നെ സംശയമാണ്. 18 ടെസ്റ്റില്‍ 100 വിക്കറ്റ് എന്ന ഒറ്റ നേട്ടം മതി അദ്ദേഹത്തെ അടയാളപ്പെടുത്താന്‍. ഐസിസിയുടെ ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തും ഈ എഞ്ചിനീയറിംഗ് ബിരുദധാരി തന്നെയാണ്.
കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെ പ്രഭയ്ക്ക് മുന്നില്‍ മങ്ങിപ്പോകരുത് അശ്വിന്റെ നേട്ടം. ഫീല്‍ഡ് ചെയ്യാനാറിയാത്തവന്, ക്യാച്ചെടുക്കാന്‍ അറിയാത്തവന് എന്നിങ്ങനെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും വിശ്വാസത്തില്‍ എടുക്കാന്‍ കഴിയാവുന്ന ഒരു ഓള്‍റൗണ്ടര്‍ ആയി അശ്വിന് മാറുമെന്ന് പ്രതീക്ഷിക്കാം.
ഇപ്പോള്‍ വിന്‍ഡീസിന് ഇന്ത്യക്കാരില്‍ ഏറ്റവും പേടി കേഹ്ലിയെയോ ധവാനെയോ ഒന്നുമല്ല. അത് അശ്വിനാണത്രേ. എങ്ങനെ പേടിക്കാതിരിക്കും വിന്‍ഡീസിനെ കണ്ടാല്‍ അപ്പോള്‍ അശ്വിന് സെഞ്ച്വറി നേടിക്കളയും.
(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ലേഖകന്‍)