TopTop

ആര്‍ബിഐയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍

ആര്‍ബിഐയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍
മറ്റെന്താക്ഷേപം ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ ജോലി ചെയ്യാനറിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ കുറിച്ച് ആരും ഇതുവരെ ആരോപണം ഉന്നയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കേന്ദ്ര ബാങ്ക് അതിന്റെ വിശ്വാസ്യത ഇത്രകാലവും നിലനിറുത്തിയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷമുള്ള കാലയളവിലെ ആര്‍ബിഐയുടെ നടപടികള്‍ ഈ വിശ്വാസ്യത കാക്കുന്ന രീതിയിലായിരുന്നോ? ചോദ്യം ചോദിക്കുന്നത് മുന്‍ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ഉഷ തോറാട്ട് ആണ്. അല്ല എന്നാണ് അവര്‍ നല്‍കുന്ന ഉത്തരം. പല നടപടികളും ആര്‍ബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്നതായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ആര്‍ബിഐയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സഹായിക്കുന്ന ആറ് നടപടികള്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

നോട്ട് നിരോധനത്തിന് ശേഷം നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായിരുന്നു ആര്‍ബിഐ പുറത്തിറക്കിയത്. ഇതില്‍ പലതും പരസ്പരവിരുദ്ധമായിരുന്നു. അതീവരഹസ്യമായ നടപടിയായതിനാല്‍ പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം ആവശ്യത്തിന് പുതിയ നോട്ടുകള്‍ സംഭരിക്കാന്‍ ആര്‍ബിഐയ്ക്ക് സാവകാശം ലഭിച്ചില്ല എന്ന് വാദിക്കുന്നവരുണ്ട്. അതോടൊപ്പം അനിതര സാധാരണമായ നടപടിയായതിനാല്‍ പ്രത്യാഘാതങ്ങളെല്ലാം മുന്‍കൂട്ടിക്കാണുക അസാധ്യമായിരുന്നു എന്നും ആര്‍ബിഐ നടപടികളെ പിന്തുണയ്ക്കുന്നവര്‍ ന്യായവാദം ഉന്നയിക്കുന്നു.

എന്നാല്‍ ഇതിനെല്ലാം ഉപരിയായി കാര്യങ്ങള്‍ കുറെക്കൂടി ഭംഗിയായി കൈകാര്യം ചെയ്യാന്‍ ആര്‍ബിഐയ്ക്ക് സാധിക്കുമായിരുന്നില്ലെ? തയ്യാറെടുപ്പുകള്‍ക്കായി കുറച്ച് സമയം കൂടി ആര്‍ബിഐയ്ക്ക് നല്‍കാമായിരുന്നില്ലെ? അതുവരെ നല്‍കിയിരുന്ന വാഗ്ദാനങ്ങളെല്ലാം പിന്‍വലിച്ചുകൊണ്ട് ഡിസംബര്‍ 19ന് ഇറക്കിയ സര്‍ക്കുലര്‍ ഒഴിവാക്കാമായിരുന്നില്ലെ? അസാധാരണമായ ക്ഷമാശീലത്തോടെ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. എങ്കിലും കള്ളപ്പണക്കാര്‍ പിടിക്കപ്പെട്ടു എന്ന മാധ്യമവാര്‍ത്തകള്‍ അവരെ സന്തുഷ്ടരാക്കുന്നു. എന്നാല്‍ താന്‍ ക്യൂവിന് മുന്നിലെത്തുമ്പോള്‍ നോട്ട് തീര്‍ന്നു എന്നറിയുമ്പോഴത്തേക്കാള്‍ അവര്‍ കുപിതരാവുന്നത് രാജ്യത്തെ ചില ഉന്നതരില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുക്കുന്നു എന്നറിയുമ്പോഴാണ്. നോട്ട് രഹിത സമ്പദ് വ്യവസ്ഥ നല്ല ആശയമാണ്. പക്ഷെ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളില്‍ അതിനുള്ള സൗകര്യങ്ങള്‍ എത്തുന്നതുവരെയുള്ള ദീര്‍ഘകാലയളവില്‍ നോട്ടുകള്‍ തന്നെ വേണം.

ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുന്നതിനുമായി ആര്‍ബിഐയ്ക്ക് എന്തൊക്കെ അടിയന്തിരമായി ചെയ്യാം എന്നാണ് ആലോചിക്കേണ്ടത്. കൂടുതല്‍ സുതാര്യത കൈവരിക്കാനുള്ള നടപടികളാണ് ആര്‍ബിഐ ആദ്യം സ്വീകരിക്കേണ്ടതെന്ന് അവര്‍ വാദിക്കുന്നു. പുതുതായി ഇറക്കിയ നോട്ടുകളെയും ബാങ്കുകളില്‍ തിരിച്ചെത്തിയവയെയും സംബന്ധിച്ച കണക്കുകള്‍ ആര്‍ബിഐ പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഈ കണക്കുകളില്‍ നോട്ടുകളുടെ എണ്ണവും അവയുടെ മുല്യവും തമ്മില്‍ ഒത്തുപോകുന്നില്ല. തിരിച്ചെത്തിയ പഴയ നോട്ടുകള്‍ ആവര്‍ത്തിച്ച് എണ്ണപ്പെടുന്നുണ്ടോ എന്ന സംശയം വ്യാപകമാണ്. അതുകൊണ്ട് തിരിച്ചുവന്ന നോട്ടുകളുടെയും അവയുടെ മുല്യങ്ങളെയും കുറിച്ചുള്ള കണക്കുകള്‍ കൂടുതല്‍ സുതാര്യമായി പൊതുജനങ്ങളെ അറിയിക്കേണ്ടതുണ്ട്.

മാധ്യമങ്ങളിലും മറ്റും സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥര്‍ ഉപയോഗിക്കണം. കൃത്യമായ ആശയവിനിമയം സുതാര്യതയും വിശ്വാസ്യതയും നിലനിറുത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

ഒരു വ്യക്തിക്ക് പ്രതിവാരം 24,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ എന്നിരിക്കെ കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകളാണ് ചില ഉന്നതര്‍ ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ ശേഖരിക്കുന്നത്. ഈ ഉദ്യോഗസ്ഥരെ കണ്ടെത്തുകയും കര്‍ശനമായി ശിക്ഷിക്കുകയും ചെയ്യണം. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യണം.

പല സംസ്ഥാനങ്ങളിലും പല മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടുകള്‍ വിതരണം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏകീകരണം ഉറപ്പുവരുത്തുകയും ഇത് സമയബന്ധിതമായി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യണം.

കള്ളനോട്ടുകള്‍ കണ്ടുപിടിക്കാനുള്ള അവസാന ചുമതല ആര്‍ബിഐ തന്നെ ഏറ്റെടുക്കണം. ഒരു വ്യക്തിക്ക് കളളനോട്ട് എളുപ്പത്തില്‍ തിരിച്ചറിയാന്‍ പാടാണ്. അതൊരു ബാങ്കിന്റെ ശാഖയില്‍ എത്തുമ്പോള്‍ മാത്രമാണ് തിരിച്ചറിയപ്പെടുക. ഇത്തരം നോട്ടുകള്‍ മാറി നല്‍കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അതാത് ബാങ്കുകള്‍ തയ്യാറാവണം. ഇവയുടെ വിശദാംശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കുമ്പോള്‍ മൊത്തം എത്ര കള്ളനോട്ടുകള്‍ രാജ്യത്തെ സാമ്പത്തികരംഗത്ത് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു എന്നതിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ ഒരു ചിത്രം ലഭിക്കും.

ബാങ്കുകള്‍ യുപിഐ (ഏകീകൃത പണമിടപാട് ഇന്റര്‍ഫേസ്) വേഗത്തില്‍ നടപ്പിലാക്കുന്നുണ്ട് എന്ന് ആര്‍ബിഐ ഉറപ്പുവരുത്തണം. ഇതിന്, എല്ലാ ഭാഷകളിലുമുള്ള പരിചയപ്പെടുത്തലും വിദ്യാഭ്യാസവും അനിവാര്യമാണ്. മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിലൂടെ ഇതില്‍ ബോധവല്‍ക്കരണം സാധ്യമാകും. യുപിഐ താഴെത്തട്ടില്‍ എത്തുന്നതിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ തന്നെ ഒരു പണരഹിത സമൂഹം എന്ന ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കും.

ഡിജിറ്റല്‍വല്‍ക്കരണം ഒരു ദിവസം കൊണ്ട് സാധ്യമാവില്ല എന്ന നിരീക്ഷണത്തോടെയാണ് ഉഷ തൊറാട്ട് ലേഖനം അവസാനിപ്പിക്കുന്നത്. അതുവരെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ആവശ്യത്തിന് പണം എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട അടിസ്ഥാന ഉത്തരവാദിത്വം ആര്‍ബിഐയ്ക്കാണെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Read More: https://goo.gl/5H15HC

Next Story

Related Stories