TopTop

ഗംഗയെ സംരക്ഷിക്കാനുള്ള സമരത്തിനിടെ അന്തരിച്ച ജിഡി അഗർവാൾ മോദിക്കയച്ച അവസാന കത്തില്‍ 'ജീവൻ അവസാനിപ്പിക്കു'മെന്ന് പറഞ്ഞിരുന്നു

ഗംഗയെ സംരക്ഷിക്കാനുള്ള സമരത്തിനിടെ അന്തരിച്ച ജിഡി അഗർവാൾ മോദിക്കയച്ച അവസാന കത്തില്‍
ഗംഗയെ പുനരുജ്ജീവിപ്പിക്കാനുള്ള വാഗ്ദാനങ്ങൾ സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപ്പാക്കണം എന്നാവശ്യപ്പെട്ട് നൂറിലേറെ ദിവസങ്ങളായി നിരാഹാരം കിടന്നിരുന്ന അഗർവാൾ വ്യാഴാഴ്ച മരിച്ചു.

ഗംഗാനദിയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനായി തന്റെ ‘മരണം വരെയുള്ള നിരാഹാരസമരത്തിൽ’ ഒക്ടോബർ 9-ന് വെള്ളം കുടിക്കുന്നത് പോലും നിർത്തിയിരുന്നു പരിസ്ഥിതി പ്രവർത്തകനും മുൻ ഐ ഐ ടി കാൺപൂർ പ്രൊഫസറുമായ ജി.ഡി. അഗർവാൾ. ഒടുവിൽ, നൂറിലേറെ ദിവസങ്ങൾ നീണ്ട നിരാഹാരത്തിനു ശേഷം അഗർവാൾ ഹൃദായാഘാതത്തിന് കീഴടങ്ങി. സംസ്ഥാന സർക്കാർ അദ്ദേഹത്തെ ബലം പ്രയോഗിച്ചു ഉത്തരാഖണ്ഡ് എയിംസിലേക്ക് മാറ്റിയതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം മരിച്ചത്.

ഗംഗ തടസങ്ങളില്ലാതെ ഒഴുകുന്നതിന് നടപടികൾ എടുക്കണമെന്നായിരുന്നു അഗർവാൾ ആവശ്യപ്പെട്ടത്. ഗംഗയുടെ പോഷകനദികളിലുള്ള എല്ലാ ജലവൈദ്യുത പദ്ധതികളും നിർത്തിവെക്കാനും ഗംഗാ സംരക്ഷണ കൈകാര്യ നിയമം കൊണ്ടുവരാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഗംഗയുടെ പുനരുജ്ജീവന ചുമതലയുള്ള മന്ത്രിമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നിരവധി കത്തുകളെഴുതി. എന്നാൽ അധികാരകേന്ദ്രങ്ങളിൽ ആ കത്തുകളൊന്നും ഒരു ചലനവും ഉണ്ടാക്കിയില്ല.

മോദിക്കയച്ച തന്റെ മൂന്നാമത്തേയും അവസാനത്തെയും കത്തിൽ അദ്ദേഹം പറഞ്ഞു, “ഗംഗാജിയെ സംരക്ഷിക്കാൻ താങ്കൾ രണ്ടടി കൂടുതൽ മുന്നോട്ട് പോകുമെന്നും പ്രത്യേക ശ്രമങ്ങൾ നടത്തുമെന്നുമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. കാരണം ഗംഗാജിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കുമായി താങ്കൾ ഒരു പ്രത്യേക മന്ത്രാലയമുണ്ടാക്കി. പക്ഷെ കഴിഞ്ഞ നാല് വർഷങ്ങളായി താങ്കളുടെ സർക്കാരെടുത്ത ഒരു നടപടിയും ഗംഗാജിക്കു ഗുണകരമായില്ല. പകരം കോർപ്പറേറ്റ് മേഖലയ്ക്കും നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും മാത്രമാണ് നേട്ടമുണ്ടായത്.”

കത്തിന്റെ പൂർണരൂപം താഴെ വായിക്കാം

ശ്രീ നരേന്ദ്ര ഭായി മോദിജി,

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,
ഇന്ത്യ സർക്കാർ,
ന്യൂ ഡൽഹി

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

ഗംഗാജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഞാൻ മുമ്പും താങ്കൾക്ക് ചല കത്തുകൾ എഴുതിയിരുന്നു. പക്ഷെ അതിനൊന്നും താങ്കളുടെ ഒരു പ്രതികരണവും ലഭിച്ചില്ല. താനിവിടെ വന്നത് തനിക്കെല്ലാം തന്നത് ഗംഗാ മാതാവാണ് എന്ന് 2014-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബനാറസിൽ താങ്കൾ പ്രസ്താവിച്ചതുകൊണ്ട്, താങ്കൾ പ്രധാന്മന്ത്രിയായപ്പോൾ ഗംഗാജിയെക്കുറിച്ച് താങ്കൾ ഗൗരവമായി ചിന്തിക്കുമെന്ന് എനിക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. താങ്കൾ ഗംഗാജിക്കുവേണ്ടി ഫലപ്രദമായ എന്തെങ്കിലും ചെയ്യുമെന്ന് ആ നിമിഷത്തിൽ എനിക്ക് വിശ്വാസം തോന്നിയതുകൊണ്ടാണ് കഴിഞ്ഞ നാലരവർഷക്കാലം സമാധാനപരമായി ഞാൻ കാത്തിരുന്നത്.


ഗംഗാജിക്കു വേണ്ടിനടപടികൾ ആവശ്യപ്പെട്ട് ഞാൻ മുൻകാലങ്ങളിലും നിരവധി നിരാഹാര സമരങ്ങൾ നടത്തിയിരുന്നതായി താങ്കൾക്കറിയുമായിരിക്കും. എന്റെ ആവശ്യങ്ങൾക്കുള്ള കാരണങ്ങളെ അംഗീകരിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്ന് ഏതാണ്ട് 90% പണിയും പൂർത്തിയായ ലോഹാരി നാഗപാല പോലുള്ള വലിയ പദ്ധതി നിർത്താനും റദ്ദാക്കാനും വരെ തീരുമാനിച്ചു. സർക്കാരിന് അതുകൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായി. എന്നിട്ടും മൻമോഹൻ സിങ്ജിയുടെ കീഴിലുള്ള സർക്കാർ ഗംഗാജിക്ക് വേണ്ടി അതുമായി മുന്നോട്ടു പോയി. ഇതിനുപുറമെ അന്നത്തെ സർക്കാർ ഗംഗോത്രി മുതൽ ഉത്തരകാശി വരെയുള്ള ഭാഗീരഥിയുടെ പ്രവാഹമേഖലയെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു. ഗംഗാജിക്കു ദോഷമുണ്ടാക്കുന്ന പ്രവർത്തികളൊന്നും നടക്കുന്നില്ല എന്നുറപ്പാക്കാനായിരുന്നു ഇത്.


ഗംഗാജിയെ സംരക്ഷിക്കാൻ താങ്കൾ രണ്ടടി കൂടുതൽ മുന്നോട്ട് പോകുമെന്നും പ്രത്യേക ശ്രമങ്ങൾ നടത്തുമെന്നുമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. കാരണം ഗംഗാജിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കുമായി താങ്കൾ ഒരു പ്രത്യേക മന്ത്രാലയമുണ്ടാക്കി. പക്ഷെ കഴിഞ്ഞ നാല് വർഷങ്ങളായി താങ്കളുടെ സർക്കാരെടുത്ത ഒരു നടപടിയും ഗംഗാജിക്കു ഗുണകരമായില്ല. പകരം കോർപ്പറേറ്റ് മേഖലയ്ക്കും നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും മാത്രമാണ് നേട്ടമുണ്ടായത്. ഇതുവരെയും ഗംഗാജിയിൽ നിന്നും ലാഭമുണ്ടാക്കുന്നതിനെക്കുറിച്ചാണ് താങ്കൾ ചിന്തിക്കുന്നത്.ഗംഗാജിയുമായി ബന്ധപ്പെട്ടുള്ള താങ്കളുടെ എല്ലാ പദ്ധതികളും ജനിപ്പിക്കുന്ന തോന്നൽ ഗംഗാജിക്ക്‌ എന്തെങ്കിലും നൽകാൻ താങ്കൾ ഉദ്ദേശിക്കുന്നില്ല എന്നാണ്. ഗംഗാജിയിൽ നിന്നും ഒന്നും നമുക്കെടുക്കാനില്ല, നമുക്കങ്ങോട്ട് കൊടുക്കാനേയുള്ളൂ എന്ന് ഒരു പ്രസ്താവനയ്ക്ക് വേണ്ടിയെങ്കിലും താങ്കൾക്ക് പറയാം.


03.08.2018 CE-യിൽ കേന്ദ്ര മന്ത്രി സാദവി ഉമാ ഭാരതി എന്നെ കാണാൻ വന്നു. അവർ എന്നെ ഫോണിൽ നിതിൻ ഗഡ്കരിജിയുടെ സംസാരിപ്പിച്ചു. പക്ഷെ താങ്കളിൽ നിന്നായിരുന്നു മറുപടി പ്രതീക്ഷിച്ചത്. അതുകൊണ്ട് എനിക്ക് സുശ്രീ ഉമാ ഭാരതി ജിക്കു മറുപടിയൊന്നും നൽകാനായില്ല. അതുകൊണ്ട് താഴെ നൽകിയ എന്റെ നാല് ആവശ്യങ്ങൾ അങ്ങ് അംഗീകരിക്കണം എന്നാണ് എന്റെ അഭ്യർത്ഥന.

ജൂൺ 13, 2018-നു താങ്കൾക്കയച്ച കത്തിൽ അക്കമിട്ട അതേ ആവശ്യങ്ങളാണിവ. അത് നടന്നില്ലെങ്കിൽ ഞാൻ നിരാഹാരസമരം തുടർന്നുകൊണ്ട് എന്റെ ജീവൻ അവസാനിപ്പിക്കും. എന്റെ ജീവനവസാനിപ്പിക്കുന്നതിൽ എനിക്കൊരു മടിയുമില്ല. കാരണം ഗംഗാജിയുടെ പ്രശ്നമാണ് എനിക്കേറ്റവും പ്രധാനവും എന്റെ മുൻഗണനയും. ഞാൻ ഐ ഐ ടിയിൽ പ്രൊഫസറായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ സമിതിയിലും ഗംഗാജിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിലും അംഗവുമായിരുന്നു. ഇത്രയും വർഷങ്ങളായി ഈ സ്ഥാപനങ്ങളുടെയെല്ലാം ഭാഗമായിരുന്നു കൊണ്ട്, ഞാൻ നേടിയ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് പറയാൻ കഴിയും, കഴിഞ്ഞ നാലര വർഷക്കാലത്തെ താങ്കളുടെ സർക്കാരിന്റെ കാലത്ത് ഗംഗാജിയെ സംരക്ഷിക്കാനുള്ള ദിശയിൽ ഒരു നടപടിപോലും ഉണ്ടായിട്ടില്ല എന്ന്. ഞാൻ ആവർത്തിക്കുന്നു, എന്റെ അപേക്ഷയാണ്, താഴെ നൽകിയ അവശ്യ നടപടികൾ സ്വീകരിക്കുകയും നടപ്പാക്കുകയും വേണം. ഉമാ ഭാരതിജി വഴിയാണ് ഞാനീ കത്തയക്കുന്നത്.


ആവശ്യമായ നടപടികൾക്കുള്ള എന്റെ നാല് അപേക്ഷകൾ ഇവയാണ്:

1. ഗംഗ മഹാസഭ 2012-ൽ തയ്യാറാക്കിയ കരട് നിയമം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യുക. (Draft of National River Gangaji (Conservation&Management) Act – 2012: http://www.gangamahasabha.org/gm%20docs/Draft%20Proposal%20%20of%20Ganga%20Mahasabha.pdf ) (ഞാനും അഭിഭാഷകനായ എം സി മെത്തയും ദോ. പാരിതോഷ് ത്യാഗിയും ഈ കാരാട്ട് തയ്യാറാക്കിയ സമിതിയിൽ അംഗങ്ങളായിരുന്നു.) ഇത് നടന്നില്ലെങ്കിൽ മേൽപ്പറഞ്ഞ കരട് ബില്ലിലെ അദ്ധ്യായം 1 (ആർട്ടിക്കിൾ 1 മുതൽ 9 വരെ) ഒരു രാഷ്ട്രപതിയുടെ ഓർഡിനൻസായി ഇറക്കുക.


2. മേൽപ്പറഞ്ഞ പരിപാടിയുടെ ഭാഗമായി അളകനന്ദ, ധൗലിഗംഗ, നന്ദാകിനി, പിൻദാർ, മന്ദാകിനി എന്നിവയിൽ പണി നടക്കുന്ന എല്ലാ ജലവൈദ്യുതപദ്ധതികളും റദ്ദാക്കുക. ഗംഗാജിയിലും പോഷകനദികളിലുമുള്ള എല്ലാ നിർദിഷ്ട ജല വൈദ്യുത പദ്ധതികളും റദ്ദാക്കുക.

3. മേൽപ്പറഞ്ഞ കരട് ബില്ലിൽ, ആർട്ടിക്കിൾ 4 (D )-1 മരം മുറിക്കൽ/ വനനശീകരണം, 4 (F) ജൈവ സ്പീഷിസുകളുടെ കശാപ്പ്/സംസ്കരണം എന്നിവ, 4(G) എല്ലാ തരത്തിലുള്ള ഖനന പ്രവർത്തനങ്ങളും പൂർണമായും നിർത്തിവെക്കുക. ഇത് നടപ്പാക്കുകയും ഹരിദ്വാർ കുംഭ ക്ഷേത്ര മേഖലയിൽ പ്രത്യേകമായി നടപ്പാക്കുകയും വേണം.


4. ഗംഗാജിക്ക് ഗുണകരമായ, ഗംഗാജിയുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിലെ തങ്ങൾ പ്രവർത്തിക്കുകയുള്ളൂ എന്ന് ഗംഗാജിയുടെ ജലത്തിലിറങ്ങിനിന്നുകൊണ്ട് സത്യപ്രതിജ്ഞ ചെയ്യുന്ന, താങ്കൾ നാമനിർദ്ദേശം ചെയ്യുന്ന 20 അംഗങ്ങളുള്ള ഒരു ഗംഗാ ഭക്ത പരിഷദിന് താത്ക്കാലികമായി (ജൂൺ 2019 CE വരെ ) രൂപംകൊടുക്കുക. ഗംഗാജിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പരിഷദിന്റെ അഭിപ്രായങ്ങളായിരിക്കും നിർണ്ണായകം

2018 ജൂൺ 13-നു ഞാനയച്ച കത്തിന് താങ്കൾ മറുപടിയൊന്നും നൽകാത്തതുകൊണ്ട് കത്തിൽ പറഞ്ഞ പ്രകാരം 22, ജൂൺ 2018-ന് ഞാനെന്റെ നിരാഹാര സമരം തുടങ്ങി. അതിന്റെ വെളിച്ചത്തിൽ താങ്കളുടെ അടിയന്തര നടപടി ഇതിലുണ്ടാകണമെന്നും ആവശ്യപ്പെടുകയും അതിനു നന്ദി പറയുകയും ചെയ്യുന്നു.

എന്ന്,
സ്വാമി ഗ്യാൻ സ്വരൂപ് സാനന്ദ്
(മുമ്പ് പ്രൊഫ. ജി. ഡി. അഗർവാൾ)

https://thewire.in/rights/read-gd-agarwal-final-letter-narendra-modi-saving-ganga

Next Story

Related Stories